തിരുവനന്തപുരം: സോളാർ ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ മുപ്പതിൽപരം കേസുകളാണ് ചാർജ് ചെയ്യപ്പെട്ടത്. സരിതയും ബിജു രാധാകൃഷ്ണനും ഉൾപ്പെട്ട ടീം സോളാർ തട്ടിപ്പു കേസുകളിലേക്ക് പിന്നീട് എത്തിപ്പെട്ട പേരായിരുന്നു നടിയും നർത്തകിയുമായ ശാലുമേനോന്റേത്.

ബിജു രാധാകൃഷ്ണനുമായി അടുത്ത ബന്ധമുണ്ടായിരുന്ന ശാലു മേനോൻ തട്ടിപ്പുകേസിൽ പിന്നീട് പ്രതിയാകുകയും അറസ്റ്റിലാവുകയും ചെയ്തു. ടീം സോളാർ തകരാൻ പ്രധാന കാരണം ബിജുവിന് ശാലുവുമായുണ്ടായ ബന്ധമാണെന്നും സോളാറിന്റെ പേരിൽ പിരിച്ചെടുത്ത പണത്തിന്റെ വലിയൊരു ഭാഗം ശാലുവിന്റെ വീടുപണിക്കായി നൽകിയെന്നും ആണ് സരിത ഇപ്പോൾ ആരോപിക്കുന്നത്.

ഇതോടെ ശാലുവിന്റെ സോളാർ തട്ടിപ്പുകളിലെ പങ്കാളിത്തം വീണ്ടും ചർച്ചയാവുകയാണ്. എന്നാൽ പുതിയ ആരോപണങ്ങളോടെ ഇപ്പോൾ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ച പല സംഭവങ്ങളിലും ശാലുവിന്റെ പങ്കാളിത്തവും അന്വേഷണ വിധേയമാകുമെന്ന വിവരമാണ് പുറത്തുവരുന്നത്.

ബിജു രാധാകൃഷ്ണനുമായി അടുത്ത ബന്ധമുണ്ടായിരുന്ന ശാലു സോളാർ കേസിൽ അറസ്റ്റിലാകുകയും പിന്നീട് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ടീം സോളാർ തകരാൻ പ്രധാന കാരണം ബിജുവിന് ശാലുവുമായുള്ള ബന്ധമാണെന്നാണ് സരിതയുടെ ആരോപണം. എന്നാൽ പുതിയ വെളിപ്പെടുത്തൽ ഉണ്ടായതിന് പിന്നാലെ ശാലു ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.

പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും, അതിനൊന്നും പ്രതികരിക്കാൻ തനിക്ക് സമയമില്ലെന്നാണ് താരം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാൻ ഇപ്പോൾ തനിക്ക് സമയമില്ല. ഡാൻസുമായി നല്ല രീതിയിൽ മുന്നോട്ട് പോവുകയാണ് താനിപ്പോളെന്നും ശാലു പറഞ്ഞു.

കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് കൊല്ലം വാക്കനാട് സ്വദേശിയും സീരിയൽ നടനുമായ സജിയുമായി വിവാഹം നടന്നത്. സോളാർ കേസിൽ പ്രതിയായ ശാലു മേനോൻ ജാമ്യത്തിലാണ് ഇപ്പോൾ. നൃത്തവും അഭിനയവുമായി സോളാർ കേസിന്റെ ഇമേജ് മാറ്റാനാണ് ശാലുവിന്റെ ഇപ്പോഴത്തെ ശ്രമം. സരിതയുടെ ജയിൽ മോചനത്തെ കുറിച്ചോ സോളാർ കേസിനെക്കുറിച്ചോ മാധ്യമപ്രവർത്തകർ ചോദിച്ചിട്ട് പോലും ശാലു ഒരക്ഷരം മിണ്ടിയിരുന്നില്ല.

