- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻസമൂഹം: രാഷ്ട്രീയവായനകൾ
സ്വയംകെട്ടിപ്പൊക്കിയ ദന്തഗോപുരങ്ങളിൽനിന്ന് മണ്ണിലേക്കിറങ്ങിവരുന്ന അക്കാദമിക ബുദ്ധിജീവികളുടെ എണ്ണം ഇന്ത്യയിലെന്നപോലെ കേരളത്തിലും തീരെ പരിമിതമാണ്. പ്രകൃതിശാസ്ത്ര, സാമൂഹികശാസ്ത്ര, മാനവികവിജ്ഞാന മേഖലകളിലെല്ലാം ഈ സ്ഥിതി ഏറെക്കുറെ സമാനമാണ്. ഭരണകൂടത്തോടും കക്ഷിരാഷ്ട്രീയത്തോടും അധീശവർഗത്തോടും ചേർന്നുനിന്ന് തങ്ങളുടെ സുഖസൗകര്യ
സ്വയംകെട്ടിപ്പൊക്കിയ ദന്തഗോപുരങ്ങളിൽനിന്ന് മണ്ണിലേക്കിറങ്ങിവരുന്ന അക്കാദമിക ബുദ്ധിജീവികളുടെ എണ്ണം ഇന്ത്യയിലെന്നപോലെ കേരളത്തിലും തീരെ പരിമിതമാണ്. പ്രകൃതിശാസ്ത്ര, സാമൂഹികശാസ്ത്ര, മാനവികവിജ്ഞാന മേഖലകളിലെല്ലാം ഈ സ്ഥിതി ഏറെക്കുറെ സമാനമാണ്. ഭരണകൂടത്തോടും കക്ഷിരാഷ്ട്രീയത്തോടും അധീശവർഗത്തോടും ചേർന്നുനിന്ന് തങ്ങളുടെ സുഖസൗകര്യങ്ങളും നേട്ടങ്ങളും പദവികളും ഉറപ്പാക്കുക എന്നതിൽ കവിഞ്ഞ് പൊതുവെ അവർക്കു താല്പര്യങ്ങളേതുമുണ്ടാകാറില്ല.
എന്നാൽ ചുരുക്കം ചിലർ, തങ്ങളുടെ ഊരും വേരും ആഴ്ന്നിറങ്ങിയിട്ടുള്ള മണ്ണിലും ജനമധ്യത്തിലും കാലുറപ്പിച്ച് ബഹുജനസമൂഹത്തിന്റെ ജൈവരാഷ്ട്രീയങ്ങളിൽ പങ്കാളികളായും തങ്ങളുടെ വൈജ്ഞാനിക മൂലധനം അവർക്കുവേണ്ടി വിനിയോഗിച്ചും സ്വന്തം ബൗദ്ധികജീവിതം മൂല്യബദ്ധവും സാർഥകവുമാക്കുന്നു. ആധുനികതയുടെ മുഴുവൻ അധികാരയുക്തികളും ബാധ്യതയായികൊണ്ടുനടക്കുന്ന രാഷ്ട്രീയസമൂഹങ്ങളോടു വിടപറഞ്ഞ് പൗരസമൂഹപ്രസ്ഥാനങ്ങളിൽ അവർ അണിചേരുകയും ജൈവബുദ്ധിജീവിതത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
മലയാളിയുടെ സമീപകാല സാമൂഹ്യപൊതുമണ്ഡലത്തിലും സാംസ്‌കാരിക ജീവിതത്തിലും ഏറ്റവും ഊർജ്ജസ്വലമായി ഇടപെടുകയും അക്കാദമിക പ്രവർത്തനത്തെയും സാംസ്‌കാരിക പ്രവർത്തനത്തെയും അഥവാ, സൈദ്ധാന്തിക ധാരണകളെയും വ്യക്തിജീവിതത്തെയും സാമൂഹ്യജീവിതത്തിൽ നിമഗ്നമായ ആക്ടിവിസമാക്കി മാറ്റുകയും ചെയ്യുന്ന ജെ. ദേവികയുടെ പ്രസക്തി ഇവിടെയാണ്.
ചരിത്രം, സമൂഹശാസ്ത്രം, രാഷ്ട്രമീമാംസ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിലും ലിംഗപദവി, സ്ത്രീജീവിതം, കീഴാള-ദലിത് സാമൂഹ്യപ്രശ്‌നങ്ങൾ, വികസനം, പൗരസമൂഹപ്രസ്ഥാനങ്ങൾ, മാദ്ധ്യമാധിനിവേശം, വർഗീയത, പ്രത്യയശാസ്ത്ര സർവാധിപത്യം, സാഹിത്യചരിത്രം, വിമർശനം, വിവർത്തനം തുടങ്ങിയ മേഖലകളിലും നടത്തുന്ന തത്വാധിഷ്ഠിതവും വിമർശനാത്മകവുമായ സംവാദങ്ങളും സയുക്തികവും സർഗാത്മകവുമായ ഇടപെടലുകളുംവഴി സമീപകാല കേരളീയ വൈജ്ഞാനികമണ്ഡലത്തിൽ ദേവിക സൃഷ്ടിക്കുന്ന ചലനങ്ങൾ അടിസ്ഥാനപരമായ വിചാരമാതൃകാവ്യതിയാനങ്ങൾക്കു വേണ്ടിയാണ് നിലകൊള്ളുന്നത്.
കേരളത്തിലെ ലിംഗപദവീരൂപീകരണത്തെക്കുറിച്ചുള്ള ഗവേഷണപഠനം മുതൽ 'ചുംബനസമര'ത്തിന്റെ രാഷ്ട്രീയ വിശകലനവും 'മാതൃഭൂമി'യുടെ ഹിന്ദുത്വവൽക്കരണത്തോടുള്ള വിമർശനവും വരെ, ദേവികയുടെ ഏതു ചുവടുവയ്പും തെളിയിക്കുന്നതു മറ്റൊരു കാര്യമല്ല. തന്റെ പുസ്തകങ്ങളുടെ സൗജന്യ ഡിജിറ്റൽ പതിപ്പുകൾ ആർക്കും ലഭ്യമാക്കിക്കൊണ്ട് പ്രസാധകർ സൃഷ്ടിക്കുന്ന കുത്തകവിപണിയെ തകർക്കാൻ തയ്യാറായ ഏക മലയാള എഴുത്തുകാരിയും ദേവികയാണ്. സാംസ്‌കാരിക ഭൗതികവാദം, മാർക്‌സിസം, നവചരിത്രവാദം, സ്ത്രീവാദം, കീഴാളപഠനം, കോളനിയനന്തരവാദം, സാംസ്‌കാരികപഠനങ്ങൾ തുടങ്ങിയ സൈദ്ധാന്തിക പദ്ധതികൾ കണിശതയോടെ ഏറ്റെടുത്തും രാഷ്ട്രീയനിലപാടുകളിലോ അക്കാദമിക നിലവാരത്തിലോ വിട്ടുവീഴ്ച ചെയ്യാതെയും ദേവിക എഴുതിയ പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും പോലെതന്നെ പ്രസിദ്ധവും പ്രസക്തവുമാണ്, ആനുകാലിക സാമൂഹ്യസന്ദർഭങ്ങളിലുള്ള അവരുടെ സമൂർത്തമായ സാന്നിധ്യവും പങ്കാളിത്തവും.
സ്ത്രീകേന്ദ്രിതമായ രാഷ്ട്രീയ, ചരിത്ര, സമൂഹ, സംസ്‌കാരപഠനങ്ങളിലുള്ള താൽപര്യമാണ് ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒന്ന്. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളീയസ്ത്രീയുടെ 'കുലമഹത്വവും' സാഹിത്യകർതൃത്വവും പത്രപ്രവർത്തനരീതികളും മുതൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സ്ത്രീജീവിതത്തിന്റെ ഭിന്നമാനങ്ങൾ വരെയുള്ളവ പഠിക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും ദേവികയോളം അക്കാദമിക് ആക്ടിവിസ്റ്റ് പ്രതിബദ്ധത മറ്റൊരു മലയാളി ബുദ്ധിജീവിക്കുമില്ല. കേരളത്തെക്കുറിച്ചെഴുതപ്പെട്ട ഏക സ്ത്രീപക്ഷസാമൂഹ്യചരിത്രം അവരുടേതാണ്; ഉടൻ പുറത്തുവരുന്ന രാഷ്ട്രീയ-വികസനചരിത്രവും ഏറെ മൗലികമായ ഒരു രചനയാണ്. ഇംഗ്ലീഷിൽനിന്നു മലയാളത്തിലേക്കും മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്കും വൈജ്ഞാനികകൃതികളും സാഹിത്യകൃതികളും വിവർത്തനം ചെയ്യുമ്പോഴും ദേവിക തന്റെ രാഷ്ട്രീയബോധം തെല്ലും ബലികഴിക്കുന്നില്ല.
