- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ജുവാര്യരെ ജൈവകൃഷിയുടെ അംബാസിഡറർ ആക്കിയത് എന്തടിസ്ഥാനത്തിൽ? നാടുനീളെ മരം നടുന്നവർ നട്ടമരങ്ങളെ കുറിച്ചന്വേഷിച്ചിട്ടുണ്ടോ? മഞ്ജുവിനും മമ്മൂട്ടിക്കുമെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തി സലിംകുമാർ
ജൈവകൃഷി ചെയ്യുന്ന കഥാപാത്രമായി മഞ്ജുവാര്യർ അഭിനയിച്ചതോടെ അവരെ ജൈവകൃഷിയുടെ അംബാസിഡറാക്കി സർക്കാർ പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് സലിംകുമാർ. കൃഷിയെ പരിപോഷിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് പകരം മാദ്ധ്യമശ്രദ്ധ ലഭിക്കുന്നതിനുള്ള നടപടികളിൽ മാത്രമാണ് സർക്കാരും ശ്രദ്ധിക്കുന്നതെന്നും സലിംകുമാർ വിമർശിച്ചു.
ജൈവകൃഷി ചെയ്യുന്ന കഥാപാത്രമായി മഞ്ജുവാര്യർ അഭിനയിച്ചതോടെ അവരെ ജൈവകൃഷിയുടെ അംബാസിഡറാക്കി സർക്കാർ പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് സലിംകുമാർ. കൃഷിയെ പരിപോഷിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് പകരം മാദ്ധ്യമശ്രദ്ധ ലഭിക്കുന്നതിനുള്ള നടപടികളിൽ മാത്രമാണ് സർക്കാരും ശ്രദ്ധിക്കുന്നതെന്നും സലിംകുമാർ വിമർശിച്ചു. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ കെവി മധുതയാറാക്കിയ അഭിമുഖസംഭാഷണത്തിലാണ് സലിംകുമാർ തുറന്നടിക്കുന്നത്. മഞ്ജുവാര്യർക്ക് കൃഷി അറിയുമോ എന്നൊന്നും സർക്കാർ ആലോചിക്കുന്നില്ല. അതേ സമയം മലയാള സിനിമയിൽ വിലക്ക് എന്ന പ്രാകൃതമായ നടപടികൾ ഇപ്പോഴും തുടരുന്നുണ്ടെന്നും സലിംകുമാർ പറയുന്നു. പ്രതികരിക്കുന്നവൻ പ്രതികാരത്തിന്റെ ഇരയാകുന്ന കാലമാണിതെന്നും താൻ അതൊന്നും വകവയ്ക്കില്ലെന്നും സലിംകുമാർ പറയുന്നു.
അഭിമുഖത്തിന്റെ പൂർണരൂപം താഴെ
- സലിംകുമാറിനോട് സംസാരിക്കുമ്പോൾ ആദ്യം ഓർമ വരുന്നത് പൊക്കാളിയെ കുറിച്ചാണ്. പൊക്കാളിയെന്ന നാമവും സലിംകുമാറും അത്രയേറെ ഇഴചേർന്നിരിക്കുന്നു, മലയാളിയുടെ മനസ്സിൽ. സിനിമയോടൊപ്പമോ അതിനേക്കാൾ കൂടുതലോ സലിംകുമാർ കൃഷിയെ സ്‌നേഹിക്കുന്നു. കൃഷിയോടുള്ള ഈ അടുപ്പം രൂപപ്പെട്ടതെപ്പോഴാണ്.
അത് ജനനം കൊണ്ട് തന്നെ ഉണ്ടായി വന്നതാണ്. അല്ലാതെ ഒരു സുപ്രഭാതത്തിൽ കൃഷിയിലേക്ക് വന്നിട്ട് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ. ബാല്യത്തിൽ വീടും വീടിനോട് ചേർന്ന 21 സെന്റ് സ്ഥലവുമാണ് ഞങ്ങൾക്കുണ്ടായിരുന്നത്. ആ കാലത്തൊക്കെ അത്യാവശ്യം വീട്ടിൽ വേണ്ട സാധനങ്ങൾ വളപ്പിൽ തന്നെ കൃഷി ചെയ്യുന്ന പതിവുണ്ടായിരുന്നു. കുമ്പളങ്ങ, കിഴങ്ങുകൾ, കായ, ചേന, കാച്ചിൽ, പപ്പായ ഇങ്ങനെ വീട്ടിൽ ആവശ്യമായ സാധനങ്ങളൊന്നും പുറത്തുനിന്ന് വാങ്ങേണ്ടി വരാറില്ല. ഈ കൃഷിയൊക്കെ കണ്ടാണ് ഞാൻ വളരുന്നത്. കൃഷിയുമായി ബന്ധപ്പെട്ട ബാല്യകാലത്ത് രസകരമായ ഒരോർമയുണ്ട്. കുംഭമാസത്തിൽ ചേന നടുന്ന സമയമാണ്. വീട്ടിലെ എല്ലാവരും ചേർന്ന് കുഴിയെടുത്ത് തയാറായി നിൽക്കും. പശുവിന്റെ ചാണകം കുറച്ചെടുത്ത് മണ്ണിൽ വച്ച് രാത്രി പൂർണ ചന്ദ്രനുദിക്കുന്ന നേരത്ത് എന്നെ നഗ്നനാക്കി നിർത്തി ചേന നടും. ചേന വളർന്നുവരുമ്പോൾ പൂർണചന്ദ്രനോളം വലുതാകണമെന്ന ഒരു ആഗ്രഹമാണ് ഈ പ്രാർത്ഥനയ്ക്ക് പിന്നിൽ. കുംഭമാസം വരുമ്പോ എനിക്കറിയാം, ഞാൻ തുണിയുടുക്കാതെ നിൽക്കേണ്ട സമയമായി എന്ന്. ഇത് ഒരു വിശ്വാസത്തിന്റെ ഭാഗമായി ചെയ്യുന്നതാണ്. അങ്ങനെ ജന്മം കൊണ്ട് തന്നെ ഞാൻ അറിയാതെ അറിയാതെ കൃഷിയുമായി അലിഞ്ഞുചേരുകയായിരുന്നു.[BLURB#1-H]
- പിന്നീട് സ്വന്തമായി പൊക്കാളികൃഷി ആരംഭിക്കുന്നതെപ്പോഴാണ്.
എന്റെ നാട് പറവൂരിനടുത്ത് ചിറ്റാറ്റുകരയാണ്. അവിടെ നിറയെ പൊക്കാളിപ്പാടങ്ങളാണ്. പൊക്കാളിപ്പാടങ്ങളിൽ നിന്ന് ചെമ്മീൻ പിടിക്കാൻ പോകാറുണ്ട് ചെറുപ്പകാലത്ത്. ആ ചെമ്മീൻ കൊണ്ടുണ്ടാക്കുന്ന കറിക്ക് നല്ല സ്വാദായിരുന്നു. അന്നേ എന്റെ ഉള്ളിൽ ആരോടും പറയാതെ സൂക്ഷിച്ചുവച്ച മോഹമായിരുന്നു, കുറച്ച് കാശുണ്ടാകുമ്പോൾ ഒരു പാടം വാങ്ങി പൊക്കാളികൃഷി ചെയ്യണമെന്ന്. കുറേ കാലത്തിന് ശേഷം പലവിധ അനുഭവങ്ങളിലൂടെ കടന്ന് ഒരു ഇരുപത് വർഷം മുമ്പ് സിനിമയിലെത്തി. ആദ്യ സിനിമകളിൽ നിന്ന് ലഭിച്ച വരുമാനം കൂട്ടി വച്ച് ഒരു തുക സമ്പാദ്യമായപ്പോൾ ഞാൻ ആദ്യം ചെയ്തത് ഒരുപൊക്കാളിപ്പാടം വാങ്ങിക്കുകയായിരുന്നു.
- പൊക്കാളിയോട് ഇത്രയധികം ഇഷ്ടം തോന്നാൻ കാരണമെന്താണ്?
