തിരുവനന്തപുരം: നടി ധന്യാ മേരീ വർഗ്ഗീസിന്റെ ഭർത്താവ് ജോണും ഭർതൃപിതാവ് ജേക്കബ് സാംസണും സഞ്ചരിച്ചത് തട്ടിപ്പിന്റെ വഴികളിലൂടെയാണെന്ന് വ്യക്തമാകുന്നു. ഫ്ളാറ്റ് നിർമ്മിച്ചുനൽകാമെന്ന് പറഞ്ഞ് നൂറുകണക്കിന് പേരെ ഇവർ കബളിപ്പിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. തട്ടിപ്പിന്റെ പേരിൽ ജേക്കബ് സാംസണെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോണിനും അനുയൻ സാമുവലിനും വേണ്ടി പൊലീസ് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.

സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സ് എന്ന പേരിൽ ഇവർ തുടങ്ങിയ സ്ഥാപനമാണ് തട്ടിപ്പിന് തുടക്കമിട്ടത്. 2011 കാലത്താണ് തട്ടിപ്പിന്റെ ആരംഭം. തിരുവനന്തപുരത്തെ പലസ്ഥലങ്ങളിലായി ഇവർ ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കുന്നതായി കാണിച്ച് പരസ്യം ചെയ്തു. 2012 ൽ ധന്യാമേരി വർഗ്ഗീസും ഈ കുടുംബത്തിന്റെ ഭാഗമായതോടെ ഇവരെയും തട്ടിപ്പിന് ഇവർ സമർദ്ധമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്ഥാപനത്തിന്റെ സെയിൽസ് വിഭാഗത്തിലായിരുന്നു ധന്യാമേരി വർഗ്ഗീസിന്റെ പ്രവർത്തനം. ഉപഭോക്താക്കലെ വലവീശിപ്പിടിക്കാൻ ധന്യാമേരീ വർഗ്ഗീസിന് കഴിഞ്ഞു. തന്റെ ചലച്ചിത്ര താര പരിവേശം ഇവർ ഇതിന് പ്രധാനമായി ഉപയോഗിക്കുകയും ചെയ്തു. ധന്യയും കേസിൽ പ്രതിയാകും.

കസ്റ്റമേഴ്‌സിനെ കണ്ടെത്തുക, ഭംഗിയായി സംസാരിക്കുക, വീട്ടിൽ പോയി ക്യാൻവാസ് ചെയ്യുക.. തുടങ്ങിയ രീതികളൊക്കെ ഇവർ ഉപയോഗിച്ചു. ഫ്ളാറ്റ് നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലം മാത്രം കാണിച്ചായിരുന്നു പല പദ്ധതികളിലും തട്ടിപ്പുനടത്തിയത്. ഉപഭോക്താക്കളിൽ നിന്ന് ആദ്യം തന്നെ അഡ്വോൻസ് തുക കൈപ്പറ്റും. 60 ലക്ഷം മുതൽ ഒരുകോടി രൂപവരെ ഇങ്ങനെ നൽകിയ ഉപഭോക്താക്കളുണ്ട്. 2011 ൽ തുടങ്ങിയ പ്രോജക്ടുകൾ 2014 ൽ പൂർത്തീകരിക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇപ്പോഴും പല പദ്ധതികളുടെയും പൈലിങ് പോലും തുടങ്ങിയിട്ടില്ല. ഈ സ്ഥലങ്ങൾ സന്ദർശിച്ച മറുനാടൻ മലയാളിക്ക് ഇക്കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ടു. എന്നാൽ ഈ തട്ടിപ്പ് വാർത്തകൾ ഇനിയും പത്രങ്ങൾ നൽകുന്നില്ല. ഫ്‌ലാറ്റ് കമ്പനിയിൽ നിന്ന് ധാരാളം പരസ്യം വാങ്ങിയിട്ടുള്ളതിനാലാണ് ഇതെന്നാണ് സൂചന.

