തിരുവനന്തപുരം: മരിച്ചാൽ തന്റെ മൃതദേഹം കത്തിച്ചു കളയണമെന്ന് ഫേസ്‌ബുക്കിലെഴുതിയ സുപ്രഭാതം ദിനപത്രം മലപ്പുറം ബ്യൂറോ ചീഫ് വി അബ്ദുൽ മജീദിനെതിരെ സമസ്തയിൽ കലാപക്കൊടി. ഇ.കെ വിഭാഗം സുന്നികളുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ സ്പെഷൽ കറസ്പോണ്ടന്റും മലപ്പുറം ബ്യൂറോ ചീഫുമായ മജീദ് മൂന്ന് ദിവസം മുമ്പാണ് മറ്റൊരു പോസ്റ്റിന് കമന്റായി വിവാദ കുറിപ്പ് പോസ്റ്റ് ചെയ്തത്. തുടർന്ന് മജീദിനെ അനുകൂലിച്ചും പ്രതികൂലിച്ചും നൊടിയിടയിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ പൊടിപൊടിച്ചു. ഇതോടെ സമസ്ത അനുയായികൾ മജീദിനെതിരെ പ്രചരണവുമായി രംഗത്തെത്തി.

ഇസ്ലാമിക രീതിയിൽ ആരെങ്കിലും ഖബറടക്കാൻ തുനിഞ്ഞാൽ അത് തടയണമെന്നും അങ്ങനെ തുനിയുന്നവരെ തീവ്രവാദിയും മതമൗലികവാദിയും ആക്കി ചിത്രീകരിച്ച മജീദിനെ സുപ്രഭാതത്തിൽ നിന്ന് ചവിട്ടി പുറത്താക്കണമെന്നുമാണ് സമസ്ത പ്രവർത്തകരുടെ സോഷ്യൽമീഡിയാ പ്രചാരണം. അതേസമയം മജീദിന് അദ്ദേഹത്തിന്റെ ആശയവും വിശ്വാസവും അനുസരിച്ച് ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന ഒരു വിഭാഗം സമസ്ത പ്രവർത്തകർ തന്നെ പറയുന്നുണ്ട്.

വി അബ്ദുൽ മജീദിനെതിരെ പ്രതിഷേധത്തിനിടയാക്കിയ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണം രൂപം ഇങ്ങനെയാണ്: ' ഞാൻ മരിച്ചാൽ മൃതദേഹം മാവൂർ റോഡ് ഇലക്ട്രിക് ശ്മശാനത്തിൽ സംസ്‌കരിക്കണമെന്ന് ഞാൻ വസ്വിയത്ത് ചെയ്തിട്ടുണ്ട്. കോടിക്കണക്കിനാളുകൾക്ക് തലചായ്ക്കാൻ ഇടമില്ലാത്തൊരു രാജ്യത്ത് എനിക്കു വേണ്ടി അൽപമെങ്കിലും ഇടം മണ്ണ് മുടക്കിയിടുന്നത് ശരിയല്ലെന്നു തോന്നിയതുകൊണ്ടാണത്. എന്റെ ഭാര്യയും മക്കളും അതിന് അനുകൂലമാണ്. എങ്കിലും എന്റെ ബന്ധുക്കളിൽ മതമൗലികവാദികളും കടുത്ത വർഗീയവാദികൾ തന്നെയും ധാരാളാമുണ്ട്. അവരാരെങ്കിലും എന്റെ മൃതദേഹം ആചാരപ്രകാരം കുഴിച്ചുമൂടാൻ ശ്രമിച്ചാൽ താങ്കളുൾപടെയുള്ള എന്റെ സുഹൃത്തുക്കൾ ഇടപെടണം (പിന്നെ ദയവായി എന്നെ കമ്മ്യൂണിസ്റ്റോ സൂഫിയോ ആക്കരുത്. ഞാനിപ്പോൾ എനിക്കു തന്നെ അറിയാത്ത വേറെ എന്തൊക്കെയോ ആണ്) '

