തിരുവനന്തപുരം: ആരാണ് സലിംരാജ്? എന്തുകൊണ്ട് യുഡിഎഫ് ഭരണത്തിന്റെ ആദ്യ മൂന്ന് വർഷം സലിംരാജിന് ഇത്രയേറെ പ്രാധാന്യം ഭരണത്തിൽ കിട്ടി. ആർക്കും ഉത്തരമില്ലാത്ത ചോദ്യം. എന്തുകൊണ്ട് എല്ലാം അറിഞ്ഞിട്ടും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സലിംരാജിനെ സംരക്ഷിച്ചു? ആശ്രിത വൽസലനായതുകൊണ്ടെല്ലെന്നാണ് ലഭിക്കുന്ന ഉത്തരം. ഏതായാലും ഈ അടുപ്പം സലിംരാജ് നന്നായി ഉപയോഗിച്ചു. കടകംപള്ളി-കളമശ്ശേരി ഭൂമി തട്ടിപ്പ് കേസിലെ സിബിഐ കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നത് അങ്ങോട്ടാണ്. മുഖ്യ ആസൂത്രകൻ സലിംരാജെന്ന് കണ്ടെത്തി തന്നെയാണ് അറസ്റ്റ്. സർക്കാർ സംവിധാനങ്ങളെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മറവിൽ സലിംരാജ് ഏകോപിപ്പിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ വീടുമായി ബന്ധപ്പെട്ട് നടന്ന ചില പ്രശ്‌നങ്ങളിൽ സലിംരാജിന്റെ പേരും ഉയർന്ന് കേട്ടിരുന്നു. അതിലെല്ലാം സത്യമുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തന്നെ ഇതുയർത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് സലിംരാജിനെ കൈവിടാൻ കഴിയാത്ത അവസ്ഥയുണ്ടായത്. അത് സലിംരാജ് നന്നായി ഉപയോഗിക്കുകയും ചെയ്തു. സോളാർ കേസോടെ മുഖ്യമന്ത്രിക്ക് കൈവിടേണ്ടി വന്നു. പിന്നീട് കോഴിക്കോട് യുവതിയെ തട്ടിക്കൊണ്ട് പോയ കേസിൽ അറസ്റ്റിലുമായി. അപ്പോഴും ഉമ്മൻ ചാണ്ടി കൈവിടില്ലെന്ന് സലിംരാജ് പ്രതീക്ഷിച്ചു. എന്നാൽ രാഷ്ട്രീയ സമ്മർദ്ദങ്ങൾ കാരണം കേസ് സിബിഐയിൽ എത്തിയതിനാൽ കാര്യങ്ങൾ മാറി മറിഞ്ഞു. മുഖ്യമന്ത്രിയെ കുടുക്കാൻ കേന്ദ്രം ഈ കേസ് ഉപയോഗിക്കുമോ എന്ന ആശങ്കയുള്ള കോൺഗ്രസുകാരും ഉണ്ട്.

മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന സലിംരാജ് ഉൾപ്പെട്ട കടകംപള്ളി ഭൂമിതട്ടിപ്പുകേസിൽ ഒന്നരവർഷത്തോളം നീണ്ട അന്വേഷണത്തിലും പൂർണമായ വിവരങ്ങൾ സിബിഐക്ക് കണ്ടെത്താനായിട്ടില്ല. ലിംരാജ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പ്രതികളുടെ നിസഹകരണം കാരണം ആഴത്തിലുള്ള അന്വേഷണം നടത്താനായിട്ടില്ല. 170 പേരുടെ ഉടമസ്ഥതയിലുള്ള 45.50 ഏക്കർ ഭൂമി തട്ടിയെടുക്കാൻ രേഖകളിൽ കൃത്രമം കാട്ടിയെന്നും വ്യാജരേഖ ചമച്ചുവെന്നുമാണ് സിബിഐ കണ്ടെത്തിയത്. ഇതിനൊപ്പം കൊച്ചിയിലും തിരുവനന്തപുരത്തും 225 കോടിയിലധികം വിലമതിക്കുന്ന ഭൂമി തട്ടിയെടുക്കാൻ സലിംരാജ് ശ്രമിച്ചെന്ന കേസുകൾ ഒതുക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും വ്യക്തമായി.