ഇവിടെ വിശകലനം ചെയ്യുന്ന പുസ്തകം, ഇന്ത്യയിലെ അറിയപ്പെടുന്ന സമൂഹശാസ്ത്രകാരനും ഡൽഹി സർവ്വകലാശാലാ അദ്ധ്യാപകനുമായ സതീശ് ദേശ്പാണ്ഡെ രചിച്ച 'Contemporary India : A Sociological View' എന്ന ഗ്രന്ഥത്തിന് 'സമകാലിക ഇന്ത്യ: ഒരു സമൂഹശാസ്ത്രവീക്ഷണം' എന്ന പേരിൽ ദേവിക നടത്തിയ വിവർത്തനമാണ്. സാമൂഹികശാസ്ത്രമെന്ന പദംകൊണ്ട് Social Science എന്ന സംജ്ഞയെ വിശദീകരിക്കുന്ന ദേവിക Sociology എന്ന സംജ്ഞയുടെ മലയാളരൂപമായാണ് ഇവിടെ സമൂഹശാസ്ത്രം എന്ന പദം ഉപയോഗിക്കുന്നത്. സാമൂഹികവിജ്ഞാനങ്ങളുടെ ചരിത്രനിഷ്ഠവും പ്രത്യയശാസ്ത്രനിർഭരവുമായ പരികല്പനകളും സമീപനങ്ങളും സമൃദ്ധമായുപയോഗപ്പെടുത്തിയും വിട്ടുവീഴ്ചയില്ലാത്ത മതേതര-പുരോഗമന-ശാസ്ത്രീയ-മാനവിക യുക്തികൾ ഉടനീളം പാലിച്ചും സതീശ് ദേശ്പാണ്ഡെ നിർവഹിച്ച ഇന്ത്യൻസമൂഹപഠനം, അക്കാദമിക ഗൗരവവും രാഷ്ട്രീയസ്വരൂപവും വായനാക്ഷമതയും ഒരേപോലെ നിലനിർത്തി വിവർത്തനം ചെയ്യുന്നതിൽ ദേവിക നേടിയ വിജയമാണ് ഈ പുസ്തകത്തിന്റെ ഏറ്റവും ശ്രദ്ധേയമായ നേട്ടവും പ്രസക്തിയും. കേസരി ഒഴികെയുള്ള മലയാളി സാമൂഹ്യനിരീക്ഷകർ സാമൂഹ്യശാസ്ത്രങ്ങളിൽ വ്യാപരിച്ചെഴുതിയ രചനകളുടെ ഏറ്റവും വലിയ പരിമിതി അവയുടെ ഭാഷാപരമായ സ്ഥൂലതയും അമൂർത്തതയുമായിരുന്നുവെന്നു ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ദേവിക തന്റെ വിവർത്തനഭാഷ അവതരിപ്പിക്കുന്നത്.
ഏഴു ദീർഘ പ്രബന്ധങ്ങളാണ് ദേശ്പാണ്ഡെയുടെ പുസ്തകത്തിന്റെ ഉള്ളടക്കം. സമൂഹശാസ്ത്രം, ഒരു വിജ്ഞാനശാഖയെന്ന നിലയിൽ സമൂഹത്തെക്കുറിച്ചു പഠിക്കാൻ രൂപപ്പെടുത്തിയ സിദ്ധാന്തങ്ങളുടെയും രീതിശാസ്ത്രങ്ങളുടെയും അവലോകനമാണ് ആദ്യരചന. എഡ്മണ്ട് ഹുസ്സേളും ശിഷ്യരും ആവിഷ്‌ക്കരിച്ച പ്രതിഭാസവിജ്ഞാനീയത്തിന്റെ വഴിയിലാണ് സമൂഹശാസ്ത്രപഠനത്തിന്റെ ആദ്യമണ്ഡലം രൂപംകൊള്ളുന്നത്. സാമാന്യ ബുദ്ധിക്കു ലഭിച്ച മേൽക്കൈയാണ് ഈ ഘട്ടത്തിന്റെ പ്രാഥമികസ്വഭാവം. അന്തോണിയോ ഗ്രാംഷി ആവിഷ്‌ക്കരിച്ച നവമാർക്‌സിസ്റ്റ് വഴിയിലാണ് പിന്നീടതു വികസിക്കുന്നത്. പ്രത്യയശാസ്ത്രത്തെ കേന്ദ്രീകരിച്ചുണ്ടാകുന്ന പുതിയ കാഴ്ചപ്പാടുകളാണ് ഈ ഘട്ടത്തിലെ പഠനങ്ങളെ രൂപപ്പെടുത്തിയ മുഖ്യ ഘടകം. വിശേഷിച്ചും അധീശത്വം (Hegemony) എന്ന പരികല്പന കേന്ദ്രീകരിച്ച്. പിയറി ബോർദിയു അവതരിപ്പിച്ച ചിന്തകളിന്മേൽ രൂപംകൊണ്ടതാണ് മൂന്നാമത്തെ വഴി. നിർവാഹകത്വം (agency), ഘടന (structure) എന്നിവ തമ്മിലുള്ള ബന്ധമാണ് ബോർദിയുവിന്റെ പ്രധാന അന്വേഷണമേഖലകളിലൊന്ന്. ജനസംസ്‌കാരപഠനം (ethnography) എന്ന നിലയിലാണ് അദ്ദേഹം സമൂഹശാസ്ത്രത്തെ വികസിപ്പിച്ചെടുത്തത്. സാമൂഹ്യനരവംശശാസ്ത്രം മുതൽ സമൂഹശാസ്ത്രം വരെയുള്ള പഠനമേഖലകളിൽ ഊന്നി താൻ വിശകലനം ചെയ്യാൻ പോകുന്ന വിഷയങ്ങൾ ദേശ്പാണ്ഡെ ക്രമപ്പെടുത്തുന്നതും ഈയൊരടിത്തറയിലാണ്. യഥാക്രമം ഇന്ത്യൻ പാരമ്പര്യം/ആധുനികത, ദേശം/ദേശീയത, സ്ഥലം/ഹിന്ദുത്വം, അസമത്വം/ജാതി, വർഗം/മധ്യവർഗം, ആഗോളവൽക്കരണം/സാംസ്‌കാരികഭൂമിശാസ്ത്രം എന്നീ ആറ് മണ്ഡലങ്ങൾ മുൻനിർത്തി സമകാലിക ഇന്ത്യ (സ്വാതന്ത്ര്യാനന്തര ഇന്ത്യ)യെക്കുറിച്ചു നടത്തുന്ന അതീവ ശ്രദ്ധേയമായ സമൂഹശാസ്ത്രപഠനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.
