പന്തളം: വിവാഹം കഴിച്ചശേഷം പണവും ആഭരണങ്ങളുമായി കടന്നുകളയുന്ന യുവതി ഒടുവിൽ കുടുങ്ങി. അതും തട്ടിപ്പുകാരിയെ നാട്ടുകാർ വിവാഹവേദിയിൽ നിന്നു പിടികൂടി പൊലീസിലേൽപ്പിച്ചു. കൊട്ടാരക്കര ഇളമാട് ആക്കൽ ഷാബുവിലാസത്തിൽ ശാലിനിയെ(32)യാണ് പന്തളം പൊലീസ് അറസ്റ്റു ചെയ്തത്. കോയിപ്രം,ചെങ്ങന്നൂർ,ആറന്മുള, എറണാകുളം ജില്ലയിലെ കോലഞ്ചേരി തുടങ്ങിയ സ്റ്റേഷനുകളിലായി ഒൻപതു കേസുകൾ ഇവരുടെ പേരിലുണ്ടെന്നും നേരത്തെ ശിക്ഷ അനുഭവിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

ഞായറാഴ്‌ച്ച ഉള്ളന്നൂർ വിളയാടിശ്ശേരിൽ ക്ഷേത്രത്തിൽ കുളനട സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചു കഴിഞ്ഞപ്പോഴാണ് പിടിവീണത്. ക്ഷേത്ര ഭരണസമിതി ഭാരവാഹികളാണു തട്ടിപ്പുകാരിയെ തിരിച്ചറിഞ്ഞത്. തുടർന്ന് തട്ടിപ്പിനിരയായ കിടങ്ങന്നൂർ സ്വദേശിയെ കൊണ്ടുവന്ന് ഇവർ തന്നയാണ് തട്ടിപ്പുകാരിയെന്ന് ഉറപ്പിച്ചു. തട്ടിപ്പു പുറത്തായി പൊലീസെത്തുമെന്ന് അറിഞ്ഞതോടെ ഇവർ സ്ഥലത്തുനിന്നു രക്ഷപ്പെടാൻ ശ്രമം നടത്തി. പന്തളം എസ്.ഐ. എസ്.സനൂജിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് അറസ്റ്റുചെയ്തു.

രണ്ടാം വിവാഹമാണിതെന്നും അടുത്തബന്ധുക്കളാരും ഇല്ലെന്നും കോടതി ജീവനക്കാരിയാണെന്നുമാണ് വരന്റെ വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. വിവാഹം തീരുമാനിച്ചശേഷം 10,000 രൂപാ വരനിൽ നിന്ന് ഇൻഷുറൻസ് പണം അടയ്ക്കാനെന്ന് വ്യാജേന വാങ്ങുകയും ചെയ്തു. ശനിയാഴ്‌ച്ച ബന്ധുവെന്ന് പറഞ്ഞ് ഒരാൾ ഇവരെ വരന്റെ ബന്ധുവീട്ടിൽ കൊണ്ടുവന്ന് വിടുകയായിരുന്നു. ഇവർ ധരിച്ചിരുന്ന ആഭരണങ്ങളും മുക്കുപണ്ടമായിരുന്നു. അഞ്ചോളം യുവാക്കളെ ഇവർ കബളിപ്പിച്ചിട്ടുണ്ട്. പത്രത്തിൽ വിവാഹപരസ്യം നൽകി വിവാഹം ചെയ്ത് യുവാക്കളുടെ സ്വർണവും പണവും കവർന്നുകടക്കുകയാണു ശാലിനിയുടെ രീതി.

പൊലീസ് പറയുന്നതിങ്ങനെ: മലപ്പുറം കൊണ്ടോട്ടി ചീക്കോട്ട് കോളാമ്പലത്ത് മണ്ണാറയ്ക്കൽ വീട്ടിലാണു നിലവിൽ ശാലിനിയുടെ താമസം. വിവാഹപരസ്യം കണ്ടു ഫോണിൽ വിളിക്കുന്നവരെയാണ് ഇവർ ഇരയാക്കുന്നത്. ഇത്തരത്തിൽ ഇന്നലെ രാവിലെ 11 മണിയോടെ ശാലിനിയും പത്തനംതിട്ട ജില്ലയിലുള്ള യുവാവും വിവാഹത്തിനായി പന്തളത്തിനു സമീപമുള്ള കുളനട ഉള്ളന്നൂർ വിളയാടിശേരിൽ ക്ഷേത്രത്തിൽ എത്തിയിരുന്നു.

ഉച്ചയ്ക്ക് 12 മണിയോടെ വിവാഹച്ചടങ്ങ് പൂർത്തിയാക്കി ഇരുവരും സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടെ ശാലിനി കബളിപ്പിപ്പിച്ച കിടങ്ങന്നൂർ സ്വദേശിയായ യുവാവിന്റെ സുഹൃത്തും ക്ഷേത്രത്തിലെ സെക്രട്ടറിയുമായ പി.എസ്. അഭിലാഷ്, സുഹൃത്തായ വി.മനു എന്നിവർ പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിച്ചു. സംഭവമറിഞ്ഞ് നേരത്തെ തട്ടിപ്പിനിരയായ കിടങ്ങന്നൂർ സ്വദേശിയും സ്ഥലത്തെത്തി. ഇതോടെ യുവതി രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് വരനെ ആവശ്യമുണ്ടെന്ന് കാട്ടിയുള്ള ശാലിനിയുടെ പത്രപരസ്യം കണ്ടു പത്തനംതിട്ട സ്വദേശി വിളിക്കുന്നത്. തുടർന്നു ശാലിനിയുടെ സഹോദരന്റെ ഭാര്യയെന്ന് പറഞ്ഞ് ഒരു യുവതി ഫോണിൽ വിളിച്ചു. പിന്നീട് മറ്റൊരു നമ്പറിൽനിന്ന് ശാലിനിയും വിളിച്ചു. തുടർന്നു ശാലിനിയുടെ ആവശ്യത്തേത്തുടർന്നു മണ്ണാറശാല ക്ഷേത്രത്തിലെത്തിയ ഇരുവരും നേരിട്ടുകണ്ടു. ബന്ധുക്കളുമായി ആലോചിച്ചശേഷം വിവാഹം നടത്താമെന്ന് യുവാവ് അറിയിക്കുകയും ചെയ്തു. എന്നാൽ, വിവാഹം ഉടൻ വേണമെന്ന നിലപാടിലായിരുന്നു ശാലിനി.

ആദ്യം മടിച്ചെങ്കിലും ശാലിനിയുടെ നിർബന്ധത്തിനു യുവാവ് വഴങ്ങി. ബംഗളുരുവിൽ ജോലിയുണ്ടായിരുന്ന തനിക്ക് അടുത്ത സമയത്ത് കേരളാ ഹൈക്കോടതിയിൽ ജോലി ലഭിച്ചെന്നും താൻ എൽ.എൽ.എം ബിരുദധാരിയാണെന്നും ശാലിനി യുവാവിനോട് പറഞ്ഞിരുന്നു. 50 പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ ഇവർ ധരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇത് മുക്കുപണ്ടമാണോയെന്ന് പൊലീസ് പരിശോധിക്കും.