ന്യൂഡൽഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട യാക്കൂബ് മേമനു പിന്തുണയുമായി രംഗത്തെത്തിയ ബോളിവുഡ് താരം സൽമാൻ ഖാൻ ട്വീറ്റ് പിൻവലിച്ചു. വധശിക്ഷ നൽകേണ്ടത് യാക്കൂബ് മേമനല്ലെന്നും ടൈഗർ മേമനാണെന്നും സൽമാൻ ഖാൻ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ കടുത്ത വിമർശനം ഉയർന്നതോടെയാണ സൽമാൻ ട്വീറ്റ് പിൻവലിച്ച് മാപ്പുപറഞ്ഞത്.

1993 മുംബൈ ബോംബ് സ്‌ഫോടന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു ജയിലിലാണ് യാക്കൂബ് മേമൻ. ട്വിറ്ററിലൂടെയാണ് സൽമാൻ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും യാക്കൂബിന്റെ സഹോദരനുമായ ടൈഗർ മേമനെയാണ് തൂക്കിലേറ്റേണ്ടതെന്നാണ് സൽമാൻ പറഞ്ഞത്.

യാക്കൂബ് നിരപരാധിയാണെന്നും അങ്ങനെയുള്ളൊരു വ്യക്തിയെ കൊല്ലുന്നത് മനുഷ്യത്വത്തെ കൊല്ലുന്നതിന് തുല്യമാണെന്നും സൽമാൻ വ്യക്തമാക്കി. മുഖ്യപ്രതി ടൈഗറാണെന്നിരിക്കെ യാക്കൂബിനെ തൂക്കിലേറ്റുന്നത് ശരിയല്ല. ഈ ട്വീറ്റുകൾ നേരത്തെ പോസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും ഭയം കാരണം സാധിച്ചില്ല. എന്നാൽ ആ മനുഷ്യന്റെ കുടുംബം കൂടി ഉൾപ്പെട്ടതിനാലണ് ഇപ്പോൾ പറയുന്നത്. ധൈര്യമില്ലാതെ ഓടിപ്പോയ ഒരാൾക്ക് വേണ്ടി യാക്കൂബിനെ തൂക്കിലേറ്റരുത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ടൈഗർ അവിടെയുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ നൽകണമെന്നും താരം അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ, സൽമാന്റെ ട്വീറ്റിനെതിരെ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗതെത്തി. സൽമാന്റെ അഭിപ്രായം കണക്കിലെടുക്കേണ്ടെന്ന് ശിവസേന തലവൻ ഉദ്ദവ് താക്കറെ അഭിപ്രായപ്പെട്ടു. സൽമാൻ ഖാൻ ഇത്തരത്തിൽ ട്വീറ്റ് ചെയ്തത് അജ്ഞത കൊണ്ടാണെന്നും തള്ളിക്കളയണമെന്നും അദ്ദേഹത്തിന്റെ പിതാവ് സലിം ഖാൻ അഭിപ്രായപ്പെട്ടിരുന്നു. സൽമാൻ ഇത്തരത്തിൽ ട്വീറ്റ് ചെയ്യാൻ പാടില്ലായിരുന്നുവെന്നും അദേഹം പറഞ്ഞു. യാക്കൂബ് മേമനെ നിരപരാധിയായി വിശേഷിപ്പിച്ചുകൊണ്ടുള്ള ബോളിവുഡ് സൂപ്പർതാരത്തിന്റെ ട്വീറ്റ് രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽനിന്നും കനത്ത വിമർശനം വരുത്തിവച്ചിരിക്കുന്നതിനിടെയാണ് ട്വീറ്റ് പിൻവലിച്ചത്.

അങ്ങനെ ട്വീറ്റ് ചെയ്തതിൽ നിരുപാധികം മാപ്പുചോദിക്കുന്നുവെന്നും സൽമാൻ പറഞ്ഞു. ട്വീറ്റ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നു പിതാവ് പറഞ്ഞതായും സൽമാൻ വ്യക്തമാക്കി. തന്റെ ട്വീറ്റ് മതവിശ്വാസത്തിന് എതിരാണെന്നു പ്രചരിപ്പിക്കുന്നത് ശരിയല്ല. എല്ലായ്‌പ്പോഴും എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ് താൻ. മുംബൈ സ്‌ഫോടനത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. നിരപരാധിയായ ഒരാളുടെ മരണം മാനുഷീക മൂല്യങ്ങൾക്ക് നിരക്കാത്തതാണ്.

ടൈഗർ മേമനെ തൂക്കിലേറ്റണമെന്ന് ഞാൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. എന്നാൽ ടൈഗർ മേമന് പകരമാകരുത് യാക്കൂബിന് തൂക്കികൊല്ലുന്നത് എന്നാണ് ഉദ്ദേശിച്ചത്. യാക്കൂബ് മേമൻ നിരപരാധിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഇന്ത്യയിലെ നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും സൽമാൻ ട്വീറ്റിലൂടെ പറയുന്നു. വിവാദ പരാമർശത്തെ തുടർന്ന് പ്രതിഷേധം ശക്തമായതോടെ അദ്ദേഹത്തിനുള്ള സുരക്ഷ വർധിപ്പിച്ചിരുന്നു. മുംബൈയിൽ സൽമാന്റെ വസതിക്കുമുന്നിൽ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.

അതിനിടെ യാക്കൂബ് മേമന്റെ വധശിക്ഷയെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമം നടക്കുന്നതായി ബിജെപി ആരോപിച്ചു. യാക്കൂബിന്റെ ശിക്ഷയ്ക്ക് വർഗീയ നിറം നൽകാൻ നീക്കം നടക്കുന്നതായും ഇത് ശരിയല്ലെന്നും ബിജെപി വക്താവ് സാമ്പിത് പത്ര പറഞ്ഞു.

തീവ്രവാദത്തിന് മതമില്ല. പിന്നെങ്ങനെയാണ് ഒരു തീവ്രവാദിയെ മതത്തിന്റെ പേരിൽ ആരോപിതനാക്കാൻ കഴിയുകയെന്ന് സാമ്പിത് പത്ര ചോദിച്ചു. രാജ്യത്തെ നിയമവ്യവസ്ഥയെ എല്ലാവരും മാനിക്കണമെന്നും ആരും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയെ മാനിക്കുകയാണ് വേണ്ടത്. യാക്കൂബ് മേമന്റെ വിഷയത്തിൽ സഹതാപതരംഗം ഉയർത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും സാമ്പിത് പത്ര കൂട്ടിച്ചേർത്തു.

വധശിക്ഷയ്‌ക്കെതിരെ യാക്കൂബ് സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. ജൂലായ് 30നാണ് മേമനെ തൂക്കിലേറ്റാൻ തീരുമാനിച്ചിരുന്നത്. നാഗ്പൂർ സെൻട്രൽ ജയിലിൽ വച്ചായിരിക്കും ശിക്ഷ നടപ്പാകുക.