- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃതമായി മണ്ണ്, മണൽ, കരിങ്കല്ല് എന്നിവ കടത്തിയാൽ നിയമാനുസൃത പിഴ 50000 രൂപ മുതൽ 750000 വരെ; താമരശ്ശേരിയിലും കൊയിലാണ്ടിയിലും ചുമത്തുന്നത് 4000 മുതൽ 5000 രൂപ; നഷ്ടം 49 ലക്ഷം; വാഹനങ്ങൾ വിട്ടു നൽകിയത് മേലുദ്യോഗസ്ഥർ അറിയാതെ; നഷ്ടം ഉദ്യോഗസ്ഥരിൽ നിന്ന് പിടിച്ചെടുക്കണമെന്ന ഉത്തരവിനും പുല്ലുവില
കോഴിക്കോട്: അനധികൃതമായി മണ്ണ്,മണൽ, കരിങ്കല്ല്, ചെങ്കല്ല് എന്നിവ കടത്തുകയും കുന്നിടിക്കൽ, വയൽ നികത്തൽ എന്നീ പ്രവർത്തികൾക്കിടയിലും പിടിയിലായ വാഹനങ്ങൾ നിസാര പിഴ ചുമത്തി വിട്ടയച്ചതിലൂടെ അരക്കോടി രൂപയോളം സർക്കാറിന് നഷ്ടമുണ്ടായതായി എജിയുടെ കണ്ടെത്തൽ.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കൊയിലാണ്ടി താലൂക്കുകളിലാണ് നിസാര പിഴ ചുമത്തി വാഹനങ്ങൾ വിട്ടയച്ചത്. ടിആർ5 റസീറ്റിന്റെ മറവിലാണ് ഇത്തരം ക്രമക്കേടുകൾ നടത്തിയിരിക്കുന്നത്. ഇത്തരം വാഹനങ്ങൾ വിട്ടുനൽകുന്നതിന് മണ്ണുമാന്തി യന്ത്രങ്ങൾക്ക് 75000 രൂപയും ടിപ്പർ ലോറികൾക്ക് 50000 രൂപയുമാണ് പിഴ ഈടാക്കേണ്ടത്. എന്നാൽ താമരശ്ശേരിയിലും കൊയിലാണ്ടിയിലും ടീആർ 5 റസീറ്റുപയോഗിച്ച് കേവലം 4000 രൂപ മുതൽ 5000 രൂപ വരെ മാത്രം ഈടാക്കി വാഹനങ്ങൾ വിട്ടുനൽകുകയായിരുന്നു.
മേലുദ്യോഗസ്ഥർ അറിയാതെയാണ് ഇത്തരത്തിൽ വാഹനങ്ങൾ വിട്ടുനൽകിയത് എന്നും കണ്ടെത്തിയിട്ടുണ്ട്. താമരശ്ശേരി താലൂക്കിൽ 3252500 രൂപയുടെ ക്രമക്കേടാണ് നടന്നിട്ടുള്ളത്. കൊയിലാണ്ടി താലൂക്കിൽ 1457500 രൂപയുടെ ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്. 2015-17 കാലഘട്ടത്തിലെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മജീദ് താമരശ്ശേരി എന്ന വിവരാവകാശ പ്രവർത്തകൻ നൽകിയ അപേക്ഷയിലാണ് ഈ വസ്തുതകൾ പുറത്ത് വന്നിരിക്കുന്നത്.
