തിരുവനന്തപുരം: ഡിവൈഎസ്‌പി ബി ഹരികുമാറിന്റെ ആത്മഹത്യയ്ക്ക ്പിന്നാലെ വാർത്തയോട് പ്രതികരിച്ച് സനൽകുമാറിന്റെ ഭാര്യ. ദൈവത്തിന്റെ വിധി നടപ്പായെന്നാണ് സനൽകുമാറിന്റെ ഭാര്യ ഡിവൈഎസ്‌പിയുടെ മരണത്തോട് പ്രതികരിച്ചത്. സനൽ മരിച്ച സ്ഥലത്ത് ഉപവാസ സമരം ആരംഭിച്ചതിന് പിന്നാലെയാണ് ഡിവൈഎസ്‌പിയുടെ ആത്മഹത്യാ വാർത്ത സനലിന്റെ കുടുംബത്തെ തേടി എത്തിയത്. ഇതോടെ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം തുടങ്ങിയ ഉപവാസ സമരവും അവസാനിപ്പിച്ചു. സമരം അവസാനിപ്പിച്ചെങ്കിലും കേസുമായി മുന്നോട്ട് പോകുമെന്നും സനലിന്റെ കുടുംബം പറഞ്ഞു.

നെയ്യാറ്റിൻകരയിൽ സനൽ അപകടത്തിൽ മരിച്ച സ്ഥലത്താണ് വിജിയും കുടുംബാംഗങ്ങളും ഉപവസം ആരംഭിച്ചത്. സനലിന്റെ അച്ഛനും അമ്മയും സഹോദരിയും നാട്ടുകാരുമടക്കം നിരവധി പേർ ഉപവാസത്തിൽ പങ്കെടുത്തു. ഉപവാസം തുടങ്ങി ഏതാനും നിമിഷങ്ങൾക്കകമാണ് സനലിന്റെ മരണ വാർത്ത പുറം ലോകത്ത് എത്തുന്നത്. കല്ലമ്പലത്തെ സ്വവസതിയിൽ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. സനലിന്റെ കുടുംബം സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഡിവൈഎസ്‌പി ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്.

കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഹരികുമാറിനായി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സനൽകുമാറിനെ മനപ്പൂർവ്വം കൊലപ്പെടുത്തിയതാണെന്ന റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ സമർ്പപിക്കാനിരിക്കവെയാണ് മരണ വാർത്ത പുറത്തെത്തിയത്. വാഹനം വരുന്നത് കണ്ട് ഡി.വൈ.എസ്‌പി. സനലിനെ തള്ളിയിടുകയായിരുന്നെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഇന്ന് കോടതിയിൽ ഹാജരാക്കാൻ ഇരിക്കുകയായിരുന്നു.

അതേസമയം ഡിവൈഎസ്‌പി തമിഴ്‌നാട്ടിൽ ഒളിവിൽ പോയെന്ന വിധത്തിലായിരുന്ന വാർത്തകൾ പുറത്തുവന്നത്. ഇതിനിടെയാണ് സ്വന്തം വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ ബി ഹരികുമാറിനെ കണ്ടെത്തിയത്. നെയ്യാറ്റിൻകരയിൽ യുവാവിനെ കാറിന് മുന്നിൽ തള്ളിയിട്ട് കൊന്ന കേസിൽ ഡിവൈഎസ്‌പി ഹരികുമാറിനെതിരെ കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ചും വ്യക്തമാക്കിയിരുന്നു. കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയിൽ സംഭവിച്ചതല്ലെന്നും സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.

ലോക്കൽ പൊലീസ് നേരത്തെ കൊലപാതകം കുറ്റം മാത്രം ചുമത്തിയ കേസിൽ ഡിവൈഎസ്‌പി ഹരികുമാറിനെതിരെ ക്രൈംബ്രാഞ്ച് കൂടുതൽ വകുപ്പുകൾ ചാർത്തി. കൊലപാതക കുറ്റമാണ് പൊലീസ് ചുമത്തിയിരുന്നത്. നിലവിലെ സാഹചര്യത്തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പ്രാഥമികമായി ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. അതേസമയം ഡിവൈഎസ്‌പി ഹരികുമാർ മുൻകൂർ ജാമ്യാപേക്ഷ തേടിക്കൊണ്ട് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. നാളെയാണ് ഡിവൈഎസ്‌പി ഹരികുമാറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ഇതിനിടെ അദ്ദേഹം കീഴടങ്ങിയെക്കും എന്നുമുള്ള വാർത്തകൾ പുറത്തുവന്നു. ഇതിനടെയാണ് ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്.

അതേസമയം സനലിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സ്ഥലത്ത് സനലിന്റെ കുടുംബം ആരംഭിച്ച ഉപവാസത്തിൽ മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരനടക്കമുള്ളവർ ഉപവാസത്തിൽ പങ്കെടുത്തിരുന്നു. അധികാരികൾക്ക് മുന്നിലുള്ള പ്രാർത്ഥനയാണ് നടത്തുന്നതെന്ന് സനിലിന്റെ ഭാര്യ വിജി പറഞ്ഞു. ഹരികുമാറിനെ പിടികൂടാത്തത് വൻ വീഴ്ചയാണെന്ന് സുധീരൻ പറഞ്ഞു. പൊലീസിന്റെ ഭാഗത്തു നിന്നും പ്രതിക്ക് സഹായം ലഭിക്കുന്നതായും അദ്ദേഹം ആരോപിച്ചു. രാവിലെ 8.30ന് ആരംഭിച്ച ഉപവാസം വൈകുന്നേരം നാല് മണിവരെ നീളും.