പത്തനംതിട്ട: സാംസങ്ങ് ഇ 700 മോഡൽ മൊബൈൽ ഫോൺ വാങ്ങി എട്ടാം മാസം ഡിസ്പ്ലേ പോയി. സർവീസ് സെന്ററിൽ നൽകിയപ്പോൾ ഡിസ്പ്ലേ ഗ്യാരന്റി മൂന്നുമാസം മാത്രമേയുള്ളൂവെന്നും 7600 അടയ്ക്കണമെന്നും ആവശ്യം. ചോദിച്ച തുക നൽകി ഫോൺ ശരിയാക്കി 10-ാം മാസം വീണ്ടും തകരാർ. ഇത്തവണ ചോദിച്ചത് ഇരട്ടിത്തുക. കമ്പനിയുടെ ചൂഷണത്തിനെതിരേ ഉപഭോക്തൃ കോടതിയെ സമീപിച്ച ഉപയോക്താവിന് 34,507 രൂപ നൽകാൻ അനകൂലവിധി. കൂടുതൽ തർക്കത്തിന് നിൽക്കാതെ പറഞ്ഞ തുകയടച്ച് കമ്പനി തടിയൂരി.

തിരുവല്ല, കവിയൂർ കാലായിൽ വീട്ടിൽ ഏബ്രഹാം വർഗീസാണ് സാംസങ്ങിന്റെ തട്ടിപ്പിനെതിരേ നിയമപോരാട്ടം നടത്തിയത്. 2015 മെയ്‌ 30 ന് 19000 രൂപ നൽകിയാണ് തിരുവല്ല ജംബോ ഇലക്ട്രോണിക്സിൽ നിന്ന് സാംസങ് ഇ 700 ഫോൺ വാങ്ങിയത്. 2016 ജനുവരി ഒന്നിന് സെറ്റിന്റെ ഡിസ്പ്ലേ പോയി. വാങ്ങിയ ഇടത്തു തന്നെ നൽകിയപ്പോൾ വാറണ്ടി കഴിഞ്ഞുവെന്നും 7600 അടയ്ക്കണമെന്നും ആവശ്യപ്പെട്ടു.

ഇതിൻ പ്രകാരം പണമടച്ച് ഡിസ്പ്ലേ പുനഃസ്ഥാപിച്ചു. എന്നാൽ നവംബർ എട്ടിന് വീണ്ടും ഡിസ്പ്ലേ തകരാറിലായി. ഇതുമായി സമീപിച്ചപ്പോൾ മാറി നൽകാൻ സർവീസ് സെന്ററിൽ നിന്ന് തയാറായില്ല. കുറഞ്ഞ നിലവാരത്തിലുള്ള പാർട്സാണ് പുനഃസ്ഥാപിച്ചത് എന്ന ഉപയോക്താവിന്റെ വാദമൊന്നും സർവീസ് സെന്ററുകാർ അംഗീകരിച്ചില്ല. ഡിസ്പ്ലേ മാറണമെങ്കിൽ 7600 രൂപയും സർവീസ് ചാർജുമാണ് ആവശ്യപ്പെട്ടത്.

തുടർന്ന് ഏബ്രഹാം വർഗീസ് നൽകിയ പരാതിയിലാണ് ഉപഭോക്തൃ തർക്ക പരിഹാര ഫോറം പ്രസിഡന്റ് പി. സതീഷ് ചന്ദ്രൻ നായരും അംഗം ഷീല ജേക്കബും ഉപഭോക്താവിന്റെ അവകാശം അംഗീകരിച്ചു അനുകൂല വിധി നൽകിയത്. ഇരു കക്ഷികളുടെയും വാദം കേട്ട ഫോറം വാദിയുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് നിർദ്ദേശിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ ഫോൺ വിലയും തകരാർ പരിഹാരത്തിനായി വാങ്ങിയ തുകയും മാനസിക പ്രയാസത്തിനായുള്ള നഷ്ട പരിഹാരവും പലിശയും നൽകാൻ ഫോറം ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ആകെ 34507 രൂപ കമ്പനി ഡിമാൻഡ് ഡ്രാഫ്റ്റായി എബ്രഹാം വർഗീസിന് സാംസങ് കമ്പനി നൽകി.