മുട്ടട സന്തോഷ് നഗറിൽ ഓർക്കിഡ് വാലി എന്ന ഫ്ളാറ്റ് പദ്ധതി ഇത്തരത്തിൽ ഒന്നാണ് 25 ഫ്ളാറ്റ് ഇവിടെ നിർമ്മിച്ചുനൽകാമെന്ന് കാണിച്ച് പലരിൽ നിന്നും പണം തട്ടി. 2014 ൽ ആയിരുന്നു ഇത്. എന്നാൽ ഇതുവരെ ഈ സ്ഥലത്ത് ഒരുപണിപോലും തുടങ്ങിയിട്ടില്ല. സ്ഥലം വെറുതെ കിടക്കുന്നു. 20 ലക്ഷം മുതൽ മുകളിലേക്ക് ഇവിടെ ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. പരുത്തിപ്പാറ മെറിലാന്റ് എന്ന ഫ്ളാറ്റ് സമുച്ചയം ബുക്ക് ചെയ്തവരാണ് ഏറ്റവും കൂടുതൽ പണി വാങ്ങിച്ചത്. ഇവിടെ മുമ്പ് ഒരു ഫ്ളാറ്റ് ഉണ്ടായിരുന്നു. ഏഴ് കുടുംബങ്ങളാണ് ഈ ഫ്ളാറ്റുകളിൽ താമസിച്ചിരുന്നത്. ഇവരെ കുടിയൊഴിപ്പിച്ചാണ് ഈ സ്ഥലം സാംസൺ ആൻഡ് സൺസ് സ്വന്തമാക്കിയത്.

പുതിയ ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കുമ്പോൾ ഏഴ് ഫ്ളാറ്റുകൾ ഈ കുടുംബങ്ങൾക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാൽ ഇവിടെയും ഫ്ളാറ്റ് പണി എങ്ങും എത്തിയിട്ടില്ല. കുടുംബങ്ങൾ വഴിയാധാരമായി. മരുതൂർ എന്ന സ്ഥലത്ത് അറുപതോളം പേരെയാണ് ഫ്ളാറ്റ് നിർമ്മിച്ചുനൽകാമെന്ന പറഞ്ഞ് വാങ്ങിച്ചത്. ഇവിടെയും ഫ്ളാറ്റിലെ മുഴുവൻ തുക അടക്കം അഡ്വാൻസ് നൽകിയവരുണ്ട്. ഫ്ളാറ്റ് പണിയാൻ വേണ്ടി നൽകിയ പണം. സാംസൺ ആൻഡ് സൺസ് വകമാറ്റിയിരിക്കാമെന്നാണ് ഉപഭോക്താക്കളുടെ ഇപ്പോഴത്തെ സംശയം. ജേക്കബ് സാംസണിന്റെ ഇളയ മകൻ സാമുവൽ അടുത്തിടെ ഇന്റീരിയർ ഡെക്കറേഷൻ കട തുടങ്ങിയിരുന്നു. കൂടാതെ വേറെയും ബിസിനസ്സുകൾ ആരംഭിച്ചു. ഈ ബിസിനസ്സുകളിലേക്ക് തുക വകമാറ്റിയിരിക്കാമെന്നാണ് പരാതിക്കാർ പറയുന്നത്.

മുട്ടടയിലെ നോവ കാസിൽ, പേരൂർക്കടയിലെ പേൾ, വഴയിലയിലെ സാങ്ച്വറി തുടങ്ങിയ ഫ്ളാറ്റ് പ്രോജക്ടുകളും എങ്ങും എത്തിയിട്ടില്ല. ഇവിടങ്ങളിൽ നിന്ന് ഉപഭോക്താക്കളിൽ നിന്ന് വൻതുക അഡ്വാൻസ് വാങ്ങിയിട്ടുണ്ട്. പണംനൽകിയവർ ബഹളം ഉണ്ടാക്കുമ്പോഴൊക്കെ സൗമ്യമായി ഇടപെട്ട് പണി ഉടൻ തീർത്തുതരാമെന്ന് പറയുന്നതായിരുന്നു ഇവരുടെ രീതി. ഒടുവിൽ വാഗ്ദാനങ്ങൾ വെറുംവാക്കായി മാത്രം തുടരുന്നതിനിടെയാണ് ഉപഭോക്താക്കളിൽ ചിലർ പൊലീസിൽ പരാതി നൽകുന്നത്. പേരൂർക്കട കന്റോൺമെന്റ് മ്യൂസിയം സ്‌റ്റേഷനുകളിലായി അമ്പതിലധികം പരാതികൾ ഇതുവരെ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ പരാതികൾ ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗത്തിന് കൈമാറി.

തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി എം.എസ്. സന്തോഷിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ ദിവസം അറസ്റ്റിലായ ജേക്കബ് സാംസണെ ഇപ്പോൾ റിമാന്റ് ചെയ്തിരിക്കുകയാണ്. കൂട്ടുപ്രതികളായ മക്കൾ ജോണിനും സാമുവലിനും വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ധന്യാ മേരി വർഗ്ഗീസിനെ പ്രതി ചേർക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.