- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാന്തപുരത്തിന്റെ നോളജ് സിറ്റിക്കെതിരേയുള്ള കേസ് പൊളിഞ്ഞതോടെ സമസ്തയിൽ തമ്മിലടി; കേസിനു വേണ്ടി സ്വരൂപിച്ച ലക്ഷങ്ങൾ എവിടെ പോയെന്ന് ചോദിച്ച് ഒരു വിഭാഗം; നിലവിളക്ക് വിവാദത്തിന്റെ വിവാദം അടങ്ങും മുമ്പ് മുസ്ലിം പണ്ഡിത സംഘടനയിൽ അഭിപ്രായ ഭിന്നത
കോഴിക്കോട്: നോളജ്‌സിറ്റി വിഷയത്തിൽ അന്തിമവിധി കാന്തപുരത്തിന് അനുകൂലമായതോടെ ഇ.കെ വിഭാഗത്തിൽ ആഭ്യന്തരകലഹം രൂക്ഷമായിരിക്കുകയാണ്. സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ നോളജ്‌സിറ്റിക്കെതിരെ കേസ് നടത്തുന്നതിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് വകവെയ്ക്കാതെ ലക്ഷങ്ങൾ മുടക്കി കേസ് നടത്തി പരാജയം നേരിട്ടതാണ് മറുവിഭാഗത്തെ ചൊടിപ്പിച്ച
കോഴിക്കോട്: നോളജ്‌സിറ്റി വിഷയത്തിൽ അന്തിമവിധി കാന്തപുരത്തിന് അനുകൂലമായതോടെ ഇ.കെ വിഭാഗത്തിൽ ആഭ്യന്തരകലഹം രൂക്ഷമായിരിക്കുകയാണ്. സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ നോളജ്‌സിറ്റിക്കെതിരെ കേസ് നടത്തുന്നതിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് വകവെയ്ക്കാതെ ലക്ഷങ്ങൾ മുടക്കി കേസ് നടത്തി പരാജയം നേരിട്ടതാണ് മറുവിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. നിലവിളക്ക് വിഷയത്തിൽ എംപി മുസ്തഫൽ ഫൈസിക്കെതിരെയുണ്ടായ നടപടിയുമായി ബന്ധപ്പെട്ട് സമസ്തയിൽ ഉടലെടുത്ത വിവാദം കെട്ടടങ്ങും മുമ്പാണ്, കേരളത്തിലെ ആധികാരിക മുസ്ലിം പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ തലമുതിർന്ന പണ്ഡിതർ തമ്മിൽ അഭിപ്രായഭിന്നത വീണ്ടും തലപൊക്കിയിരിക്കുന്നത്.
ആസൂത്രണത്തിലെ പിഴവും വക്കീലിനെ തെരഞ്ഞൈടുക്കുന്നതിലെ വീഴ്ചയുമാണ് കേസ് പരാജയപ്പെടാൻ കാരണമായതെന്നാണ് ഒരുവിഭാഗം പണ്ഡിതർ അഭിപ്രായപ്പെടുന്നത്. എന്നാൽ കേസ് നടത്തുന്നതിനാവശ്യമായ നാൽപ്പത്തിരണ്ടു ലക്ഷം രൂപ സമാഹരിച്ചത് സമസ്തയുമായി ബന്ധമുള്ള ധനികരിൽ നിന്നായിരുന്നു. കൂടാതെ മദ്രസകൾ കേന്ദ്രീകരിച്ചും കാന്തപുരത്തിനെതിരെയുള്ള കേസ് നടത്തുന്നതിന് ഫണ്ട് സ്വരൂപിച്ചിരുന്നു. ഈ പണം എങ്ങനെ ചെലവഴിച്ചു എന്നുള്ളതിന് മറുപടിയും