- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീർച്ചാലുകളും കലുങ്കും നികത്തി അനധികൃത നിർമ്മാണങ്ങളുയർന്നപ്പോൾ വെള്ളക്കെട്ടിൽ ദുരിതമനുഭവിക്കുന്നത് ശംഭുവട്ടം ജനത; വെള്ളത്തിലൂടെ ഒഴുകിവരുന്നത് മാലിന്യങ്ങൾ മുതൽ മൂർഖൻ പാമ്പ് വരെ; തിരുവനന്തപുരം മേയറെ സ്ഥലം സന്ദർശിക്കാൻ അനുവദിക്കാതെ സിപിഎം നേതാക്കളും; നാട്ടുകാർ പ്രതിഷേധത്തിൽ
തിരുവനന്തപുരം: പരമ്പരാഗതമായി വെള്ളം ഒഴുകിപോയിരുന്ന മാർഗങ്ങൾ അടച്ച് അനധികൃതനിർമ്മാണങ്ങൾ ഉയർന്നപ്പോൾ വെള്ളക്കെട്ടിലായി ശംഭുവട്ടത്തെ ജനങ്ങൾ. ചതുപ്പ് സ്വഭാവമുള്ള പ്രദേശമായതിനാൽ പണ്ട് കാലം മുതൽ തന്നെ വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യത കൂടുതലുള്ള പ്രദേശമാണ് ശംഭുവട്ടം. എന്നാൽ ഇവിടെ ഉണ്ടാകുന്ന വെള്ളക്കെട്ട് തൊട്ടടുത്ത കൃഷിഭൂമികളിലൂടെയും വയലുകളിലൂടെയും ഒഴുകി വേളിക്കായലിൽ പതിക്കുന്ന ട്രെയിനേജ് സംവിധാനം രാജഭരണ കാലം മുതൽ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. ഫലപ്രദമായി പ്രവർത്തിച്ചിരുന്ന ഈ ട്രയിനേജ് സംവിധാനമായിരുന്നു കാലങ്ങളായി ശംഭുവട്ടത്തെ ജനങ്ങളെ സംരക്ഷിച്ചിരുന്നത്.
തിരുവനന്തപുരം കോർപറേഷനിലെ വെട്ടുകാട് വാർഡിൽ ടൈറ്റാനിയം ഫാക്ടറിക്ക് വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ശംഭുവട്ടം. ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ വെള്ളക്കെട്ട് ഭീഷണി ഇല്ലാതിരുന്ന ഈ പ്രദേശത്ത് കോർപ്പറേഷൻ അധികാരികളുടെ മൗനസമ്മതത്തോടെ ചില വ്യക്തികൾ നടത്തിയ അനധികൃതനിർമ്മാണങ്ങളാണ് ഈ പ്രദേശത്തെ പത്തോളം വീടുകളെ വെള്ളത്തിൽ മുക്കിയത്.
വെള്ളം ഒഴുകിപോകുന്നതിന് കൃത്യമായ നീർച്ചാലുകൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. പുരാതനമായ ഈ നീർച്ചാൽ കോർപറേഷന്റെ ലിസ്റ്റിൽ ഉള്ളതും അതിന്റെ ഗതിയും പ്ലാനും കോർപറേഷൻ മുൻകാലത്ത് രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ വയലുകൾ നികത്തി നിർമ്മിച്ച അനധികൃത നിർമ്മാണങ്ങൾ ഈ നീർച്ചാലുകളെ മൂടിക്കളഞ്ഞു. തൊട്ടടുത്ത റോഡിന് കീഴിലൂടെ കടന്നു പോകുന്ന രണ്ടര മീറ്റർ വീതിയുള്ള കലുങ്ക് ചില വ്യക്തികൾ കോർപറേഷനിലെ ഉത്തരവാദിത്ത പെട്ട ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മണ്ണിട്ട് നികത്തുകയും ചെയ്തിട്ടുണ്ട്. ചിലർ കൃത്യമായ ബിൽഡിങ് പെർമിറ്റ് പോലുമില്ലാതെ കൃഷിഭൂമി വാസയോഗ്യമാക്കിയപ്പോൾ കണ്ണടച്ചുകൊടുക്കുകയാണ് കോർപ്പറേഷൻ അധികൃതർ ചെയ്തത്.
