ടുകട്ടി യോഗസ്സനങ്ങൾ കാണിച്ച് ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച പ്രിയതാരമാണ് സംയുക്താ വർമ്മ. സോഷ്യൽ മീഡിയയിൽ വൈറലായ ആ യോഗസ്സനങ്ങളെ കുറിച്ച് സംയുക്ത മനസ് തുറക്കുകയാണ്. ശരീരത്തിന്റെ ഫിറ്റ്‌നസും മെലിയുക എന്നതിനും അപ്പുറം യോഗ ചെയ്യുമ്പോൾ കിട്ടുന്ന കോൺഫിഡൻസാണ് അതിലേക്ക് കൂടുതൽ അടുപ്പിച്ചതെന്ന് സംയുക്ത പറയുന്നു.

'യോഗ ചെയ്യാൻ തുടങ്ങിയതിൽപ്പിന്നെ എനിക്ക് ഭക്ഷണത്തോടുള്ള ക്രേവിങ് കുറഞ്ഞു. അതുകൊണ്ട് കുറച്ചേ കഴിക്കൂ. 'സംയുക്ത ചെറിയ തോതിൽ ആസ്ത്മാറ്റിക് ആയിരുന്നു എന്നതും യോഗ പരിശീലിക്കാൻ കാരണമായിട്ടുണ്ട്. ശ്വാസംമുട്ടലും ഹോർമോണൽ പ്രോബ്‌ളംസും തലവേദനയുമൊന്നും ഇപ്പോൾ അങ്ങനെ അലട്ടാറില്ലെന്നും സംയുക്ത പറയുന്നു.

എന്തൊക്കെ പ്രശ്‌നം വന്നാലും യോഗ മുടക്കാറില്ല. എന്നും രാവിലെ അഞ്ച് മണി മുതൽ ഒരു മണിക്കൂർ സംയുക്ത യോഗയും മെഡിറ്റേഷനും ചെയ്യും. ആറാം ക്ലാസിൽ പഠിക്കുന്ന മകൻ ദക്ഷ് ഉണരുന്നതിനു മുമ്പ് യോഗ സെഷൻ പൂർത്തിയാക്കും. മൈസൂർ അഷ്ടാംഗ യോഗശാലയിൽ പോയാണ് ശീർഷാസനം അടക്കം ഡീപ്പർ ലെവലിൽ യോഗ പഠിച്ചത്. ഇവിടെ വച്ച് പഠിച്ചതിലും അഡ്വാൻസ്ഡായ വൃശ്ചികാസനം, കാകാസസനം, ഏകപീഠാസനം എന്നിവയും സ്വായത്തമാക്കി.

സൂര്യനെയും ചന്ദ്രനെയും ഭജിച്ച്, പ്രകൃതിയെ പ്രാർത്ഥിച്ച്, സൂര്യനും ഭൂമിയുമൊക്കെ നൽകുന്ന ഊർജത്തിന് നന്ദി പറഞ്ഞ്, വിധിപ്രകാരമാണ് അവിടെ യോഗ ചെയ്യിക്കുക. പ്രഭാതകൃത്യങ്ങൾക്കു ശേഷം കുളിച്ച് ശുദ്ധി വരുത്തിയിട്ടേ യോഗശാലയിൽ പ്രവേശിക്കാവൂ. പ്രാണനുള്ള (പോസിറ്റീവായ) ആഹാരമേ കഴിക്കാവൂ. സ്റ്റുഡന്റ്‌സ് തന്നെയാണ് അവിടെ ആഹാരം കഴിച്ച പാത്രങ്ങൾ കഴുകുന്നതും ടോയ്‌ലറ്റ് വൃത്തിയാക്കുന്നതും യോഗശാല അടിച്ചുതുടയ്ക്കുന്നതുമെല്ലാം. ഈഗോ ഇല്ലാതാക്കുക കൂടിയാണ് അതിലൂടെ ഉദ്ദേശിക്കുന്നത്.

'ഞാൻ നടിയാണെന്ന് അവിടെ ആർക്കും അറിയില്ലായിരുന്നു. യോഗ പഠിക്കാൻ വന്ന ഹൗസ് വൈഫ് എന്ന രീതിയിലാാണ് ഞാൻ ചെന്നത്. ഒപ്പമുണ്ടായിരുന്ന ഒരു മലയാളിക്കുട്ടി എന്നെ തിരിച്ചറിഞ്ഞെങ്കിലും ആരോടും പറയേണ്ടന്ന് ഞാൻ വിലക്കി.' അവിടെ യോഗ പഠിക്കാൻ എത്തുന്നവരിൽ ബഹുഭുരിഭാഗവും വിദേശീയരാണ്. ഹഠയോഗയിലും അഷ്ടാംഗയോഗയിലും ടിടിസി എടുക്കണമെന്നും തെറാപ്പിയോഗ പഠിക്കണമെന്നും സംയുക്തയ്ക്ക് ആഗ്രഹമുണ്ട്.