മെൽബൺ: കൊല്ലം പുനലൂർ സ്വദേശി സാം ഏബ്രഹാമിനെ ഭാര്യയും കാമുകനും ചേർന്നു സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ വില്ലനായി മാറിയത് സോഫിയുടെ ഇരട്ടപ്രണയം. കോളേജ് കാലത്ത് അടിച്ചുപൊളി ജീവിതം നയിച്ച സോഫി ഒരേസമയം രണ്ട് പേരെയാണ് പ്രണയിച്ചത്. സ്‌കൂൾ കാലം തൊട്ട് പരിചയമുണ്ടായിരുന്ന സാമിനെ പ്രേമിച്ചപ്പോൾ തന്നെ കോളേജ് കാലത്ത് പരിചയപ്പെട്ട അരുൺ കമലാസനനുമായി അടുക്കുകയും ചെയ്തു. കോളേജ് കാലത്ത ഇവരുടെ പ്രണയം അന്നത്തെ സഹപാഠികൾക്ക് അറിയുകയും ചെയ്യുമായിരുന്നു. എന്നാൽ, വ്യത്യസ്ത മതക്കാരായതിനാൽ പ്രതിബന്ധങ്ങളെ ഭേദിച്ച് വിവാഹത്തിലൂടെ ഒരുമിക്കാൻ ഇവർക്ക് സാധിച്ചില്ല. അതേസമയം സാം എബ്രഹാമുമായുള്ള പ്രണയം വീട്ടുകാർ ഇടപെട്ട് കല്യാണത്തിൽ കലാശിക്കുകയും ചെയ്തു. എന്നാൽ, അരുണുമായുള്ള ബന്ധം ഇതേസമയം തന്നെ സോഫി തുടരുകയും ചെയ്തു. ഈ പ്രണയാണ് ഒടുവിൽ സാമിന്റെ ജീവനെടുത്തത്.

സാമിനെ കൊലപ്പെടുത്താൻ വേണ്ടി പ്രതികൾ ദീർഘനാളത്തെ തയ്യാറെടുപ്പു നടത്തിയതായി മെൽബൺ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളായ സോഫിയും അരുൺ കമലാസനും സംശയം തോന്നിപ്പിക്കാതെ സാമിനെ കൊടിയ വിഷം നൽകി കൊലപ്പെടുത്തിയെന്നതാണു കേസ്. കഴിഞ്ഞ ഒക്ടോബറിലാണു സാം മരിക്കുന്നത്. അന്നു പോസ്റ്റ്‌മോർട്ടം നടത്തിയതായി ഓസ്‌ട്രേലിയൻ പൊലീസ് പറയുന്നില്ല. എന്നാൽ ചിലർ മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് അന്വേഷണം പൊലീസ് തുടർന്നത്.

കൊലപാതകത്തിന്റെ രഹസ്യം എങ്ങിനെയാണു ചോർന്നതെന്ന വിവരവും പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കോട്ടയത്തു കോളജിൽ പഠിക്കുന്ന കാലത്താണു സോഫി ആദ്യം സാമുമായും പിന്നീട് അരുണുമായും പരിചയപ്പെടുന്നത്. സാമുമായുള്ള ബന്ധം വിവാഹത്തിലെത്തിയെങ്കിലും കൊല്ലം സ്വദേശിയായ അരുണുമായും അടുപ്പം തുടർന്നതാണു കൊലപാതകത്തിനു പ്രേരണയായതെന്നാണു നിഗമനം.

വിവാഹനാളുകളിൽ സാം ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. ഓസ്‌ട്രേലിയയിലേക്ക് ആദ്യം കുടിയേറിയതു സോഫിയാണ്. പിന്നീട് സോഫിയുടെ തന്നെ ബന്ധുക്കളുടെ സഹായത്താലാണ് സാം ഓസ്‌ട്രേലിയയിൽ ജോലിക്ക് കയറിയത്. ഇതിനിടെയിൽ കാമുകനായ അരുണിനെ ഇവിടെയെത്തിച്ചതിലും സോഫിക്ക് പങ്കുണ്ടായിരുന്നു. അരുൺ ഓസ്‌ട്രേലിയയിൽ എത്തി ജോലിക്ക് കയറിയതിന് പിന്നാലെ അരുണിന്റെ ഭാര്യയും കുഞ്ഞും ഓസ്‌ട്രേലിയയിൽ എത്തിയിരുന്നു. പിന്നീട് അരുൺ ഭാര്യയെയും കുഞ്ഞിനെയും കൊല്ലത്തേക്കും തിരികെ അയച്ചു.

ഏകദേശം ഒരു വർഷത്തോളം നീണ്ട തയ്യാറെടുപ്പ് കൊലപാതകത്തിനു പിന്നിലുണ്ട്. രഹസ്യം പുറത്തറിയാൻ വീണ്ടും പത്തുമാസം വൈകി. സാം മരിച്ചു പത്തു മാസത്തിനു ശേഷം പ്രതികൾക്കെതിരെ കുറ്റം തെളിയാൻ കാരണം ഇവരുടെ ടെലിഫോൺ സംഭാഷണങ്ങൾ ചോർന്നതാണെന്നാണു പ്രാഥമിക നിഗമനം. കേസിന്റെ അന്തിമ റിപ്പോർട്ടിൽ മാത്രമേ ഇക്കാര്യം പുറത്തു വരൂ. പ്രതികളെ മൂന്ന് മാസത്തേക്ക് റിമാൻഡ് ചെയ്തിരിക്കയാണ് കോടതി. ഇനി ഫെബ്രുവരിയിലാണ് കേസ് കോടതി പരിഗണിക്കുക.

അതിനിടെ സോഫിയക്ക് കോളേജ് വിദ്യാഭ്യാസ കാലത്ത് നിരവധി കാമുകന്മാർ ഉണ്ടായിരുന്നുവെന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട് . കോട്ടയംകാരനായ അതിലൊരു കാമുകൻ നാട്ടിൽ വച്ച് ബൈക്ക് അപകടത്തിൽ മരിച്ചിരുന്നു. ഇതിലും ദുരൂഹതകളുണ്ടെന്ന വാദമുയർത്തുന്നുണ്ട് ചിലർ. സാമും സോഫിയയും തമ്മിൽ 2008 ഫെബ്രുവരി 27നായിരുന്നു വിവാഹം. പിജിയും എംബിഎയും കഴിഞ്ഞ് കുറച്ചുകാലം ബൊംഗളൂരുവിൽ ജോലി ചെയ്ത സാം തിരികെ ബാങ്കിങ് മേഖലയിൽ പ്രവേശിച്ചു. ഇതേസമയം സോഫിയ ഇലക്‌ട്രോണിക് ബിരുദം നേടിയശേഷം ടെക്‌നോപാർക്കിൽ ജോലി നേടി. പിന്നീട് സാം ഒമാൻ, ദുബായ് എന്നിവിടങ്ങളിൽ ജോലി നോക്കി.

ഓസ്‌ട്രേലിയൻ കമ്പനിയിൽ ജോലിക്കുള്ള ടെസ്റ്റിൽ പാസായ സോഫിയ 2012ൽ അവിടേക്ക് പോയി. സഹോദരിക്കും ഭർത്താവിനുമൊപ്പമായിരുന്നു കഴിഞ്ഞത്. പിന്നീട് സാം ദുബായിൽ നല്ല ജോലിയിൽ പ്രവേശിച്ചതോടെ സോഫിയയെ ക്ഷണിച്ചു. എന്നാൽ സോഫിയക്ക് ആസ്‌ട്രേലിയയിലായിരുന്നു താൽപര്യം. ഇതിനെ തുടർന്ന് 2013ൽ സാം ഓസ്‌ട്രേലിയയിലെത്തി ഒരു കമ്പനിയിൽ ജോലിക്ക് കയറി. സോഫിയ ജോലിക്ക് പോയിരുന്ന സ്ഥാപനത്തിൽ ആഴ്ചയിൽ മൂന്നുദിവസം പോയാൽ മതി. കോളജിലെ സഹപാഠി അരുണുമായി അടുക്കാനും ഇത് അവസരമൊരുക്കി. ഇതോടെ ഇവർ പ്രണയത്തിലായതോടെ സാമിന്റെ കുടുംബ ജീവിതം അസഹ്യമായി.

സോഫിയുമൊത്ത് ജിവിക്കുന്നതിന് വേണ്ടി സാമിനെ വകവരുത്താൻ അരുൺ പലവട്ടം ശ്രമിച്ചു. മുഖംമൂടി ആക്രമണത്തിൽ സാമിന് കഴുത്തിനും കൈകൾക്കും മുറിവേറ്റു. ഇത് സാം അവിടത്തെ പൊലീസിൽ അറിയിച്ചിരുന്നു. ഇതും കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സഹായകമായി. സാമിന്റെ സംസ്‌കാരം കഴിഞ്ഞു മടങ്ങിയെത്തിയ സോഫിയെ സാമിന്റെ സുഹൃത്തുക്കളും സോഫിയുടെ പരിചയക്കാരും ഉൾപ്പെടെ പലരും നിരീക്ഷിക്കാൻ തുടങ്ങി. ഭർത്താവ് മരിച്ചു ദിവസങ്ങൾ കഴിയും മുൻപേ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭർത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയിൽ കണ്ടത്. ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ ഫോൺ സംഭാഷണമെത്തിയത്. ഭർത്താവിനെ കൊലപ്പെടുത്തിയശേഷം സുഖംജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകൻ അരുൺ കമലാസനന്റെയും പദ്ധതി അതോടെ തകരുകയായിരുന്നു.