കോർപ്പറേഷൻ അധികൃതരുടെ അനാസ്ഥയും അഴിമതിയും മൂലം സൃഷ്ടിക്കപ്പെട്ട ഈ വെള്ളപ്പൊക്കത്തിന്റെ പാർശ്വഫലങ്ങൾ അനുഭവിക്കുന്നത് ശംഭുവട്ടത്തെ ജനങ്ങളാണ്. വീടിന് ചുറ്റുമുള്ള വെള്ളക്കെട്ടിന്റെ പ്രശ്നങ്ങളും കെട്ടിക്കിടക്കുന്ന മലിന ജലത്തിൽ നിന്നുള്ള മാരക രോഗ ഭീഷണികളും സൃഷ്ടിക്കുന്ന വെല്ലുവിളികൾക്ക് നടുവിലാണ് ശംഭുവട്ടം നിവാസികൾ. കഴിഞ്ഞ ദിവസം വെള്ളത്തിലൂടെ ഒഴുകിവന്ന മൂർഖൻ പാമ്പ് ആ പ്രദേശത്ത് ഭീതി പരത്തിയിരുന്നു.
ഈ പ്രദേശം ഉൾപ്പെടുന്ന വെട്ടുകാട് ഡിവിഷനിലെ കൗൺസിലറായിരുന്ന സാബു ജോസ് ഈ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാൽ അതിന് മുമ്പ് കോവിഡ് മൂലം അദ്ദേഹം മരണപ്പെട്ടു. കോവിഡ് സാഹചര്യത്തിൽ പുതിയൊരു കൗൺസിലറെ തെരഞ്ഞെടുക്കാനും കഴിയാത്ത അവസ്ഥയാണ്. ഉപതെരഞ്ഞെടുപ്പ് നീളുമ്പോൾ അനാഥരാകുന്നത് ഇവിടെത്തെ ജനങ്ങളാണ്.
കൗൺസിലറുടെ അഭാവത്തിൽ ആ വാർഡിന്റെ ചുമതല മേയർക്കാണ്. ഈ കാലയളവിനുള്ളിൽ ആറോളം തവണ മേയർ വാർഡ് സന്ദർശിച്ചിട്ടുണ്ട്. എന്നാൽ ഒരുതവണ പോലും ശംഭുവട്ടം സന്ദർശിക്കാൻ മേയർ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വാർഡ് സെക്രട്ടറിയായ സിപിഎം നേതാവാണ് വാർഡിനുള്ളിൽ മേയറുടെ യാത്രകൾ തീരുമാനിക്കുന്നത്. കഴിഞ്ഞതവണ മൽസരിക്കാൻ കുപ്പായം തുന്നിയിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായേയ്ക്കുമെന്ന് കരുതപ്പെടുന്ന ഇദ്ദേഹത്തിന്റെ ചില നിക്ഷിപ്തതാൽപര്യങ്ങൾക്ക് വേണ്ടിയാണ് മേയറെ ഈ ഭാഗത്തേയ്ക്ക് കൊണ്ടുവരാത്തതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
ഈ വിഷയം ചൂണ്ടിക്കാട്ടി മേയർക്കും കളക്ടർക്കും പ്രദേശവാസികൾ നിരവധിതവണ പരാതികൾ നൽകിയിട്ടുണ്ട്. എന്നാൽ അവിടേയ്ക്കൊന്ന് തിരിഞ്ഞുനോക്കാൻ പോലും ഇവരാരും തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഡിസാസ്റ്റർ മാനേജ്മെന്റിന്റെ ഭാഗമായി ഒരു അന്വഷണം വന്നാൽ നീർച്ചാലുകൾ നികത്തി അനധികൃത നിർമ്മാണങ്ങൾ നടത്തുകയും റോഡിലെ കലുങ്ക് നികത്തുകയും ചെയ്ത വ്യക്തികൾക്കും ഇതിന് അനുമതി കൊടുത്ത കോർപ്പറേഷനിലെ മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ നിയമ നടപടി എടുക്കേണ്ടതായി വരുമെന്നതിനാലാണ് മേയറുടെ ഈ അവഗണനയെന്നാണ് ശംഭുവട്ടം നിവാസികളുടെ ആരോപണം.
മറുനാടന് മലയാളി ബ്യൂറോ