ബംഗളൂരു: ഇൻഫോസിസ് സിഇഒ ആൻഡ് മാനേജിങ് ഡയറക്ടറായി സലിൽ എസ് പരേഖിനെ തെരഞ്ഞെടുത്തു. ഫ്രഞ്ച് ഐടി സർവീസ് കമ്പനിയായ കാംപ്ജെമിനിയുടെ ഗ്രൂപ്പ് എക്സിക്യുട്ടീവ് ബോർഡ് അംഗമായിരുന്നു അദ്ദേഹം. 2018 ജനുവരി രണ്ടിനായിരിക്കും സലിൽ ഇൻഫോസിസിൽ സിഇഒ ആയി ചുമതലയേൽക്കുക.

ഐടി സേവന മേഖലയിൽ ആഗോളതലത്തിൽ 30 വർഷത്തോളം പരിചയമുള്ളയാളാണ് പരേഖ്. നിലവിൽ ഫ്രഞ്ച് ഐടി സർവീസ് കമ്പനിയായ കേപ്ജെമിനിയുടെ ഗ്രൂപ്പ് എക്സിക്യുട്ടീവ് ബോർഡ് അംഗമാണ് പരേഖ്. ഇൻഫോസിസി സിഇഒ ആയിരുന്ന വിശാൽ സിക്ക, എൻ. ആർ നാരായണമൂർത്തി ഉന്നയിച്ച ആരോപണങ്ങളെതുടർന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് രാജിവെച്ചൊഴിഞ്ഞത്.

കോർണെൽ യൂണിവേഴ്സിറ്റിയിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിലും കംപ്യൂട്ടർ സയൻസിലും ബിരുദാനന്തര ബിരുദം നേടിയുള്ള സലിൽ ബോംബെ ഐഐടിയിൽനിന്ന് എയറോനോട്ടിക്കൽ എൻജിനിയറിംഗിലും ബിരുദം നേടിയിട്ടുണ്ട്.

2018 മാർച്ചിനകം നിയമിക്കേണ്ടതുള്ളതിനാലാണ് തിരക്കിട്ട് പുതിയ സിഇഒയെ കണ്ടെത്തിയത്. ഓഗസ്റ്റിൽ വിശാൽ സിക്ക സിഇഒ സ്ഥാനം രാജിവച്ചതിനെ തുടർന്ന് യു.ബി. പ്രവീൺ റാവുവിനായിരുന്നു സിഇഒയുടെ താൽക്കാലിക ചുമതല നൽകിയിരുന്നത്.