ശാലു മേനോനും ബിജു രാധാകൃഷ്ണനും തമ്മിലുള്ള ബന്ധവും അവരുടെ ധൂർത്തുമാണ് സോളാർ കമ്പനിയുടെ തകർച്ചയ്ക്ക് കാരണമെന്നാണ് സരിത ആരോപിച്ചത്. നല്ല രീതിയിൽ പ്രവർത്തിച്ച കമ്പനിയെ കുത്തുപാളയെടുപ്പിച്ചത് ബിജു രാധാകൃഷ്ണന്റെ ധൂർത്താണെന്നാണ് സരിത ആരോപിക്കുന്നത്. നല്ല ഉദ്ദേശ്യത്തോടെയാണ് ടീം സോളാർ കമ്പനി ആരംഭിച്ചത്. തട്ടിപ്പ് നടത്തി ആരെയെങ്കിലും ദ്രോഹിക്കാൻ ആഗ്രഹിച്ചിരുന്നില്ല.

ബിജു രാധാകൃഷ്ണനെ അന്ധമായി വിശ്വസിച്ചതിലൂടെ പിൽക്കാലത്ത് വളരെയേറെ ദുരിതങ്ങൾ അനുഭവിച്ചു. 2010 ൽ ഒരു സ്റ്റാഫ് മാത്രമുണ്ടായിരുന്ന കമ്പനിയുടെ ഡയറക്ടറായത് ബിജു രാധാകൃഷ്ണന്റെ ചതിയായിരുന്നെന്നു വിശ്വസിക്കുന്നു. കമ്പനി ഭദ്രമായ നിലയിലെത്തിയപ്പോഴേക്കും ബിജുവും ശാലു മേനോനും നിക്ഷേപങ്ങളായി ലഭിച്ച വരുമാനത്തിന്റെ 30 ശതമാനത്തോളം വരുന്ന മൂന്നു കോടിയോളം രൂപ ശാലു മേനോന്റെ വീടുപണിക്കായിട്ടും അവരുടെ സ്വകാര്യജീവിതത്തിന്റെ ചെലവിലേക്കും ദുരുപയോഗം ചെയ്തു.- സരിത വെളിപ്പെടുത്തി. കാര്യമായി സീരിയൽ ഇല്ലാതിരുന്ന നടി എങ്ങനെയാണ് കോടികൾ സ്വന്തമാക്കിയതെന്നും സരിത ചോദിക്കുന്നു.

ശാലുവിനെ കൂടാതെ അപ്പോഴേക്കും മറ്റൊരു നല്ല തുക ആര്യാടൻ മുഹമ്മദ്, എ.പി. അനിൽകുമാർ തുടങ്ങിയവർ നേടിയിരുന്നു. അതോടെ ബിജു കമ്പനിയിൽ നിന്നു മാറി. അതിനിടെ ബിജു 2012 സെപ്റ്റംബറിൽ നടന്ന എമർജിങ് കേരളയോടനുബന്ധിച്ച് എറണാകുളത്തു വച്ച് ഉമ്മൻ ചാണ്ടിയെ നേരിട്ടു കണ്ട് പുതിയ കമ്പനി തുടങ്ങുന്ന കാര്യം അറിയിച്ചു. ഉമ്മൻ ചാണ്ടിയും മന്ത്രിമാരും നൽകിയിരുന്ന പിന്തുണ അവരുടെ പുതിയ കമ്പനിക്കും നൽകണമെന്നും ടീം സോളാറിനേക്കാൾ കൂടുതൽ ഷെയർ നൽകാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഇക്കാര്യങ്ങൾ അന്നു രാത്രി പത്തിനുശേഷം സലിംരാജിന്റെ ഫോണിൽ നിന്ന് ഉമ്മൻ ചാണ്ടി അറിയിക്കുകയായിരുന്നു. എത്രയും പെട്ടെന്നു നേരിൽ കാണണമെന്നും ബിജുവിനെതിരേ കേസ് കൊടുത്താൽ സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നും പറഞ്ഞു. ബിജുവിന് ഒരുപാടു കാര്യങ്ങൾ അറിയാമെന്ന് ഓർമിപ്പിക്കുകയും ചെയ്തുവെന്നും സരിത വെളിപ്പെടുത്തിയിരുന്നു.