'പാരമ്പര്യത്തെയും ആധുനികതയെയും പരസ്പരം ലയിപ്പിക്കുന്നതാണ് ഇന്ത്യൻ ആധുനികതയുടെ അന്തഃസത്ത'യെന്ന പൊതുബോധത്തെ പ്രശ്‌നവൽക്കരിക്കുകയാണ് രണ്ടാം ലേഖനം. ജ്ഞാനോദയാധുനികതയെക്കുറിച്ചുള്ള റെയ്മണ്ട് വില്യംസിന്റെയും അർജുൻ അപ്പാദുരൈയുടെയും നിരീക്ഷണങ്ങളും ഇന്ത്യൻ ആധുനികതയെക്കുറിച്ചുള്ള എം.എൻ. ശ്രീനിവാസന്റെയും ടി.എൻ. മദന്റെയും വിശകലനങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് ദേശ്പാണ്ഡെ ഇന്ത്യൻ ആധുനികതയെ മൗലികമായി വ്യാഖ്യാനിച്ചെടുക്കുന്നു. പൗരസ്ത്യവാദികളായ ഇൻഡോളജിസ്റ്റുകൾ തുടങ്ങിവച്ച ഇന്ത്യൻ ആധുനികതയെക്കുറിച്ചുള്ള പഠനങ്ങൾ സമൂഹനരവംശശാസ്ത്രത്തിലൂന്നിയ വലിയൊരു ഗ്രന്ഥശേഖരത്തിനു ജന്മം നൽകി. പാരമ്പര്യങ്ങളിൽനിന്നു വിട്ടുപോരാനോ അവയെ അട്ടിമറിക്കാനോ അല്ല ആധുനികതയുമായി അവയെ ചേർത്തുവച്ചു ചർച്ചചെയ്യാനാണ് പൊതുവെ ഇവരെല്ലാം താൽപര്യം കാണിച്ചത്. പിന്നീടുവന്ന സമൂഹശാസ്ത്രജ്ഞർക്കും ഈ പഠനയുക്തികൾ തീർത്തും മറികടക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, ഇന്ത്യൻ സമൂഹം ഏതാണ്ടങ്ങനെതന്നെയാണ് ആധുനികീകരിക്കപ്പെട്ടതെന്ന് സ്ഥാപിക്കേണ്ടിയും വന്നു. വ്യക്തി മുതൽ രാഷ്ട്രം വരെയുള്ള ഓരോ ഏകകവും ഈ നിലപാടുകൾ തുടരുകയാണ്. പാരമ്പര്യ, ഗ്രാമീണ, ജാതി, ഗോത്ര, സാമൂഹിക, നരവംശശാസ്ത്രപഠനങ്ങൾ പെരുകിയപ്പോൾ നഗര, സാമ്പത്തിക, രാഷ്ട്രീയ സമൂഹശാസ്ത്രപഠനങ്ങൾ വിരളമായേ ഉണ്ടായുള്ളു. പാരമ്പര്യത്തിന്റെ ഭാരംപേറാൻ സ്വയം നിയോഗിച്ച സമൂഹശാസ്ത്രപഠിതാക്കളെ ദേശ്പാണ്ഡെ വിമർശിക്കുകയും ബോർദിയു പറയുന്നതുപോലുള്ള 'ജനസംസ്‌കാരപഠന'ങ്ങളിലേക്ക് ആധുനികതാപഠനങ്ങൾ വികസിക്കുന്നതിന്റെ ചില മാതൃകകൾ (വീണാദാസിന്റെയും മറ്റും) എടുത്തുകാട്ടുകയും ചെയ്യുന്നു. ഗോത്രാചാരങ്ങൾ മുതൽ സിനിമവരെയും പാരമ്പര്യവിശ്വാസങ്ങൾ മുതൽ ടെലിവിഷൻ പരസ്യം വരെയും മുൻനിർത്തി നടക്കേണ്ട സമൂഹശാസ്ത്രപഠനങ്ങളുടെ ആവശ്യകതയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്.
