തിരുവനന്തപുരം: ഭർത്താവിന്റെ വേർപാട് കുടുംബത്തെ തളർത്തിയിട്ടും നീതി തേടി നിറുത്താത്ത പോരാട്ടത്തിലാണ് വിജിയും കുടുംബവും. നെയ്യാറ്റിൻകരയിൽ വച്ച് ഭർത്താവ് സനൽകുമാറിനെ ഡിവൈഎസ്‌പി തള്ളിയിട്ട് കൊന്ന് ആഴ്‌ച്ചകൾ പിന്നിടുമ്പോൾ വിജിയും കുടുംബവും നീതിതേടി സെക്രട്ടേറിയറ്റിനു മുന്നിൽ റിലേ സമരം നടത്തുകയാണ്. സനൽകുമാർ കൊല്ലപ്പെട്ട് ഒരുമാസം പിന്നിട്ടിട്ടും സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാതെ വഞ്ചിക്കുകയാണെന്ന് സനൽകുമാറിന്റെ ഭാര്യ വിജി പത്രസമ്മേളനത്തിൽ അറിയിച്ചു.

സംഭവത്തിനുശേഷം വീട്ടിലെത്തിയ മന്ത്രിമാരായ കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ ജോലിയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിരുന്നു. മാസം ഒന്ന് പിന്നിട്ടിട്ടും നടപടികളുണ്ടായിട്ടില്ല. തഹസിൽദാറും വീട് സന്ദർശിച്ച് സാമ്പത്തിക സ്ഥിതിയടക്കം ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പിന്നാലെ രണ്ടുതവണ താൻ നേരിട്ട് മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. 25 ലക്ഷം രൂപയുടെ ബാധ്യതയാണ് കുടുംബത്തിനുള്ളത്.

കുട്ടികളെ വളർത്താനും ദൈനദിന ചെലവുകൾക്കു പോലും വഴിയില്ല. ഈ സാഹചര്യത്തിലാണ് റിലേ സമരത്തിന് തീരുമാനിച്ചതെന്ന് വിജി പറഞ്ഞു. ദിവസവും രാവിലെ മുതൽ വൈകീട്ട് 5 വരെയാണ് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുക. പത്രസമ്മേളനത്തിൽ വിജിയുടെ പിതാവ് വർഗീസ്, സനൽകുമാറിന്റെ മാതാവ് രമണി, ആക്ഷൻ കൗൺസിൽ ഭാരവാഹി വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നിവരും പങ്കെടുത്തു.

 ജപ്തി ഭീഷണിയിൽ പേടിച്ച് കുടുംബം

നെയ്യാറ്റിൻകരയിൽ ഡിവൈഎസ്‌പിയുമായുണ്ടായ തർക്കത്തിനിടെ വാഹനമിടിച്ച് മരിച്ച സനൽകുമാറിന്റെ കുടുംബ ജപ്തി ഭീഷണിയിൽ പേടിച്ച് കഴിയുകയാണ്. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകാർ നോട്ടീസ് അയച്ചുതുടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് സനലിന്റെ ഭാര്യ വിജി.

വീട് പണിയാനായി സനലിന്റെ അച്ഛൻ ഗവ: പ്രസിൽ ജോലി ചെയ്യവേ എടുത്ത ഏഴ് ലക്ഷം രൂപ പലിശ കയറി വലിയ തുകയായി. പെൻഷനാവുന്ന ദിനം അച്ഛൻ ആത്മഹത്യ ചെയ്തു. അടവ് മുടങ്ങാതിരിക്കാൻ വെൺപകർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് സനൽ 50000 രൂപ പിന്നെയും കടമെടുത്തു.

സനൽ പോയതോടെ കുഞ്ഞുങ്ങളും സനലിന്റെ അമ്മയും മാത്രമാണ് വിജിക്കൊപ്പം വീട്ടിൽ. അടവ് മുടങ്ങിയതോടെ റവന്യൂ റിക്കവറി നോട്ടീസും വീട്ടിലേക്ക് എത്തി. സനലിന്റെ ഓർമ നിലനിൽക്കുന്ന വീട്ടിൽ നിന്ന് ഇറങ്ങാതിരിക്കാൻ സഹായം തേടുകയാണ് വിജി.

നാടിനെ ഞെട്ടിച്ച് ഉദ്യോഗസ്ഥന്റെ ആത്മഹത്യ

നെയ്യാറ്റിൻകര സനൽ കൊലപാതകത്തിൽ പ്രതിയായ ഡിവൈഎസ്‌പി ഹരികുമാറിനെ നവംബർ 12നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കല്ലമ്പലം വെയിലൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണു ഇദ്ദേഹത്തെ കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ ഒളിവിലാണെന്ന സംശയത്തിൽ തിരച്ചിൽ തുടരുന്നതിനിടെയാണു മൃതദേഹം ലഭിച്ചത്. ഭാര്യയുടെ അമ്മയാണ് മൃതദേഹം രാവിലെ കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.

നവംബർ അഞ്ചാം തീയതി രാത്രി കൊടങ്ങാവിളയിൽ സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്ന കെ.ബിനുവിന്റെ വീടിനു മുന്നിൽ രാത്രി പത്തരയോടെയായിരുന്നു സനലിന്റെ കൊലപാതകത്തിനു കാരണമായ സംഭവം. ഈ വീട്ടിലെ പതിവു സന്ദർശകനായ ഹരികുമാർ രാത്രി പുറത്തിറങ്ങിയപ്പോൾ തന്റെ കാറിനു മുന്നിൽ മറ്റൊരു കാർ നിർത്തിയിട്ടിരിക്കുന്നതു കണ്ടു രോഷാകുലനായി. സമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കുകയായിരുന്ന സനലിന്റേതായിരുന്നു കാർ. ആക്രോശം കേട്ട് ഓടിവന്ന സനലിനോടും ഇദ്ദേഹം തട്ടിക്കയറി. യൂണിഫോമിൽ അല്ലാതിരുന്നതിനാൽ ഡിവൈഎസ്‌പിയെ സനൽ തിരിച്ചറിഞ്ഞില്ല.

ഇരുവരുടെയും തർക്കം മൂത്തപ്പോൾ ഹരികുമാർ സനലിനെ മർദിച്ചു കഴുത്തിനു പിടിച്ചു റോഡിലേക്കു തള്ളുകയായിരുന്നെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. അമിത വേഗത്തിൽ വന്ന കാറിനു മുന്നിലേക്കാണു വീണത്. അതോടെ ഹരികുമാർ അവിടെ നിന്ന് ഓടി. പിന്നാലെ പാഞ്ഞ നാട്ടുകാരിൽ ചിലർ ഇദ്ദേഹത്തെ മർദിച്ചതായും പറയുന്നു. ബിനു ഡിവൈഎസ്‌പിയുടെ കാർ അവിടെ നിന്നു മാറ്റി. ഗുരുതരാവസ്ഥയിൽ സനലിനെ ജനറൽ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.