രിക്കലും കേസ് തെളിയല്ലേ എന്ന് പ്രേക്ഷകർ ആഗ്രഹിച്ച ചിത്രമായിരുന്നു, ബോക്സോഫീസ് ചരിത്രം തിരുത്തിയ 'ദൃശ്യം'. സാധാരണ പൊലീസ്- കുറ്റാന്വേഷണ ചിത്രങ്ങളിലൊക്കെ കേസ് തെളിയുകയാണെല്ലോ പ്രധാനം. അതുപോലെ ഹിറ്റ്മേക്കർമാരായ സഞ്ജയ്- ബോബിയുടെ തിരക്കഥയിൽ, റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'സല്യൂട്ടും' ഒരു വ്യത്യസ്തമായ പൊലീസ് കഥയാണ്. ഇത് ഒരു ശിക്ഷിച്ച കേസിലെ യഥാർഥ പ്രതിയെ തേടിയുള്ള ഒറ്റയാൻ അന്വേഷണമാണ്. കോളിളക്കം സൃഷ്ടിച്ച ഒരു ഇരട്ടക്കൊലകേസ് അന്വേഷിച്ച ഇൻവസ്റ്റിഗേഷൻ ടീമിലെ ഒരാൾമാത്രം, യഥാർഥ പ്രതിയെ തേടിയിറങ്ങുന്നു. എന്നാൽ മറ്റുള്ളവർ ആവട്ടെ ഹൈക്കോടതി ശിക്ഷിച്ച കേസിൽ ഇനി യഥാർഥ പ്രതി പിടിയിലായാൽ, തങ്ങൾ നേരത്തെയുണ്ടാക്കിയ വ്യാജകേസിന്റെ പേരിൽ നടപടിയുണ്ടാവുമെന്ന് ഭയന്ന് ആ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നു. ഇവിടെ നായകനും വില്ലനും പൊലീസ് തന്നെയാണ്.

അത്തരത്തിലുള്ള ഒരു വ്യത്യസ്തമായ പൊലീസ് കഥയുണ്ടാക്കിയ സഞ്ജയയ്ക്കും ബോബിക്കും കൊടുക്കണം ഒരു ബിഗ് സല്യൂട്ട്. പക്ഷേ ടോട്ടാലിറ്റിയിൽ നോക്കുമ്പോൾ ചിത്രം ആവറേജ് മാത്രമാണ്. രചനയിലെ മികവ് മേക്കിങ്ങിലില്ല. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിച്ച സല്യൂട്ട് സോണി ലിവിലാണ് സ്ട്രീം ചെയ്യുന്നത്.

കോവിഡാനന്തരം മലയാള സിനിമക്ക് ഉണർവേകിയ സൂപ്പർ ഹിറ്റായ 'കുറുപ്പി'നുശേഷം, ദുൽഖർ നായകനായ ഒരു ചിത്രം വരുമ്പോൾ പ്രതീക്ഷകൾ എറെയായിരുന്നു. അതും നോട്ട്ബുക്കും, മുംബൈപൊലീസും അടക്കം വ്യത്യസ്തമായ നല്ല സിനികൾ എടുത്ത റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ. പക്ഷേ ആ ഒരു പ്രതീക്ഷിത നിലവാരത്തിലേക്കൊന്നും ചിത്രം ഉയരുന്നില്ല. രണ്ടാം പകുതിയിലെ അന്വേഷണവുമായി ബന്ധപ്പെട്ട ചില ത്രില്ലിങ്ങ് രംഗങ്ങൾ ഒഴിച്ചു നിർത്തിയാൽ, പൊതുവെ പതിഞ്ഞ താളമാണ് ചിത്രത്തിന്റെത്. അതാവട്ടെ ഈ ജോണറിലുള്ള ചിത്രങ്ങൾക്ക് ചേരാത്തതുമാണ്.