ദേശം, ദേശീയത, രാഷ്ട്രം തുടങ്ങിയ പരികല്പനകൾ ആധുനിക ഇന്ത്യൻ പശ്ചാത്തലത്തിൽ സൃഷ്ടിക്കുന്ന പ്രഹേളികകളുടെ അപഗ്രഥനമാണ് മൂന്നാം ലേഖനം. ദേശം ഒരു സാംസ്‌കാരിക നിർമ്മിതിയാണെന്ന സമകാലിക വീക്ഷണത്തിന്റെ പ്രത്യയശാസ്ത്രവിവക്ഷകൾ ദേശ്പാണ്ഡെ ചൂണ്ടിക്കാണിക്കുന്നു. സ്വാഭാവികമായിത്തന്നെ ബനഡിക്ട് ആൻഡേഴ്‌സണിലാണ് തുടക്കം. ദേശീയതക്ക് രാഷ്ട്രീയം, ചരിത്രം എന്നിവയിൽ ഉണ്ടായിരുന്ന ഊന്നൽ സംസ്‌കാരത്തിലേക്കു മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നല്ലോ ആൻഡേഴ്‌സൺ. 'അച്ചടിമുതലാളിത്ത'മായിരുന്നു അതിന്റെ അച്ചുതണ്ട്. പാർഥാചാറ്റർജിയും മറ്റും ആൻഡേഴ്‌സണെതിരെ ഉയർത്തിയ വിമർശനങ്ങൾ സൂചിപ്പിച്ചുകൊണ്ട് ഇന്ത്യൻ സാഹചര്യത്തിൽ അച്ചടി മുതലാളിത്തം ദേശീയതയുടെ അച്ചുതണ്ടായി മാറിയില്ല എന്ന വസ്തുത വിശദീകരിക്കുകയാണ് ഗ്രന്ഥകാരൻ പിന്നീട്. പകരം, ടോം നെയ്ൻ ഉന്നയിക്കുന്ന 'സാമ്രാജ്യത്ത സ്വഭാവമുള്ള മുതലാളിത്ത'മാണ് മറ്റു കോളനിരാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും ദേശീയവാദത്തിന് രൂപംനൽകിയതെന്ന വീക്ഷണം കുറെക്കൂടി സ്വീകാര്യമായി ദേശ്പാണ്ഡെ കാണുന്നു. ഗാന്ധിയൻ സ്വരാജ് സങ്കല്പം മുതൽ നെഹ്രുവിയൻ സോഷ്യലിസ്റ്റ് സമ്പദ്ഘടനവരെയുള്ളവ ഈയൊരു സമീപനത്തിന്റെ പാഠങ്ങളായി നമുക്കു മുന്നിലുണ്ട്. ഗാന്ധിയൻ, നെഹ്രുവിയൻ മാതൃകകൾ അവസാനിച്ചുവെങ്കിലും ഇന്നത്തെ ഇന്ത്യയിൽ നടപ്പായിക്കൊണ്ടിരിക്കുന്ന 'വികസന'രാഷ്ട്രീയവും ഇന്ത്യൻ ദേശീയതാവികാരങ്ങളും തമ്മിലുള്ള സമാനതകളുടെ അമ്പരപ്പിക്കുന്ന കൗതുകങ്ങൾ, ഈ നിരീക്ഷണങ്ങളെ ശരിവയ്ക്കുകയും ചെയ്യുന്നു. എങ്കിലും ദേശ്പാണ്ഡെ സ്വീകരിക്കുന്ന യുക്തി മറ്റൊന്നാണ്. നെഹ്രുവിയൻ സമ്പദ്ഘടന തകർന്നതോടെ സംഭവിച്ച ഹിന്ദുത്വദേശീയതയുടെ ഉണർവും ആഗോളവൽക്കരണത്തിന്റെ വ്യാപനവും ദേശീയതയെക്കാൾ ആഗോളതക്കാണ് പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ആഗോളവൽക്കരിക്കപ്പെടുന്ന ഹിന്ദുത്വത്തിന്റെ അപഗ്രഥനം ഈ നിരീക്ഷണത്തെ മറ്റൊരു വഴിയിൽ സാധുകരിക്കുകയും ചെയ്യുന്നു.
സ്ഥലത്തെ കേന്ദ്രീകരിച്ച് ഹിന്ദുത്വത്തെക്കുറിച്ചു നടത്തുന്ന പഠനമാണ് നാലാമത്തെ ലേഖനം. പ്രകൃതിസഹജമല്ല, സാമൂഹികമായ നിർമ്മിതിയാണ് സ്ഥലം എന്ന് ഹെന്റി ലെവ്‌റെ മുതൽ എഡ്വേർഡ് സോജയും പിയറി ബോർദിയുവും വരെയുള്ളവർ വിശദീകരിച്ച ആശയം ദേശ്പാണ്ഡെ ഇന്ത്യൻ പശ്ചാത്തലത്തിലേക്ക് സയുക്തികം വ്യാപിപ്പിക്കുകയും ഹിന്ദുത്വം ഭിന്നങ്ങളായ സ്ഥലതന്ത്രങ്ങളിലൂടെ സ്ഥാപിച്ചെടുത്ത മതവർഗീയതയുടെ രാഷ്ട്രീയ അജണ്ടകൾ മറനീക്കുകയും ചെയ്യുന്നു. ഇന്ത്യയെത്തന്നെ പുതിയ രീതിയിൽ നിർവചിച്ചുകൊണ്ടുള്ള സവർക്കറുടെ 'പുണ്യഭൂമി' സങ്കല്പം മുതൽ നെഹ്രുവിയൻ മതേതരവാദത്തിന്റെ ശക്തിക്ഷയത്തിൽ നിന്നുണർന്നുവന്ന 1980കളിലെയും 90കളിലെയും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ സ്ഥലകേന്ദ്രിതത്വങ്ങൾ വരെ ഈ ചർച്ചയുടെ വിഷയമാണ്. സ്ഥലങ്ങൾ, മേഖലകൾ, മാർഗങ്ങൾ എന്നിവക്ക് ഊന്നൽ കൊടുത്താണ് ഈ പഠനം ദേശ്പാണ്ഡെ നടത്തുന്നത്. ബാബ്‌റി മസ്ജിദ് മുതൽ ഹൂഗ്ലിയിലെ ഈദ്ഗാഹ് വരെയുള്ള സ്ഥലങ്ങൾ സൃഷ്ടിച്ച വർഗീയസംഘർഷങ്ങളും ഹിന്ദുത്വാധിനിവേശങ്ങളുമാണ് ഒന്ന്. ബോംബെ, ഹൈദരാബാദ്, സൂറത്ത് തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചു നടക്കുന്ന വിവിധങ്ങളായ ഹിന്ദു-മുസ്ലിം സംഘർഷങ്ങളുടെ സ്ഥലപഠനമാണ് മറ്റൊന്ന്. 1983ലെ ഏകാത്മയജ്ഞം മുതൽ അദ്വാനിയുടെ രഥയാത്രയും നരേന്ദ്ര മോദിയുടെ ഗൗരവയാത്രയും വരെയുള്ളവ സൃഷ്ടിച്ച മാർഗാധിഷ്ഠിതമായ ഹിന്ദുത്വ ധ്രൂവീകരണമാണ് മൂന്നാമത്തേത്. മതമൗലികവാദത്തെക്കുറിച്ചു നടക്കുന്ന ദേശകേന്ദ്രിതമായ സമൂഹശാസ്ത്രപഠനത്തിന്റെ അപൂർവമായ ഇന്ത്യൻ മാതൃകകളിലൊന്നായി മാറുന്നു, ഈ ലേഖനം.
സമകാലിക ഇന്ത്യയിലെ ജാതിഅസമത്വങ്ങളെക്കുറിച്ചുള്ള അടുത്ത ലേഖനം, മതവർഗീയതയെക്കാൾ ഹിന്ദുസമൂഹത്തിലെ മധ്യ-ഉപരിവിഭാഗങ്ങളെ പ്രകോപിപ്പിച്ച കീഴ്ജാതികളുടെ മണ്ഡൽ അനന്തര സാമൂഹിക ദൃശ്യത അപഗ്രഥിക്കുന്നു. ദേശീയപ്രസ്ഥാനകാലം മുതൽ നെഹ്രുവിയൻ കാലംവരെ, ജാതിയെ തിന്മനിറഞ്ഞ ഒരു വ്യവസ്ഥയായി കരുതിപ്പോന്ന പൊതുഹിന്ദുസമൂഹം, മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് സൃഷ്ടിച്ച സാമൂഹികവിപ്ലവത്തോടെ നെടുകെപിളർന്നു. ഇന്ത്യൻ സമൂഹശാസ്ത്രജ്ഞർപോലും പരക്കെ സ്വീകരിച്ച നിലപാട്, നഗര മധ്യവർഗത്തിന്റെ മണ്ഡൽവിരുദ്ധ, സംവരണവിരുദ്ധസമീപനത്തെ പിന്തുണയ്ക്കുന്നതായിരുന്നു. മാദ്ധ്യമങ്ങളുടെ കാഴ്ചപ്പാടും മറ്റൊന്നായിരുന്നില്ല. ജാതിഭേദം, അതുവളർത്തുന്ന അസമത്വം, സ്വാതന്ത്ര്യാനന്തരം അതിനു കൈവന്ന മാറ്റങ്ങൾ എന്നീ മൂന്നു ചോദ്യങ്ങളിലൂന്നി ദേശ്പാണ്ഡെ ഈ വിഷയം ചർച്ചക്കെടുക്കുന്നു. ജീവിതാവസരങ്ങൾ, തൊഴിലുകൾ, ഉന്നതവിദ്യാഭ്യാസം, സാമൂഹ്യപദവികൾ, അധികാരശ്രേണി... ഓരോ രംഗത്തും ജാതിവ്യവസ്ഥ നിലനിർത്തിക്കൊണ്ടേയിരിക്കുന്ന അസമത്വത്തിന്റെ അപഗ്രഥനമായി ഈ ചർച്ച മാറുന്നു. ഗാന്ധിയൻ ദേശീയതയിൽപോലും ജാതിയെക്കുറിച്ചു നിലനിന്നിരുന്ന ഇരട്ടമുഖമുള്ള ധാരണകളെ വിമർശിച്ചുകൊണ്ട്, ദേശീയ സാമ്പിൾ സർവേ സംഘടന (NSSO) നടത്തിയ, ജാതിവിഭാഗങ്ങൾ തമ്മിലുള്ള സാമ്പത്തികാന്തരത്തെക്കുറിച്ചുള്ള പഠനവിവരങ്ങൾ ലേഖനം അവതരിപ്പിക്കുന്നു. അതിരൂക്ഷമാംവിധം നിലനിൽക്കുന്ന ജാത്യസമത്വത്തിന്റെ സാമൂഹിക സാമ്പത്തിക മാനങ്ങൾ ഈ പഠനം വെളിയിൽ കൊണ്ടുവരുന്നു. സെൻസസിൽ ജാതി ഉൾപ്പെടുത്തുന്നതിനെ എതിർക്കുന്നവരെ നിശിതമായി വിമർശിച്ചുകൊണ്ട് ദേശ്പാണ്ഡെ തന്റെ നിലപാടുകൾ ആവർത്തിക്കുകയും ചെയ്യുന്നു.
