ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മഹാസഖ്യം പരീക്ഷിക്കാൻ ഒരുങ്ങുന്ന കോൺഗ്രസിന് വീണ്ടും തിരിച്ചടി. മായാവതിയുടെ ബിഎസ്‌പിക്ക് പിന്നാലെ സമാജ്‌വാദി പാർട്ടിയും കോൺഗ്രസ് സഖ്യം വിടാൻ തീരുമാനിച്ചതാണ് ബിജെപിക്ക് തിരിച്ചടിയായിരിക്കുന്നത്. കോൺഗ്രസുമായി യോജിച്ചു പോകാനാവില്ലെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവാണ് വ്യക്തമാക്കിയത്.

മഹാസഖ്യത്തിന് മുന്നോടിയായി കോൺഗ്രസുമായി ചർച്ച നടത്താൻ സമാജ് വാദി പാർട്ടി ആഗ്രഹിച്ചിരുന്നെങ്കിലും അത് നടക്കാതെ വന്നതോടെയാണ് സഖ്യം വെടിയാൻ സമാജ് വാദി പാർട്ടി തീരുമാനിച്ചത്. നേരത്തെ പാർട്ടി വിട്ട ബിഎസ്‌പിയുമായി കൂട്ടുകെട്ട് ഉണ്ടാക്കാനാണ് സമാജ് വാദി പാർട്ടിയുടെ നീക്കം.

ചർച്ചകൾക്കായി കോൺഗ്രസിനെ ഏറെ നാൾ കാത്തിരുന്നുവെന്നും ഇനിയും കാക്കാൻ കഴിയില്ലെന്നും അഖിലേഷ് പറഞ്ഞു. മായാവതിയുടെ ബിഎസ്‌പിയുമായി ചർച്ച തുടങ്ങാൻ പോകുകയാണ്. രാഷ്ട്രീയത്തിൽ ഒരു പാർട്ടിയും ഇത്രനാൾ കാത്തിരിക്കില്ല. ഞങ്ങൾ ആൾബലമില്ലാത്ത പാർട്ടിയല്ല. മധ്യപ്രദേശിൽ സമാജ്വാദി പാർട്ടിക്കു ശക്തി കുറവായിരിക്കാം. എങ്കിലും നാലാം സ്ഥാനത്തു ഞങ്ങളുണ്ട് - അഖിലേഷ് പറഞ്ഞു.

രാജസ്ഥാനിലും മധ്യപ്രദേശിലും ഒറ്റയ്ക്കു മൽസരിക്കുമെന്ന് മായാവതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കോൺഗ്രസ് സഖ്യത്തെ തള്ളിപ്പറഞ്ഞ് അഖിലേഷും രംഗത്തെത്തിയത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ കക്ഷികളേയും ഒരുമിച്ചു നിർത്തി മഹാസഖ്യമുണ്ടാക്കി ബിജെപിയെ നേരിടാനുള്ള കോൺഗ്രസ് നീക്കത്തിനാണ് സംസ്ഥാനങ്ങളിൽ തിരിച്ചടി നേരിടേണ്ടിവരുന്നത്.