- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമസ്ത ഇടതുപക്ഷത്തെന്ന പ്രചാരണം ദുരുദ്ദേശപരം; ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സഹകരിക്കണം എന്ന് പറയുന്നത് അർത്ഥം രാഷ്ട്രീയ സഹകരണം എന്നല്ല; ഇതിനെ തുടർന്ന് സമസ്തയിൽ ഭിന്നതയുണ്ടാകില്ല; മാധ്യമങ്ങൾ നിലപാട് മെനെഞ്ഞെടുക്കുന്നു; വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി അബ്ദുസമദ് പൂക്കോട്ടൂർ
കോഴിക്കോട്: കമ്മ്യൂണിസ്റ്റുകളുമായി സഹകരിക്കാമെന്ന് പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി സമസ്ത നേതാവ അബ്ദുസമദ് പൂക്കോട്ടൂർ. സമസ്ത ഇടതുപക്ഷത്തോട് അടുക്കുന്നു എന്ന പ്രചരണം ദുരുദ്ദേശപരമാണെന്ന് പൂക്കോട്ടൂർ പറഞ്ഞു. ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സഹകരിക്കണം എന്ന് പറയുന്നതിനർത്ഥം രാഷ്ട്രീയ സഹകരണം എന്നല്ല. ഇതിനെ തുടർന്ന് സമസ്തയിൽ ഭിന്നതയുണ്ടാകില്ല. സർക്കാരിനോട് സഹകരിക്കുന്ന കാര്യത്തിൽ മാധ്യമങ്ങൾ നിലപാട് മെനഞ്ഞെടുക്കുകയാണ്.
ഗവൺമെന്റിൽ നിന്ന് ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ സഹകരിക്കാം എന്ന് മാത്രമാണ് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളും വ്യക്തമാക്കിയത്. സമസ്തയിൽ എക്കാലത്തും ഒരേ അഭിപ്രായമേ ഉണ്ടായിട്ടുള്ളുവെന്നും അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി. സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചു പോകുന്നത് സമസ്തയുടെ രീതിയാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരിനെ എതിർക്കേണ്ട സാഹചര്യം വന്നാൽ എതിർക്കുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
അതേസമയം മുസ്ലിം ലീഗുമായുള്ള സമസ്തയുടെ ബന്ധത്തെ കുറിച്ച് സമസ്ത പണ്ഡിതർ പ്രത്യക്ഷമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. വഖഫ് വിഷയവുമായി ബന്ധപ്പെട്ട തർക്കങ്ങളിലാണ് സമസ്തയും ലീഗും വ്യത്യസ്ത അഭിപ്രായങ്ങൾ വെച്ചുപുലർത്തുന്നത്. ഇതിൽ സമസ്ത നേതാവ് ജിഫ്രി തങ്ങളുടെ അഭിപ്രായപ്രകടനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഇടതുകേന്ദ്രങ്ങളിൽനിന്ന് വ്യാപക പിന്തുണ ലഭിച്ചിരുന്നു.
നേരത്തെ സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂരിന്റെ പ്രസ്താവനയെ തള്ളി ലീഗ് നേതാവ് എം.കെ. മുനീർ എംഎൽഎ രംഗത്തു വന്നിരുന്നു. സമസ്തയുടെ വികാരം നിയമസഭയിൽ അവതരിപ്പിക്കേണ്ടത് ലീഗ് ആണെന്നും അതുകൊണ്ട് പരസ്പര സഹകരണം വേണമെന്നും എം.കെ. മുനീർ പറഞ്ഞു. സമസ്ത അവരുടേതായ നിലപാടുകൾ സ്വീകരിക്കുന്നതിൽ ആശങ്കയില്ലെന്നും മുനീർ വ്യക്തമാക്കി.
അതേസമയം, കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ളവർ മിക്കവരും ദൈവവിശ്വാസികളാണെന്നും അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞിരുന്നു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദൈവവിശ്വാസികളെ മാറ്റി നിർത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അണിനിരന്ന എല്ലാവരും ദൈവവിശ്വാസികളല്ല എന്ന് നമ്മൾ പറയുന്നില്ല. കാരണം പല പ്രദേശത്തെയും സാഹചര്യങ്ങൾ നമ്മൾ പരിശോധിച്ചാൽ, അരിക്കും തുണിക്കും പണിക്കും വേണ്ടി കമ്മ്യൂണിസ്റ്റായ ആളുകളുണ്ട്. പ്രാദേശികമായി സാഹചര്യം പരിശോധിച്ചാൽ, ചിലപ്പോഴവിടെ പാർട്ടി ഗ്രാമമായിരിക്കും. അവിടെ മുന്നോട്ട് പോകണമെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കേണ്ടി വരും. അവർക്ക് ആ പാർട്ടിയിലേ നിൽക്കാൻ കഴിയൂ.
അത് പോലെ ചില പ്രദേശങ്ങളിൽ, വിദ്വേഷത്തിന്റെ പേരിൽ, ഇപ്പോൾ മുസ്ലിം ലീഗുകാരനാണെങ്കിലും പാർട്ടിയിൽ സ്ഥാനം കിട്ടാത്തതിന്റെ പേരിലോ അവഗണിച്ചതിന്റെ പേരിലോ അയാൾ പോകുന്നത് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആയിരിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളുടെ സൃഷ്ടിയായി പലരും കമ്മ്യൂണിസത്തിലേക്ക് പോയവരുണ്ട്. അതിൽ പലരും നിരീശ്വരത്വം അംഗീകരിക്കുന്നവരോ അതിന്റെ സൈദ്ധാന്തികതത്വം പഠിച്ചവരോ ആയിക്കൊള്ളണമെന്നില്ല. അത്തരം ആളുകൾ മതവിശ്വാസികളല്ല എന്ന് നമുക്ക് പറയാനാകില്ല'' അബ്ദു സമദ് പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