ന്യൂഡൽഹി: നല്ലകാലം മുഴുവൻ മക്കൾക്കായി ജീവിക്കുന്ന അച്ഛനമ്മമാരെ വാർധക്യത്തിൽ തനിച്ചാക്കാതിരിക്കുക എന്നത് ഓരോ മക്കളുടെയും ഉത്തരവാദിത്തമാണ്. അണുകുടുംബ കാലത്ത് അത് നടക്കില്ലെന്ന് മാത്രം. അവിടെയാണ് സംഹിത വ്യത്യസ്തയാകുന്നത്. അതുകൊണ്ട് തന്നെ അമ്മയ്ക്കു വേണ്ടി വ്യത്യസ്തമായി ചിന്തിച്ച ഈ മകൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നു.

അച്ഛൻ മരിച്ചത് 52-ാം വയസ്സിലാണ്. ഇതോടെ അമ്മ തനിച്ചായി. കാലം മുറിവുകൾ ഉണക്കുമെന്നു കരുതിയെങ്കിലും അച്ഛൻ തങ്ങളെ വിട്ടുപോയത് അവർക്കു താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. അമ്മയുടെ വേദനയായിരുന്നു സംഹിതയെ തളർത്തിയത്. 'അച്ഛന്റെ ഫോട്ടോക്ക് മുന്നിൽ നിന്ന് അദ്ദേഹത്തെ എന്തിനു ഞങ്ങളിൽ നിന്ന് കൊണ്ടുപോയി എന്ന് ദൈവത്തോട് ചോദിക്കുന്ന അമ്മയെ ആണ് ദിനവും കണ്ടിരുന്നത്. ഉറക്കത്തിൽനിന്നു ഞെട്ടിയെഴുനേറ്റ് അച്ഛൻ എവിടെ എന്ന് ചോദിക്കുമായിരുന്നു അമ്മ ' - സംഹിത പറയുന്നു .

ജോലിക്കായി മറ്റൊരു നഗരത്തിലേക്കു സംഹിത പോയി. മൂത്ത സഹോദരി കൂടി വിവാഹിതായതോടെ അമ്മ തനിച്ചായി. ഇതോടെ അമ്മയുടെ ഒറ്റപെടലിനു വഴി കണ്ടെത്തണമെന്ന സംഹിത തീരുമാനിച്ചു. അമ്മയെ വിവാഹം കഴിപ്പിക്കുക എന്നതായിരുന്നു അത്. അമ്മയുടെ മുൻജീവിതത്തെകുറിച്ചും ഇഷ്ടങ്ങളേയും അനിഷ്ടങ്ങളെയും കുറിച്ചൊക്കെ വിശദമാക്കി മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തു സംഹിത. അമ്മയെ മനസിലാക്കുന്ന സങ്കടങ്ങളിൽ കൈതാങ്ങാകുന്ന ഒരാളായിരിക്കണമെന്ന് അവൾക്കു നിർബന്ധമുണ്ടായിരുന്നു.

തുടക്കത്തിൽ സ്വാഭാവികമായും സംഹിതയുടെ തീരുമാനത്തെ അമ്മ എതിർക്കുകയാണുണ്ടായത്. എന്നാൽ വൈകാതെ അവൾ വിവാഹത്തിന്റെ ആവശ്യകതയെകുറിച്ചു അമ്മയെ ബോധ്യപ്പെടുത്തി. അങ്ങനെ കല്യാണത്തിലേക്ക് കാര്യങ്ങളെത്തി. അമ്മക്ക് യോജ്യനായ ഒരാളെത്തന്നെ സംഹിത കണ്ടെത്തി. സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു അദ്ദേഹം. അങ്ങനെ ആ മകൾ അമ്മയെ താൻ ആഗ്രഹിച്ചതുപോലെതന്നെ വിവാഹം കഴിപ്പിച്ചു. ഇപ്പോൾ അമ്മയ്ക്ക് കൂട്ടുണ്ട്.

'ഈ ലോകത്തു എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാൻ അവകാശമുണ്ട്. വാർധക്യത്തിൽ തനിച്ചാകുമ്പോ ഒരു സഹായം വേണമെന്നു തോന്നുമ്പോൾ സമൂഹമോ ബന്ധുക്കളോ തിരിഞ്ഞുനോക്കാനുണ്ടാവില്ല. ആരൊക്കെ കൂടെ നിന്നാലും ഇല്ലെങ്കിലും പങ്കാളിയോളം പകരമാവില്ല. അച്ഛൻ നേരത്തെ പോയത് അമ്മയുടെ തെറ്റല്ല പക്ഷെ ജീവിതത്തിന് മറ്റൊരു അവസരം നൽകാത്തത് അമ്മയുടെ മാത്രം തെറ്റായിരിക്കും ' - സംഹിതയുടെ കാര്യങ്ങൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.