- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോൻസന്റെ ചെമ്പോല തിട്ടൂരം വ്യാജം; ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട് അന്വേഷണ സംഘത്തിനു കൈമാറും; ശബരിമല വിശ്വാസത്തെ തകർക്കാൻ വ്യാജ ചെമ്പോലയെ ആയുധമാക്കിയവർ കൂടുതൽ കുരുക്കിലാകും
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസന്റെ കലൂരിലെ വാടകവീട്ടിൽ കണ്ടെത്തിയ ചെമ്പോല തിട്ടൂരം വ്യാജമെന്നു പ്രാഥമിക നിഗമനം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) ചെന്നൈയിൽ നിന്നെത്തിയ പ്രത്യേക സംഘമാണു പ്രാഥമിക പരിശോധനയിൽ ചെമ്പോല വ്യാജമെന്ന നിഗമനത്തിലെത്തിയത്. ശാസ്ത്രീയ പരിശോധനകൾക്കു ശേഷം ഇതുസംബന്ധിച്ച റിപ്പോർട്ട് മേഖലാ ഡയറക്ടർ അന്വേഷണ സംഘത്തിനു കൈമാറും.
മോൻസന്റെ വീട്ടിൽ നേരത്തേ പരിശോധന നടത്തിയ എഎസ്ഐ കേരള യൂണിറ്റിന്റെ ശുപാർശ പ്രകാരമാണു പുരാരേഖകളുടെ ശാസ്ത്രീയ പരിശോധന നടത്തുന്ന ചെന്നൈ സംഘം കഴിഞ്ഞ ദിവസം മോൻസന്റെ വീട്ടിലെത്തി വിശദമായി പരിശോധിച്ചത്. അതേസമയം അമൂല്യമെന്നും വർഷങ്ങളുടെ പഴക്കമുണ്ടെന്നും അവകാശപ്പെട്ടിരുന്ന ടിപ്പുവിന്റെ സിംഹാസനവും ശിവന്റെ വെങ്കല വിഗ്രഹവുമെല്ലാം പുരാസവസ്തുവല്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
അമൂല്യമെന്ന് അവകാശപ്പെട്ടതിനെല്ലാം പത്ത് വർഷത്തെ പഴക്കം പോലുമില്ല. പുരാവസ്തുവകുപ്പ് ക്രൈം ബ്രാഞ്ചിന് നൽകിയ 35 പേജുള്ള മോൺസൺ വീമ്പിളിക്കി കാണിച്ചിരുന്ന വസ്തുക്കളുടെയെല്ലാം പടങ്ങളടക്കം ചേർത്താണ് റിപ്പോർട്ട്. മുൻ സംസ്ഥാന പൊലീസ് മേധാവിയെ പോലും കബളിപ്പിച്ച ടിപ്പുവിന്റെ സിംഹാസനം- വ്യാജം, ടിപ്പുവിന്റെ വാളും വ്യാജം. ചിരിക്കുന്ന ബുദ്ധനും ഗ്രാമഫോണുമെല്ലാം പഴയതല്ല. ശിവ-കൃഷ്ണ വിഗ്രങ്ങളും ഗാന്ധിയുടെയും നെഹ്റുവിന്റെയും എണ്ണ ഛായ ചിത്രങ്ങളും പുരാവസ്തുക്കളല്ല. ചെമ്പ് തട്ടം, തമ്പുരു, ഗ്രാമഫോൺ, വിളക്കുകൾ എല്ലാം തട്ടിപ്പായിരുന്നുവെന്ന് പരിശോധന റിപ്പോർട്ടിൽ പറയുന്നു. ശാസ്ത്രീയപരിശോധന നടത്തിയാണ് പുരാവസ്തുവകുപ്പ് റിപ്പോട്ട് തയ്യാറാക്കിയത്.
മോൻസന്റെ ചെമ്പോല വ്യാജമാണെന്ന് വ്യക്തമാകുന്നതോടെ ഇതുമായി ബന്ധപ്പെട്ട് വ്യാജവാർത്ത കൊടുത്തവരും കൂടുതൽ വെട്ടിലാകും. വ്യാജ വാർത്തയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഡ്വ. ശങ്കു ടി. ദാസ് ഫേസ്ബുക്കിലൂടെ നടത്തിയ പരാതി ക്യാംപെയ്ൻ മലയാളി സമൂഹം ഏറ്റെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ ശങ്കു ടി ദാസ് ഫയൽ ചെയ്ത ക്രിമിനൽ കേസ് ഹൈക്കോടതി സ്വീകരിക്കുകയുമുണ്ടായിരുന്നു. ഒക്ടോബർ രണ്ടിനാണ് വ്യാജ ചെമ്പോല ഉപയോഗിച്ച് തെറ്റായ വാർത്ത വന്നത്. ഈവാർത്ത പ്രചരിപ്പിച്ച് ഹിന്ദു സമൂഹത്തിൽ ജാതീയമായ ഭിന്നിപ്പും സ്പർദ്ധയും സൃഷ്ടിക്കാൻ ശ്രമിച്ചതിനെതിരെയാണ് ശങ്കു ടി ദാസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി കൊടുക്കുന്നത്. എന്നാൽ, എഫ്ഐആർ എടുക്കുവാൻ പൊലീസ് തയ്യാറായില്ല.
