പത്തനംതിട്ട: കെ.എസ്.ആർ.ടി.സി റോഡിലുള്ള ശിൽപ ടെക്സ്റ്റയിൽസിൽ സെയിൽസ് ഗേളായിരുന്ന യുവതിയെ വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസ് ഒതുക്കാൻ പൊലീസിന്റെ ശ്രമം. യുവതി പരാതി നൽകിയിട്ടും കേസ് എടുക്കാതിരുന്ന പൊലീസ്, കഴിഞ്ഞ ദിവസം ഇവർ കടയിലെത്തി ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചപ്പോൾ കേസ് എടുത്തുവെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു.

കടയുടമയുമായി ചേർന്ന് കേസ് ഒഴിവാക്കിയ പൊലീസ്, യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന വാർത്ത ചിത്രം സഹിതം ചില പത്രങ്ങൾ വാർത്തയാക്കിയതോടെ കേസെടുക്കാൻ നിർബന്ധിതരാവുകയായിരുന്നു. രഹസ്യാന്വേഷണ വിഭാഗം യുവതിയുടെ ആത്മഹത്യാശ്രമവും പൊലീസിന്റെ നിഷ്‌ക്രിയത്വവും മേലാവിലേക്ക് റിപ്പോർട്ട് ചെയ്തതോടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇതോടെ കട ഉടമ ദീപു മുങ്ങി. ഇയാൾ മുൻകൂർ ജാമ്യത്തിനും ശ്രമിക്കുന്നുണ്ട്. ഇനിയിപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസിന് നിർവാഹമില്ല.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയാണ് യുവതി ശിൽപ ടെക്സ്റ്റയിൽസിലെത്തി ആത്മഹത്യക്ക് ശ്രമിച്ചത്. സംഗതി ലൈവായി കാണിക്കാൻ മാദ്ധ്യമപ്പടയെയും കൂടെക്കൂട്ടിയിരിന്നു. ആദ്യഭാര്യയുമായി പിരിഞ്ഞു കഴിയുകയായിരുന്ന കടയുടമ ദീപു സെയിൽസ് ഗേളായി വന്ന യുവതിയുമായി അടുപ്പുത്തിലാവുകയായിരുന്നു. ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിക്ക് ഒരു കുട്ടിയുമുണ്ട്. 2010-ൽ ക്ഷേത്രത്തിൽ വച്ച് താലികെട്ടിയ ശേഷം കുമ്പഴയ്ക്ക് സമീപം വാടകവീടെടുത്തു യുവതിക്കൊപ്പം താമസിച്ചു വരുകയായിരുന്നു.

ഇതിനിടെ പത്തനംതിട്ട നഗരത്തിൽ തന്നെ സിൻഡ്രല്ല എന്ന പേരിൽ ഒരു ചുരിദാർ ഷോപ്പ് യുവതിക്ക് ദിപു ഇട്ടുകൊടുത്തു. ഇയാളുടെ വഴിവിട്ട പോക്കിൽ മനംനൊന്ത പിതാവ് ശിൽപ ടെക്സ്റ്റയിൽസും സ്ഥലവുമൊക്കെ ദീപുവിന്റെ ഭാര്യയുടെ പേരിൽ എഴുതിക്കൊടുത്തു. ഇതോടെ ഭാര്യയ്ക്ക് സമീപത്തേക്ക് തിരിച്ചു പോകാതെ നിർവാഹമില്ലെന്നായി ദീപുവിന്. യുവതിയെ പൂർണമായി ഒഴിവാക്കാുള്ള ശ്രമമായി പിന്നീട്. യുവതി ബ്ലാക്ക്‌മെയിൽ ചെയ്യുന്നുവെന്ന് കാട്ടി ദീപു പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തനിക്ക് ചെലവിന് കിട്ടുന്നില്ലെന്നും തന്നെ വഞ്ചിച്ചുവെന്നും പറഞ്ഞ് യുവതി മുമ്പും പലതവണ കടയിൽ ചെന്ന് ബഹളം വച്ചിട്ടുണ്ട്.

പൊലീസിൽ പരാതിയും നൽകി. എന്നിട്ടും നടപടിയില്ലാതെ വന്നതോടെയാണ് കഴിഞ്ഞ ദിവസം ആത്മഹത്യാ നാടകം അരങ്ങേറിയത്. ഇത്രയൊക്കെയായിട്ടും ദീപുവിനെതിരേ കേസ് എടുക്കാൻ വൈകിയ പൊലീസ് പത്രങ്ങളിൽ വാർത്ത കണ്ടതോടെ സ്വന്തം തടി രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേസ് എടുത്തു. ഇനിയും വാർത്ത വന്നാൽ അറസ്റ്റ് ഉടൻ വേണ്ടി വരുമെന്നാണ് പൊലീസ് ബന്ധുക്കളോട് പറഞ്ഞിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഫോളോഅപ്പ് വാർത്തകൾ വരുന്നത് തടയാൻ ഇന്നലെ ഇയാളുടെ ബന്ധുക്കൾ പത്രം ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു.