കൊച്ചി: കന്യാസ്ത്രികളെ അപകീർത്തിപ്പെടുത്തും വിധം യു ട്യൂബ് ചാനലിൽ വിഡിയോ ഇട്ടതിനെതിരെ പരാതി നൽകിയിട്ടും അവഗണിച്ചെന്ന ഹർജിയിൽ ഉടൻ നടപടിയെടുക്കാൻ ആലുവ (റൂറൽ) എസ്‌പിക്കു ഹൈക്കോടതി നിർദ്ദേശം നൽകി. ആലുവ സിഎംസി മൗണ്ട് കാർമൽ ജനറലേറ്റ് പബ്ലിക് റിലേഷൻസ് ഓഫിസർ സിസ്റ്റർ മരിയ ആന്റോയുടേതാണു ഹർജി.

പത്തനംതിട്ട കലഞ്ഞൂർ സ്വദേശി സാമുവൽ കൂടലിനെതിരെ നൽകിയ പരാതിയിൽ എസ്‌പിക്കു പുറമേ വനിതാ കമ്മിഷൻ അധ്യക്ഷ, ഐടി വകുപ്പു സെക്രട്ടറി എന്നിവരും നടപടിയെടുക്കാൻ ജസ്റ്റിസ് പി.വി. ആശ നിർദ്ദേശം നൽകി. യൂട്യൂബിലൂടെ കന്യാസ്ത്രീകളെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതികളെ തുടർന്ന് യൂട്ഊബർ സാമുവൽ കൂടലിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തിരുന്നു. ഇയാൾക്കെതിരെ 139 പരാതികളാണ് വനിത കമ്മീഷന് ലഭിച്ചത്. പത്തനംതിട്ട കലത്തൂർ സ്വദേശിയായ സാമുവൽ കൂടൽ യൂട്യൂബിലെ തന്റെ ചാനലിലൂടെയും ഫേസ്‌ബുക്കിലൂടെയും കന്യാസ്ത്രീകളെയും വൈദികരെയും ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് ഉയരുന്ന പരാതികൾ.

നേരത്തെ ഒരു പരാതി നൽകിയെങ്കിലും വനിതാ കമ്മീഷൻ ഗൗരവമായി എടുക്കാത്തതിനെ തുടർന്ന് വിവിധ ജില്ലകളിൽ നിന്നായി വ്യാപക പരാതി ഉയരുകയായിരുന്നു. നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുകയും അശ്ലീല പരാമർശം നടത്തുകയും ചെയ്ത വിജയ് പി നായരുടെ കേസിന് സമാനമായ സംഭവമാണിതെന്നും, വിജയ് പി നായർക്കെതിരെ എടുത്ത നടപടി സാമുവലിനെതിരെയും എടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. സമൂഹമാധ്യമങ്ങളിലും നേരിട്ടും ക്രൈസ്തവ സന്യാസിനിമാർക്കു നേരെ നടക്കുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി കേരള കാത്തലിക് ബിഷപ്‌സ് കൗൺസിലും (കെ സി ബി സി) നേരത്തെ രംഗത്തു വന്നിരുന്നു. സന്യാസിനിമാർക്ക് നേരെ നടക്കുന്ന അവഹേളനങ്ങളിൽ ഒരിക്കൽ പോലും കുറ്റവാളികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നില്ലെന്നും കെ.സി.ബി.സി വ്യക്തമാക്കി.

സാമുവൽ കൂടൽ 'വൈദികരുടെ വെപ്പാട്ടികളാണ് കന്യാസ്ത്രീകൾ' എന്ന പേരിൽ ഇയാൾ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചതിനെതിരെ നിരവധി പരാതികൾ നൽകിയിരുന്നു. വനിതാ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും പൊലീസ് ഉദ്യോഗസ്ഥർക്ക് മുമ്പാകെയുമായി നൂറ്റിയറുപതോളം പരാതികൾ സന്യസ്തർ നൽകിക്കഴിഞ്ഞു. പരാതി നൽകി മൂന്നാഴ്ച പിന്നിട്ടിട്ടും യാതൊരു നിയമനടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും പരാതിയിൽ കെസിബിസി വ്യക്തമാക്കിയിരുന്നു. നേരത്തെയും നിയമത്തിന്റെ മാർഗം തേടിയിറങ്ങിയിട്ടുള്ള സന്യസ്തർക്കും അവർക്കു വേണ്ടി മുന്നിട്ടിറങ്ങിയവർക്കും സമാനമായ അനുഭവങ്ങളാണ് മുമ്പ് ഉണ്ടായിട്ടുള്ളതെന്നും കെ.സി.ബി.സി കുറ്റപ്പെടുത്തുകയും ചെയ്തു. ഇതേ പരാതിയിലാണ് ഹൈക്കോടതി നടപടി.

