റാനിയൻ ചലച്ചിത്രകാരി സമീറ മക്മൽബഫിന് മാതൃരാജ്യത്തു കടക്കാൻ സൈന്യത്തിന്റെ വിലക്ക്. ഇറാനിൽ കാലുകുത്തിയാൽ ബലാത്സംഗം ചെയ്യുമെന്നാണ് സൈന്യം സമീറയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

പ്രശസ്ത ഇറാനിയൻ സംവിധായകൻ മൊഹ്‌സീൻ മക്മൽബഫിന്റെ മകളാണ് സംവിധായക കൂടിയായ സമീറ മക്മൽബഫ്. ഇറാനിലെ പരാമാധികാരിയെ വിമർശിച്ചതിന്റെ പേരിലാണ് സമീറയ്‌ക്കെതിരെ ഭീഷണി ഉയർന്നത്. കുറച്ചുവർഷംമുമ്പ് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ജൂറി അംഗമായിരുന്നു സമീറ.

സമീറയുടെ പിതാവ് മൊഹ്‌സീൻ മക്മൽബഫാണ് സ്വന്തം മകൾക്ക് ഉണ്ടായ ഭീഷണിയെപ്പറ്റി പുറംലോകത്തെ അറിയിച്ചത്. ഇപ്പോൾ ഗോവയിൽ നടക്കുന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയിൽ അദ്ദേഹം എത്തിയിട്ടുണ്ട്. ഇറാനിലെ ഗ്രീൻ മൂവ്‌മെന്റിനെ പിന്തുണച്ച് സമീറ പ്രസംഗിച്ചതാണ് ഇറാൻ ഭരണകൂടത്തിന്റെ വിദ്വേഷത്തിന് ഇരയാക്കിയത്. ഇറാനിൽ പോകുന്നതിനും വിലക്കുണ്ട്.

സമീറയെ ഇത് വല്ലാതെ വേദനിപ്പിച്ചുവെന്നും ഒരു തരം വിഷാദത്തിന് അടിമപ്പെട്ട പോലെയായിരുന്നു അവളെന്നും മക്മൽബഫ് പറഞ്ഞു. ഇറാൻ സൈന്യത്തിന്റെ രഹസ്യ സന്ദേശം ഇമെയിലായി ലഭിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ജന്മനാട്ടിൽ കടക്കാൻപാടില്ലെന്ന മുന്നറിയിപ്പ് സമീറയെ മാനസികമായി ഉലച്ചു. സിനിമ എടുക്കാൻപോലും അനുവദിച്ചില്ല. ആ സാഹചര്യത്തിൽ നിന്ന് സമീറ മോചിതയായി വരുന്നതായും പിതാവ് പറഞ്ഞു.