- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമുദായിക സംവരണം: സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി
തിരുവനന്തപുരം: ഭരണഘടനയുടെ 103-ാം ഭേദഗതിയുടെ പശ്ചാത്തലത്തിൽ മുസ്ലിംകൾ ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങൾക്ക് ലഭിക്കേണ്ട സംവരണം അട്ടിമറിക്കുന്ന വിധം സർക്കാർ കൈക്കൊണ്ട നടപടികൾ തിരുത്തണമെന്നാവശ്യപ്പെട്ട് സമസ്ത നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. പുതുതായി നടപ്പാക്കിയ സാമ്പത്തിക സംവരണത്തിന്റെ മറവിൽ പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടരുതെന്ന് നേതാക്കൾ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പിന്നോക്ക വിഭാഗങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങളൊന്നും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. എന്നാൽ സർക്കാരെടുത്ത സംവരണ നിലപാടിൽ മാറ്റമില്ലെന്നും ഏതെങ്കിലും സാഹചര്യത്തിൽ അർഹരായവർക്കാർക്കെങ്കിലും സംവരണ ആനുകൂല്യങ്ങളിൽ നഷ്ടമുണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുന്നോക്ക സംവരണം നടപ്പാക്കിയതോടെ വിദ്യാഭ്യാസ ഉദ്യോഗ മേഖലയിൽ മുസ്ലിംകളുൾപ്പടെ പിന്നോക്ക വിഭാഗങ്ങൾക്കുണ്ടായ നഷ്ടം കണക്കുകൾ സഹിതം നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. സുപ്രീം കോടതിയിലും കേരളാ ഹൈക്കോടതിയിലും ഇത് സംബന്ധമായ കേസ് നിലനിൽക്കെ ഈ വിഷയത്തിൽ ധൃതി പിടിച്ച് തീരുമാനങ്ങൾ എടുക്കരുതെന്നും എടുത്ത നടപടികൾ മരവിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. നരേന്ദ്രൻ കമ്മിഷനും പാലോളി കമ്മിഷനും നിർദ്ദേശിച്ച ബാക്ക് ലോഗ് നികത്തുക, പിന്നോക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിൽ ഉന്നയിച്ചു. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് സംബന്ധിച്ച ആശങ്ക അറിയിക്കുകയും നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്തുന്നത് നിയമമാകുന്ന പക്ഷം സംഘടനകളുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. കോവിഡ് കാരണം മരണപ്പെടുന്നവരുടെ മൃതദേഹം മതനിയമങ്ങൾ അനുസരിച്ച് കർമങ്ങൾ നടത്താൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോടും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയോടും നേതാക്കൾ ആവശ്യപ്പെട്ടു. സമസ്തയുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും അനുകൂലമായ നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമസ്ത നേതാക്കൾക്ക് ഉറപ്പു നൽകി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ മന്ത്രി കെ.ടി ജലീൽ, സമസ്ത സംവരണ സംരക്ഷണ സമിതി ചെയർമാൻ ഡോ. എൻ.എ.എം ഖാദർ, ജനറൽ കൺവീനർ മുസ്തഫ മുണ്ടുപാറ, സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ പങ്കെടുത്തു.