- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സവർണ ലോബികൾ കുപ്രചാരണം നടത്തുന്നു; ലക്ഷ്യം ന്യൂനപക്ഷ-പിന്നോക്ക സമുദായങ്ങളെ തമ്മിലടിപ്പിക്കൽ; സൗഹാർദ്ദാന്തരീക്ഷം തകർക്കുന്നവരെ ഒന്നിച്ചെതിർക്കാൻ തയാറാകണമെന്ന് സമസ്ത
മലപ്പുറം: സവർണ ലോബികൾ ന്യൂനപക്ഷ, പിന്നോക്ക സമുദായങ്ങളെ തമ്മിലടിപ്പിക്കൽ ഗൂഢനീക്കം നടത്തുന്നുവെന്നും ഇത് തിച്ചറിയാനും കേരളത്തിന്റെ സൗഹാർദ്ദാന്തരീക്ഷം തകർക്കുന്നവരെ ഒന്നിച്ചെതിർക്കാനും സമൂഹം തയാറാകണമെന്നും സമസ്ത സംവരണ സെമിനാർ അഭിപ്രായപ്പെട്ടു.
പിന്നോക്ക സമുദായങ്ങളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും പൊതുസമൂഹത്തിലും ഉദ്യോഗമേഖലയിലും ഒറ്റപ്പെടുത്താനും അവഗണിക്കാനും ശ്രമിക്കുന്ന ആനുകാലിക രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിൽ, ഈ വിഭാഗങ്ങൾ തമ്മിലുള്ള ഐക്യവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കണമെന്നാണ് സമസ്ത സംവരണ സംരക്ഷണ സമിതി ചേളാരിയിൽ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടത്.
പിന്നോക്കക്കാർക്ക് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെടുകയും അനർഹമായി എന്തൊക്കെയോ നേടിയെന്ന് കുപ്രചാരണം നടത്തുകയും ചെയ്യുന്ന സവർണ ലോബികൾ ന്യൂനപക്ഷ, പിന്നോക്ക സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ ഗൂഢനീക്കം തിരിച്ചറിയാനും കേരളത്തിന്റെ സൗഹാർദ്ദാന്തരീക്ഷം തകർക്കുന്നവരെ ഒന്നിച്ചെതിർക്കാനും സമൂഹം തയാറാകണമെന്നും സെമിനാർ അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. മുസ്ലിം സമുദായം അന്യായമായി ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നുവെന്ന തൽപര കക്ഷികളുടെ വ്യാജ ആരോപണങ്ങളിൽ സെമിനാർ പ്രതിഷേധം രേഖപ്പെടുത്തി. ഇത് സംബന്ധമായി ഒരു ധവളപത്രം പുറത്തിറക്കാൻ സർക്കാർ തയാറാവണമെന്ന് സെമിനാർ ആവശ്യപ്പെട്ടു.
'സംവരണം അട്ടിമറിക്കപ്പെടുന്നു' എന്ന ക്യാപ്ഷനിൽ ചേളാരി സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സംവരണ സംരക്ഷ സമിതി ചെയർമാൻ ഡോ: എൻ എ എം അബ്ദുൽ ഖാദർ അധ്യക്ഷനായി. സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി. മുൻ അഡീഷണൽ അഡ്വക്കറ്റ് ജനറൽ അഡ്വ: വി കെ ബീരാൻ മുഖ്യാതിഥിയായി. സമസ്ത വിദ്യാഭ്യാസ ബോർഡ് ജന:സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാർ, കെ. ഉമർ ഫൈസി മുക്കം, കുട്ടി അഹ്മദ് കുട്ടി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, സത്താർ പന്തലൂർ, കെ. മോയിൻകുട്ടി മാസ്റ്റർ പ്രസംഗിച്ചു.
ഡോ :കെ എസ് മാധവൻ, അബ്ദുസമദ് പൂക്കോട്ടൂർ എന്നിവർ വിഷയാവതരണം നടത്തി. അബ്ദുസമദ് പൂക്കോട്ടൂർ രചിച്ച, സമസ്ത സംവരണ സംരക്ഷണ സമിതി പ്രിസിദ്ധീകരിച്ച 'സംവരണം അട്ടിമറിയുടെ ചരിത്ര പാഠം' എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഡ്വ: വി കെ ബീരാന് കോപ്പി നൽകി പ്രകാശന കർമ്മം നിർവഹിച്ചു. പിണങ്ങോട് അബൂബക്കർ ,പുത്തനഴി മൊയ്തീൻ ഫൈസി, കെ.കെ എസ് തങ്ങൾ വെട്ടിച്ചിറ, നാസർ ഫൈസി കൂടത്തായി, ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, സലീം എടക്കര, ഖാദർ ഫൈസി കുന്നുംപുറം സംബന്ധിച്ചു.