പൊക്കാളി കൊണ്ടുണ്ടാക്കിയ കഞ്ഞിക്ക് വല്ലാത്തൊരു സ്വാദായിരുന്നു. പലനാടുകളിൽ സഞ്ചരിച്ചിട്ട് പോലും മറ്റൊരിടത്തും അത്രയധികം രുചിയുള്ള വിഭവം ഞാൻ കഴിച്ചിട്ടില്ല. പൊക്കാളിയെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോൾ അതിശയിച്ചുപോയി. ഒരു മണി അരിക്ക് ഒരു രൂപയോളം മൂല്യം വരുമത്രെ. പണ്ട് കാലത്ത് നാടായ നാടെല്ലാം കോളറ പടർന്നുപിടിച്ചപ്പോൾ ്മരുന്നുണ്ടായിരുന്നില്ലല്ലോ. എന്നാൽ ഞങ്ങടെ നാട്ടിൽ എല്ലാവരും പൊക്കാളിക്കഞ്ഞി കുടിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ ഈ പ്രദേശത്തെവിടെയും കോളറ പടർന്നുപിടിച്ചില്ല. എന്നാൽ പൊക്കാളിയെ കുറിച്ച് വിശദവിവരങ്ങളൊന്നും ആരും സൂക്ഷിച്ചുവച്ചിരുന്നില്ല. അങ്ങനെയാണ് ഞാൻ ഒരു ഡോക്യുമെന്ററി ചെയ്തത്. ഡോക്യുമെന്ററി എടുത്തതോടെ പലരും ഇതിന്റെ ചുവടുപിടിച്ച് പുതിയ അറിവുകളിലേക്ക് കടക്കാൻ തുടങ്ങി. എന്നെ തന്നെ കാർഷിക സർവ്വകലാശാലയിലടക്കം പലയിടത്തും പൊക്കാളിയെ കുറിച്ച് ക്ലാസെടുക്കാൻ വിളിക്കാറുണ്ട്. യഥാർത്ഥത്തിൽ പൊക്കാളിയുടെ ഒറിജിനൽ ഇവിടെ മാത്രമേ ലഭിക്കുന്നുള്ളൂ. പലയിടത്തും കിട്ടുന്നത് സങ്കരയിനമാണ്. എന്നാൽ പൊക്കാളി വിത്തിന്റെ പേറ്റന്റ് നമുക്ക് ഇല്ലതാനും. അതിന് വേണ്ടി ആരും ശ്രമിച്ചിട്ടുമില്ല.
- അത്തരം ശ്രമങ്ങൾ നടത്താത്തത് നമ്മുടെ വീഴ്ചയല്ലേ. പ്രത്യേകിച്ചും നമ്മുടെ നാടൻ വിത്തിനങ്ങൾ പോലും പുറത്തുനിന്നുള്ളവർ കൊണ്ടുപോയി സങ്കരയിനമുൽപ്പാദിപ്പിച്ച് പേറ്റന്റുമെടുത്ത് നമ്മളെ തന്നെ വിൽപ്പനയ്ക്ക് വയ്ക്കുന്ന കാലത്ത്
അത് വേണ്ടതാണ്. അതിന് വേണ്ടി യുദ്ധം ചെയ്യാനോ നിയമപോരാട്ടം നടത്താനോ ആരും തയാറാകുന്നില്ല. കൃഷിയുടെ പേരിൽ ഇവിടെ സംഭവിക്കുന്നതെന്താണ്. പലപ്പോഴും ഈ അഭിനവ കൃഷീവലന്മാരെയാണല്ലോ നമ്മൾ കൊണ്ടാടുന്നത്. മാദ്ധ്യമശ്രദ്ധയ്ക്ക് വേണ്ടി കൃഷി ചെയ്യുന്നവരല്ലാതെ എത്രപേർ ആത്മാർത്ഥമായി കൃഷിയെ സ്‌നേഹിക്കുന്നുണ്ട്. ഇവർക്ക് പത്രങ്ങളിൽ വാർത്ത വന്നാൽ മതി. കൃഷി പുഷ്ടിപ്പെടണമെന്നൊന്നുമില്ല. മഞ്ജുവാര്യർ ഒരു സിനിമയിൽ ജൈവകൃഷി ചെയ്യുന്ന കഥാപാത്രമായി വരികയും ആ സിനിമ വൻവിജയമാകുകയും ചെയ്താൽ ഉടനെ മഞ്ജുവാര്യരെ ജൈവകൃഷിയുടെ അംബാസിഡറാക്കും. സർക്കാരാണിതൊക്കെ ചെയ്യുന്നതെന്നോർക്കണം. മഞ്ജുവാര്യർക്ക് കൃഷി വല്ലതും അറിയുമോ അവർ കൃഷി ചെയ്യുന്നുണ്ടോ എന്നൊന്നും നോക്കില്ല. അതാണ് നമ്മുടെ സ്ഥിതി. സ്വാഭാവികമായി ഇതിനോട് അറ്റാച്ച്‌മെന്റുള്ള ആളുകളെ തിരിച്ചറിയുന്നില്ല. സിനിമാമേഖലയിൽ നിന്ന് തന്നെയുള്ള ബാലചന്ദ്രമേനോൻ കർഷക ശ്രീ പുരസ്‌കാരം വാങ്ങിച്ചയാളാണ്. എത്രപേർക്കറിയാം. ഇത് കൂടാതെ ശ്രീനിവാസൻ... എന്റെ അറിവിൽ ആത്മാർത്ഥമായി കൃഷിയെ സമീപിക്കുന്നത് ഇവർ രണ്ടുപേരുമാണ്. നല്ല കൃഷിക്കാർ സിനിമയ്ക്ക് പുറത്ത് എത്രയോ പേരുണ്ട്. അവരെയൊന്നും ആരും പ്രോൽസാഹിപ്പിക്കാനേ തയാറാകുന്നില്ല.
- എന്താണ് കാർഷിക മേഖലയുടെ യഥാർത്ഥ പ്രതിസന്ധി
കൃഷിയുമായി ബന്ധപ്പെട്ട് സർക്കാർ നൽകുന്ന സബ്‌സിഡികളാണ് ഇവിടത്തെ ഏറ്റവും വലിയ പ്രശ്‌നം. കാർഷിക മേഖലയിലെ സബ്‌സിഡികൾ എത്രയും പെട്ടെന്ന് നിർത്തലാക്കണം. എന്നിട്ട് യഥാർത്ഥ കൃഷിക്കാർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് അർഹമായ പ്രതിഫലം കിട്ടുന്ന സാഹചര്യമുണ്ടാക്കുകയാണ് വേണ്ടത്. അങ്ങനെ നന്നായി കൃഷി ചെയ്യുന്നവന് പ്രോൽസാഹനം ലഭിക്കണം. ഞാൻ പാലക്കാട് കൃഷി ചെയ്യുന്ന സമയത്ത് മൊത്തം പത്ത് പതിനഞ്ച് കിലോയോളം തൂക്കം വരുന്നതക്കാളി കൊട്ടക്കണക്കിന് മൂന്ന് രൂപവീതം വാങ്ങിയാണ് വിറ്റത്. കടയിൽ ഒരുകിലോയ്ക്ക് ഇരുപത് രൂപയായിരുന്നു വില. എന്തൊരനീതിയാണത്. ഇത്തരത്തിലുള്ള കാര്യങ്ങളിലൊന്നും സർക്കാർ ശ്രദ്ധിക്കുന്ന് പോലുമില്ല.
- പൊക്കാളി കൂടാതെ മറ്റുപലതും കൃഷി ചെയ്തിരുന്നല്ലോ. എല്ലാം ലക്ഷ്യപ്രാപ്തിയിലെത്തിയിരുന്നോ?
കൃഷിയുടെ കാര്യത്തിൽ ഒരു ഭീകരനഷ്ടത്തിന്റെ കഥയെനിക്ക് പറയാനുണ്ട്. എന്നാൽ അതൊന്നും ഞാൻ അത്ര കാര്യമാക്കുന്നില്ല. കൃഷിയൊരുപാട് നടത്തി. പൊക്കാളി കൂടാതെ ആദ്യകാലത്ത് നടത്തിയ മറ്റൊന്ന് കാരച്ചെമ്മീൻ കൃഷിയായിരുന്നു. അപൂർവ്വമായ ഒരിനം ചെമ്മീനാണിത്. ഇപ്പോ എവിടെയും കിട്ടാനില്ല. കൃഷി സജീവമായപ്പോഴാണ് വൈറസ് ബാധ പിടികൂടി എല്ലാം ചത്തൊടുങ്ങി.
