തിരുവനന്തപുരം: കോൺഗ്രസ് വക്താവ് രാജ്‌മോഹൻ ഉണ്ണിത്താനെ ചലച്ചിത്ര വികസന കോർപറേഷന്റെ ചെയർമാനായി നിയമിച്ചതിനെതിരായ വിവാദം ഫലം കണ്ടില്ല. ആരെന്തു പറഞ്ഞാലും സിനിമാ നടൻ കൂടിയായ ഉണ്ണിത്താനെ തന്നെ ചെയർമാനാക്കുമെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. രാഷ്ട്രീയ ജീവിതത്തിനിടെ രാജ്‌മോഹൻ ഉണ്ണിത്താന് ലഭിക്കുന്ന ആദ്യ പദവി കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ നേതാവിനെ അപമാനിക്കുന്ന തരത്തിൽ ഒരു തീരുമാനവും ഉണ്ടാകില്ല.

അതിനിടെ രാജ്‌മോഹൻ ഉണ്ണിത്താനെ ചലച്ചിത്ര വികസന കോർപറേഷന്റെ ചെയർമാനായി നിയമിച്ചതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇടവേള ബാബു വൈസ് ചെയർമാൻ സ്ഥാനം രാജിവച്ചു. ബാബുവിനൊപ്പം ബോർഡ് അംഗങ്ങളായ കാലടി ഓമന, മണിയൻ പിള്ള രാജു, ദിലീപ് എന്നിവരും സ്ഥാനം രാജിവച്ചു. കോർപ്പറേഷൻ മുൻ ബോർഡിനെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട നടപടി തെറ്റാണെന്ന് രാജി കത്ത് സമർപ്പിച്ച ശേഷം ഇടവേള ബാബു പറഞ്ഞു.

ഇടവേള ബാബു രാജിവച്ച സാഹചര്യത്തിൽ സലിംകുമാറിനെ വൈസ് ചെയർമാനാക്കും. ഇതിനും സിനിമാ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ തീരുമാനം എടുത്തിട്ടുണ്ട്. സലിംകുമാർ എന്തെങ്കിലും തടസ്സങ്ങൾ ഉന്നയിച്ചാൽ മറ്റ് പേരുകാരെ പരിഗണിക്കൂ. കോൺഗ്രസ് അനുഭാവിയായ സലിംകുമാർ രാജ്‌മോഹൻ ഉണ്ണിത്താന്റെ നിയമനത്തെ പരസ്യമായി പിന്തുണച്ചിരുന്നു. 'അമ്മ'യുമായി അകന്നു നിൽക്കുന്ന ലിബർട്ടി ബഷീറിനെ പോലുള്ളവരുടെ പേരുകളും കേൾക്കുന്നുണ്ട്.

മുൻ മന്ത്രി ഗണേശ് കുമാർ വിരുദ്ധ പക്ഷത്തെ പ്രധാനിയാണ് ലിബർട്ടി ബഷീർ. ഈ സാഹചര്യത്തിലാണ് ബഷീറിന്റെ പേര് പരിഗണിക്കുന്നത്. അതിനിടെ യോഗ്യനായ ഒരാളെ കിട്ടിയില്ലെങ്കിൽ വൈസ് ചെയർമാൻ സ്ഥാനം തന്നെ വേണ്ടന്നു വച്ചേക്കാനും നീക്കമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിൽ വൈസ് ചെയർമാൻ സ്ഥാനം പതിവില്ല. ഗണേശ്കുമാർ മന്ത്രിയായിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ താത്പര്യ പ്രകാരം വൈസ് ചെയർമാനായി ഇടവേള ബാബുവിനെ നിയമിച്ചത്.

സാബു ചെറിയാനെ ചെയർമാനായി നിയമിച്ചത് മൂന്നു വർഷത്തേക്കാണ്. വീണ്ടും ആറു മാസം കഴിഞ്ഞാണ് അദ്ദേഹത്തെ മാറ്റിയത്. പകരം രാജ്‌മോഹൻ ഉണ്ണിത്താന്റെ പേര് കേട്ടതോടെ കെ.എസ്.എഫ്.ഡി.സി ഡയറക്ടർ ബോർഡിലുള്ള ഭൂരിപക്ഷം സിനിമാക്കാരും ഇടയുകയായിരുന്നു. ഇടവേള ബാബു, മണിയൻപിള്ള രാജു, ഷാജി കൈലാസ് എന്നിവർ ആദ്യം രാജി സന്നദ്ധത പ്രകടിപ്പിച്ചു. തുടർന്നാണ് ദിലീപ്, സിദ്ദിക്ക് തുടങ്ങി 'അമ്മ'യിലെ അംഗങ്ങൾ രാജി വയ്ക്കുമെന്ന തീരുമാനം ഉണ്ടായത്. ചുരുക്കം ബോർഡ് യോഗങ്ങളിൽ മാത്രമേ ഇവർ പങ്കെടുത്തിട്ടുള്ളൂ എന്നാണ് മറുപക്ഷത്തിന്റെ ആരോപണം.

സംഭവ വികാസങ്ങൾക്ക് പിന്നിൽ വെറും രാഷ്ട്രീയമാണെന്നും സർക്കാരിനെതിരെ സിനിമാക്കാരെ രംഗത്തിറക്കിയത് കെ.ബി. ഗണേശ്കുമാറാണെന്ന വാദവും സജീവമാണ്. സിനിമാ പ്രവർത്തകരുടെ രാജി ഭീഷണി കണക്കിലെടുക്കുന്നില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താനും പറഞ്ഞു. സഹകരിക്കുന്നവരുമായി മുന്നോട്ടു പോകും. സിനിമാക്കാരൻ മാത്രമല്ല ചെയർമാൻ സ്ഥാനത്തിന് യോഗ്യൻ. സിനിമയിൽ അഭിനയിക്കുന്നത് യോഗ്യതയാണെങ്കിൽ ഞാൻ 17 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്ന് ഉണ്ണിത്താൻ വ്യക്തമാക്കി.

സാബു ചെറിയാനെ ഒരു മുന്നറിയിപ്പും കൂടാതെ പുറത്താക്കിയത് ശരിയായില്ലെന്നാണ് സിനിമാ പ്രവർത്തകരുടെ നിലപാട്. കോർപറേഷനെ ലാഭത്തിലാക്കിയത് ഞങ്ങളാണ്. ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും അവർ പറയുന്നു. സലിംകുമാർ മാത്രമാണ് ഇതിന് വിരുദ്ധമായ അഭിപ്രായം രേഖപ്പെടുത്തിയത്. രാജ്‌മോഹൻ ഉണ്ണിത്താനെ ചെയർമാനാക്കിയതിന്റെ പേരിൽ രാജി വയ്ക്കില്ല. എന്നാൽ ഗണേശ്കുമാർ പറഞ്ഞാൽ രാജി വയ്ക്കും. കാരണം അദ്ദേഹമാണ് എന്നെ അംഗമാക്കിയതെന്നും സലിംകുമാർ പറഞ്ഞു.