മലപ്പുറം: സ്മസ്തയുടെ വിലക്ക് മറികടന്ന് കൂരിയാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പാണക്കാട് തങ്ങൾ കുടുംബത്തിലെ അംഗങ്ങൾ പങ്കെടുത്തതിൽ ഇ കെ സുന്നികൾക്കിടയിൽ കടുത്ത അതൃപ്തി പുകയുന്നു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, വഖഫ് ബോർഡ് ചെയർമാൻ റശീദലി ശിഹാബ് തങ്ങൾ എന്നിവർക്കെതിരെയാണ് സമസ്ത നേതൃത്വത്തിലും അണകൾക്കിടയിലും അതൃപ്തി ശക്തമാന്നത്. ഇരുവർക്കുമെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചതോടെ പാണക്കാട് തങ്ങൾ കുടുംബത്തിനെതിരെ ചരിത്രത്തിൽ ആദ്യമായി നടപടി ഉണ്ടാകുന്ന അവസ്ഥ വരും.

ഉചിതമായ നടപടി സ്വീകരിക്കാൻ സമസ്ത അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ചേളാരിയിൽ നടന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, വൈസ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, എം ടി. അബ്ദുല്ല മുസ്ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി കൂരിയാട് എന്നിവരാണ് സമിതി അംഗങ്ങൾ.

ജനുവരി 10ന് ചേരുന്ന 40 അംഗ കൂടിയാലോചന സമിതിയിൽ തീരുമാനമറിയിക്കും. ഭൂരിപക്ഷം വരുന്ന സുന്നികൾ ബഹുദൈവ വിശ്വാസികളാണെന്ന് പ്രചരിപ്പിക്കുകയും സ്വഹാബത്തിനെയും മുൻഗാമികളെയും മദ്ഹബിന്റെ ഇമാമുമാരെയും തള്ളിപ്പറയുകയും ചെയ്യുന്ന മുജാഹിദ് വിഭാഗത്തിന്റെ പരിപാടികളിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് സമ്മേളനത്തിന് തൊട്ടുമുമ്പായി സമസ്ത പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ, ഇത് വകവെക്കാതെ മുനവ്വറലിയും റശീദലിയും സമ്മേളനത്തിൽ പങ്കെടുത്തതാണ് സമസ്തയെ ചൊടിപ്പിച്ചത്.

മലപ്പുറം ജില്ല സുന്നി മഹല്ല് ഫെഡറേഷൻ പ്രസിഡന്റാണ് റശീദലി തങ്ങൾ. മുനവ്വറലിയാകട്ടെ എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രെൻഡിന്റെ സംസ്ഥാന ചെയർമാനാണ്. ഇരുവരും പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമായാണ് മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തതെന്ന അഭിപ്രായമാണ് നേതാക്കൾക്ക്. കൂടിയാലോചന സമിതി അംഗമായ ഉമർ ഫൈസി മുക്കം അടക്കമുള്ള നേതാക്കൾ ഇതിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. അഖീദയുടെ (വിശ്വാസം) ഭാഗമാണ് സമസ്തയുടെ നിലപാടെന്നും ഏതെങ്കിലും സ്ഥാനത്തിരിക്കുന്നുവെന്നതുകൊണ്ട് വിശ്വാസവും നിലപാടും മാറാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

സമസ്തയുടെ നയങ്ങളിൽ നിന്ന് വ്യതിചലിച്ചതിന്റെ പേരിൽ മുസ്തഫൽ ഫൈസി, ഹമീദ് ഫൈസി എന്നിവർക്കെതിരെ വിശദീകരണം പോലും ചോദിക്കാതെ മുമ്പ് അച്ചടക്ക നടപടിയെടുത്തിരുന്നു. എന്നാൽ മുനവ്വറലിയുടെയും റശീദലിയുടെയും കാര്യത്തിൽ നടപടികളുണ്ടാവാത്തതിൽ അണികൾക്കിടയിലും ഒരു വിഭാഗം നേതാക്കൾക്കിടയിലും പ്രതിഷേധം ഉരുണ്ടുകൂടുന്നതിനിടെയാണ് അഞ്ചംഗ സമിതിയെ നിയോഗിച്ചിരിക്കുന്നത്.

അതിനിടെ തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ പി.കെ കുഞ്ഞാലിക്കുട്ടിരംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വസതിയിലെത്തിയ കുഞ്ഞാലിക്കുട്ടി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. പാണക്കാട് കുടുംബമായും സമസ്തയുമായും അടുത്ത ബന്ധം പുലർത്തുന്നയാളാണ് കുഞ്ഞാലിക്കുട്ടി. വിഷയത്തിൽ ഉചിതമായ തീരുമാനം കൈകൊള്ളാൻ സമസ്ത അഞ്ചംഗ സമിതിയെ നിയോഗിച്ചു.