ചെമ്മീൻ കൃഷി ഒരുവഴിക്കായതോടെ പാലക്കാട് പോയി ഒരുഫാം വാങ്ങി ഇന്ത്യയിൽ കാണുന്ന എല്ലാ ഇനം ആടുകളെയും വളർത്താനായി എത്തിച്ചു. ഏകദേശം 75 ശതമാനം ഇനം ആടുകളെയും എത്തിച്ചതാണ്. നിത്യവും എന്റെ സാന്നിധ്യമില്ലാത്തത് പ്രശ്‌നമായി. അതിന്റെ പരിപാലനം പ്രധാനമാണ്. അവയോരോന്നിന്റെയും ഭക്ഷണരീതികൾ ഓരോ വിധത്തിലായിരിക്കും. പരിപാലിക്കുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ ആടിന്റെ മരണത്തിന് തന്നെ ഇടയാകും. ഫാമിൽ നിന്ന് ഫോൺ വരുമ്പോൾ തന്നെ എനിക്ക് പേടിയാണ്. ഓരോ ആട് മരിച്ചു, എന്നും പറഞ്ഞ് ജോലിക്കാരുടെ അലസമായ വാക്കുകൾ. അങ്ങനെ കുറേ ആടുകൾ മരിച്ചുവീണതോടെ അത് പാതിവഴിക്ക് നിന്നു. എന്തായാലും ആട് ഫാമെന്ന സങ്കൽപ്പം വീണ്ടും പ്രാവർത്തികമാക്കാൻ ശ്രമിക്കുകയാണ്. ഭൂരിഭാഗം ഇനത്തിൽ പെട്ട ആടുകളെയും ഞാൻ വീണ്ടും എത്തിച്ചിട്ടുണ്ട്. തോറ്റ് പിന്മാറുന്ന പ്രശ്‌നമില്ല.
ഇക്കാലത്താണ് അപൂർവ്വ ഇനം മീനായ കരിമീനിനെ കുറിച്ച് കേൾക്കുന്നത്. വളരെ മെല്ലെ മാത്രം വളരുന്ന കരിമീൻ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതേ സമയം പ്രകൃതിക്ക് വലിയ ഗുണങ്ങളുമുണ്ട് ഈ മീനിനെ കൊണ്ട്. ഇത് വായിച്ചറിഞ്ഞതോടെ എന്നിലെ പൗരബോധം ആളിക്കത്തി. രണ്ട് ലക്ഷം രൂപകൊടുത്ത് കുറച്ച് മീൻകുഞ്ഞുങ്ങളെ വരുത്തി. 13 ഏക്കറിൽ 80 സെന്റ് സ്ഥലത്ത് വളച്ച് കെട്ടി വെള്ളക്കെട്ടുണ്ടാക്കി കരിമീനിനെ വളർത്തി. കുറേ കഴിഞ്ഞപ്പോൾ യൂണിയൻകാർ വന്നു. മൽസ്യത്തൊഴിലാളികളുടെ പേരും പറഞ്ഞ്. മൽസ്യത്തിനായി നമ്മൾ വലവീശുന്നത് നിയമവിരുദ്ധമാണത്രെ. മരിച്ചുപോയ വിബി ചെറിയാന്റെ പാർട്ടിക്കാരാണ്. ഞാൻ ഈ മീൻകുഞ്ഞുങ്ങൾ വളരുമ്പോൾ പുഴയിലേക്കൊഴുക്കാനുള്ള ഉദ്ദേശ്യശുദ്ധി അവരോട് വിശദീകരിച്ചു. എന്നിട്ടും രക്ഷയില്ല. അവർ വലവീശി, മീനിനെയൊക്കെ കൊണ്ടുപോയി. ഒടുവിൽ അവർ ജയിച്ചു. രാഷ്ട്രീയ തിമിരം ബാധിച്ചചിലരുടെ കൃഷി സ്‌നേഹം...
ഏറ്റവും ഒടുവിൽ കുറച്ചുമുയലുകളെ വാങ്ങി. കൃഷിക്കായി വാങ്ങിച്ചതല്ല. എന്തിലെങ്കിലും ഗതി പിടിക്കുമോ എന്നറിയാല്ലോ. അങ്ങനെ മുയലുകൾ വീട്ടുവളപ്പിൽ പെറ്റുപെരുകട്ടെയെന്ന് കരുതി. എന്നാൽ മുയലുകളെ വാങ്ങി വീട്ടിലെത്തിച്ചതിന്റെ പിറ്റേന്ന് കേന്ദ്രസർക്കാർ ഒരു നിയമം കൊണ്ടുവന്നു. മുയലിനെ കൂട്ടിൽ വളർത്തുന്നത് തടവിലിടുന്നതിന് തുല്യമാണെന്നും അങ്ങനെ വളർത്തിയാൽ നമ്മൾ തടവിലാകുമെന്നുമുള്ള നിയമം. അങ്ങനെ അതും സ്വാഹ.! [BLURB#2-VL]
- കർഷകനെന്ന നിലയിൽ ഒരു തരത്തിലും വിജയിച്ചിട്ടില്ല എന്നർത്ഥം. പരാജയപ്പെട്ട ഒരു കർഷകൻ എന്ന് പറഞ്ഞാൽ തെറ്റുണ്ടോ.
അതുപക്ഷേ സാമ്പത്തിക നഷ്ടത്തിന്റെ കാര്യം നോക്കുമ്പോഴല്ലേ. കൃഷിയുടെ കാര്യത്തിൽ അതൊരു നഷ്ടമാണോ എന്നത് ആലോചിക്കേണ്ടതുണ്ട്. ഇവിടെ ഞാൻ ലാഭവും നഷ്ടവും നോക്കുന്നില്ല. അങ്ങനെ എല്ലാകാര്യത്തിലും അച്ഛനെയും അമ്മയെയും നോക്കി ലാഭം നോക്കിയാൽ ശരിയാകുമോ. അച്ഛനെയും അമ്മയെയും നോക്കുമ്പോലെ തന്നെ കൃഷിയും ഒരു കടമയാണ്. എന്നാൽ അതൊന്നും അനുവദിക്കാത്ത രാഷ്ട്രീയപാർട്ടികളും ഉദ്യോഗസ്ഥരും... ഇതിനോടൊന്നും ഒരാളും പ്രതികരിക്കാനില്ല എന്നതാണ് സങ്കടകരം. പ്രതികരിച്ചാൽ എന്തോവിലയിടിയുമോ എന്നതാണ് പലരുടെയും പേടി.
- പ്രതികരണത്തിന്റെ കാര്യത്തിൽ പിടിച്ച് അൽപ്പം സിനിമാക്കാര്യത്തിലേക്ക് പോകാം. സിനിമാ മേഖലയിൽ പൊതുവേ സാമൂഹ്യപ്രശ്‌നങ്ങളോട് പ്രതികരിക്കുന്നവർക്ക് നല്ല ഭാവിയായിരിക്കില്ലെന്നാണ് കേട്ടിട്ടുള്ളത്.
