ന്യൂയോർക്ക്: പടിഞ്ഞാറൻ ന്യൂയോർക്കിലെ ഷൗതൗക്വ ഇൻസ്റ്റിറ്റ്യൂട്ടിൽ പൊതുചടങ്ങിൽ പങ്കെടുക്കവെ ഇന്ത്യൻ വംശജനായ ഇംഗ്ലിഷ് നോവലിസ്റ്റ് സൽമാൻ റുഷ്ദിയെ (75) ആക്രമിച്ചത് ലബനനിൽ വേരുകളുള്ള ഇരുപത്തിനാലുകാരനായ ഹാദി മറ്റാറെന്ന് പൊലീസ്. നിലവിൽ ന്യൂജഴ്‌സിയിലെ ഫെയർവ്യൂവിലാണ് ഹാദി മറ്റാർ താമസിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. റുഷ്ദിക്കു കുത്തേറ്റത്തിനു തൊട്ടുപിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം, ഹാദി മറ്റാറിനെതിരെ ഇതുവരെ കുറ്റങ്ങളൊന്നും ചാർത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റുഷ്ദിയുടെ സ്ഥിതി കൂടി നോക്കിയാകും ഹാദി മറ്റാറിനെതിരെ ചുമത്തേണ്ട കുറ്റങ്ങൾ തീരുമാനിക്കുക.

അതേ സമയം ഹാദി മറ്റാർ എന്തിനാണ് റുഷ്ദിയെ ആക്രമിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണവും വന്നിട്ടില്ല. ഹാദി മറ്റാർ ഒറ്റയ്ക്കു തന്നെ നടത്തിയ കൃത്യമാണിതെന്നാണ് അനുമാനം. അതേസമയം, ഇയാൾക്കു പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിൽ പങ്കെടുക്കാനുള്ള പാസ് ഹാദി മറ്റാറിന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ന്യൂജഴ്‌സിയിലെ ഫെയർവ്യൂവിലെ വിലാസമാണ് ഹാദി മറ്റാറിന്റെ രേഖകളിലുള്ളത്. സംഭവസ്ഥലത്തുനിന്ന് ഒരു ബാഗും ചില ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇത് ഹാദി മറ്റാറിന്റേതാണെന്ന് സൂചനയുണ്ട്.

ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തിൽ കുത്തിവീഴ്‌ത്തുകയായിരുന്നു. നിലത്തുവീണ റുഷ്ദിക്ക് അടിയന്തര വൈദ്യശുശ്രൂഷ നൽകിയശേഷമാണ് ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്കു കൊണ്ടുപോയത്. പ്രാദേശിക സമയം ഇന്നലെ രാവിലെ 11 ന് ആയിരുന്നു സംഭവം. (ഇന്ത്യൻ സമയം രാത്രി 8.30). റുഷ്ദിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

അദ്ദേഹത്തിന്റെ കൈ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. കരളിനും പരിക്കേറ്റുവെന്നാണ് വിവരം. നിലവിൽ അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുന്നില്ലെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

കറുത്ത വസ്ത്രധാരിയായ അക്രമി മിന്നൽവേഗത്തിൽ റുഷ്ദിക്കു പിന്നിലെത്തി കുത്തിയെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. 20 സെക്കന്റോളം അക്രമി റുഷ്ദിയെ ആക്രമിച്ചു. കറുത്ത വസ്ത്രവും കറുത്ത മാസ്‌കും ധരിച്ചാണ് അക്രമി എത്തിയതെന്ന് മറ്റൊരു ദൃക്സാക്ഷിയായ കാതലിൻ ജോൺസ് പറഞ്ഞു.

എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസ്സിലായില്ല. പരിപാടിയുടെ ഭാഗമായ ഒരു സ്റ്റണ്ട് ആയിരിക്കുമെന്നാണ് ആദ്യം കരുതിയതെന്ന് ദൃക്സാക്ഷികളിലൊരാളായ റാബി ചാൾസ് സാവ്നോർ പറയുന്നു.2500ൽപ്പരം ആളുകളാണ് ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്നത്. സംഭവം നടന്നതിന് പിന്നാലെ നിരവധി ആളുകൾ സഹായിക്കുന്നതിനായി എത്തിയെങ്കിലും സംഘടകർ സ്ഥിതി നിയന്ത്രിച്ചു.

റുഷ്ദിക്കൊപ്പം വേദിയിലുണ്ടായിരുന്ന ഒരാൾക്കും പരുക്കേറ്റു. വേദിയിലേക്കു ചാടിക്കയറിയ അക്രമി റുഷ്ദിയുടെ 'കഴുത്തിലും അടിവയറ്റിലും കുറഞ്ഞത് ഒരു തവണയെങ്കിലും കുത്തി'യെന്നാണ് പൊലീസ് ഭാഷ്യം.

