കോഴിക്കോട്: ഭർത്താവ് കഴുത്തറുത്തതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് കുണ്ടുപറമ്പിൽ താമസിച്ചിരുന്ന നിലമ്പൂർ എടക്കര സ്വദേശിനിയായ സലീനയാണ് മരിച്ചത്. 43 വയസ്സുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അഷറഫിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഈ മാസം 13നാണ് നഗരത്തിലെ ഒരു ലോഡ്ജിൽ വെച്ച് അഷറഫ് ഭാര്യയുടെ കഴുത്തറുത്തത്. ഗുരുതരാവസ്ഥയിലായിരുന്നു സലീന കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരെക്കെ ഇന്നലെയാണ സലീന മരണപ്പെട്ടത്. നാല് വർഷങ്ങൾക്ക് മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. അഷറഫിന്റെ മൂന്നാം ഭാര്യയായിരുന്നു സലീന.

ആദ്യ ഭാര്യ മരിച്ചതിനെ തുടർന്നാണ് അഷറഫ് രണ്ടാം വിവാഹം കഴിച്ചത്. അതിന് ശേഷം സലീനയെയും വിവാഹം കഴിച്ചു. നിലമ്പൂർ എടക്കര സ്വദേശിനിയാണ് സലീന. കോഴിക്കോട് മേപ്പയ്യൂർ സ്വദശിയാണ് അഷറഫ്. ഒന്നര വയസ്സുള്ള ഒരു പെൺകുട്ടിയും ഇവർക്കുണ്ട്. കോഴിക്കോട് എരഞ്ഞിപ്പാലത്ത് നെസ്റ്റ് എന്ന പേരിൽ പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഹോസ്റ്റർ നടത്തിയിരുന്ന സലീനയോടൊപ്പമാണ് കുട്ടി കഴഞ്ഞിരുന്നത്. നേരത്തെ ഗൾഫിലായിരുന്ന അഷഫ് പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അഷറഫ് കോഴിക്കോടെത്തിയാൽ രണ്ട് പേരും ഹോട്ടലിലോ ലോഡ്ജുകളിലോ മുറിയെടുത്ത് താമസിക്കുകയാണ് ചെയ്യാറുള്ളത്. ഇത്തരത്തിൽ കഴിഞ്ഞ 13ന് കോഴിക്കോടെത്തിയ അഷറഫ് ഒരു ലോഡ്ജിൽ മുറിയെടുത്ത് സലീനയെ അങ്ങോട്ട് വിളിച്ചു വരുത്തുകയായിരുന്നു.

ഇവിടെ വെച്ച് രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സലീനയുടെ കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സലീന സ്വയം ലോഡ്ജിൽ നിന്നും ഇറങ്ങിയോടി ഓട്ടോ വിളിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിക്കുകയായിരുന്നു. ഈ സമയത്ത് ഒന്നര വയസ്സുള്ള മകളും ലോഡ്ജിലുണ്ടായിരുന്നു. ലോഡ്ജിൽ വെച്ച് വലിയ ശബ്ദം കേട്ട ലോഡ്ജിലെ ജീവനക്കാരോട് ഭാര്യ സ്വയം കഴുത്ത് അറുത്ത് മരിക്കാൻ ശ്രമിച്ചു എന്നാണ് അഷറഫ് പറഞ്ഞിരുന്നത്.

പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് സലീന സംഭവിച്ചി കാര്യങ്ങൾ വിശദമായി എഴുതി നൽകിയതോടെയാണ് അഷറഫ് കഴുത്തറുക്കാൻ ശ്രമിച്ചതാണെന്ന് വ്യക്തമാകുന്നത്. സലീനയുടെ പിതാവ് യൂസഫ് നൽകിയ പരാതിയെ തുടർന്ന് അഷറഫിനെ അന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംശയത്തെ തുടർന്നാണ് ഭാര്യയെ കൊലപ്പെടുത്തിയത് എന്നാണ് അഷറഫ് പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.