അത് മൈന്റ് ചെയ്യാതിരുന്നാൽ മതിയല്ലോ. മൈന്റ് ചെയ്താലല്ലേ പ്രശ്‌നമുള്ളൂ. എന്നെ പടങ്ങളിൽ നിന്നൊക്കെ കട്ട് ചെയ്ത് കളയുന്നുണ്ടെന്ന് സുഹൃത്തുക്കൾ തന്നെ പറയാറുണ്ട്. അന്നങ്ങനെ പറഞ്ഞതുകൊണ്ട് ആ പടത്തിൽ നിന്ന് ഒഴിവാക്കി, പിന്നീടിങ്ങനെ പറഞ്ഞതുകൊണ്ട് മറ്റേപടത്തിൽ നിന്ന് ഒഴിവാക്കിയെന്നൊക്കെ. എന്നാൽ ഒരു പടത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അതെന്റെ കുഴപ്പം കൊണ്ടാണെന്നേ ഞാൻ പറയൂ. അല്ലാതെ അതിന്റെ പേരിൽ പ്രതികരിക്കാതിരുന്നിട്ടൊന്നും കാര്യമില്ല. പ്രതികരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഭഗത് സിങ് പ്രതികരിച്ചതുകൊണ്ടാണല്ലോ അദ്ദേഹത്തെ തൂക്കിക്കൊന്നത്. പ്രതികരിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ അദ്ദേഹത്തിനറിയുകയും ചെയ്യാമായിരുന്നു. അതൊക്കെ വച്ച് നോക്കുമ്പോൾ നമ്മളൊക്കെ എന്ത്. അങ്ങനെ ഒരുപാട്‌പേർ പ്രതികരിച്ചതിന്റെ ഗുണങ്ങളാണല്ലോ നമ്മളിപ്പോ അനുഭവിക്കുന്നത്. ഈ സിനിമയിലൊഴിച്ച് മറ്റെവിടെയും ഈ തരം കാടൻ നിയമങ്ങൾ കണ്ടിട്ടില്ല. സംഘടനയുടെയൊക്കെ പേരിൽ എന്തൊക്കെയാണ് ചെയ്തുകൂട്ടുന്നത്. വാൺ ചെയ്യലൊക്കെയാണ് സിനിമയിലെ നിയമങ്ങൾ. ഈ ലോകത്തുനിന്നേ പോയ രീതിയാണത്. ഒരാളുടെ ജോലി ചെയ്യാനുള്ള അവകാശത്തെ മുട്ടിക്കുന്ന പരിപാടി. അത് യാതൊരു ഉളുപ്പുമില്ലാതെ നടപ്പാക്കുന്ന ഒരേയൊരു മേഖലയാണ് മലയാള സിനിമ.
- തിലകനൊക്കെ ഈ കാടൻ നിയമങ്ങളുടെ രക്തസാക്ഷിയാണല്ലോ
അതെ. ഈ നിയമങ്ങളുടെ രക്തസാക്ഷിയാണ് തിലകനൊക്കെ. പിന്നെ മരിച്ചുകഴിഞ്ഞിട്ട് അതുമിതും പറഞ്ഞിട്ട് കാര്യമൊന്നുമില്ല. വാൺ ചെയ്തുകളയുകയാണ്. ഇയാളുടെ കൂടെ അഭിനയിക്കാൻ പാടില്ല എന്നൊക്കെ.
- സംഘടനകൊണ്ട ഇതൊക്കെയാണോ ലക്ഷ്യമിടുന്നത്.
എന്താണ് ഒരു സംഘടനയുടെ ലക്ഷ്യം. ആ മേഖലയിലുള്ള തൊഴിലാളികളുടെ ഉന്നമല്ലേ ലക്ഷ്യമിടേണ്ടത്. സിനിമാപ്രവർത്തകർക്ക് കിട്ടേണ്ട അവകാശങ്ങൾക്കായി ഏതെങ്കിലും സംഘടനകൾ പ്രവർത്തിക്കുന്നുണ്ടോ. ഇവിടെ ഒരേയൊരു ആലോചനയേ ഉള്ളൂ. എന്നേക്കാൾ മുകളിൽ ഒരുത്തൻ വന്നാൽ അവനെ എങ്ങനെ വീഴ്‌ത്തിയിടാം. ഉദാഹരണത്തിന് ഒരുപയ്യൻ ചാൻസ് ചോദിച്ചുവന്നു. അവൻ തലകറങ്ങി വീണു. അവന് വെള്ളമൊക്കെ കൊടുത്ത് സ്‌നേഹിക്കും. ചെലപ്പോ ഒരു വേഷവും വാങ്ങിച്ചുകൊടുക്കും. എന്നാൽ അവൻ സിനിമയിൽ വളർന്ന് എന്നേക്കാൾ വലിയവനാകുകയും ഒരു സുപ്രഭാതത്തിൽ ദേശീയ പുരസ്‌കാരമൊക്കെ വാങ്ങുകയും ചെയ്യുന്നതോടെ അവൻ എന്റെ ശത്രുവായി. അതാണ്, സിനിമ. സ്‌നേഹിതന്മാരുണ്ട്. അത് പക്ഷേ തന്നോളം വളരും വരെ മാത്രം. തന്നേക്കാൾ വളർന്നാൽ പിന്നെ അവനെ തുരത്താനുള്ള ആലോചനകളാണ്.
- ദേശീയ പുരസ്‌കാരലബ്ധിക്ക് ശേഷമാണോ പ്രതികരിക്കുന്ന കാര്യത്തിൽ സജീവമായത്.
ഞാൻ എന്നും എന്റെ കാഴ്ചപ്പാടുകൾ മുഖം നോക്കാതെ പറഞ്ഞിരുന്നു. ദേശീയ പുരസ്‌കാരം ലഭിച്ചതോടെ പക്ഷേ ഒരു കാര്യം സംഭവിച്ചു. ഞാൻഫോക്കസ് ചെയ്യപ്പെട്ടു. അതോടുകൂടി എന്തുപറഞ്ഞാലും അതെല്ലാം മാദ്ധ്യമ ശ്രദ്ധയിലേക്ക് വരാൻ തുടങ്ങി. അതുവരെ ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതിരുന്നത് എന്റെ കുറ്റമല്ലല്ലോ. ഇവിടത്തെ സമൂഹത്തിൽ എനിക്ക് അനിവാര്യമെന്ന തോന്നുന്ന ഇടങ്ങളിലെല്ലാം ഞാൻ പ്രതികരിക്കാറുണ്ട്. എന്നാൽ കഴിയുന്ന രീതിയിൽ പ്രതികരിക്കും. ചെറുപ്പത്തിൽ അവാർഡ് വിവാദങ്ങളിൽ പ്രതികരിക്കേണ്ടി വന്നിട്ടില്ല. അന്ന് ചിറ്റാറ്റുകര വാർഡിൽ നടക്കുന്ന ചില സംഭവങ്ങളായിരിക്കും എന്നെ ചിന്തിപ്പിച്ചിട്ടുണ്ടാകുക. എന്നാൽ വളരുന്നതിനനുസരിച്ച് സാഹചര്യങ്ങളോട് പ്രതികരിച്ചിരുന്ന ആൾ തന്നെയാണ് ഞാൻ. ഒരുകാര്യം മാത്രം ആലോചിച്ചാൽ മതി. ഇവിടെ ഹാസ്യനടന് സംസ്ഥാന പുരസ്‌കാരം നൽകുന്നതിനെതിരെ എത്രയോ വർഷം മുമ്പ് ഞാൻ പ്രതികരിച്ചിട്ടുണ്ട്. എന്നാൽ ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷം മാത്രമാണ് എന്റെ വാദങ്ങൾ വിവാദമായത്.
- ഹാസ്യനടനുള്ള പുരസ്‌കാരം സുരാജ് വെഞ്ഞാറമ്മൂടിന് നൽകി വിവാദത്തിലായതോടെ സംസ്ഥാന സർക്കാർ നിർത്തലാക്കിക്കഴിഞ്ഞു. സലിംകുമാർ സുരാജ് വെഞ്ഞാറമ്മൂടിന് സമാനമായ നിലയിൽ ദേശീയപുരസ്‌കാരവും സംസ്ഥാനത്തെ ഹാസ്യനടനുള്ള പുരസ്‌കാരവും നേടിയ നടനാണ്. പുരസ്‌കാരത്തെ താത്വികമായി എതിർത്തെങ്കിലും അത് വാങ്ങാതിരുന്നിട്ടുമില്ല.