സലിംരാജിനെതിരേ നടപടിയാവശ്യപ്പെട്ട് ഡി.ജി.പി നൽകിയ റിപ്പോർട്ടുകൾ പോലും നാലുമാസത്തിലധികം സർക്കാർ പൂഴ്‌ത്തിവച്ചു. ലോക്കൽപൊലീസിനു പുറമേ വിജിലൻസ്, ക്രൈംബ്രാഞ്ച്, റവന്യൂഇന്റലിജൻസ്, റവന്യൂവകുപ്പ് എന്നിവരെല്ലാം ഒരുവർഷത്തിലധികം അന്വേഷിച്ചെങ്കിലും എല്ലാം ഒതുക്കപ്പെട്ടു. കളമശേരി പൊലീസ് സ്?റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഭുമിതട്ടിപ്പ് കേസിൽ സലിംരാജിനെതിരേ ശക്തമായ മൊഴികളുണ്ടായിട്ടും എഫ്.ഐ.ആറിൽ സലിംരാജിന്റെ പേര് ഉൾപ്പെടുത്തിയില്ല. തട്ടിപ്പുനടന്ന ഭൂമിയടങ്ങിയ തൃക്കാക്കരനോർത്ത് വില്ലേജ്ഓഫീസറെയും ജീവനക്കാരെയും പ്രതിചേർത്തെങ്കിലും സലിംരാജിനെ ഒഴിവാക്കി. ദക്ഷിണമേഖലാ അഡി.ഡി.ജിപിയായിരുന്ന എ.ഹേമചന്ദ്രന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നിട്ടും ഒന്നും സംഭവിച്ചില്ല.

വെറുമൊരു സിവിൽ പൊലീസ് ഓഫീസറായ സലിംരാജിനായി എന്തിന് ഇത്രയും വിട്ടുവീഴ്ചകൾ സർക്കാർ നടത്തിയെന്നതാണ് ഉയരുന്ന ചോദ്യം. സോളാർ തട്ടിപ്പ് പ്രതി സരിതയുമായി അടുത്തബന്ധം പുലർത്തിയതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഗൺമാൻ സ്ഥാനത്ത് നിന്ന് പുറത്തായി. അതുവരെ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചിരുന്നത് സലിംരാജായിരുന്നു. പൊലീസ് പരിശീലനത്തിനുശേഷം 1995ൽ നെടുങ്കണ്ടം പൊലീസ്
സ്‌റ്റേഷനിലെ കോൺസ്റ്റബിളായിരുന്നു സലിംരാജ്. അന്ന് എസ്.ഐയെ തല്ലി. കാർ തകർത്തു.

ആ പരാതി നിലനിൽക്കേ 2001ൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇടുക്കിയിലെ ഒരു ദൂതന്മുഖേന സലിംരാജ് ഉമ്മൻ ചാണ്ടിയുടെ ഗൺമാനായി. സലിംരാജിനെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തരുതെന്ന് മൂന്നുതവണ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയെങ്കിലും അവയെല്ലാം അവഗണിക്കപ്പെട്ടു.

2011ൽ ഇന്റലിജൻസ് എതിർത്തതിനെത്തുടർന്ന് ഒരാഴ്ച മാറ്റിനിറുത്തിയെങ്കിലും അടുത്ത ദിവസം തിരികെനിയമനം കിട്ടി. നിരോധിത സംഘടനയുമായും ഹവാല പണമിടപാട് റാക്കറ്റുമായും ഭൂമാഫിയയുമായും അടുത്തബന്ധം പുലർത്തുന്നതായാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. ഭൂമിതട്ടിപ്പുകേസിൽ സലിംരാജിന്റെ ടെലിഫോൺ സംഭാഷണമടക്കമുള്ള രേഖകൾ പിടിച്ചെടുക്കാനുള്ള വിധിക്കെതിരേ ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ സമ്പാദിച്ചു. കടകംപള്ളി തട്ടിപ്പിൽ സലിംരാജിന് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തി ഇന്റലിജൻസ് മേധാവിയായിരുന്ന ടി.പി സെൻകുമാർ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് 2013 ജൂൺ 29ന് വിശദമായ വിജിലൻസ് അന്വേഷണത്തിന് ഡി.ജി.പി സർക്കാരിന് ശുപാർശ നൽകി. അന്നും ഒന്നും ഉണ്ടായില്ല. സോളാർ കേസിലെ സമ്മർദ്ദമാണ് സലിംരാജിനെ കൈവിടാൻ മുഖ്യമന്ത്രിക്ക് തുണയായത്. അതോടെ ഭൂമി തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിടേണ്ട സ്ഥിതിയും വന്നു.

