- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നുപുർ ശർമ്മയുടെ പ്രവാചക നിന്ദാ വിഷയത്തിൽ ഇന്ത്യ ലോകത്തിന് മുന്നിൽ മാപ്പ് പറയണമെന്ന് സമസ്ത; ഗൾഫ് രാജ്യങ്ങൾക്ക് പോലുമില്ലാത്ത കടുംപിടുത്തവുമായി കേരളത്തിലെ മുസ്ലിം സംഘടന; രാജ്യത്തിന് എതിരായ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാടിൽ കടുത്ത പ്രതിഷേധം; മാപ്പു പറയൽ വാദത്തെ തള്ളിക്കളഞ്ഞ് വിദേശകാര്യ വിദഗ്ധരും
കോഴിക്കോട്: നുപുർ ശർമ്മയുടെ പ്രവാചക നിന്ദാ വിഷയത്തിൽ ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ചു കേളത്തിലെ മുസ്ലിം സംഘടനയായ സമസ്ത. പ്രസ്താവനയിൽ രാജ്യം മാപ്പ് പറയണമെന്ന അഭിപ്രായം പറഞ്ഞാണ് സമസ്ത രംഗത്തുവന്നിരിക്കുന്നത്. ഖത്തർ ഒഴികേയുള്ള മറ്റ് ഗൾഫ് രാജ്യങ്ങൾ പോലും ഈ ആവശ്യം ഉന്നയിച്ചിരുന്നില്ല. ഇതിനിടെയാണ് കേരളത്തിലെ ഒരു മുസ്ലിം സംഘടന രാജ്യം മാപ്പു പറയണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.
സമസ്തയുടെ ഈ ആവശ്യത്തിൽ സൈബറിലടത്തിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. രാജ്യം മാപ്പു പറയണം എന്ന ആവശ്യം ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ പോലും ഉന്നയിച്ചിട്ടില്ല. ഇതിന്റെ ആവശ്യമില്ലെന്ന് വിദേശകാര്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഇതിനിടെയാണ് സമസ്ത ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
നുപുർ ശർമയുടെ പ്രസ്താവനയിലൂടെ രാജ്യത്തിനുണ്ടായ കളങ്കം തീർക്കാൻ രാജ്യം മാപ്പു പറയണം എന്നാണ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നത്. രാജ്യത്തിന്റെ യശസിന് കളങ്കം വരുത്തുന്ന വിധത്തിൽ ഉത്തരവാദപ്പെട്ടവരിൽ നിന്നു നിരന്തരം പ്രവാചക നിന്ദയും പരമത വിദ്വേഷ പ്രചാരണവും ഉണ്ടാകുന്നുണ്ടെന്നും ഇത് തടയാൻ കർശന നിയമ നടപടി സ്വീകരിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.
ബിജെപി വാക്താവ് നുപൂർ ശർമയുടെ പ്രസ്താവന തികച്ചും അത്യന്തം അപലപനീയവും ഖേദകരവുമാണ്. ഭരിക്കുന്ന പാർട്ടിയുടെ നേതാക്കന്മാരുടെ പ്രസ്താവന ആയത്കൊണ്ട് അതിനെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും സമസ്ത പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. കേന്ദ്ര സർക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെയും പ്രസ്താവനകളുടെയും തുടർച്ചയായി വേണം ഇതിനെ കരുതാന്നെന്ന് വാർത്താക്കുറിപ്പിലുണ്ട്.
അതുകൊണ്ട് പാർട്ടി നടപടി കൊണ്ട് മാത്രം ഈ പ്രശ്നം തീർക്കാൻ സാധിക്കില്ല. കേന്ദ്ര സർക്കാർ ഔദ്യോഗികമായി മാപ്പുപറയുകയും പ്രവാചക നിന്ദ നടത്തിയവർക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കുകയും വേണം. ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമുള്ള കുറ്റങ്ങൾ ചാർത്തിക്കൊണ്ട് പ്രവാചക നിന്ദ നടത്തിയ കുറ്റക്കാർക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിച്ച് ശിക്ഷ ഉറപ്പു വരുത്താനുള്ള നീക്കം കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഇപ്രകാരം നമ്മുടെ രാജ്യം മാതൃകാപരമായ നടപടികൾ സ്വീകരിച്ച് ലോക രാജ്യങ്ങൾക്കിയിൽ അഭിമാനത്തിനും യശസിനും ഇന്ത്യക്ക് ഉണ്ടായ കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
കേന്ദ്ര സർക്കാർ ലോകത്തോട് ഔദ്യോഗികമായി മാപ്പ് പറയണമെന്ന സമസ്തയുടെ പ്രസ്താവനയോട് സാമൂഹിക മാധ്യമങ്ങളിൽ പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. സമസ്തയുടെ പ്രസ്താവനക്കെതിരെ ചിലർ രൂക്ഷവിമർശനങ്ങൾ ഉന്നയിക്കുന്നു. ജിഫ്രി തങ്ങളുടെ പ്രസ്താവന വന്നതിന് പിന്നാലെ തങ്ങൾ ഏത് രാജ്യക്കാരനാണ് എന്ന വിധത്തിലുള്ള ചോദ്യങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ ഉയർന്നു കഴിഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനക്ക് രാജ്യം മാപ്പ് പറയേണ്ടതിന്റെ ആവശ്യകത എന്താണെന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം.
മറുനാടന് മലയാളി ബ്യൂറോ