അഭിനയം എന്നാൽ നവസരങ്ങളുടെ ഒരു വിളയാട്ടമാണ്. ഇതെല്ലാം മികച്ച രീതിയിൽ സംഗമിക്കുമ്പോഴാണ് ഒരുമികച്ച നടൻ/നടി ഉണ്ടാകുന്നത്. ഔചിത്യപൂർവ്വം നവസരങ്ങളെ പ്രയോഗിക്കുന്ന ആളായിരിക്കുമല്ലോ മികച്ച അഭിനേതാവ്. എന്നാൽ കച്ചവട സിനിമ അതിന്റെ ചേരുവകളിൽ ഒന്നായാണ് സപ്പോർട്ടിംഗായി ഹാസ്യകഥാപാത്രത്തെയും വില്ലനെയും ഒക്കെ സൃഷ്ടിക്കുന്നത്. നവസരങ്ങളിൽ ഒന്ന് മാത്രമായ ഹാസ്യത്തിന് മാത്രമായി പുരസ്‌കാരം നൽകുകയാണ് ഹാസ്യനടന് അവാർഡ് നൽകുമ്പോൾ സംഭവിക്കുന്നത്. അങ്ങനെയാണെങ്കിൽ ബാക്കിയുള്ള ഓരോര രസത്തിനും പുരസ്‌കാരം നൽകേണ്ടി വരും. ശൃംഗാരപ്പൻ, കരുണപ്പൻ, രൗദ്രപ്പൻ തുടങ്ങിയ പേരുകളിട്ട് അവാർഡ് നൽകട്ടെ. ഈ ആലോചനയ്ക്ക പിന്നിലുള്ളത് സാമാന്യ ബുദ്ധിമാത്രമാണ്. ഈ അപാകത മന്ത്രിമാർ അടക്കമുള്ളവരോട് ഞാൻ വർഷങ്ങൾക്ക് മുമ്പേ ചൂണ്ടിക്കാട്ടിയതാണ്. ഒരു മന്ത്രി എന്നോട് പറഞ്ഞത് അയിറ്റ്ങ്ങൾക്കും കിട്ടട്ടെ, എന്തിനാണ് മുടക്കുന്നത് എന്നാണ്. ഇതുകൊമേഡിയന്മാർക്ക് കഞ്ഞിയൊക്കെ കൊടുക്കുമ്പോലെയാണ്. ഈ കഞ്ഞി കഴിച്ചില്ലെങ്കിൽ കേരളത്തിലെ കൊമേഡിയന്മാർ അന്തരിച്ചുപോകുമെന്ന ഒരു സമീപനം. എത്രയോവർഷം മുമ്പ് അടൂർഭാസിയും ബഹദൂറുമൊക്കെ ഈ കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിന് ശേഷം നിർത്തലാക്കിയ അവാർഡ് പിന്നീട് പുരസ്ഥാപിച്ചതാണ്. കംപാർട്ട്‌മെന്റ് ചെയ്ത് മാറ്റിനിർത്തി കോമഡി ചെയ്യുന്ന താരങ്ങളെ ഇല്ലാതാക്കുകയാണ്. അതിന് ഭരണകൂടവും കൂട്ടുനിൽക്കുന്നു. ഇതാണ് ഹാസ്യനടനുള്ള പുരസ്‌കാരത്തിന്റെ പ്രശ്‌നം. എനിക്ക് ഹാസ്യനടനുള്ള പുരസ്‌കാരവും ദേശീയനടനുള്ള പുരസ്‌കാരവും ഒരേ വർഷം ലഭിച്ചതാണ്. എന്നാൽ ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ അഹങ്കാരത്തിൽ ഹാസ്യനടനുള്ള പുരസ്‌കാരം സലിംകുമാർ നിഷേധിച്ചു എന്ന ദുഷ്‌പേരുണ്ടാകാതിരിക്കാൻ മാത്രമാണ് ഞാനത് സ്വീകരിച്ചത്. അപ്പോഴും എന്റെ വിയോജിപ്പ് അതുപോലെ നിലനിന്നിരുന്നു.
- സംസ്ഥാന പുരസ്‌കാരനിർണയത്തിൽ ഭാരതീരാജയുടെ നേതൃത്വത്തിലുള്ള ജൂറിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണല്ലോ. ഇതെല്ലാം വലിയ തോതിലുള്ള ശത്രുത വരുത്തിവയ്ക്കില്ലേ.
കഴിഞ്ഞ വർഷത്തെ സംസ്ഥാനചലച്ചിത്രപുരസ്‌കാരത്തിൽ ജൂറി ചെയർമാൻ ഭാരതീരാജ പകുതി ചിത്രങ്ങൾ പോലും കണ്ടിട്ടില്ലെന്ന് സമർത്ഥിക്കാൻ പോന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിയമനടപടിക്കൊരുങ്ങുന്നത്. ചുരുക്കം മണിക്കൂറുകൾ മാത്രം കേരളത്തിൽ ചെവഴിച്ച ചെയർമാൻ എങ്ങനെ ഇത്രയധികം ചിത്രങ്ങൾ കണ്ട് വിധി നിർണയിച്ചുവെന്ന സാമാന്യസംശയം മാത്രമാണ് ഇതിന് പിന്നിൽ. പുരസ്‌കാരം കിട്ടിയവരോടുള്ള ദേഷ്യമല്ല. ഞാൻ നിർമ്മിച്ച മൂന്നാംനാൾ ഞായറാഴചയെന്ന സിനിമയും പുരസകാരത്തിന് മൽസിച്ചിരുന്നു.
- പ്രതികരണം കൂടിപ്പോയാൽ പലവിധ പ്രശ്‌നങ്ങളുണ്ട്. നാളെയും അവാർഡിന് വരേണ്ടതാണ്. അത്തരം ആലോചനകളൊന്നും ഇത്ര കടുപ്പിച്ച് പ്രതികരിക്കുമ്പോൾ മനസ്സിൽ വരാറില്ലേ.
അങ്ങനെയൊന്നും ആലോചിച്ച് പഠിച്ച് പ്രതികരിക്കാൻ കഴിയില്ലല്ലോ. എന്തായാലും ഇവിടെ പ്രതികരിക്കുന്നവൻ ശത്രുവാകുമെന്നുറപ്പാണ്. അവൻ പറയുന്ന കാര്യങ്ങളിലേക്ക് ആരും പോകില്ല. ഇപ്പോൾ തന്നെ ജൂറിക്കെതിരായ കേസിൽ സിനിമാമന്ത്രി തിരുവഞ്ചൂരിന്റെ ശത്രുവായി എന്നെ ചിത്രീകരിക്കും. അവൻ 'എ' ക്കാരനല്ല, 'ഐ' ക്കാരനാണ് എന്ന് വരുത്തിത്തീർക്കും. അല്ലെങ്കിൽ അവൻ മാർക്‌സിസ്റ്റുകാരനാണ് എന്ന് പറയും. ഇനി കോൺഗ്രസ്സുകാരൻ തന്നെയായാലും അവൻ നായരല്ല, ഈഴവനായതുകൊണ്ടാണ് എന്നുപറയും. ഇനി ഈഴവനാണെങ്കിൽ അവൻ ശ്രീനാരായണഗുരുവിനെ വിശ്വസിക്കുന്നില്ല, കുമാരനാശാനെയാണ് വിശ്വസിക്കുന്നത് എന്ന്പറയും. ഇനി കുമാരനാശാനെ വിശ്വസിക്കുന്നുണ്ടെങ്കിൽ കരുണ അവന് വലിയ പുച്ഛമാണ് എന്ന് വ്യാഖ്യാനിക്കും...! അങ്ങനെ പ്രതികരിക്കുന്നവനെ ശത്രുക്കളാക്കി ചിത്രീകരിച്ച് കീറിയൊട്ടിച്ച് കളയും. അതാണ് വിധി. ഞാൻ പക്ഷേ അതൊന്നും മൈന്റ് ചെയ്യുന്നേ ഇല്ല.
