അഹമ്മദാബാദ്: ഗുജറാത്ത് പിടിക്കാൻ കച്ചമുറുക്കി രംഗത്തിറങ്ങിയിരിക്കയാണ കോൺഗ്രസും രാഹുൽ ഗാന്ധിയും. അതിനുള്ള ശ്രമങ്ങൾ ശക്തമാക്കി മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗും മറ്റ് പ്രമുഖരും ഗുജറാത്തിൽ പ്രചരണ രംഗത്തുണ്ട്. ഗുജറാത്തിൽ അധികാരം പിടിച്ചാൽ കേന്ദ്രത്തിൽ വീണ്ടും കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് പൊതുവേയുള്ള അവസ്ഥ. അതിന് വേണ്ടി കോൺഗ്രസിനെ സഹായിക്കാൻ ടെലിക്കോം രംഗത്തെ വിപ്ലവത്തിന്റെ പിതാവായ സാം പിത്രോദയും രംഗത്തെത്തി.

ഗുജറാത്തിലെ വ്യവസായ സമൂഹത്തെയും കാർഷിക സമൂഹത്തെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ പ്രകടന പത്രിക തയ്യാറാക്കാൻ വേണ്ടിയാണ് സാം പിത്രോദ രംഗത്തുള്ളത്. പ്രകടനപത്രിക തയ്യാറാക്കുന്നതിനു മുന്നോടിയായി ജനങ്ങളിൽനിന്നു നേരിട്ടു പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിനായാണു സാം പിത്രോദ എത്തുന്നത്. ജനവികാരം മനസിലാക്കാൻ നേരത്തെ രാഹുൽ ഗാന്ധി സ്‌പെഷ്യൽ വിഭാഗത്തെയും രംഗത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദഗ്ധരുടെ സഹായവും അദ്ദേഹം തേടുന്നത്.

വിദ്യാഭ്യാസം, ആരോഗ്യം, ചെറുകിട ഇടത്തരം വ്യവസായം, തൊഴിലവസരം വർധിപ്പിക്കൽ, പരിസ്ഥിതി സംരക്ഷണം എന്നിവയിലൂന്നിയുള്ള 'ജനങ്ങളുടെ പ്രകടനപത്രിക' തയാറാക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പിത്രോദ അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ വഡോദര, അഹമ്മദാബാദ്, രാജ്‌കോട്ട്, ജാംനഗർ, സൂറത്ത് എന്നീ നഗരങ്ങളാണു പിത്രോദ സന്ദർശിക്കുന്നത്.

ജനങ്ങളെ കേൾക്കണമെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തന്നോട് ആവശ്യപ്പെട്ടെന്നു പിത്രോദ വ്യക്തമാക്കി. ഗുജറാത്തിലെ നേതാക്കന്മാരുമായി താൻ സംസാരിച്ചിരുന്നു. ഇതിനുശേഷമാണു ജനങ്ങളെ നേരിട്ടു കേട്ടു പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ പദ്ധതിയിട്ടത്. മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ഉപദേഷ്ടാവായിരുന്നു പിത്രോദ.

ലോകമെങ്ങും മുകളിൽനിന്നു താഴേക്കാണു വികസന മാതൃകകൾ. എന്നാൽ, ഈ പാശ്ചാത്യരീതി വിട്ടു താഴെനിന്നു മുകളിലേക്കു വികസനം കൊണ്ടുവരേണ്ടതു ചിന്തിക്കേണ്ടിയിരിക്കുന്നു. പുതിയ വികസനമാതൃക കൊണ്ടുവരാൻ ഗുജറാത്തിനാകും. ഇന്ത്യയ്ക്കും ലോകത്തിനും ഇതിനു കഴിയും. ജനങ്ങളെ കേൾക്കാൻ വേണ്ടിയാണു ഞങ്ങളിവിടെ വന്നിരിക്കുന്നത്. കോൺഗ്രസിന്റെ പ്രകടനപത്രിക ജനങ്ങളുടെ ശബ്ദമായിരിക്കും.

ചിലയാളുകൾ ജനാധിപത്യത്തെ തട്ടിയെടുത്തിരിക്കുകയാണ്. ജനങ്ങളിലേക്കു ജനാധിപത്യത്തെ തിരികെ കൊണ്ടുവരണം. ജയിച്ചയാൾ എല്ലാം കയ്യടക്കുന്നതല്ല ജനാധിപത്യമെന്നത്. കൂട്ടായ നേതൃത്വമാണു വേണ്ടത്. പലയിടത്തും അതു കാണാനില്ല. ഗുജറാത്തും ഇന്ത്യയും ലോകം മുഴുവനും ഒരു നാൽക്കവലയിലാണെന്നും ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി പിത്രോദ പറഞ്ഞു.

സംവരണ വിഷയത്തിൽ താഴേക്കിടയിലുള്ളവരെ ഉയർത്തിക്കൊണ്ടുവരുന്നതു പ്രധാനപ്പെട്ട കാര്യമാണെന്നും ലോകത്ത് ഇതുവരെ ഒരു സ്ഥാനവും ലഭിക്കാതിരുന്നവർക്ക് അതൊരു അവസരമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംവരണം ഇല്ലാതെയും ഇത്തരക്കാരിൽ പുരോഗതി കൊണ്ടുവരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും പ്രധാനം ഗുജറാത്തിനുവേണ്ടി തനിക്ക് എന്താണു ചെയ്യാൻ കഴിയുക എന്നതാണ്. അല്ലാതെ സംവരണത്തിനുവേണ്ടി സർക്കാർ എന്താണു ചെയ്യുന്നത് എന്നല്ല. വിശ്വകർമ വിഭാഗത്തിൽനിന്നുള്ളയാളാണു താൻ. തച്ചന്റെ മകനാണ്. താഴെയുള്ളവരെ ഉയർത്താൻ സംവരണം വേണം. എന്നാൽ ലക്ഷ്യങ്ങൾ കീഴടക്കുന്നതിൽനിന്ന് അതാരെയും തടയരുത്.

ജനങ്ങളെ കേൾക്കുകയാണ് മികച്ച നേതാക്കൾ ചെയ്യേണ്ടത്. അല്ലാതെ അവരെ ഉപദേശിക്കുകയല്ല വേണ്ടതെന്നും പിത്രോദ കൂട്ടിച്ചേർത്തു. അതേസമയം, ഗുജറാത്ത് നിയമസഭിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ ഒൻപതിനും 14നും രണ്ടു ഘട്ടമായാണ് നടക്കുക. 18നാണ് വോട്ടെണ്ണൽ.