- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണക്കെട്ടിലെ മണൽ വാരൽ: പഴയ പദ്ധതി പുതിയ രൂപത്തിൽ അവതരിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; പുനരാവിഷ്കരിക്കുന്നത് തോമസ് ഐസക്ക് തുടക്കമിട്ട് ലക്ഷ്യം കാണാതെ പോയ പദ്ധതി; മണൽവാരൽ പദ്ധതിക്ക് തിരിച്ചടിയായത് സാങ്കേതിക വിദ്യകളിലെ പോരായ്മയും മണലിന്റെ ഗുണമേന്മ സംബന്ധിച്ച ആശങ്കയും
തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളിലെ മണൽ വാരുന്നതുമായി ബന്ധപ്പെട്ട് പഴയപദ്ധതിയെ തന്നെ പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ. തോമസ് ഐസക് തുടക്കമിട്ട് ലക്ഷ്യം കാണാതെ പോയ മണൽ വാരൽ പദ്ധതിയാണ് ഇപ്പോൾ രണ്ടാം പിണറായി സർക്കാർ പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.മണലിന്റെ ഗുണമേന്മയെക്കുറിച്ചുള്ള ആശങ്കയും സാങ്കേതിത വിദ്യയിലെ പോരായ്മയുമാണ് പദ്ധിക്ക് വിനയായത്.ഒപ്പം ഡാമുകളിൽ നിന്ന് മണൽ നീക്കം ചെയ്യുന്നത് ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടും എന്നതുൾപ്പടെയുള്ള വിരുദ്ധാഭിപ്രായങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഇറിഗേഷൻ വകുപ്പ് ഡാമുകൾക്കു പുറമേ, കെഎസ്ഇബി അണക്കെട്ടുകളിലെ മണലും ചെളിയും നീക്കം ചെയ്യാൻ നേരത്തേ പദ്ധതി തയാറാക്കിയെങ്കിലും വനം നിയമത്തിന്റെ കുരുക്കിൽ പെട്ടതിനാൽ പദ്ധതി മുടങ്ങി. 2016ൽ ഇടുക്കി ലോവർ പെരിയാർ അണക്കെട്ടിലെ മണൽ നീക്കം ചെയ്യുന്നതിന് ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡിനെ ചുമതലപ്പെടുത്തിയെങ്കിലും കുരുക്കിലായി.
ഡാമിൽ മണൽ നിറയുന്നതും അത് പദ്ധതികൾക്ക് തടസ്സം നിൽക്കുനതടക്കമുള്ള പ്രശ്നങ്ങൾ വർഷങ്ങളായി തുടരുന്നു പ്രശ്നമാണ്. അതിനാൽ തന്നെ 2018ലെ വൻ പ്രളയത്തെ തുടർന്ന് ഇതെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചിരുന്നു. ഡാമുകളിലെ ചെളിയും മണലും നീക്കി സംഭരണ ശേഷി നേരിയ തോതിലെങ്കിലും വർധിപ്പിക്കുക, ജലനിരപ്പ് നിർണയിക്കാൻ ഹൈഡ്രോളജി പഠനം നടത്തുക, ചെറിയ ഡാമുകളുടെ ഉയരം കൂട്ടുക തുടങ്ങിയവയായിരുന്നു പ്രധാന നിർദേശങ്ങൾ. എന്നാൽ തുടർനടപടികളുണ്ടായിട്ടില്ല.
സംസ്ഥാനത്തെ 35 നദികളിലെ മണൽ ഓഡിറ്റിങ് ആരംഭിച്ചെങ്കിലും പൂർത്തിയായിട്ടില്ല. ദുരന്ത നിവാരണനിയമ പ്രകാരം നദികളിലെയും ഡാമുകളിലെയും മണൽ നീക്കം ചെയ്യാൻ കലക്ടർമാർക്ക് അധികാരമുണ്ട്. ഇതു പ്രകാരം നടപടിയെടുക്കാൻ 2019 ൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചെങ്കിലും പദ്ധതി മുന്നോട്ടു പോയില്ല.
ഇതിനൊക്കെ പരിഹാരമായാണ് പഴയ പദ്ധതി തന്നെ മാറ്റം വരുത്തി അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.കഴിഞ്ഞ ആഴ്ച്ച നടന്ന ബജറ്റിൽ മണൽവാരൽ സംബന്ധിച്ച് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയെക്കുറിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പരാമർശിച്ചിരുന്നു. വനം നിയമത്തിന്റെ കുരുക്കഴിച്ച് പുതിയ സാങ്കേതിക വിദ്യ കൂടി ഉൾപ്പെടുത്തി മണൽവാരൽ പദ്ധിക്ക് രൂപം നൽകാനാണ് ശ്രമം.
മണൽ വാരൽ പദ്ധതി വീണ്ടും നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ചുള്ളിയാർ അണക്കെട്ടിലെ മണലും ചെളിയും 40 കോടി രൂപയ്ക്കു വിൽക്കാനായി കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ (കിഡ്ക്) ദേശീയ ടെൻഡർ വിളിച്ചു. ഒരു വർഷത്തിനുള്ളിൽ മണലും ചെളിയും നീക്കം ചെയ്യണം. കരാർ ഏറ്റെടുക്കുന്നവർക്ക് ഡാമിൽനിന്നു മണൽ നീക്കം ചെയ്ത ശേഷം ലേലത്തിൽ വിൽക്കാം.
കേരളത്തിലെ വിവിധ ഡാമുകളിൽ 40 ശതമാനത്തിലേറെ ചെളിയും മണലും നിറഞ്ഞെന്നാണ് റിപ്പോർട്ട്. ചെളിയും മണലും കോരി സംസ്കരിച്ചാൽ 15,000 കോടിയിൽപരം മൂല്യമുള്ള മണൽ വിൽക്കാനാകുമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഡാമിന്റെ സംഭരണ ശേഷി മിതമായ തോതിൽ വർധിപ്പിക്കാനാകും.
മറുനാടന് മലയാളി ബ്യൂറോ