- പരിസ്ഥിതി ലക്ഷ്യത്തോടെ മമ്മൂട്ടിയടക്കം പല സിനിമാക്കാരും മൈ ട്രീചാലഞ്ച് എന്ന പേരിൽ മരം നടലിൽ ഏർപ്പെട്ടിരിക്കുകയാണ്. വമ്പൻ മാദ്ധ്യമശ്രദ്ധയും ഇതിനൊക്കെ ലഭിക്കുന്നുണ്ട്. കൃഷിയുടെ കാര്യത്തിലെന്ന പോലെ ഇതെല്ലാം കാട്ടിക്കൂട്ടലുകളാണെന്ന വിമർശനവും ഉയരുന്നുണ്ട്. സലിംകുമാർ ചാലഞ്ച് ചെയ്യലിനിറങ്ങുന്നുണ്ടോ
ഒരുകാലത്ത് അക്കേഷ്യ എന്നൊരു മരമുണ്ടായിരുന്നു. പതിനായിരക്കണക്കിന് അക്ക്വേഷ്യകളാണ് നാടങ്ങും നട്ടത്. ഈ അക്കേഷ്യകളൊക്കെ എവിടെ പോയി. അതെല്ലാം വെറും പത്രങ്ങളിലെ വാർത്തകളായി മറഞ്ഞുപോയി. നമ്മൾ പാവങ്ങളിതൊന്നുമറിയാതെ അക്കേഷ്യ നട്ടു, മാഞ്ചിയം നട്ടു, മഹാഗണി നട്ടു. നട്ടമരങ്ങളൊക്കെ ആളുകൾ വളരാൻ സമ്മതിക്കുന്നുണ്ടോ. ഞാൻ പണ്ട് മുതലേ കുറേ മരങ്ങൾ നട്ടിട്ടുള്ള ആളാണ്. എന്നാൽ നട്ട മരങ്ങളൊക്കെ എവിടെ? പലരും എന്നോട് മരം നടൽ പരിപാടിയിൽ പങ്കെടുക്കാൻ ആവശ്യപ്പെടാറുണ്ട്. ഏറ്റവും ഒടുവിൽ മുൻസിപ്പാലിറ്റിക്കാർ പറഞ്ഞു. ഞാൻ പറ്റില്ലെന്ന് പറഞ്ഞു. ഞാൻ നട്ടമരങ്ങളൊക്കെ എവിടെ?നട്ടമരങ്ങളൊന്നും കാണാതെ വീണ്ടും വീണ്ടും മരങ്ങൾ വെറുതെ നട്ടുകൊണ്ടിരുന്നിട്ടെന്ത് കാര്യം. അതിന് ശേഷം ആരും അന്വേഷിക്കാറില്ല. അതുകൊണ്ടാണ് കുറച്ചുനാൾ മുമ്പ് കോട്ടയത്ത് പോയി കുറേക്കാലം മുമ്പ് ഞാൻ നട്ട ഒരു മരം പോയി കണ്ടത്. അതുകൊണ്ട് നട്ടമരങ്ങൾ പരിപാലിക്കാതെ വെറുതെ മരവും നടന്ന് നടന്നിട്ട് കാര്യമില്ലെന്ന് തന്നെയാണ് ഞാൻ പറയുന്നത്.
- കോമഡി കഥാപാത്രങ്ങളിൽ നിന്ന് പെട്ടെന്നൊരു മാറ്റം വന്നത് എന്തുകൊണ്ടാണ്? ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷം അത്തരം സിനിമകൾ ഉണ്ടായിട്ടില്ല.
പുരസ്‌കാരം ലഭിച്ചതിന് ശേഷം എനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെല്ലാം ദുരന്തകഥാപാത്രങ്ങളാണ്. ഒരുകാര്യം ഞാൻ ഉറച്ചുവിശ്വസിക്കുന്നു, കഥാപാത്രങ്ങൾ ലഭിക്കുന്ന കാര്യത്തിലുണ്ടാകുന്ന തടസ്സങ്ങൾ മറ്റുള്ളവരുടെ കുറ്റമല്ല. എനിക്കിപ്പോ പ്രായം 45 വയസ്സായി. ഹീറോകൾക്ക് 80 വയസ്സുണ്ടെങ്കിൽ പോലും അവരുടെ കൂട്ടുകാരനായി എന്നെപോലെ 45 വയസ്സായ ഒരാളെ ഉൾപ്പെടുത്തില്ല. ഒരുസാധാരണ ജീവിതത്തിൽ പറ്റില്ല. എനിക്കും പറ്റില്ല. ചോക്ലേറ്റ് സിനിമയിലെ പോലെ ഒരു കോളേജിലൊക്കെ ഉൾക്കൊള്ളാവുന്ന ഒരുകഥാപാത്രം ചെയ്യാൻ എനിക്കിനി കഴിയില്ല. എന്നാലും കോമഡി ചെയ്യാനുള്ള കഴിവ് എനിക്കിപ്പോഴുമുണ്ടെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. എന്നാൽ എന്റെ അടുത്തേക്ക് വരുന്ന കഥാപാത്രങ്ങളെല്ലാം കടുത്ത ദുരിതം പേറുന്ന അച്ഛനോ, അമ്മാവനോ, കുടുംബനാഥനോ ഒക്കെയാണ്. ഒരുകാലത്ത് ശാരദായിരുന്നുവല്ലോ മലയാള സിനിമയിലെ ദുഖപുത്രി. അതിന് സമാനമായ നിലയിൽ എന്നെ ഒരു 'ശാരപ്പൻ' ആക്കാനുള്ള ശ്രമം ചിലർ നടത്തുകയാണോ എന്ന് പോലും ഞാൻ സംശയിച്ചുപോയി. ഈ ഘട്ടത്തിലാണ് ഞാൻ സിനിമ നിർമ്മിച്ചത്. രണ്ട് സിനിമകൾ നിർമ്മിച്ചു. കംപാർട്ട്‌മെന്റ എന്ന പേരിൽ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവുമെല്ലാം ഞാൻ തന്നെയാണ്. എന്നാൽ ഞാൻ നിർമ്മിക്കുന്ന ചിത്രങ്ങളിൽ പോലും എനിക്ക് കോമഡി റോളുകൾ രൂപപ്പെടുന്നില്ല. അപ്പോൾ ഞാൻ വിചാരിച്ചു. അതെന്റെ വിധിയാണ്. അത് മറ്റാരുടെയും കുറ്റമല്ല.
- ന്യൂജനറേഷൻ സിനിമാക്കാലത്തിന്റെ ആകെ പ്രത്യേകതയായും കണ്ടുകൂടെ. സലിംകുമാർ ചെയ്തതുപോലുള്ള കഥാപാത്രങ്ങൾ സിനിമയിൽ രൂപപ്പെടുന്നില്ലെന്ന് വിലയിരുത്തിക്കൂടെ
ആ ഒരുകാലത്തിന് ശേഷം അത്രശക്തമായ കോമഡി കഥാപാത്രങ്ങളുണ്ടായിട്ടില്ല എന്നതും ശ്രദ്ധിക്കണം. ഒരു പ്രളയം പോലെ ന്യൂജനറേഷൻ വന്നതോടെ മായാവിയോ, പുലിവാൽകല്യാണമോ, ചോക്ലേറ്റോ ഒക്കെ പോലെയുള്ള സിനിമകൾ ഉണ്ടാകുന്നുമില്ല. നല്ല എഴുത്തുകാരുടെ അഭാവം, മാറിയ കാഴ്ചപ്പാടുകൾ, സാധാരണ ജീവിതത്തിന്റെ അഭാവം ഇതൊക്കെ കാരണമാകാം. ന്യൂജനറേഷൻ വന്നതോടെ. അഭിനേതാക്കളുടെ കാര്യമാണ് കുഴപ്പമായത്. പണ്ടൊരിക്കൽ പ്രകൃതി ക്ഷോഭം വന്നപ്പോൾ ദിനോസറുകളിൽ കുറേയെണ്ണം കടലിലേക്ക് എടുത്തുചാടിയെന്നും അതൊക്കെ തിമിംഗലമായി വന്നെന്നും കുറെയെണ്ണം കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടിട്ട് അതൊക്കെ ആനയായി തിരിച്ചുവന്നെന്നും കുറേയെണ്ണം ഒരു മാറ്റവുമില്ലാതെ അവിടെ തന്നെ നിന്നെന്നും ഒരുകഥയുണ്ട്. ആ ദിനോസറുകളുടെ അവസ്ഥയിലാണ് ഇപ്പോൾ ചില അഭിനേതാക്കൾ. പലരും മാറി, ചിലർ മാറിയിട്ടും ഉൾക്കൊള്ളാനാകാതെ നിൽക്കുന്നു. ചിലർ സ്വയം മാറി നിൽക്കുന്നു. എവിടെ നിൽക്കണമെന്ന് അറിയാത്ത മാറ്റമാണ് പലരുടേതും.
- എന്തൊക്കെ മാറ്റമുണ്ടെന്ന് സമ്മതിച്ചാലും തെളിഞ്ഞ ചിരിയില്ലാതായി.