പൊലീസിനുള്ളിലെ പൊലീസിങ്ങ്

സത്യത്തിൽ പൊലീസിനുള്ളിലെ പൊലീസിങ്ങ് എന്ന ഒറ്റവാക്കിൽ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. എങ്ങനെയാണ് പൊലീസ് ഒരു കേസ് ഫ്രെയിം ചെയ്യുന്നത് എന്നും, എങ്ങനെയാണ് കള്ളത്തെളിവുകൾ ഉണ്ടാക്കുന്നതെന്നും, അവർക്ക് മേലെയുള്ള രാഷ്ട്രീയ സമ്മർദം എന്തൊക്കെയാണെന്നും ഈ ചിത്രം കാണിച്ചുതരുന്നു. അതിലുടെ തന്നെ ഒരു ഇമോഷണൽ ഫാമിലി ഡ്രാമ പറയാനും സഞ്ജയ് -ബോബി ടീം ശ്രമിച്ചിട്ടുണ്ട്.

അരവിന്ദ് കരുണാകരൻ (ദുൽഖർ സൽമാൻ) എന്ന പൊലീസുകാരന്റെ കഥയാണ് 'സല്യൂട്ട്'. ഡിവൈഎസ്‌പിയും ജേഷ്ഠനുമായ അജിത് കരുണാകരൻ ( മനോജ് കെ ജയൻ ) ആണ് അരവിന്ദിന്റെ ഹീറോ. ചേട്ടനെപ്പോലെ മികച്ച ഒരു പൊലീസ് ഓഫീസർ ആവണം എന്ന ലക്ഷ്യത്തോടെയാണ് അയാൾ സേനയിൽ ചേരുന്നത്. എന്നാൽ ആ നാടിനെ നടുക്കിയ ഒരു ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണത്തിൽ അരവിന്ദ് ചേട്ടനോടൊപ്പം പങ്കാളിയാവുന്നു. അവിടെ തന്റെ മനസാക്ഷിക്ക് നിരക്കാത്ത, ആദർശങ്ങൾക്ക് നിരക്കാത്ത പലതും അയാൾ കാണുന്നു. തെരഞ്ഞെടുപ്പു നടക്കുന്നതിനാൽ പ്രതിയെ പിടിക്കാനായി വലിയ രാഷ്ട്രീയ സമ്മർദം നടക്കുകയാണ്. എല്ലാവർക്കും വേണ്ടത് പെട്ടെന്ന് ഒരു പ്രതിയെയാണ്.

അങ്ങനെ സാഹചര്യത്തെളിവുകളുടെ പേരിൽ പൊലീസ് നിരപരാധിയായ ഒരു ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്ത്, മൂന്നാംമുറ ഉപയോഗിച്ച് കുറ്റം സമ്മതിപ്പിക്കുന്നു. കള്ളത്തെളിവുകൾ പൊലീസ് തന്നെ ഉണ്ടാക്കി അയാളെ ജയിലിൽ അടക്കുന്നു. ഇത് ഇയാളോടുള്ള എന്തെങ്കിലു വ്യക്തിവിരോധം ഒന്നും കൊണ്ടല്ലെന്ന. അവരുടെ ധാരണപ്രകാണം, കൊല്ലപ്പെട്ടവരോടുള്ള വൈരാഗ്യം ഉള്ള വ്യക്തിയാണ് ഇയാൾ. പ്രതിയെ കൊല്ലുമെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്. പക്ഷേ പറഞ്ഞിട്ടേ ഉള്ളൂ ആയാൾ കൊന്നിട്ടില്ല.

അങ്ങനെ പൊലീസ് ഹാജരാക്കിയ 'തെളിവുകളുടെ' അടിസ്ഥാനത്തിൽ പ്രതി റിമാൻഡിലാവുന്നു. അരവിന്ദന് ഇത് അനീതിയാണെന്ന് അറിയാം. പക്ഷേ അയാളുടെ ചെറിയ സംശയങ്ങൾപോലും ചേട്ടൻ ഉൾപ്പെടെയുള്ളവർ ചേർത്ത് കെടുത്തുന്നു. പക്ഷേ വിചാരണ നടന്നുകൊണ്ടിരിക്കേ, തീർത്തും അസാധാരണമായ ഒരു സംഭവം ഉണ്ടാവുന്നു. ഒരു വാഹന പരിശോധനക്കിടെ ചന്ദ്രൻപിള്ളയെന്ന ഒരാളിൽനിന്ന് കൊല്ലപ്പെട്ടയാളുടെ മൊബൈൽ ഫോൺ കിട്ടുന്നു. നേരത്തെ കൊലപാതകത്തിന് ഉപയോഗിച്ചതുപോലുള്ള പെപ്പർ സ്പ്രേയും ഇയാളിൽ കാണുന്നുണ്ട്. എന്നാൽ പൊലീസ് ചന്ദ്രൻ പിള്ളയെ അറസ്റ്റ്ചെയ്യുന്നതിന് പകരം പെറ്റിയടിച്ച് വിടുകയാണ്. കാരണം, അവർക്ക് പ്രതിയെ നേരത്തെ കിട്ടിയല്ലോ. ഇനി യഥാർഥ പ്രതി പിടിയിലായാൻ കുടുങ്ങുക ഇൻവസ്റ്റിഗേറ്റിങ് ടീം കൂടിയാണ്.

അതോടെ തന്റെ ജോലിയിലെ ധാർമ്മികതയെ കുറിച്ച് അരവിന്ദിന് ആശയക്കുഴപ്പം തോന്നി തുടങ്ങുന്നു. അരവിന്ദ് സത്യം വെളിപ്പെടുത്തുമോ എന്ന് ഭയന്ന് സ്വന്തം ചേട്ടൻ പോലും അയാളെ ശത്രുവായി കാണുന്നു. ഇതോടെ അഞ്ചുവർഷത്തേക്ക് ശബളമില്ലാത്ത അവധിയിൽ പ്രവേശിച്ച് നിയമപഠനത്തിനായി അയാൾ പോയി. പക്ഷേ ചേട്ടന്റെ മകളുടെ വിവാഹ നിശ്ചയത്തിനായി നാട്ടിലെത്തിയ അയാളിലേക്ക് ആ പഴയ കേസ് വീണ്ടുമെത്തുകയാണ്. തന്റെ ജീവിതം മാറ്റിമറിച്ച ആ പഴയ കേസിന്റെ ചുരുളഴിക്കാൻ അവധി ക്യാൻസൽ ചെയ്ത് എസ് ഐ അരവിന്ദ് വീണ്ടും സർവീസിൽ കയറുന്നു. എന്നാൽ സ്വന്തം ചേട്ടനും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും ഇത് ഞെട്ടലോടെയാണ് കാണുന്നത്. കേസ് തെളിയിക്കാൻ അരവിന്ദ് ശ്രമിക്കുമ്പോൾ അവർ കേസ് തെച്ചുമായ്ക്കാനും ശ്രമിക്കുന്നു. 'നുണകൾ- സത്യം- നീതി' എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. അതിനോട് ചിത്രത്തിന് നീതി പുലർത്താൻ ആയട്ടുണ്ട്. നുണകളിൽനിന്ന് സത്യം അരിച്ചെടുത്ത് ഒരു നിരപരാധിക്ക് നീതി കിട്ടാനായി അരവിന്ദ് പോരാടുകയാണ്

തകർത്താടാതെ ഡ്യുക്യൂ

ഇങ്ങനെ വളരെ പ്രസക്തവും റിയലിസ്റ്റുക്കമായ രീതിയിലാണ് കഥ പറഞ്ഞുപോവുന്നെങ്കിലും, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ഫീൽ കിട്ടുന്നത് ഈ ചിത്രത്തിൽ രണ്ടാംപകുതിയുടെ കുറച്ച് ഭാഗത്തുമാത്രമാണ്. അവിടെയാണ് സംവിധായകന്റെ പരാജയം നാം അറിയുന്നത്. സഞ്ജയ്-ബോബിയുടെ കഥ കുറച്ചകൂടി വേഗതയാർന്ന പരിചരണം അർഹിക്കുന്നു. (മലയാളത്തിൽ ന്യൂജൻ തരംഗം കൊണ്ടുവന്ന 'ട്രാഫിക്ക്' സിനിമയുടെ എഴുത്തുകാരാണ് സഹോദരങ്ങളായ സഞ്ജയും ബോബിയും.)

കുറുപ്പിലെപ്പോലെ ദൂൽഖറിന് തകർത്താടാനുള്ള സ്‌കോപ്പൊന്നും ഈ പടം കൊടുക്കുന്നില്ല. ദുൽഖറിൻെ സംബന്ധിച്ച് അനായാസം ചെയ്യാവുന്ന ഒരു വേഷമാണിത്. ഈ അതുല്യ നടന് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമൊന്നുമല്ല അരവിന്ദൻ. ധർമ്മസങ്കടത്തിലാവുന്ന ഒരു പൊലീസുകാരന്റെ മാനറിസങ്ങളൊക്കെ അദ്ദേഹം ഭംഗിയായി ചെയ്യുന്നുണ്ട്.



ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ദുൽഖറിന്റെ നായിക. പൊതുവേ സ്‌ക്രീൻ സ്‌പെയ്സ് കുറവ് ഈ കഥാപാത്രത്തിന്. പിന്നെ ഉള്ള സീനുകൾ മോശമാക്കിയിട്ടില്ല. മനോജ് കെ ജയാനാണ് ചിത്രത്തിലെ പ്രധാന വേഷമായ അജിത്ത് കരുണാകരന്റെ വേഷത്തിൽ എത്തുന്നത്. പക്ഷേ ഇവിടെയൊക്കെ എന്തൊക്കെയോ അപൂർണ്ണകൾ ഉണ്ട്. ചേട്ടനും അനിയനും തമ്മിലുള്ള രസതന്ത്രം പ്രേക്ഷകരിലേക്ക് കൃത്യമായി എത്തുന്നില്ല. കഥാപാത്രങ്ങൾക്ക് കൃത്യമായ ഡീറ്റെയ്‌ലിങ്ങില്ലാത്ത ന്യൂജൻ ശൈലി ഇവിടെ വിനയാവുകമാണ്. കാരണം അതുകൊണ്ട ഇമോഷൻസ് കിട്ടുന്നില്ല. അലൻസിയറിന്റെ പൊലീസ് കഥാപാത്രം മരിക്കുന്ന സീനുകളിലൊക്കെ ഇത് പ്രകടമാണ്. ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ, ദീപക് പറമ്പോൽ, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

ചുരക്കിപ്പറഞ്ഞാൽ ഒരു ഡിക്യൂ ചിത്രം എന്ന ലേബലിൽ അമിത പ്രതീക്ഷയോടെ കാണാൻ പോയാൽ നിങ്ങൾ പൂർണ്ണമായും നിരാശപ്പെടേണ്ടി വരും. കഥയങ്ങനെ പറഞ്ഞുപോകുന്നു എന്നല്ലാതെ കൃത്യമായ പഞ്ചും ഫോക്കസും എവിടെയും ഉണ്ടാവുന്നില്ല. ഒരു നല്ല ബിജിഎമ്മോ, മ്യൂസിക്കോ ഒന്നും ചിത്രത്തിലില്ല. ഒരു പഴഞ്ചൻ മോഡലിലുള്ള സംഘട്ടനം വെറുതെ കുത്തിത്തിരുകിയിട്ടുമുണ്ട്. എന്നാൽ ആറ്റിൽ കളയേണ്ട അറുബോറൻ സിനിമയൊന്നുമല്ല ഇത്. വ്യത്യസ്തമായ പ്രമേയത്തിന്റെ പേരിൽ ഒറ്റത്തവണ കാണാവുന്ന ചിത്രം തന്നെയാണ്. ഇതേ കഥയുടെ തന്നെ ഫോർമാറ്റ് ഒന്ന് മാറ്റിയെടുത്തിരുന്നെങ്കിൽ, അസാധാരണമായ ഒരു ചലച്ചിത്ര അനുഭവമായി അത് മാറിയേനെ.

വാൽക്കഷ്ണം: ഈ ചിത്രം ഒടിടിക്ക് കൊടുത്തതിന്റെ പേരിൽ ദുൽഖറിനെതിരെ ഫിയോക്ക് എന്ന സംഘടനയൊക്കെ വിലക്ക് ഏർപ്പെടുത്തിയതായൊക്കെ വായിച്ചു. പക്ഷേ ഈ ചിത്രം ഒടിടിക്ക് കൊടുത്തതിൽ ഒരു തെറ്റുമില്ല. കാരണം ഒരു മാസ് ഓഡിയൻസിനു പകരം ഒരു ക്ലാസ് ഓഡിയൻസിനെയാണ് ചിത്രം ലക്ഷ്യംവെക്കുന്നത്. ആരാധകരെ ത്രസിപ്പിച്ച് നിർത്താനുള്ള കൊമോർഷ്യൽ മസാലകൾ അധികമൊന്നും ഇല്ലാത്ത ഈ ചിത്രം, ഒരു വൈഡ് ഫാൻബേസ്ഡ് തീയേറ്റർ റിലീസിന് പറ്റിയ പടമല്ല.