വ്യക്തതയും നൽകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. മദ്രസകൾ കേന്ദ്രീകരിച്ച് പിരിച്ചെടുത്ത തുകയ്ക്കു കൃത്യമായ കണക്കില്ലെങ്കിൽ പൊതു കൺവെൻഷൻ വിളിച്ചു ചേർത്ത് പ്രവർത്തകരെ വസ്തുത ധരിപ്പിക്കുമെന്നുള്ള ഭീഷണിയും ഒരുവിഭാഗം ഉയർത്തിയിട്ടുണ്ട്. സമസ്തയുടെ കീഴിലുള്ള ഇസ്ലാംമതവിദ്യാഭ്യാസ ബോർഡിലേക്കു പിരിച്ചെടുത്ത തുക വകമാറ്റി ചെലവഴിച്ചെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് മദ്രസകളിൽ നിന്നും പിരിച്ചെടുത്ത തുകയെ ചൊല്ലി കലഹം ശക്തമായിരിക്കുന്നത്. മുൻകാലങ്ങളിൽ ആഭ്യന്തരമായി നിലനിന്നിരുന്ന ചില സംഘടനാ പ്രശ്‌നങ്ങൾ കൂടിയാണ് ഇപ്പോൾ കലഹം മൂർച്ഛിക്കുന്നതിലേക്ക് എത്തിയത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സുന്നി യുവജന സംഘം ജനറൽ സെക്രട്ടറിയുമായ പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള പണ്ഡിത സംഘമാണ് കാന്തപുരം വിഭാഗത്തിന്റെ നോളജ് സിറ്റി കേസ് നടത്തുന്നതിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നത്. ഇതിനു മുതിർന്ന പണ്ഡിതരുടെ പിന്തുണയും ലഭിച്ചിരുന്നു. എന്നാൽ കാന്തപുരം വിഭാഗത്തിന്റെ നോളജ്‌സിറ്റിയെ എന്തു വിലകൊടുത്തും എതിർക്കുമെന്നും നിർമ്മാണ പ്രവർത്തനത്തിന് അനുവദിക്കില്ലെന്നും സമസ്തയുടെ മറ്റൊരു സെക്രട്ടറിയും കേരള ഹജ്ജ് ബോർഡ് ചെയർമാനുമായ കോട്ടുമല ബാപ്പു മുസ്ലിയാർ പരസ്യമായി തന്നെ പറഞ്ഞ് രംഗത്തുവന്നിരുന്നു. ഇതുമുതൽ ഭിന്നത പ്രകടമായി നിലനിന്നിരുന്നു.കേസിന്റെ നടത്തിപ്പും മറ്റു ചുമതലയുമെല്ലാം സമസ്ത മുശാവറയിൽപ്പെട്ട ഒരു പണ്ഡിതന്റെയും വിദ്യാർത്ഥി സംഘടനയായ എസ്.കെ എസ്.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറിയുടെയും അധീനതയിലായിരുന്നു നടന്നുവന്നിരുന്നത്. മർക്കസ് നോളജ് സിറ്റിക്കെതിരെ ചെന്നൈ ഹരിത ട്രിബ്യൂണലിൽ കേസ് വാദിക്കുന്നതിനായി സംഘടനയുമായി ബന്ധമുള്ള ഒരു പ്രമുഖ വക്കീലിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ കേസിന്റെ അന്തിമ വിധിഘട്ടത്തിൽ പ്രതീക്ഷിക്കാതെയുള്ള തിരിച്ചടിയുണ്ടായതാണ് ഇപ്പോൾ ഭിന്നത രൂക്ഷമാകാൻ ഇടയാക്കിയിട്ടുള്ളത്.