'വർഗ'മെന്ന മാർക്‌സിയൻ പരികല്പന മുൻനിർത്തി ഇന്ത്യൻ മധ്യവർഗത്തിന്റെ സമൂഹശാസ്ത്രപഠനം നടത്തുന്നു, അടുത്ത ലേഖനത്തിൽ ഗ്രന്ഥകാരൻ. 1990കളുടെ തുടക്കം മുതൽ സോഷ്യലിസത്തിന്റെ പതനവും മാർക്‌സിസത്തിന്റെ കെട്ടുറപ്പില്ലായ്മയും സൃഷ്ടിച്ച പ്രതിസന്ധി വർഗാധിഷ്ഠിത സമൂഹശാസ്ത്രപഠനത്തിനും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്ന വസ്തുത തുറന്നുപറഞ്ഞുകൊണ്ടാണ് ദേശ്പാണ്ഡെ ആഗോളവൽക്കരണകാലത്തെ ഇന്ത്യൻ മധ്യവർഗത്തെക്കുറിച്ചുപന്യസിക്കുന്നത്. തൊഴിലാളി-മുതലാളി വിഭജനത്തിൽ വർഗസമൂഹത്തെ ഒന്നടങ്കം വിന്യസിച്ചതിന്റെ പരിമിതി മാർക്‌സിസത്തിന് മുൻപുതന്നെയുണ്ട്. ഈ ഇരുവർഗങ്ങൾക്കു വെളിയിലുള്ള സമൂഹത്തെ ക്ലാസിക്കൽ മാർക്‌സിസം അഭിസംബോധന ചെയ്യാൻ കൂട്ടാക്കിയില്ല. അന്തോണിയോ ഗ്രാംഷിയാണ് ഈ കുറവ് പരിഹരിച്ചത്. ഡി.പി. മുഖർജിയും ബി.ബി. മിശ്രയും തുടക്കമിട്ട, ഇന്ത്യൻ മധ്യവർഗപഠനത്തെ ദേശ്പാണ്ഡെ മുന്നോട്ടു കൊണ്ടുപോകുന്നു. ജനപ്രിയരചനകളിലും മാദ്ധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന, ധനികരും ദരിദ്രരുമല്ലാത്തവരാണ് മധ്യവർഗം. ജനസംഖ്യയുടെ മുപ്പതുശതമാനത്തിലധികം വരുന്ന ഉപഭോക്തൃസമൂഹമായി അവർ ഇന്ത്യയിൽ ഏറ്റവും പ്രബലമായ വർഗമായിക്കഴിഞ്ഞിരിക്കുന്നു. മൂന്നു സൈദ്ധാന്തിക പരികല്പനകൾ മുൻനിർത്തി ദേശ്പാണ്ഡെ മധ്യവർഗത്തെ നിർവചിക്കുന്നു.
1. സമൂഹത്തിൽ അധികാരവും വാഴ്ചയും നിയന്ത്രിക്കുന്ന വിഭാഗങ്ങളുടെ അധീശത്വത്തെ സന്ധാനം (articulate) ചെയ്യുന്ന വർഗം.
2. സാംസ്‌കാരികമൂലധനത്തെയും അതിന്റെ പുനരുല്പാദനമാർഗങ്ങളെയും ആശ്രയിക്കുന്ന വർഗം.
3. പ്രത്യയശാസ്ത്രനിർമ്മാണ-പ്രചാരണപ്രവൃത്തികളിൽ സവിശേഷ വൈദഗ്ദ്ധ്യമുള്ള വർഗം.
