മസ്‌കറ്റ്: സലൂണുകളിലെ ശുചിത്വവും ആരോഗ്യകരമായ അന്തരീക്ഷവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി മസ്‌ക്കറ്റിലെ സലൂണുകളിൽ ഡിസ്
പോസബിൾ റേസർ നിർബന്ധമാക്കി. ഇതിന്റെ ഭാഗമായി ഒന്നിലധികം ഉപഭോക്താക്കൾക്ക് ഒരേ ക്ഷൗരക്കത്തി ഉപയോഗിക്കുന്നത് ഇനി
മുതൽ മസ്‌കറ്റിൽ ശിക്ഷാർഹമാണ്.

നിർദ്ദേശം ലംഘിക്കുന്നവരിൽനിന്ന് ആദ്യത്തെ തവണ 250 റിയാൽ പിഴ ഈടാക്കും. ആവർത്തിച്ചാൽ പിഴസംഖ്യ ഇരട്ടിയാക്കുമെന്നും ഉത്തരവിൽ പറയുന്നു. മൂന്ന് മാസത്തിനുള്ളിൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരും. ഇത് സലൂണിലെ സേവന നിരക്കുകൾ കൂട്ടാനും ഇടയാക്കും .

ഹെയർ ഡ്രസിങ് സലൂണുകളിൽ ബ്‌ളേഡുകൾ ഉപയോഗിച്ച ശേഷം കളയുന്നുണ്ടെന്ന് ഉറപ്പാക്കാൻ നഗരസഭ ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് . കഴിഞ്ഞവർഷം മസ്‌കറ്റ് നഗരസഭ ഇൻസ്പെക്ടർമാർ ഹെയർ ഡ്രസിങ് സലൂണുകളിൽ ആയിരത്തോളം പരിശോധനകളാണ് നടത്തിയത്. ഡിസ്‌പോസബിൾ ഉപകരണങ്ങൾ ഉപയോഗിക്കാത്തതിന് നൂറിലധികം കേസുകളിൽ പിഴ ഈടാക്കുകയും ചെയ്തിരുന്നു.