കണ്ണൂർ: കസ്റ്റഡിയിലെടുത്ത മണൽ ലോറി വില്ലേജ് ഓഫീസറെ ഉപരോധിച്ച് മോചിപ്പിച്ചു. ഇതിൽ വില്ലേജ് ഓഫീസർ പൊലീസിൽ പരാതിപ്പെട്ടു. അപ്പോൾ മുകളിൽ നിന്നുള്ള സമ്മർദ്ദം. ജീവന് ഭീഷണിയാണെന്ന് മനസ്സിലായതോടെ കണ്ണൂരിലെ കയരളം വില്ലേജ് ഓഫീസർ കോട്ടയം സ്വദേശിയായ എസ്.അരുൺ സ്ഥലം മാറ്റത്തിന് അപേക്ഷ നൽകി. റവന്യൂമന്ത്രിയെ നേരിട്ട് കണ്ട് നീതിയുറപ്പാക്കാനാണ് അരുണിന്റെ ശ്രമം. സത്യസന്ധമായി ജോലി ചെയ്യുന്നവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരമൊരുക്കുമെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. എന്നാൽ തനിക്കൊപ്പം ആരുമില്ലെന്ന് മനസ്സിലാക്കി മണൽ മാഫിയയ്ക്ക് എതിരായ പോരാട്ടം അവസാനിപ്പിക്കാൻ നിർബന്ധിതനായിരിക്കുകയാണ് അരുൺ.

അഴിമതിക്കെതിരായ പോരാട്ടം ഏറ്റെടുത്തിട്ടും ആരും പിന്തുണക്കാനില്ലെന്നത് അരുണിനെ വേദനിപ്പിക്കുന്നു. ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്തിളല്ല. ഈ കൊച്ചു കേരളത്തിലെ എന്റെ സ്വന്തം ഓഫീസിലാണ് ഞാൻ മൂന്നു മണിക്കൂർ ബന്ദിയാക്കപ്പെട്ടത്. അനധികൃതമായി മണൽ കടത്തിയ വാഹനം പിടികൂടിയതാണ് കുറ്റം. ബലാൽക്കാരമായി അക്രമകാരികൾ ഓഫീസിൽ നിന്നും ഞാൻ പിടികൂടിയ രണ്ട് വാഹനങ്ങളുടെ താക്കോൽ മേശ വലിപ്പിൽ നിന്നും പിടിച്ചെടുത്ത് രണ്ട് വണ്ടികളും മോചിപ്പിച്ചു. നാൽപ്പതോളം ആളുകൾ.. മൂന്നര മണിക്കൂർ തടഞ്ഞു വച്ചുള്ള അസഭ്യം പറച്ചിലും വധ ഭീഷണിയും.. എനിക്ക് എന്നോട് ആത്മനിന്ദ തോന്നിയ രണ്ട് ദിവസങ്ങൾ.'തനിക്ക് ഇതിന്റെ ആവശ്യമുണ്ടോ?' എന്ന് ഒരു മേലുദ്യോഗസ്തനും ചോദിച്ചു. കൂട്ടത്തിൽ അദ്ദേഹം ഒരുകാര്യം കൂടി പറഞ്ഞു..'താൻ ഒരു നിരന്തര പ്രശ്‌നക്കാരനാണ്'-സംഭവത്തെ കുറിച്ച് അരുണിന്റെ പ്രതികരണം ഇങ്ങനെയാണ്.

ഒരു സർക്കാർ ജീവനക്കാരനെ വിജിലൻസ് പിടിക്കുമ്പോൾ പൊതുജനം കയ്യടിച്ചു പ്രോത്സാഹിപ്പിക്കും. പക്ഷെ ഒന്നോർക്കണം പ്രലോഭനങ്ങൾക്ക് വഴിപ്പെടാത്തവനെ അവർ ഭീഷണികൊണ്ട് കീഴടക്കും. ആരൊക്കെയോ വന്നാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞവരാരും എന്നെ സഹായിച്ചില്ല. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അക്രമകാരികൾക്കെതിരായി നൽകിയ പരാതി പിൻവലിക്കുവാൻ നിർബന്ധിതനായിരിക്കുന്നുവെന്നും അരുൺ പറയുന്നു. ഏറ്റവും ആത്മനിന്ദയോടെ എനിക്കത് ചെയ്യേണ്ടി വന്നേക്കും. സ്ഥലം മാറ്റത്തിനുള്ള അപേക്ഷയും കൊടുത്തു. ഇനി ഇവിടെ ജോലി ചെയ്യുന്നതിൽ എന്തർത്ഥം? അനധികൃത മണൽ കടത്ത് തടഞ്ഞ നട്ടെല്ലുള്ള ഒരുവന്റെ കാല് വെട്ടിയ മണൽ മാഫിയയുമായിട്ടാണ് ഞാൻ ഏറ്റുമുട്ടിയതും തോറ്റതും. എന്തെങ്കിലുമൊക്കെ ചെയ്യുവാൻ കഴിയും എന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു. നട്ടെല്ലുള്ള ഒരുവൻ എന്റെ ഒപ്പം ഉണ്ടായിരുന്നെങ്കിൽ ഇനിയും അത് തുടരുമായിരുന്നുവെന്നാണ് അരുൺ വിശദീകരിക്കുന്നത്.

എനിക്ക് പ്രതീക്ഷയുണ്ട്. തിരുവനന്തപുരം ചെന്നിട്ടാനെങ്കിലും റവന്യൂ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് വിഷയം ബോധിപ്പിക്കും. ഒരു വില്ലേജ് ഒഫീസറായിട്ടല്ല. കാലറ്റു പോയ ആ ഒരുവന്റെ ആവേശത്തോടെ തന്നെ. എനിക്കുണ്ടായ അപമാനം എന്റെ നീതി ബോധത്തിന്റെ അവസാനമല്ല. എനിക്കുറപ്പാണ് എന്നെ സഹായിക്കുവാൻ ആരെങ്കിലും ഉണ്ടാവും. ജിഷയെപ്പോലെ അജ്ഞാതനായ ഒരുവനാൽ കൊല്ലപ്പെടുവാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. എനിക്കതിൽ ഭയവുമില്ല. നിശ്ചയമായും മയ്യിൽ പൊലീസ്സ്‌റ്റേഷനിൽ കയരളം വില്ലേജ് ഒഫീസ്സർ എന്ന നിലയിൽ ഞാൻ ഫയൽ ചെയ്ത പെറ്റീഷനിൽ അവരുടെ പേരു വിവരങ്ങൾ പരാമർശിച്ചിട്ടുണ്ടെന്നും അരുൺ പറയുന്നു. റവന്യൂമന്ത്രിയുടെ അനുകൂല മനസ്സുണ്ടെങ്കിