തിരുവനന്തപുരം: പാലക്കാട് നിന്ന് കാമുകനെ തേടി തിരുവനന്തപുരത്ത് എത്തിയ യുവതി യൂത്ത് കോൺഗ്രസ് നേതാവായ ഓട്ടോ ഡ്രൈവറുടെ ചതിയിൽ കുടുങ്ങി പീഡിപ്പിക്കപ്പെട്ടു. ആത്മഹത്യ ശ്രമിച്ച യുവതിയുടെ മൊഴിയനുസരിച്ച് പാലക്കാട്ടെ ഹേമാംബിക പൊലീസ് തലസ്ഥാനത്ത് എത്തി പ്രതിയെ ഭാര്യവീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. കാട്ടാക്കട നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായ സാം ജെ വൽസലമാണ് പിയിലായത്. നേമത്തെ ഗോഡൗണിൽ പെൺകുട്ടിയെ കൊണ്ടുവന്ന് രണ്ട് കൂട്ടുകാർക്കൊപ്പം പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ചെന്നാണ് കേസ്. ഇയാൾ വിഗ്രഹ മോഷണക്കേസിൽ അടക്കം പ്രതിയാണ് ഇയാളെന്നാണ് സൂചന.

തിരുവനന്തപുരം നിർഭയയിലെ അന്തേവാസിയായിരുന്നു പീഡിപ്പിക്കപ്പെട്ട യുവതി. ഈ യുവതി പാലക്കാട്ടെ നിർഭയയിൽ സെക്യൂരിറ്റി ജീവനക്കാരിയായിരുന്നു. അതിനിടെയാണ് പ്രണയത്തിലാകുന്നതും തിരുവനന്തപുരത്ത് തിരികെ എത്തുന്നതും. അപ്പോഴാണ് പീഡനമുണ്ടായത്. നേരത്തെ പത്താം വയസ്സിൽ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് ഈ കുട്ടി നിർഭയയിൽ എത്തിയത്. കാട്ടാക്കട സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചത്. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു ഇയാൾ. എന്നാൽ എന്നാൽ ഇയാൾ ഈയിടെ കോൺഗ്രസിലെത്തിയതാണെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന വിശദീകരണം. മുമ്പ് സിപിഐ(എം) അനുഭാവിയായിരുന്നു ഇയാളെന്നും ഡിസിസി നേതൃത്വം വിശദീകരിക്കുന്നു.

സൂസൻ എന്നാണ് വിളിപ്പേര്. കാട്ടക്കട കൊറ്റംപള്ളിയിലെ കോൺഗ്രസ് വാർഡ് പ്രിസഡന്റ് കൂടിയായ ഇയാൾ റെയിൽവേ സ്റ്റേഷന് മുന്നിലെ തമ്പാനൂർ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ്. പാലക്കാട് നിന്ന് ട്രയിനിലെത്തിയ യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിടത്തു നിന്നാണ് സംഭവങ്ങളുടെ തുടക്കം. സ്റ്റേഷനിലെത്തിയാൽ ഫോണിൽ ബന്ധപ്പെടാനായിരുന്നു യുവതിക്ക് കാമുകനിൽ നിന്ന് കിട്ടിയ സന്ദേശം. എന്നാൽ ഫോൺ സ്വിച്ച് ഓഫായതോടെ യുവതി പരിഭ്രമത്തിലായി. ഈ സമയമാണ് ഓട്ടോ സ്റ്റാൻഡിലുണ്ടായിരുന്ന സൂസനെന്ന സാം ജെ വൽസലത്തിന്റെ ഇടപടെൽ. യുവതിയെ സഹായിക്കാമെന്ന വാഗ്ദാനവുമായി ഒപ്പം കൂടി. ആദ്യം തന്റെ ഫോൺ നൽകി. കാമുകനെ അതിൽ വിളിപ്പിച്ചു. സംഭാഷണം മനസ്സിലായതോടെ സൂസൻ എല്ലാ താനേറ്റുവെന്ന് വാക്കുകൊടുത്തു. കാമുകനടുത്ത് എത്തിക്കാമെന്ന് ഉറപ്പ് നൽകി ഓട്ടോയിൽ കയറ്റി.

എന്നാൽ ഓട്ടോ പോയത് നേമത്തെ ഗോഡൗണിലേക്കും. രണ്ട് സുഹൃത്തുക്കളും ഒപ്പം കൂടി. അവശയായ പെൺകുട്ടിയെ നേമത്ത് ഉപേക്ഷിച്ച് ഇവർ മുങ്ങുകയും ചെയ്തു. ഈ പെൺകുട്ടി അനാഥയായിരുന്നു. പത്താം വയസ്സിൽ പീഡനത്തിന് ഇരയാകേണ്ടി വന്ന യുവതി തിരിച്ച് പാലക്കാട്ടേക്ക് പോയി. വീണ്ടും പീഡിപ്പിക്കപ്പെട്ട് പാലക്കാട്ട് തിരിച്ചെത്തിയ യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇതിനിടെ ആത്മഹത്യാ ശ്രമവും നടത്തി. ഓട്ടോ റിക്ഷാക്കാരന്റെ വിവരവും മറ്റും രേഖപ്പെടുത്തിയതായിരുന്നു ആത്മഹത്യാ കുറിപ്പ്. പാലക്കാട് ഹേമാംബിക പൊലീസ് വിശദമായി പരിശോധിച്ചു. അന്വേഷണത്തിന് തിരുവനന്തപുരത്ത് എത്തി. ഓട്ടോ റിക്ഷാ സ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള നീക്കത്തിൽ കള്ളി പുറത്തായി. സൂസിനിന്റെ ഫോണിൽ നിന്ന് യുവതി കാമുകനെ വിളിച്ചതും തെളിവായി.

ഓട്ടോ ഡ്രൈവർ കാട്ടാക്കടക്കാരനാണെന്ന് അറിഞ്ഞ് പൊലീസ് അവിടെ എത്തി. പ്രാദേശിക പൊലീസുമായി ബന്ധപ്പെട്ട് പ്രതിക്കായി കരുക്കൾ നീക്കി. ബാലരാമപുരത്തെ ഭാര്യവീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ സൂസൻ കുറ്റസമ്മതം നടത്തിയതായാണ് സൂചന. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി പാലക്കാട്ട് ചികിൽസയിലാണ്. അപകട നില തരണം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പെൺകുട്ടിയെ കാണിച്ച് പ്രതിയെ ഉറപ്പുവരുത്താൻ പൊലീസിന് കഴിയും.