കൊച്ചി: കെഎസ്എഫ്ഡിസി ചെയർമാനായി രാജ്‌മോഹൻ ഉണ്ണിത്താൻ സ്ഥാനമേൽക്കുന്നതിൽ എന്താണ് തെറ്റെന്ന് നടൻ സലിംകുമാർ. ഉണ്ണിത്താൻ ചെയർമാൻ ആകുന്നതിന്റെ പേരിൽ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവയ്ക്കില്ലെന്നും സലിംകുമാർ പറഞ്ഞു.

രാഷ്ട്രീയക്കാരൊന്നും അല്ല തന്നെ കെഎസ്എഫ്ഡിസിയിലേക്ക് എടുത്തത്. നടൻ ഗണേശ് കുമാറാണ് തന്നെ ഡയറക്ടർ ബോർഡ് അംഗമാക്കിയത്. അദ്ദേഹം പറഞ്ഞാൽ രാജിവയ്ക്കാൻ ഞാൻ ബാധ്യസ്ഥനാണ്.

ഉണ്ണിത്താൻ രാഷ്ട്രീയക്കാരൻ മാത്രമല്ല, നടൻ കൂടിയാണ്. ഇക്കാര്യത്തിൽ ചില സിനിമക്കാരുടെ നിലപാട് സംശയാസ്പദമാണ്. സിനിമക്കാർക്കു ചില ഉള്ളുകളിയുണ്ട്. സാബു ചെറിയാൻ ചെയർമാൻ ആയതുകൊണ്ട് പ്രയോജനമില്ലെന്നും സലിംകുമാർ പറഞ്ഞു.

കോൺഗ്രസ് നേതാവായ രാജ്‌മോഹൻ ഉണ്ണിത്താനെ ചെയർമാനാക്കിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ചലച്ചിത്രപ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഡയറക്ടർ ബോർഡ് അംഗങ്ങളായ മണിയൻപിള്ള രാജുവും ഷാജി കൈലാസും ഇടവേള ബാബുവുമൊക്കെ രാജിവയ്ക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. തിങ്കളാഴ്ച രാജിവയ്ക്കുമെന്ന് മണിയൻപിള്ള രാജു പ്രഖ്യാപിക്കുകയും ചെയ്തു. രാജ്‌മോഹൻ ഉണ്ണിത്താനെതിരെ സിനിമക്കാർ പ്രതിഷേധം തുടരുന്നതിനിടെയാണ് അദ്ദേഹത്തെ പിന്തുണച്ച് നടനും സംവിധായകനുമായ സലിംകുമാർ രംഗത്തെത്തിയത്.

നിരവധി കാലത്തെ പരിചയവും അനുഭവ സമ്പത്തുമുള്ള പലരെയും തഴഞ്ഞാണ് രാജ്‌മോഹൻ ഉണ്ണിത്താനെ നിയമിക്കാനുള്ള നീക്കമെന്നു ചൂണ്ടിക്കാട്ടിയാണ് സിനിമക്കാർ എതിർപ്പുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. കെ സി അബുവിന് സമിതിയിൽ അംഗത്വം നൽകിയതിലും സിനിമാമേഖലയിലുള്ളവർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രം അഭിനയിച്ച കോൺഗ്രസ് നേതാവിനെ ചെയർമാൻ സ്ഥാനത്തേക്കു പരിഗണിച്ചതിൽ കടുത്ത അമർഷമാണ് സിനിമാപ്രവർത്തകർക്കുള്ളത്. ഇതിൽ പ്രതിഷേധിച്ചാണ് കെഎസ്എഫ്ഡിസിയിൽ നിന്ന് സിനിമാരംഗത്തെ പ്രമുഖർ കൂട്ടരാജിക്ക് ഒരുങ്ങുന്നത്.

രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമെന്നു ചൂണ്ടിക്കാട്ടിയാണ് സിനിമാപ്രവർത്തകർ ഉണ്ണിത്താന്റെ നിയമനത്തെ എതിർക്കുന്നത്. രാഷ്ട്രീയം സിനിമയിൽ കലർത്താനുള്ള നീക്കത്തെയാണ് എതിർക്കുന്നതെന്ന നിലപാടാണ് സിനിമാപ്രവർത്തകർക്കുള്ളത്. സംവിധായകൻ ഷാജി കൈലാസും ഫെഫ്ക പ്രതിനിധി ബി ഉണ്ണിക്കൃഷ്ണനുമെല്ലാം ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കിയിരുന്നു.