മലപ്പുറം: മുജാഹിദ് സമ്മേളനം നടന്ന നഗരിയിൽ ഇന്ന് സമസ്ത സമ്മേളനം നടക്കും. സമസ്തയുടെ വിലക്കു ലംഘിച്ച് പാണക്കാട് തങ്ങൾമാർ കഴിഞ്ഞ ആഴ്ചയിൽ നടന്ന മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ സുന്നി ആശയങ്ങൾ തുറന്നു പറയുകയും സമസ്തയുടെ നിലപാട് വ്യക്തമാക്കുകയുമാണ് ഇന്ന് കൂരിയാട് നടക്കുന്ന സമ്മേളനത്തിന്റെ ലക്ഷ്യം. ലീഗിനെ കടന്നാക്രമിക്കരുതെന്നും മുജാഹിദുകൾക്കെതിരെയുള്ള വിമർശനം മയപ്പെടുത്തണമെന്നും സമസ്ത നേതാക്കൾക്ക് ലീഗിന്റെ നിർദ്ദേശമുണ്ട്.

എന്നാൽ സമസ്തയുടെ യുവ പണ്ഡിതരെ അണിനിരത്തി ലീഗിനും മുജാഹിദിനുമെതിരെ രൂക്ഷമായ കടന്നാക്രമണം നടത്താനാണ് സമസ്തയുടെ നീക്കം. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്തയുടെ വൈസ്പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഇന്ന് കൂരിയാട് നടക്കുന്ന സമസ്ത സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സമസ്ത നേതാവെന്ന നിലയിലാണ് ഹൈദരലി തങ്ങൾ വേദിയിലെത്തുന്നത്. എന്നാൽ മുസ്ലിംലീഗിന്റെ നേതാക്കളോ ജനപ്രതിനിധികളോ മറ്റ് പാണക്കാട് തങ്ങന്മാരെയോ പരിപാടിയിലേക്ക് ക്ഷണമില്ല. മുജാഹിദ് സമ്മേളനത്തിൽ ലീഗ് നേതാക്കൾ പങ്കെടുത്തതിന് പ്രതികാരമായാണ് ഇത്തരം നടപടി.

മുസ്ലിംലീഗിന്റെ പ്രാരംഭഘട്ടം മുതൽ തന്നെ അടുത്ത് നിന്ന സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. 1989ൽ സമസ്ത പിളർന്ന ശേഷം കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സമസ്ത വിഭാഗം ലീഗ് വിരുദ്ധ ചേരിയിലായിരുന്നു. എന്നാൽ ഇ.കെ വിഭാഗം മുസ്ലിംലീഗുമായി കൂടുതൽ അടുക്കുകയും പാണക്കാട് തങ്ങൾ കുടുംബത്തിൽ നിന്നുള്ളവർ സമസ്തയുടെയും ലീഗിന്റെയും നേതൃനിരയിലേക്കു വരികയും ചെയ്തു.

ലീഗിന്റെ അണികളിൽ ഭൂരിപക്ഷവും സമസ്ത പ്രവർത്തകരോ അനുഭാവികളോ ആണ്. മുസ്ലിം സംഘടനകളുടെ പൊതു പ്ലാറ്റ്ഫോമാകാണമെന്നാണ് മുസ്ലിംലീഗ് ലക്ഷ്യമിടുന്ന രാഷ്ട്രീയ സ്വപ്നം. എന്നാൽ എ.പി സുന്നികളുമായി അടുക്കുന്നതും മുജാഹിദ് സംഘടനകളോട് അമിത സ്നേഹം കാണിക്കുന്നതും ഇ.കെ സുന്നികൾ താൽപര്യപ്പെടാറില്ല. ഇക്കാരണത്താൽ ലീഗ് ഏറെ കരുതലോടെയായിരുന്നു നീങ്ങിയിരുന്നത്.

വിവിധ രാഷ്ട്രീയ, മത വിഷയങ്ങളാൽ മുൻകാലങ്ങളെ അപേക്ഷിച്ച് ലീഗ്-സമസ്ത ബന്ധത്തിൽ ഏറെക്കുറെ വിള്ളൽ വീണിട്ടുണ്ട്. ഈയിടെയായി തീവ്രവാദ ആരോപണം ഉയർന്നതോടെ കേരളത്തിലെ സലഫി സംഘടനയായ മുജാഹിദ് വിഭാഗങ്ങളെ പിന്തുണച്ച് ലീഗ് ശക്തമായി രംഗത്ത് വന്നിരുന്നു. അതേസമയം തീവ്രവാദത്തിന്റെ വിത്ത് സലഫിസവും, വഹാബിസവുമാണെന്ന കാമ്പയിനുകളുമായി സമസ്തയും രംഗത്തെത്തി. ഇതിനു പിന്നാലെ മുജാഹിദ് സമ്മേളന ഡോക്യുമെന്ററിയിൽ ഇ.ടി മുഹമ്മദ് ബഷീർ സംസാരിച്ചതിനെ തുടർന്ന് സമസ്ത-ലീഗ് അണികൾ പരസ്യ ഏറ്റുമുട്ടലുകൾ വരെ നടത്തിയിരുന്നു.