കാന്തപുരം സുന്നികളുടെ നേതൃത്വത്തിൽ വരാനിരിക്കുന്ന മർക്കസ് നോളജ് സിറ്റി വിവിധ വിദ്യാഭ്യാസ വ്യവസായ തൊഴിൽ സംരംഭങ്ങൾ ഏകോപിപ്പിച്ചുള്ള പദ്ധതിയായിരുന്നു. എന്നാൽ ഇത് സ്ഥാപിക്കുന്നത് പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന തരത്തിൽ പരിസ്ഥിതി ലോലപ്രദേശങ്ങളുടെ പരിധിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈയിലെ ഹരിത ട്രിബ്യൂണലിൽ ഹരജി സമർപ്പിച്ചത്. കേരള സർക്കർ, ജില്ലാകലക്ടർ, മലിനീകരണനിയന്ത്രണ ബോർഡ് തുടങ്ങി പത്തോളം കക്ഷികൾക്കെതിരെയും മർക്കസിനോടൊപ്പം കേസുണ്ടായിരുന്നു. സമസ്തക്കു കീഴിലെ സംഘടനയായ ജംഇയ്യത്തുൽ ഖാസി ഖുളാത്ത് എന്ന സംഘടനയുടെ നേതാവും അഭിഭാഷകനുമായ പയ്യോളി സ്വദേശി നൂറുദ്ദീൻ മുസ്ലിയാരുടെ മരുമകൻ കെ. സവാദ് നൽകിയ കേസാണ് ഹരിത ട്രിബ്യൂണൽ തള്ളിക്കൊണ്ട് ഉത്തരവിറക്കിയത്. കേസിനു പിന്നിൽ പരിസ്ഥിതി സ്‌നേഹമല്ലെന്നും കാന്തപുരം വിഭാഗത്തോടുള്ള അന്ധമായ സംഘടനാ വിരോധമാണെന്നും നോളജ്‌സിറ്റിക്കു വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ ബോധിപ്പിക്കുകയായിരുന്നു.
നോളജ്‌സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് യാതൊരു വിലക്കുമില്ലെന്നും വിദ്യാഭ്യാസ പ്രവർത്തനവും പരിസ്ഥിതി സംരക്ഷണവും സമന്വയിപ്പിച്ചു കൊണ്ടുള്ള ഇത്തരം പദ്ധതികൾ രാജ്യപുരോഗതിക്ക് അനിവാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടതായി രേഖകൾ വ്യക്തമാക്കുന്നു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കൈതപ്പൊയിലിൽ നിർമ്മാണം പുരോഗമിക്കുന്ന മർക്കസ് നോളജ് സിറ്റി പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്നുവെന്നും പ്രസ്തുത ഭൂമി വയനാട് വന്യജീവി സങ്കേതത്തോട് ചേർക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരൻ പരാതി നൽകിയിരുന്നത്. എന്നാൽ ഒരു വർഷക്കാലമായി നടന്നു വരുന്ന കേസ് പരിശോധിച്ച ശേഷം കോടതി കേസ് തള്ളുകയായിരുന്നു. ജസ്റ്റിസ് ഡോ.ജ്യോതിമണി, എക്‌സ്‌പേർട്ട് മെമ്പർ പ്രൊഫ. ആർ നാഗേന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് 31ന് വിധി പ്രസ്താവിച്ചത്.
അതേസയം, ഭരണഘടന ഉറപ്പു നൽകുന്ന നിയമവ്യവസ്ഥയുടെ വിജയമായി കോടതി വിധിയെ കാണുന്നതായി നോളജ്‌സിറ്റി അധികൃതർ പറഞ്ഞു. പദ്ധതിയുമായി പൂർവ്വാധികം ശക്തിയോടെ മുന്നോട്ടു പോകുമെന്നും 2020ഓടെ ആദ്യഘട്ടം പൂർത്തീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കേസിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ മേൽകോടതിയെ സമീപിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഹരജിക്കാർ തീരുമാനമെടുത്തിട്ടില്ല. സമസ്തയിൽ നോളജ്‌സിറ്റി വിവാദം പുകയുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തുടർനടപടിയെടുക്കുമെന്നാണ് അറിയുന്നത്.