പഴയ നക്സലൈറ്റ് നേതാവും സാമൂഹിക സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന ടി.എൻ ജോയി എന്ന നജ്മൽ ബാബുവിന്റെ അന്ത്യാഭിലാഷമായ മുസ്ലിംപള്ളിയിൽ മൃതദേഹം അടക്കണമെന്നത് മാനിക്കാതെ വീട്ടുകാർ വീട്ടുവളപ്പിൽ സംസ്‌കരിച്ചതുമായി ബന്ധപ്പെട്ട സുഹൃത്തിന്റെ പോസ്റ്റിനു താഴെയാണ് യുക്തിവാദിയായ അബ്ദുൽ മജീദ് വിവാദ പോസ്റ്റിടുന്നത്. സംഭവം വിവാദമായതോടെ മജീദിനെതിരെ എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് നേതാക്കൾ സമസ്ത നേതാക്കളെ സമീപിച്ചിട്ടുണ്ട്. കൂടാതെ സുപ്രഭാതെ ഓഫീസിലേക്ക് മജീദിനെതിരെ ഫോൺകോളുകളുടെ പ്രവാഹവുമാണ്.

തിരുവനന്തപുരം സുപ്രഭാതം ഓഫീസിലായിരുന്ന മജീദിന് മൂന്ന് മാസം മുമ്പാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റം കിട്ടിയത്. സുപ്രഭാതം തുടങ്ങിയതു മുതൽ കോഴിക്കോട് ഡെസ്‌കിലായിരുന്ന മജീദിനെ പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ തിരുവനന്തപുരത്തെ സമസ്തയുടെയും പോഷകഘടകത്തിന്റെയും നേതാക്കൾക്ക് അവമതിപ്പായതോടെ മലപ്പുറത്തേക്കു മാറ്റുകയായിരുന്നു. മലപ്പുറത്തെത്തി ഇരിപ്പുറക്കും മുമ്പാണ് മജീദിനെതിരെ വീണ്ടും കലാപക്കൊടി ഉയർന്നിരിക്കുന്നത്.

മജീദിനെതിരെ പത്രം നടപടിയെടുക്കണമെന്നാണ് വലിയ വിഭാഗം ഇകെ സുന്നികളുടെയും ആവശ്യം. സുപ്രഭാതം ദിനപത്രത്തിന്റെ കാമ്പയിൻ നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മജീദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വലിയ തിരിച്ചടിയുണ്ടാക്കിയതായി നേതാക്കൾ പറയുന്നു. എന്നാൽ മജീദിന്റെ ആശയങ്ങൾ ഇതുവരെ ജോലിയെ ബാധിച്ചിട്ടില്ലെന്നാണ് സുപ്രഭാതം എഡിറ്റോറിയൽ വിഭാഗം വ്യക്തമാക്കുന്നത്. സമസ്തയുടെ നിലപാടുകൾക്കും ആശയങ്ങൾക്കുമനുസരിച്ച് എഡിറ്റോറിയലുകളും ലേഖനങ്ങളും നിരന്തരമായി എഴുതുന്ന ആൾകൂടിയാണ് മജീദ്.

പത്രപ്രവർത്തക യൂണിയൻ സ്ഥാനങ്ങളിലുള്ള അബ്ദുൽ മജീദിനെതിരെ നടപടിയെടുക്കുക പ്രായോഗികമല്ലെന്നാണ് പത്ര മാനേജ്മെന്റിന്റെ നിലപാട്. അതേസമയം പ്രശ്നം പരിഹരിക്കാനുള്ള തിരക്കിട്ട നീക്കം മാനേജ്മെന്റ് തുടങ്ങിയിട്ടുണ്ട്. നേരത്തെ മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിലെ ചീഫ് റിപ്പോർട്ടറായിരുന്നു അബ്ദുൽ മജീദ്. സുപ്രഭാതം പത്രം പിറവികൊണ്ടതോടെ മജീദ് കൂട് മാറുകയായിരുന്നു.