- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേദിയിൽ പെൺകുട്ടിയെ സമസ്ത നേതാവ് അപമാനിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലവകാശ കമ്മീഷൻ; അബ്ദുല്ല മുസ്ലിയാർക്കും പെരിന്തൽമണ്ണ സിഐക്കും നോട്ടീസ്; ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിഷണറോടും വിശദീകരണം തേടി; നടപടി, ഗവർണറുടെ രൂക്ഷവിമർശനത്തിന് പിന്നാലെ
തിരുവനന്തപുരം: പുരസ്‌കാരം സമ്മാനിക്കാൻ വേദിയിലേക്ക് ക്ഷണിച്ച് വരുത്തിയ ശേഷം പെൺകുട്ടിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തിൽ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സമസ്ത സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാർക്കെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ അബ്ദുല്ല മുസ്ലിയാർക്കും പെരിന്തൽമണ്ണ സിഐക്കും കമ്മിഷൻ നോട്ടീസയച്ചു. മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിഷണറോടും വിശദീകരണം ചോദിച്ചു.
വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ചത് കുറ്റകൃത്യമാണെന്നും അധികൃതർ സ്വമേധയാകേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
സമസ്ത നേതാവ് പെൺകുട്ടിയെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോ സംഭവം വലിയ വിവാദമായിരുന്നു. ഇതോടെ സമസ്തയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ആരോഗ്യമന്ത്രി വീണാ ജോർജ്ജും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സംഭവത്തിൽ വിമർശനമുന്നയിച്ചിരുന്നു.
വിദ്യാഭ്യാസരംഗത്തെ നേട്ടത്തിന് ഉപഹാരം നൽകാൻ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്റ്റേജിലേക്ക് ക്ഷണിച്ചപ്പോഴാണ് വിവാദമായ സംഭവമുണ്ടായത്. സമസ്തയുടെ പൊതുവേദിയിലേക്ക് ഇനി മേലാൽ പെൺകുട്ടികളെ ക്ഷണിച്ചാൽ കാണിച്ചു തരാം എന്നാണ് സമസ്ത നേതാവായ എം ടി അബ്ദുള്ള മുസ്ലിയാർ സംഘാടകരെ ശാസിച്ചത്. സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാർ.
''ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലിൽ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കിൽ കാണിച്ച് തരാം. അങ്ങനത്തെ പെൺകുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങൾക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാൻ പറയ്''- എന്നായിരുന്നു അബ്ദുള്ള മുസ്ലിയാരുടെ ആക്രോശം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ മുസ്ലിയാർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ സമസ്തയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. പെൺകുട്ടിയെ വേദിയിൽ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. ഇതിനെതിരെ നടപടിയെടുക്കണം. പ്രതികരിക്കാത്ത രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ലജ്ജിക്കുന്നുവെന്നു അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീ പുരുഷ സമത്വത്തിന് ഇത്രയേറെ പ്രാധാന്യ കൽപ്പിക്കുന്ന കേരളീയ സമൂഹത്തിന്റെ നിശ്ശബ്ദത അതീവ ഖേദകരമാണ്. മുസ്ലിം സ്ത്രീകളെ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ തളച്ചിടാനുള്ള പുരോഹിതരുടെ, മതനേതാക്കളുടെ ശ്രമമാണ് ഇതിനുപിന്നിൽ. ഇതിന് ഖുർആൻ വചനങ്ങളുടേയോ ഭരണഘടനയുടേയോ പിൻബലമില്ല, അവയുടെ ലംഘനമാണ് നടക്കുന്നത്.
സമസ്ത വേദിയിൽ നടന്നത് ഒരു കുറ്റകൃത്യമല്ലാതെ മറ്റൊന്നുമായി കാണുന്നില്ല. അത്യന്തം ഖേദകരമായ സംഭവമാണ് നടന്നത്. സ്വമേധയാ കേസ് എടുക്കേണ്ടതാണ്. ഇത്തരം ആളുകളാണ് ഇസ്ലാമോഫോബിയ പരത്താൻ കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിജാബ് വിഷയം അടക്കം ചേർത്തുവച്ചായിരുന്നു ഗവർണറുടെ പ്രതികരണം. ദേശീയ നേതാക്കളടക്കം ഈ വിഷയത്തിൽ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