അവസാന ലേഖനം, 'ആഗോളവൽക്കരണത്തിന്റെ സാംസ്‌കാരികഭൂമിശാസ്ത്ര'മെന്ന നിലയിൽ സമകാലിക ഇന്ത്യൻ സമൂഹത്തിന്റെ പഠനമാണ്. സ്ഥലപരവും ദേശീയതാപരവുമായ അതിവർത്തനങ്ങളെ മുൻനിർത്തിയാണല്ലോ സാമാന്യമായി 1990 മുതലുള്ള കാലത്ത് ആഗോളവൽക്കരണത്തെ നിർവചിക്കാറുള്ളത്. ഈ പ്രവണതകളുടെ മാദ്ധ്യമപരവും സാമൂഹികവും നരവംശശാസ്ത്രപരവും സാമ്പത്തികവും മറ്റുമായ മാനങ്ങൾ ദേശ്പാണ്ഡെ വിശകലനം ചെയ്യുന്നു. 'ബോംബെ കർണാടക' (ഹൂബ്ലി-ധർവാർ മേഖല) എന്നറിയപ്പെടുന്ന നാലു ജില്ലകളിൽ കാണപ്പെടുന്ന പ്രാദേശിക സ്വത്വങ്ങളെ ('തന്മ' എന്നാണ് ദേവികയുടെ പ്രയോഗം)ക്കുറിച്ച് താൻ നടത്തിവരുന്ന ഗവേഷണപഠനത്തിന്റെ ചില സർവേ വിവരങ്ങൾ മുൻനിർത്തി ആഗോളവൽക്കരണം എങ്ങനെ സവിശേഷ സാംസ്‌കാരികഭൂമിശാസ്ത്രങ്ങൾക്കു രൂപംകൊടുക്കുന്നുവെന്ന അന്വേഷണമാണ് ദേശ്പാണ്ഡെ നിർവഹിക്കുന്നത്. തലമുറകൾ തമ്മിലുള്ള വ്യത്യാസം മാനദണ്ഡമാക്കി തൊഴിൽ, വിദ്യാഭ്യാസം, ജീവിതനിലവാരം തുടങ്ങിയ ഘടകങ്ങൾ അവലോകനം ചെയ്തു കണ്ടെത്തുന്ന നിഗമനങ്ങളിൽനിന്നാണ് ദേശ്പാണ്ഡെയുടെ പഠനം മുന്നേറുന്നത്. അതി-ദേശീയത മുതൽ ഹിന്ദുത്വവാദം വരെയുള്ളവ ചർച്ചചെയ്ത് ഈ സ്ഥലഭൂമികയുടെയെന്നല്ല, ഇന്ത്യയുടെ തന്നെയും ആഗോളവൽക്കരണകാലത്തെ സാമൂഹികനില പഠിക്കുന്നു, ഗ്രന്ഥകാരൻ.
ഏറ്റവും മൂർത്തവും ജൈവികവുമായ സാമൂഹിക ഇടങ്ങളിലും സന്ദർഭങ്ങളിലും നിന്ന് തന്റെ സമൂഹശാസ്ത്രപഠനങ്ങൾ തുടങ്ങിവയ്ക്കുകയാണ് ദേശ്പാണ്ഡെയുടെ രീതി. ഒരു ഹോട്ടലിലെ തർക്കമാകാം, ക്ലാസ്മുറിയിലെ സംശയമാകാം, ടെലിവിഷനിൽ കണ്ട പരസ്യമാകാം, റോഡിലോടുന്ന വാഹനങ്ങളിലെ ഗ്രാഫിറ്റിയാകാം-ഇന്ത്യൻ സമൂഹത്തിന്റെ ആധുനികതയെയും ദൈനംദിന ജീവിതപ്രവണതകളെയും വിശദീകരിക്കുന്നതിന് പൊതു-അക്കാദമിക സമൂഹശാസ്ത്രപഠനങ്ങളുടേതിൽനിന്നു ഭിന്നമായ രീതിശാസ്ത്രങ്ങൾ വിട്ടുവീഴ്ചയില്ലാതെ സ്വീകരിച്ചുകൊണ്ടാണ് ദേശ്പാണ്ഡെ ഈ ഗ്രന്ഥത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അസാധാരണമാംവിധം സൂക്ഷ്മതയുള്ള സങ്കല്പനധാരണകളും രാഷ്ട്രീയ ജാഗ്രതയും ഉടനീളം പുലർത്തി ദേവിക ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നു. വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ രചനയിലും വിവർത്തനത്തിലും പുലർത്തേണ്ട സമീപനങ്ങളുടെ മികച്ച മാതൃകകളിലൊന്ന് എന്ന നിലയിൽ ഈ രചനയ്ക്കുള്ള ഇരട്ടമൂല്യം ശ്രദ്ധേയമാകുന്നത് അങ്ങനെയാണ്.
സമകാലിക ഇന്ത്യ
സതീശ് ദേശ്പാണ്ഡെ
വിവ. ജെ. ദേവിക
കേരളശാസ്ത്രസാഹിത്യപരിഷത്ത്
2015, വില : 300 രൂപ