ക്രമക്കേട് കണ്ടെത്തിയ എജിയുടെ റിപ്പോർട്ട് റവന്യൂ വിജിലൻസ് പരിശോധന വിഭാഗവും ശരിവെച്ചിട്ടുണ്ട്. എജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാറിന് നഷ്ടമായ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് പിരിച്ചെടുക്കാൻ സബ്കളക്ടർ രണ്ട് വർഷം മുമ്പ് ഉത്തരവിട്ടിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. അനിധികൃത കുന്നിടിക്കലും വയൽ നികത്തലും കരിങ്കല്ല്, ചെങ്കല്ല്, മണ്ണ്, മണൽ കടത്ത് എന്നിവ തടയാനായി പ്രത്യേക സ്ക്വാഡുകൾ പ്രവർത്തിച്ച കാലത്താണ് ഈ ക്രമക്കേടുകൾ അധികവും നടന്നിട്ടുള്ളത്. താമരശ്ശേരി താലൂക്കിൽ മാത്രം 80 വാഹനങ്ങൾ ഇത്തരത്തിൽ ചെറിയ തൂക ഈടാക്കി വിട്ടുനൽകിയിട്ടുണ്ട്.
ഇതുവഴി സർക്കാറിന് നഷ്ടമായ തുക സബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് സർവ്വീസ് കാലയളവിൽ പിരിച്ചെടുക്കണമെന്നായിരുന്നു സബ്കളക്ടർ ഉത്തരവിട്ടിരുന്നത്. താമരശ്ശേരി താലൂക്ക് ഓഫീസിലെ 10 ഉദ്യോഗസ്ഥരിൽ നിന്നും കൊയിലാണ്ടി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്നുമാണ് ഈ പണം ഈടാക്കേണ്ടിയിരുന്നത്. എന്നാൽ ക്രമക്കേട് നടത്തി വാഹനങ്ങൾ വിട്ടുനൽകിയ ഉദ്യോഗസ്ഥരിൽ ചിലർ സർവ്വീസിൽ നിന്ന് വിരമിക്കുകയും മറ്റു ചിലർ ഇപ്പോൾ ജോലി ചെയ്യുന്നത് കള്ക്ട്രേറ്റ് അടക്കമുള്ള സ്ഥാപനങ്ങളിലുമാണ്.
2018 ജൂലൈ 12നാണ് എജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം വാങ്ങി തുക തിരിച്ചുപിടിക്കാൻ ആവശ്യപ്പെട്ട് സബ്കളക്ടർ ഉത്തരവിറക്കിയിരുന്നത്. ഈ ഉത്തരവും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. സബ്കളക്ടറുടെ ഉത്തരവ് പ്രകാരം താമരശ്ശേരി താലൂക്ക് ഓഫീസിൽ ജോലി ചെയ്ത 10 ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം തേടിയ ശേഷം മേൽനടപടികൾക്കായി തഹസിൽദാർ 2018 ഒക്ടോബർ മാസം മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും പണം പിരിച്ചെടുക്കുന്നതിന് നടപടികളുണ്ടായില്ല.
താമരശ്ശേരി താലൂക്ക് ഓഫീസിൽ ജോലി ചെയ്തിരുന്ന ജയകൃഷ്ണൻ കെ.വി,കെ ലതീഷ് കുമാർ,സുബ്രമണ്യൻ കെ,ടി.എ അബ്ദുസലാം,പ്രേമരാജൻ,പ്രവീൺ കുമാർ,ഷിബു കെ,വാളക്കുളവൻ ശ്രീധരൻ,രവീന്ദ്രൻ പി,അബ്ദുറഹിമാൻ എം ടി എന്നീ ഉദ്യോഗസ്ഥരിൽ നിന്ന് പണം ഈടാക്കാനായിരുന്നു ഉത്തരവ്. ഇത്തരം വാഹനങ്ങൾ വിട്ടുനൽകുന്നത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവും, നിലനിൽക്കുന്ന നിയമവും ലംഘിച്ചാണ് പിടികൂടിയ വാഹനങ്ങൾ വിട്ടുനൽകിയതെന്ന് എജി റിപ്പോർട്ടിലും, വിജിലൻസ് റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഗൗരവകരമായ നിയമലംഘനങ്ങൾ നടത്താത്ത വാഹനങ്ങളാണ് ഇത്തരത്തിൽ വിട്ടയച്ചത് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.