തുടർന്ന് പൊന്നാനി കോടതിയെ സമീപിച്ചെങ്കിലും തങ്ങളുടെ പരിധിയിൽ അല്ലാത്തതുകൊണ്ട് ഇവിടെ കേസ് എടുക്കാനാവില്ലെന്ന കാരണം ഉന്നയിച്ച് പരാതി മടക്കുകയാണ് ചെയ്തത്. ഇതിനെതിരെയാണ് ശങ്കു ടി ദാസ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി സർക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്. സർക്കാരും നിലപാട് വ്യക്തമാക്കണ എന്നാണ് നോട്ടീസിൽ നൽകിയരുന്ന്. 24 ന്യൂസ് ചാനലിൽ സഹിൻ ആന്റണിയാണ് ശബരിമല ക്ഷേത്രത്തെ സംബന്ധിക്കുന്ന 400 വർഷം പഴക്കമുള്ള ആധികാരിക രേഖ എന്നവകാശപ്പെട്ടാണ് പന്തളം കൊട്ടാരം വക ചെമ്പോല തിട്ടൂരത്തിന്റെ മാതൃകയിൽ വ്യാജമായി നിർമ്മിച്ച കൃത്രിമ രേഖ ഉയർത്തി കാട്ടി തെറ്റായ വർത്ത നൽകിയത്.
പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള മോൻസൺ മാവുങ്കൽ എന്നയാളുടെ വ്യാജ പുരാവസ്തു ശേഖരത്തിന്റെ ഭാഗമായിരുന്നു ചെമ്പോല തിട്ടൂരവും. കൊല്ലം വർഷം 843ൽ പുറപ്പെടുവിച്ചതും രാജ മുദ്രയുള്ളതും പ്രാചീന കോലെഴുത്ത് മലയാളത്തിൽ ചെമ്പ് തകിടിൽ എഴുതപ്പെട്ടതുമായ ആ രേഖ പ്രകാരം ശബരിമല ക്ഷേത്രത്തിൽ ബ്രാഹ്മണ പൂജാരികൾക്ക് യാതൊരു അധികാരവും ഇല്ലെന്നും വാർത്തയിൽ പറഞ്ഞിരുന്നു.
ശബരിമല ക്ഷേത്രത്തിൽ ഈഴവർക്കും മലയരയർക്കും മാത്രമേ ആരാധനയ്ക്കും ആചാരങ്ങൾക്കും അധികാരമുള്ളൂ എന്നും അങ്ങനെയിരിക്കെ താഴ്മൺ മഠം എന്ന തന്ത്രി കുടുംബം ക്ഷേത്രത്തിലെ സുപ്രധാന സ്ഥാനത്ത് എത്തിയതിൽ ദുരൂഹത ഉണ്ടെന്നും മറ്റുമുള്ള ദുരുദ്ദേശ്യപരമായ പരാമർശങ്ങളാണ്റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരുന്നത്. ഈ വാർത്ത പിന്നീട് മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു.
ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി ഹൈന്ദവ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി മുന്നേറിയിരുന്ന കാലത്ത് ബോധപൂർവ്വം സമാജത്തിൽ ജാതിയുടെ പേരിലുള്ള ഭിന്നിപ്പും സ്പർദ്ധയും സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള ഗൂഢാലോചന ആയിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ തെളിയിക്കുന്നത്. സഹിൻ ആന്റണിക്ക് മോൻസൺ മാവുങ്കലുമായുള്ള അടുപ്പം ഇതിനകം വാർത്തയായിട്ടുണ്ട്. മോൻസണിന് പല ഉന്നതരെയും പരിചയപ്പെടുത്തി കൊടുത്തതും, അയാളുടെ പല ഇടപാടുകളുടെയും മധ്യസ്ഥൻനായതും, പല പരാതികളും സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീർത്തു കൊടുക്കാൻ ഇടപെട്ടതുമെല്ലാം ഇതേ സഹിൻ ആന്റണി ആണെന്ന് പലരും വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ടെന്നും പരാതിയിൽ ശങ്കു പരാതിയിൽ ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