ന്യൂയോർക്ക്: ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ ആക്രമിച്ച പ്രതിയെ ന്യുയോർക്ക് പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഇറാനിയൻ സർക്കാരിനോട് ആഭിമുഖ്യം പുലർത്തുന്ന, ഒരു ന്യുജഴ്സി സ്വദേശിയാണ് അക്രമി എന്നാണ് സൂചന. 1980 കളിൽ സല്മാൻ റഷ്ദിയുടെ ചെകുത്താന്റെ വചനങ്ങൾ ''സാത്താനിക് വേഴ്സസ്'' എന്ന നോവലിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദമായിരുന്നു അദ്ദേഹത്തെ ഒരുപറ്റം മത തീവ്രവാദികളുടെ നോട്ടപ്പുള്ളിയാക്കിയത്.

പടിഞ്ഞാറൻ ന്യുയോർക്കിൽ, ഒരു പ്രഭാഷണത്തിനിടെ ആയിരുന്നു ഇന്നലെ വൈകുന്നേരം അക്രമി സ്റ്റേജിൽ ഓടിക്കയറി റുഷ്ദിയെ 15 തവണ കുത്തിയത്. ഹാദി മത്താർ എന്ന 24 കാരനായ യുവാവിനെ സംഭവസ്ഥലത്ത് വെച്ചു തന്നെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അക്രമത്തിനു പിന്നിലെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ഇറാൻ സർക്കാരിനോടും ഇസ്ലാമിക് റിപ്പബ്ലിക് ഗാർഡിനോടും ഉള്ള സ്നേഹവും ആഭിമുഖ്യവുമാണ് ഇയാളെ ഇതിന് പ്രേരിപ്പിച്ചതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ പറയുന്നതായി ന്യുയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

റഷ്ദിയുടെ പുറകിൽ കൂടി ഓടിയെത്തിയ ഇയാൾ പതിനഞ്ച് തവണ റഷ്ദിയെ കുത്തിയതായി ദൃക്സാക്ഷികൾ പറയുന്നു. കുത്തിയതിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച മത്താറിനെ, സ്റ്റേജിലേക്ക് ഇരച്ചു കയറിയ ജനക്കൂട്ടമായിരുന്നു പിടികൂടിയത്. കേഴ്‌വിക്കാർക്കിടയിൽ ഉണ്ടായിരുന്ന ഒരു ഡോക്ടർ റഷ്ദിക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി. തുടർന്ന് വ്യോമമാർഗ്ഗം അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പെൻസിൽവാനിയയിലെ എറിയിൽ അദ്ദേഹം ഇപ്പോൾ ആശുപത്രി ചികിത്സയിലാണ്. അതീവ ഗുരുതര നിലയിലായ അദ്ദേഹത്തിന്റെ കാഴ്‌ച്ച ശക്തി നഷ്ടപ്പെട്ടേക്കുമെന്ന ആശങ്ക നിലനിൽക്കുന്നു.

റഷ്ദി പങ്കെടുത്ത ഈവന്റിന്റെ നടത്തിപ്പുകാരും, ഭീഷണി നേരിടുന്ന എഴുത്തുകാർക്ക് , സുരക്ഷിത വാസം ഒരുക്കുന്ന സംഘടനയുടെ സഹസ്ഥാപകനുമായ ഹെന്റി റീസിനു നേരെയും ആക്രമണം നടന്നു. മുഖത്ത് പരിക്കേറ്റ റീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വിട്ടയയ്ക്കുകയായിരുന്നു.

1980 കളിൽ ആയിരുന്നു സല്മാൻ റഷ്ദിയുടെ ദി സാത്താനിക് വേഴ്സസ് എന്ന നോവലിൽ മതനിന്ദയുണ്ടെന്ന് ആരോപിച്ച് വൻ വിവാദമുയർന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്ന വ്യത്യസ്ത പ്രക്ഷോഭങ്ങളിലായി 45 ഓളം പേർ മരണപ്പെട്ടിരുന്നു. ഇറാനിലെ , മരണമടഞ്ഞ മുൻ ആത്മീയ നേതാവ് ആയത്തോള്ള റുഹൊല്ല ഖൊമീനി ആയിരുന്നു 1989-ൽ റഷ്ദിയെ വധിക്കാനുള്ള ഫത്ത്വാ ഇറക്കിയത്.

റുഷ്ദിയെ വധിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഏറെക്കാലം പൊലീസ് സുരക്ഷയിലാണ് റുഷ്ദി കഴിഞ്ഞത്. പൊതുവേദികളിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം 2004ൽ ഇറാൻ ഫത്വ പിൻവലിച്ചതോടെയാണ് പൊതുവേദികളിൽ സജീവമായത്.

കനഗ്ത്ത പാരിതോഷികം വാഗ്ദാനം ചെയ്തുള്ള കൊലപാതകാഹ്വാനത്തിനു ശേഷം ബ്രിട്ടീഷ് സർക്കർ ഒരുക്കിയ സുരക്ഷയിൽ ഒളിജീവിതത്തിനു പോയ റഷ്ദി ഏകദേശം ഒമ്പത് വർഷത്തോളം ഒളിവ് ജീവിതം നയിച്ചു. അതിനു ശേഷം പുറത്ത് വന്ന് പൊതുപരിപാടികളിൽ സജീവമാകാൻ തുടങ്ങിയ അദ്ദേഹം മത തീവ്രവാദത്തിനെതിരെയുള്ള തന്റെ കടുത്ത നിലപാടുകൾ പലയിടത്തും തുറന്ന് വ്യക്തമാക്കിയിരുന്നു. 2000 മുതൽ അദ്ദെഹം അമേരിക്കയിലാണ് താമസം.

പരിപാടിയുടെ മോഡറ്റേറായ ഹെന്റി റീസിനും അക്രമത്തിനിടെ തലയ്ക്ക് പരിക്കേറ്റു. അദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീഷണി നേരിട്ട് പ്രവാസികളായി കഴിയുന്ന എഴുത്തുകാർക്ക് സംരക്ഷണം നൽകുന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനാണ് റീസ്. റുഷ്ദിയുടെ ജീവൻ രക്ഷിച്ച പൊലീസ് ഓഫീസർക്കും, അക്രമത്തിൽ ഇടപെട്ട മോഡറേറ്റർക്കും, ന്യൂയോർക്ക് ഗവർണർ നന്ദി പറഞ്ഞു. സമ്മർടൈം ലക്ചർ സീരീസിന് പ്രശസ്തമായ ഷടാക്വ ഇൻസ്റ്റിട്യൂട്ട് വളരെ ശാന്തമായ സ്ഥാലമാണെന്നും റുഷ്ദിയെ പോലുള്ള പ്രഭാഷകർക്ക് സംസാരിക്കാൻ ഉചിതമായ സ്ഥലമാണന്നും ഗവർണർ പറഞ്ഞു. അക്രമത്തെ അപലപിച്ച അവർ ആളുകൾക്ക് സത്യം പറയാനും എഴുതാനും കഴിയേണ്ടത് സുപ്രധാനമാണെന്നും പറഞ്ഞു.

'സാഹിത്യത്തിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും ലോകത്തെല്ലായിടത്തുമുള്ള എഴുത്തുകാർക്കും ഏറെ മോശമായ ദിനം. പാവം സൽമാൻ: അദ്ദേഹത്തിന് മുറിവേൽക്കാതിരിക്കട്ടെയെന്നും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു'. ബ്രിട്ടീഷ് എഴുത്തുകാരൻ വില്യം ഡാൽറിമ്പിൾ ട്വീറ്റ് ചെയ്തു.