വേങ്ങര കൂരിയാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ വിവിധ ലീഗ് നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തിരുന്നെങ്കിലും സമസ്തയുടെ വിവിധ പോഷക ഘടകങ്ങളിൽ ഭാരവാഹിത്വമുള്ള പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങൾ, മുനിവ്വറലി ശിഹാഹ് തങ്ങൾ എന്നിവർ പങ്കെടുത്തതാണ് സമസ്തയെ ചൊടിപ്പിച്ചത്. സമസ്ത നേതാവ് റഹ്മത്തുള്ള ഖാസിമി ലീഗിനെതിരെ രൂക്ഷ വിമർശനവുമായി പര്യമായി രംഗത്തെത്തിയിരുന്നു. മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ച ലീഗ് എംഎ‍ൽഎ ഷാജി ഇതിന് മറുപടിയും നൽകിയിരുന്നു.

പിന്നീട് മുജാഹിദ് സമ്മേളനത്തിൽ രണ്ട് തങ്ങൾമാർ പങ്കെടുത്തത് ഏറെ വിവാദമാകുകയും താഴെ തട്ടിലെ ലീഗ്-സമസ്ത ബന്ധം വഷളാകുന്ന സ്ഥിതിയിൽ എത്തുകയും ചെയ്തിരുന്നു. വഖഫ് ബോർഡ് ചെയർമാൻ കൂടിയായ റഷീദ് അലി തങ്ങളെ സമസ്തയുടെ പരിപാടികളിൽ നിന്ന് വിലക്കുന്ന ഘട്ടം വരെയെത്തി. ഇതോടെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കൾ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുമായി അനുരഞ്ജന ചർച്ചകൾ നടത്തിയിരുന്നു. തുടർന്ന് സമസ്ത അഞ്ചംഗ സമിതിയെ നിയോഗിക്കുകയും തങ്ങൾമാരിൽ നിന്ന് വിശദീകരണം തേടുകയുമായിരുന്നു. തങ്ങന്മാർ ഖേദം പ്രകടിപ്പിച്ചെങ്കിലും മുസ്ലിംപൊതു ഐക്യമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാമ് തങ്ങന്മാർ.

ഈ സാഹചര്യത്തിലാണ് ആദർശ വിശദീകരണത്തിനായി ഇ.കെ സുന്നികൾ ഇന്ന് സമ്മേളനം നടത്തുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സമസ്ത മുശാവറ യോഗത്തിലും തങ്ങന്മാരുടെ വേദി പങ്കിടൽ സംബന്ധിച്ച ചർച്ച ഉയർന്നിരുന്നു. സുന്നി ആശയപ്രകാരം ബിദഈ (പുത്തൻവാദികൾ) കക്ഷികളായ മുജാഹിദ്, ജമാഅത്തേ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ പരിപാടിയിൽ പങ്കെടുത്താൽ സമസ്തയുടെ അംഗത്വം സ്വയമേ നഷ്ടമാകുമെന്നാണ് പണ്ഡിതർ തീരുമാനിച്ചിട്ടുള്ളത്. ഇത് ലീഗിനു മേലുള്ള കുരുക്ക് മുറുക്കും. സലഫീ, മുജാഹിദ് പ്രസ്ഥാനങ്ങളെ ലീഗ് തലോടുന്ന സമീപനമുണ്ടായാൽ ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ടു പോകാനാണ് യുവ പണ്ഡിതരുടെ തീരുമാനം.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഈ മാസം മുതൽ മെയ്‌ വരെ ആചരിക്കുന്ന ആദർശ പ്രചാരണ കാംപയിന്റെ ഭാഗമായിണ് ഉദ്ഘാടന മഹാസമ്മേളനം ഇന്ന് വൈകിട്ട് നടക്കുന്നത്. കൂരിയാട് സൈനുൽ ഉലമാ നഗറിലാണ് പരിപാടി. സമ്മേളന ഉദ്ഘാടനം വൈകിട്ട് അഞ്ചിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഉപാധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനാകും.

ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്ലിയാർ, ജനറൽ സെക്രട്ടറി എം ടി.അബ്ദുല്ല മുസ്ലിയാർ, സമസ്തകേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ പ്രസിഡന്റ് സി.കെ.എം സാദിഖ് മുസ്ലിയാർ പ്രസംഗിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങൾ, പോഷകസംഘടനാ നേതാക്കൾ സംബന്ധിക്കും.
അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ് (അഹ്ലുസുന്നത്ത് വൽ ജമാഅത്ത്), അബ്ദുസ്സമദ് പൂക്കോട്ടൂർ (ആദർശ വിശുദ്ധിയോടെ സമസ്ത നൂറാം വാർഷികത്തിലേക്ക്), ഓണംപിള്ളി മുഹമ്മദ് ഫൈസി (സലഫിസം വരുത്തുന്ന വിപത്തുകൾ), സത്താർ പന്തലൂർ (അജയ്യം,നാം മുന്നോട്ട്), മുസ്തഫ അശ്‌റഫി കക്കുപടി (മുജാഹിദ് സമ്മേളനം; വൈരുധ്യങ്ങൾക്ക് മധ്യേ) എന്നിവർ വിഷയാവതരണം നടത്തും.