സിനിമകൾക്ക് ക്വാളിറ്റിയുണ്ടായാലും അതിലെ ചിരിക്ക് ക്വാളിറ്റിയില്ലാതായി പോയി. സെക്‌സായി, അപശ്ശബ്ദങ്ങളായി. നമ്മൾ ഇഷ്ടപ്പെടാത്ത പേരെടുത്തുപോലും പറയാൻ കഴിയാത്ത, അപമാനമായി പോലും കരുതിയിരുന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ട് ചിരിപ്പിക്കുകയാണ്. പറയുന്നത് നാണക്കേടാണെന്ന് കരുതിയ പലകാര്യങ്ങളും പറഞ്ഞ് ചിരിക്കുന്നത് മാന്യതയുടെ ഭാഗമായി. പണ്ടൊക്കെ അധോവായു പരസ്യമായി പുറത്തുപോയതിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വന്നവരെ കുറിച്ച് പോലും കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് അത് പരസ്യമായി ഇട്ടില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയാണ്. അതാണ് ഈ പുതിയ സിനിമകളിലും കാണുന്നത്.[BLURB#3-VR]
- പതിവ് കൊമേഡിയന്മാരെ കടന്ന് സലിംകുമാർ സിനിമാഭാഷയിൽ സ്വന്തമായ ഒരു നിഘണ്ടു തന്നെ ഉണ്ടാക്കിയിട്ടുണ്ട്. നിരപരാധൻപോലുള്ള വാക്കുകൾ.
ഭാഷയുടെ ആത്മാവറിയാതെ ഒരാൾക്കും നല്ല കൊമേഡിയനാകാൻ കഴിയില്ല. നന്നായി വായിക്കണം. വായിച്ചത് മനസ്സിൽ വയ്ക്കണം. വേണ്ട സ്ഥലത്ത് ഔചിത്യപൂർവ്വം പ്രയോഗിക്കണം. ഇതൊക്കെ ഒരു നടന് വേണ്ട ഗുണമാണ്. അത്യാവശ്യം ഈ കാര്യങ്ങളൊക്കെ ഉള്ളതിന്റെ ആത്മവിശ്വാസം സിനിമയിൽ വന്ന കാലത്തേ എനിക്കുണ്ടായിരുന്നു. ഒരു ഹാസ്യനടൻ ഭാഷയുടെ ആത്മാവറിഞ്ഞിരിക്കണംഅതുകൊണ്ട് കൂടിയാണ് ഭാഷയുടെ അതിരുകൾ കടന്ന് ഹാസ്യനടന്മാർ വിജയിക്കാതിരിക്കുന്നതും. മലയാളത്തിലെ ഒരു നടന് തമിഴിൾ പോയാൽ നായകനാകാം, വില്ലനാകാം... എന്നാൽ കൊമേഡിയനാകാൻ കഴിയില്ല. വടിവേലുവിന് ഇവിടെ വന്നാലോ, എനിക്ക് അവിടെ പോയാലോ ചെയ്യാൻ കഴിയുന്നതിൽ പരിധിയുണ്ട്.
- സ്വന്തം മനോധർമത്തിനനുസഹിച്ച് കഥാപാത്രങ്ങളായി നിറഞ്ഞാടാൻ കഴിയുന്ന പ്ലാറ്റ്‌ഫോം ഏത് സംവിധായകനൊപ്പം പ്രവർത്തിക്കുമ്പോഴാണ് ലഭിക്കുന്നത്.
ഷാഫിയാണ് അതിൽ ഒന്നാമൻ. ഷാഫിയുടെ ഈ സമീപനം കൊണ്ട് കൂടിയാണ് മികച്ച ഒരുപിടി കഥാപാത്രങ്ങളുണ്ട്. പുലിവാൽകല്യാണം, ചോക്ലേറ്റ്, മായാവി, ചട്ടമ്പിനാട് അങ്ങനെ നിരവധി. എടുത്തുപറയുകയാണെങ്കിൽ പുലിവാൽകല്യാണം എന്ന സിനിമയിൽ സെക്കന്റ് ഹീറോ ഹരിശ്രീ അശോകനാണ്. എനിക്ക് വലിയ റോളൊന്നുമില്ല. എന്നാൽ ഷൂട്ടിങ് ആരംഭിച്ചതുമുതൽ ഞാനും ഹനീഫ്ക്കയും വിളയാടാൻ തുടങ്ങി. സ്‌ക്രിപ്റ്റിലുള്ള ഒരൊറ്റ വാചകം പോലും പറഞ്ഞിട്ടില്ല. ഷാഫി അഴിഞ്ഞാടാൻ അവസരം തന്നതുകൊണ്ടാണ് ആ കഥാപാത്രം ഇത്രവലിയ വിജയമായത്.
- ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ടല്ലോ. ആദ്യഘട്ടത്തിൽ ടൈമിങ് ശരിയല്ലെന്ന് പറഞ്ഞ് ഒഴിവാക്കിയവർ പിന്നീട് സലിംകുമാറിന് വേണ്ടി കാത്തിരുന്ന ചരിത്രമുണ്ടല്ലോ
സിബി മലയിലിന്റെ നീ വരുവോളം എന്ന ചിത്രത്തിൽ നിന്നാണ് ഒഴിവാക്കിയത്. സിബിമലയിലിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജഗതി ശ്രീകുമാറുമൊത്തുള്ള സീനുകൾ ഷൂട്ട് ചെയ്യുകയായിരുന്നു. ഷൂട്ടിങ് തുടങ്ങി ഒമ്പത് സീനുകൾ അഭിനയിച്ചുകഴിഞ്ഞു. ജഗതി ചേട്ടൻ ടൈമിംഗില്ല, ടൈംമിംഗില്ല എന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. എന്റെ രീതികൾ മാറ്റി ജഗതി ചേട്ടൻ കാണിച്ചുതരുമ്പോലെ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. എന്നാ പിന്നെ അദ്ദേഹം അഭിനയിച്ചാൽ മതിയല്ലോ. എന്നെ ഹരാസ് ചെയ്ത് ഹരാസ് ചെയ്ത് വലിച്ചുകീറി ഒട്ടിച്ച് ഒരുപരുവത്തിലാക്കി. തിലകൻ ചേട്ടനടക്കം സെറ്റിലുണ്ടായിരുന്നവരുടെ മൗനമായ പിന്തുണയും ഉണ്ടായിരുന്നു. എന്നെ മാത്രമല്ല, ജഗതി ചേട്ടനടക്കം പഴയ തലമുറയിൽ പെട്ടവരുടെ ഒരു ഹോബിയായിരുന്നു അത്. അടൂർഭാസിയെപോലുള്ള മുൻതലമുറക്കാരിൽ നിന്നനുഭവിച്ചതിന്റെ ഓർമ്മ നമ്മളോടൊക്കെ അങ്ങനെ ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയാണ്. പണ്ടങ്ങനെയായിരുന്നല്ലോ. നടിമീനച്ചേച്ചിയൊക്കെ പഴയകാല നടന്മാരുടെ ക്രൂരതകളെക്കുറിച്ച് മരിക്കുന്നതിന് ഒരു ദിവസം മുമ്പെന്നോട് പറഞ്ഞ് കരഞ്ഞിട്ടുണ്ട്. അതുകൊണ്ട് അതൊന്നും വലിയ കാര്യമല്ല. ഒടുവിൽ ആ ചിത്രത്തിൽ നിന്നൊഴിവാക്കി. ഞാൻ നിരപരാധിയായിരുന്നതുകൊണ്ട് ഒരുഗോൾ തിരിച്ചടിക്കാൻ പറ്റി. പിന്നീട് അതേ ബാനറിൽ അതേ സംവിധായകന്റെ എന്റെ വീട് അപ്പൂ്‌ന്റേം എന്ന ചിത്രത്തിൽ അവർ എനിക്ക് വേണ്ടി കാത്തിരുന്നു. ഞാൻ പ്രതികാരം മൂലം വൈകിപ്പിച്ചതല്ല. സൗഹൃദത്തിൽ തന്നെയായിരുന്നു അഭിനയിച്ചതും.
- സൂപ്പർ താരങ്ങളുടെ ഇടപെടൽ സിനിമയെ മറ്റൊരു വഴിക്ക് തിരിച്ചുവിടുന്നുണ്ടോ. സൂപ്പർതാരങ്ങൾക്ക് വേണ്ടി തിരക്കഥയെഴുതുമ്പോൾ സമ്മർദ്ദത്തിന്റെ ഫലമായി കഥമാറ്റിയെഴുതേണ്ടി വന്നിട്ടുണ്ടെന്ന് സംവിധായകൻ രഞ്ജിത്ത് തന്നെ പറഞ്ഞിട്ടുണ്ട്.