ഫ്രാങ്കോമുളയ്ക്കൻ കേസിന്റെ സമയത്ത് നടത്തിയ ചില വീഡിയോകളുടെ ചുവടുപിടിച്ചാണ് സാമുവൽ കൂടലിനെതിരായ നീക്കങ്ങൾ. സമാന്തരമായി സഞ്ചരിച്ചുകൊണ്ടു സഭാ നേതൃത്വത്തിന്റെ രീതികൾക്കെതിരെ ശക്തമായ വിമർശനമാണ് സാമുവൽ അഴിച്ചുവിടുന്നത്. ക്രൈസ്തവ സ്വത്തുക്കൾ പൗരോഹിത്യം കൈപ്പിടിയിൽ ഒതുക്കുന്നതിന്നെതിരെയാണ് സാമുവേൽ കൂടലിന്റെ പോരാട്ടങ്ങൾ. ഇതിനിടയിൽ ക്രിസ്തുവിന്റെ ചിത്രങ്ങൾക്കൊപ്പം ക്രിസ്ത്യൻ വിശ്വാസികൾ മോദിയുടെ ചിത്രം കൂടി ഒപ്പം വയ്ക്കണമെന്നുള്ള വിവാദ പ്രസ്താവനകളും അദ്ദേഹം നടത്തിയിരുന്നു. ഹിന്ദുമതം ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള മതം ആണെന്നും ഗീയ ഗീതവായിച്ചപ്പോഴാണ് ബൈബിളിന്റെ പൂർണ്ണമായ അർഥം തിനക്ക് പിടികിട്ടിയത് എന്നുമുള്ള സാമുവൽ കൂടലിന്റെ പ്രസ്താവനകളും നേരത്തെ വൻ വിവാദം ഉണ്ടാക്കിയിരുന്നു. ഏറ്റവും ഒടുവിലായി ചർച്ച് ആക്റ്റ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ശക്തമായി രംഗത്ത് എത്തിയിരുന്നു.

സിസ്റ്റർ ലൂസിക്ക് ഐക്യദാർഡ്യം അർപ്പിച്ചുകൊണ്ടാണ് കന്യാസ്ത്രീകൾ സഭയുടെ ലൈംഗിക ഉപകരങ്ങൾ മാത്രമാണെന്ന വിവാദ വീഡിയോ സാമൂവൽ കൂടൽ ചെയ്തത്. 'പുരുഷാധിപത്യമല്ല, ലൈംഗിക ആധിപത്യമല്ല സഭയിൽ നിലനിൽക്കുന്നത്. കൃഷ്ണന്മാർ കളിച്ചു നടക്കുകയാണവർ. വിവാഹമേ കഴിക്കുന്നില്ല സന്യാസമാണ് എന്നാണ് പറയുന്നത്. പക്ഷെ അവരുടെ ആഭാസ ജീവിതത്തെക്കുറിച്ച്. ആമേൻ പോലുള്ള പുസ്തകങ്ങളിലൂടെ പാവം പിടിച്ച കന്യാസ്ത്രീകൾ തന്നെ എഴുതിയല്ലോ. കന്യകാത്വം നഷ്ടപ്പെട്ട അവരെ കന്യകകൾ എന്നൊന്നും വിളിക്കരുത്. അവരെ കന്യാസ്ത്രീ എന്നൊന്നും വിളിക്കരുത്. അവരുടെ നിലവിളി കേൾക്കാൻ ആരെങ്കിലുമുണ്ടോ? അവർ ഒരു പരാതി കൊടുത്താൽ ഏറ്റുവാങ്ങാൻ ഒരു സർക്കരുണ്ടോ? അവിടെ പുരുഷാധിപത്യമല്ല, പുരുഷന്റെ ചേഷ്ടകളാണ് ആധിപത്യമായി മാറുന്നത്. ഇവരുടെ പുരുഷാധിപത്യമല്ല ഇവർ സമൂഹത്തിൽ പരത്തുന്ന ആത്മീയ അന്ധതയാണ് വിഷയമാക്കേണ്ടത്.'- ഇങ്ങനെയാണ് അദ്ദേഹം ചോദിക്കുന്നത്. ഇതാണ് വിവാദമാകുന്നത്.