ലബനനിലാണ് ഹാദി മറ്റാറുടെ വേരുകളെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇറാന്റെ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ലയോടുള്ള ചായ്വും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാണ്. ഇയാൾക്ക് ഇറാനോടുള്ള 'സ്‌നേഹ'ത്തെക്കുറിച്ചുള്ള സൂചനകൾ അവിടെയും അവസാനിക്കുന്നില്ല.

സൽമാൻ റുഷ്ദിക്കെതിരെ 33 വർഷങ്ങൾക്കു മുൻപ് ഫത്വ പുറപ്പെടുവിച്ച ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനിയുടെ ചിത്രം ഹാദി മറ്റാർ ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു. ഈ അക്കൗണ്ട് പിന്നീട് നീക്കം ചെയ്‌തെങ്കിലും സ്‌ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

1988ൽ ഇറങ്ങിയ റുഷ്ദിയുടെ നാലാമത്തെ നോവലായ 'സേറ്റാനിക് വേഴ്സസ്' വിവാദമായതോടെ പ്രവാചകനിന്ദ ആരോപിച്ച് ഇറാനിൽ നിരോധിച്ചിരുന്നു. തുടർന്ന് 1989 ഫെബ്രുവരി 14നാണ് റുഷ്ദിയെ വധിക്കാൻ ആയത്തുല്ല ഖുമൈനി മതശാസന പുറപ്പെടുവിക്കുകയും ചെയ്തു.

ഇറാന്റെ വികാരമായിരുന്ന സേനാ കമാൻഡർ ജനറൽ ഖാസിം സുലൈമാനിയുടെ ചിത്രവും ഹാദി മറ്റാറിന്റെ ഫോണിൽനിന്ന് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഇറാനിൽ വീരനായക പരിവേഷമുണ്ടായിരുന്ന ഇയാൾ 2020ൽ യുഎസ് വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇറാനിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കഴിഞ്ഞാൽ ഏറ്റവും ശക്തനായിരുന്നു സുലൈമാനി. ഇറാന്റെ സേനാ വിഭാഗമായ റവല്യൂഷനറി ഗാർഡ്സിൽ, വിദേശ സൈനിക നടപടികളുടെയും രഹസ്യാന്വേഷണത്തിന്റെയും ചുമതലയുള്ള ഖുദ്സ് ഫോഴ്‌സിന്റെ തലവനുമായിരുന്നു.

ഇറാനിൽ ഇയാൾക്കു വീരനായക പരിവേഷമാണ്. മധ്യപൂർവ ദേശത്ത് ഇറാന്റെ സൈനിക തന്ത്രങ്ങളുടെ ബുദ്ധികേന്ദ്രമായിരുന്നു. ലബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതി വിഭാഗം, ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല ഷിയാ വിഭാഗങ്ങൾ എന്നിവയുടെ കടിഞ്ഞാൺ സുലൈമാനിയുടെ കയ്യിലായിരുന്നു.

സിറിയൻ ആഭ്യന്തരയുദ്ധത്തിൽ പ്രസിഡന്റ് ബഷാർ അൽ അസദിനായി ഷിയാ സായുധവിഭാഗങ്ങളെ രംഗത്തിറക്കി. ഇറാഖിൽ ഐഎസിനെ അമർച്ച ചെയ്തതിലും മുഖ്യപങ്ക് ഇയാൾക്കായിരുന്നു. ഒരുകാലത്ത് റുഷ്ദിയെ ഏറ്റവും വലിയ ശത്രുവായി കണ്ടിരുന്ന ഇറാനോടുള്ള സ്‌നേഹമാണോ ഹാദി മറ്റാറിനെ ആക്രമണത്തിനു പ്രേരിപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.

മുംബൈയിൽ ജനിച്ച സൽമാൻ റുഷ്ദി നിലവിൽ ബ്രിട്ടീഷ് പൗരനാണ്. 1988-ൽ പ്രസിദ്ധീകരിച്ച ദ സാത്താനിക് വേഴ്സസ് എന്ന നോവൽ ഏറെ വിവാദമായി. മതനിന്ദ ആരോപിച്ച് ഇറാൻ ഇതിന് വിലക്കേർപ്പെടുത്തി. റുഷ്ദിയെ വധിക്കുന്നവർക്ക് 30 ലക്ഷം ഡോളർ (ഏകദേശം 24 കോടി രൂപ) പാരിതോഷികവും പ്രഖ്യാപിച്ചു. റുഷ്ദിയുടെ നാലാമത്തെ നോവലാണ് സാത്താനിക് വേഴ്സസ്. 1981-ൽ പുറത്തിറങ്ങിയ മിഡ്നൈറ്റ് ചിൽഡ്രൻ ആണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്.