നല്ല സംവിധായകരൊന്നും അത്തരം ഇടപെടൽ സമ്മതിക്കില്ല. നട്ടെല്ലുള്ള ഒരുസംവിധായകനും ഹീറോകളുടെ മുന്നിൽ വിധേയപ്പെട്ട് നിൽക്കുന്നത് ഞാൻ കണ്ടിട്ടില്ല. അടൂർഗോപാലകൃഷ്ണന്റടുത്ത് ഏതെങ്കിലും താരം തിരക്കഥ മാറ്റാൻ പറയുമോ. സൂപ്പർതാരങ്ങൾ മാത്രമല്ല, ഒന്ന് തിളങ്ങിക്കഴിഞ്ഞ പുതിയ യുവനടന്മാർ വരെ സംവിധായകരോട് കഥ പറയാൻ ലൊക്കേഷനിലേക്ക് വരാൻ പറയും. കഥപറയാൻ ആളെത്തിയാൽ ലൊക്കേഷനിലൊരു ഷോയാണ്. പിന്നെ കാരവാന് മുന്നിൽ കഥാകൃത്തുക്കളുടെ കാത്തിരിപ്പായി.എന്തിനാണ് ഇവരൊക്കെ അതിന് തയാറാകുന്നത്. അപ്പോൾ ഒരുകാര്യവുമില്ലാതെ താരങ്ങൾക്ക് മുന്നിൽ വിധേയപ്പെട്ട് നിൽക്കുന്ന സംവിധായകരുടെ കുഴപ്പമാണ് എന്നുതന്നെ പറയേണ്ടിവരും. ഈ സാഹചര്യം സിനിമയ്ക്ക് ദോഷകരമായി ബാധിക്കുന്നുണ്ട്.
- മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാവായി ആരെയാണ് കാണുന്നത്
ഒരുസംശയവുമില്ല മോഹൻലാൽ തന്നെ. ഇപ്പോഴത്തെ മോഹൻലാലലല്ല, കുറച്ചുകാലം മുമ്പുള്ള മോഹൻലാൽ.
- എന്തുകൊണ്ട്?
ഒരു നടനെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യുന്ന ഒരാളോട് അതിയായ ആദരവുണ്ട്. കുറച്ച് കാലം മുമ്പുള്ള മോഹൻലാൽ കൗതുകത്തിന്റെ പരകോടിയിൽ നിൽക്കുന്ന അഭിനേതാവാണ്. നടൻ എന്ന നിലയിൽ ഒരു ദൈവിക പരവേഷം തന്നെ ചാർത്തിക്കൊടുക്കാവുന്നതാണ.് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ഒരൊറ്റ ചിത്രത്തിലെ ഒരു രംഗം മാത്രം മതി. മോഹൻലാൽ രഞ്ജിനിക്ക് കൊടുത്ത കത്ത് പുറത്തായതിനെ തുടർന്ന കൈയക്ഷരം കണ്ടിപിടിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗത്തിൽ ഇപ്പോൾ പിടിക്കപ്പെടാൻ പോകുന്നുവെന്ന മാനസികാവസ്ഥയിൽ മോഹൻലാൽ നടത്തിയ പ്രകടനം ഏതൊരാളെയും വിസ്മയിപ്പിച്ചുകളും.
- ഏറ്റവും കൂടുതൽ സ്വാധീനിച്ച ഹാസ്യതാരമാരാണ്.
പലരുണ്ട്. കുതിരവട്ടം പപ്പുവാണ് ഏന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്. അതോ പോല ഇന്നസെന്റ്, ജഗതി ശ്രീകുമാർ തുടങ്ങി പലരും എന്റെ അഭിനയജീവിതത്തിൽ അവരുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്.
- സാധാരണ രാഷ്ട്രീയക്കാരനാണെന്ന് പറയാൻ താരങ്ങൾ മടിക്കും. അതൊരു കോൺഗ്രസ്സുകാരനാണെങ്കിൽ പറയുകയേ വേണ്ട. സലിംകുമാർ ഒരു കോൺഗ്രസ്സുകാരനാണെന്ന് എപ്പോഴും മടിയില്ലാതെ പറയാറുണ്ട്. എന്തുകൊണ്ടാണ് കോൺഗ്രസ്സുകാരനായത്.
മാർക്‌സിസ്റ്റുകാരുടെ കോട്ടയായ വടക്കേക്കരയോട് ചേർന്നാണ് എന്റെ വീട്. പഴയൊരു ചൊല്ലുണ്ട്. ചോവനായി ജനിച്ചിട്ടുണ്ടെങ്കിൽ അവൻ കമ്യൂണിസ്റ്റായിരിക്കും, ക്രിസ്ത്യാനി പിഴച്ചാൽ കമ്യൂണിസ്റ്റാകും...
എന്നാൽ എന്റെ അച്ഛൻ പണ്ടേ കോൺഗ്രസ്സുകാരനായിരുന്നു. കമ്യൂണിസ്റ്റുകാരുടെ കോട്ടയെന്ന നിലയിൽ അവർമാത്രം ജയിക്കുന്ന മണ്ഡലം. വിജയിച്ചതിന് ശേഷം വീട്ടിന് മുന്നിലൂടെ ഒരു പ്രകടനം പോകും. അതൊരുചെങ്കടലായിരുന്നു. എന്റെ വീട്ടിന് മുന്നിലൂടെ പ്രകടനം പോകുമ്പോൾ ഞങ്ങൾ കോൺഗ്രസ്സുകാരെന്ന നിലയിൽ അവിടെ നിന്നൊരു മുദ്രാവാക്യം വിളിയുണ്ട്. വീട്ടിന് മുന്നിൽ പടക്കം പൊട്ടിക്കലും...അതൊരു പേടി സ്വപ്നമായിരുന്നു. എനിക്ക് അതുകൊണ്ട് തെരഞ്ഞെടുപ്പ് വരുമ്പോഴേ എനിക്ക് പേടിയാണ്. ആ പ്രകടനം ഓർത്ത്. അങ്ങനെ ഒരിക്കൽ നേരെ മറിച്ചൊരു പ്രകടനം ഈ നാട്ടിൽ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്സുകാരനായി അങ്ങനെ നിന്നത്.
- കെ കരുണാകരന്റെ ആരാധകനായിരുന്നല്ലോ. ഇന്ന് കോൺഗ്രസ്സിൽ ഏറ്റവും അധികം ബഹുമാനിക്കുന്ന നേതാവ് ആരാണ്.
പിടി തോമസ്. ചങ്കൂറ്റമുള്ള ആളാണ്. ഒരു മതമേലധ്യക്ഷന്മാരുടെയും കാലുപിടിക്കാൻ പോകുന്നില്ല. പരിസ്ഥിതിയുടെ പേരിൽ ഇത്രയധികംക്രൂശിക്കപ്പെട്ടിട്ടും നിലപാടിലുറച്ചുനിൽക്കുകയും സഭയെയും പള്ളിയെയും മുഖം നോക്കാതെ വിമർശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ നിശ്ചയ ദാർഢ്യം അൽഭുതപ്പെടുത്തിയിട്ടുണ്ട്.
- മദ്യനയത്തെ എങ്ങനെയാണ് കാണുന്നത്.
മദ്യനയം ഏറ്റവും വലിയ വിഡ്ഢിത്തമാണ്. അമേരിക്കയിലേക്കൊന്നും പോകണ്ട, കേരളത്തിൽ അട്ടപ്പാടി തന്നെ നോക്കുക. മദ്യം നിരോധിച്ച ഇടങ്ങളിലെല്ലാം അത് പരാജയമായിരുന്നു. ഒരുസുപ്രഭാതത്തിൽ കേരളം നന്നാക്കാൻ കഴിയില്ല. സുധീരനെ പോലുള്ള നേതാക്കന്മാർ അതാലോചിക്കേണ്ടതായിരുന്നു. ആരെയോ തോൽ്പിക്കാൻ വേണ്ടി ചിലരൊക്കെ ചെയ്തുകൂട്ടിയ പരിപാടിയാണീ മദ്യനയം.