വഴുതയ്ക്കാട് സ്വദേശികളായ പ്രേമചന്ദ് ആർ. നായർ, രമ ബി. നായർ, മോഹൻചന്ദ് ആർ. നായർ എന്നിവരുടെ പരാതികളിൽ 2013മാർച്ച് 28ന് ഹൈക്കോടതിയുടെ ഉത്തരവുപ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്. ഒന്നുമുതൽ 27 വരെയുള്ള പ്രതികൾ മരിച്ചുപോയ അബ്ദുൾ റഹ്മാൻ കുഞ്ഞ് എന്നയാളുടെ പേരിൽ വ്യാജരേഖകൾ ചമയ്ക്കുകയും കടകംപള്ളി വില്ലേജിൽ 1602, 3587 എന്ന നമ്പറുകളിൽ തണ്ടപ്പേരുണ്ടാക്കി തീറാധാരം ചമച്ചെന്നാണ് സിബിഐ കണ്ടെത്തിയത്. സലിംരാജും കൂട്ടാളികളും ഭൂവുടമകളെ സമ്മർദ്ദത്തിലാക്കി ഭൂമി ഒഴിയാൻ ഭീഷണിപ്പെടുത്തിയെന്നും സിബിഐ കണ്ടെത്തി. ഇവരുടെ പരാതികളിൽ ഉദ്യോഗസ്ഥരും ആഭ്യന്തരമന്ത്രിയും ഒരു നടപടിയും സ്വീകരിച്ചില്ല.

ഒടുവിൽ സിബിഐ ചിലത് കണ്ടെത്തി. ്അങ്ങനെ സലിംരാജ് പിടിയിലുമായി. 27ാം പ്രതി കടകംപള്ളി വില്ലേജ് ഓഫീസറായിരുന്ന പി.എൻ. സുബ്‌റഹ്മണ്യൻ പിള്ള 45.54 ഏക്കർ ഭൂമിക്ക് വ്യാജ തണ്ടപ്പേർ നമ്പറും രേഖകളുമുണ്ടാക്കി. ഇതോട ഏക്കറുക്കണക്കിന് ഭൂമി മൂന്നാം പ്രതി നിസാർ അഹമ്മദ്, 20ാം പ്രതി റഹീന എന്നിവരുടെ പേരിൽ രജിസ്?റ്റർ ചെയ്തു. ഈ രേഖകൾ അടിസ്ഥാനമാക്കി 12.27 ഏക്കറിൽ 4.38 ഏക്കർ ഇവർ വിറ്റു.

കേസിലെ 27 പ്രതികൾ ഇവർ
1.സി. കെ. ജയറാം,
പാലാരിവട്ടം, കൊച്ചി
2. കെ.എച്ച്. അബ്ദുൾ മജീദ്,
പത്തടിപ്പാലം, കൊച്ചി
3. നിസാർ അഹമ്മദ് , ഇടവ
4. സെൽമാ ബീവി, ഇടവ
5. മുഹമ്മദ് അബ്ദുൾ ഖാദർ, ഇടവ
6. സൈനബാ ബീവി, ഇടവ
7. സുഹ്‌റാ ബീവി, തിരുവനന്തപുരം
8. മുഹമ്മദ് കാസിം, ഇടവ
9. റുഖിയാ ബീവി, ഇടവ
10. എ. എം. അബ്ദുൾ അഷ്‌റഫ്, ഇടവ
11. മുഹമ്മദ് അഷ്‌റഫ്, ഇടവ
12. ചന്ദ്‌റകുമാർ, കടയ്ക്കൽ
13.കെ. പി. ഗോപി, ചിതറ
14. റഷീദ, കൊല്ലം
15. ഷാനിദ സലാഹുദ്ദീൻ, കൊല്ലം
16. നദീറ റഷീദ്, ഇടവ
17.സലിമ താജ് , ഇടവ
18. ഹസീന നാസർ, ഇടവ
19.റീന, ഇടവ
20. റഹീന, ഇടവ
21.എസ്. സലിംരാജ്
22. ഷംഷാദ്
23.കെ.കെ. ദിലീപ്, കൊച്ചി
24. വിദ്യോദയ കുമാർ
25. എസ്.എസ്. ഷാജി
26. കെ. അജിത്ത് കുമാർ
27.പി.എൻ. സുബ്രഹ്മണ്യ പിള്ള