- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കുലേഷൻ കൂട്ടാൻ പുതുതന്ത്രവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം; മലപ്പുറത്തെ സർക്കാർ ഓഫീസുകളിലും പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും പബ്ലിക് ലൈബ്രറികളിലും അടക്കം പൊതു സ്ഥാപനങ്ങളിലേക്കെല്ലാം സൗജന്യമായി പത്രം നൽകും; പണം എസ്.കെ.എസ്.എസ്.എഫ് നൽകും; ലീഗ് മുഖപത്രമായ ചന്ദ്രികയും സർക്കുലേഷൻ ക്യാമ്പയ്നുകളിൽ സജീവം
മലപ്പുറം: ഇ.കെ വിഭാഗം സമസ്തയുടെ മുഖപത്രമായ സുപ്രഭാതം സർക്കുലേഷൻകൂട്ടാൻ പുതുതന്ത്രവുമായി രംഗത്ത്. മലപ്പുറത്തെ സർക്കാർ ഓഫീസുകൾ,സർക്കാർ,അർദ്ധ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾ,പൊലീസ് സ്റ്റേഷനുകൾ,ആശുപത്രികൾ,പബ്ലിക് ലൈബ്രറികൾ,വായനശാലകൾ തുടങ്ങി പൊതു സ്ഥാപനങ്ങളിലേക്കെല്ലാം സൗജന്യമായി പത്രം നൽകും. പണം സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫ് നൽകും. പ്രമുഖ മലയാള ദിനപത്രമായ സുപ്രഭാതം ഏഴാമത് കാംപയിൻ കാലയളവിലാണ് മലപ്പുറം ജില്ലയിലെ നിരവധി സർക്കാർ,പൊതു സ്ഥാപനങ്ങളിലേക്ക് സൗജന്യമായി പത്രം സമ്മാനിച്ചു എസ്.കെ.എസ്.എസ്.എഫ് പദ്ധതി ആസൂത്രണം ചെയ്തത്.
സംഘടനയുടെ മലപ്പുറം ഈസ്റ്റ് ജില്ലാ ഘടകമാണ് സുപ്രഭാതം ചലഞ്ച് 2020 എന്ന പേരിൽ സൗജന്യ പദ്ധതി ആവിഷ്കരിച്ചത്. മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികയും സർക്കുലേഷൻ ക്യാമ്പയ്നുമായി രംഗത്ത് സജീവമായതിനാൽ തന്നെ വൻ മുന്നേറ്റം സുപ്രഭാത്തിനുണ്ടാക്കാനാണ് ഭാരവാഹികളുടെ നീക്കം. സമസ്ത ഭാരവാഹികളെല്ലാം മുസ്ലിംലീഗ് അനുഭാവികളായതിനാൽ തന്നെ ചന്ദ്രിക നടത്തുന്ന സർക്കുലേഷൻ ക്യാമ്പയ്നുകൾ മറകടക്കാനാണ് എസ്.കെ.എസ്.എസ്.എഫ് പുതുതന്ത്രം പയറ്റുന്നത്. പാർട്ടി തലത്തിൽ പ്രദേശികമായി മുതൽ മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ ചന്ദ്രികക്കുവേണ്ടി സർക്കുലേഷൻ ക്യാമ്പയ്ൻ നടക്കുന്നുണ്ട്.
മലപ്പുറം ഈസ്റ്റിൽ സംഘടനക്കു 18 മേഖലകളുണ്ട്.ഈ സമിതികൾക്കാണ് പദ്ധതി നിർവഹണ ചുമതല.മേഖലാ തലത്തിലും,അതിനു കീഴിലുള്ള ക്ലസ്റ്റർ,യൂനിറ്റ് കീഴ്ഘടകങ്ങളും സ്പോൺസർഷിപ്പിലൂടെയാണ് ഒരു വർഷത്തെ വരിസംഖ്യ കണ്ടെത്തുന്നത്.വ്യക്തികളും സ്ഥാപനങ്ങളും,സംഘടനാ വാടസ് ഗ്രൂപുകളിൽ പ്രവർത്തകരുടെ ഷെയർ ശേഖരിച്ചും ഇതിനുള്ള വിഹിതം കണ്ടെത്തും. ജില്ലാ സമിതിക്കു കീഴിൽ 18 മേഖലാ കോഡിനേറ്റർമാരെയും നിയമിച്ചിട്ടുണ്ട്. ഇവർ മുഖേന ഓരോ ദിവസവും പദ്ധതിയിൽ അംഗമായ സ്ഥാപനങ്ങളുടെ അപ്ഡേഷനും, മോണിറ്ററിംഗും ജില്ലാ തലത്തിൽ നടക്കുന്നുണ്ട്. ഇതോടെ ഓരോ മേഖലയും കൂടുതൽ പത്രം സ്പോൺസർ ചെയ്യാനുള്ള മൽസരമായി മാറിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
സുപ്രഭാതം കാംപയിൻ പ്രവർത്തനങ്ങളിലെ പങ്കാളിത്തം, വരിചേർക്കൽ, ചലഞ്ച് പദ്ധതി നിർവഹണം എന്നിവക്കു കീഴ്ഘടകങ്ങൾക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി പ്രത്യേക പ്രോൽസാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച മേഖലക്കും,എല്ലാ മേഖലയിലും ഒന്നാം സ്ഥാനക്കാരായ ക്ലസ്റ്റർ,നൂറോളം ക്ലസ്റ്ററുകളിലും മികച്ച ഓരോ യൂണിറ്റ് വീതം ജില്ലാ തല സമ്മാനത്തിനു തെരഞ്ഞെടുക്കും.മലയാള ദിനപത്രങ്ങളുടെ സർക്കുലേഷൻ കാംപയിനുകളിൽ നൂതനവുമായ സംഘടനാ പദ്ധതികളോടെ കാംപയിൻ ശ്രദ്ധേയമാകുന്നു എന്നതാണ്'സുപ്രഭാതം' കാംപയിനെ ശ്രദ്ധേയമാക്കിയത്. കഴിഞ്ഞ സപ്തംബർ ഒന്നിനു ഏഴാം വർഷത്തിലേക്ക് പ്രവേശിച്ച ദിനപത്രത്തിന്റെ കാംപയിൻ ഈ മാസം 20 വരേയാണ്. കോഴിക്കോട് ആസ്ഥാനമായ ഇഖ്റഅ് പബ്ലിക്കേഷൻ ആണ് സുപ്രഭാതം ദിനപത്രം പ്രസിദ്ധീകരിക്കുന്നത്.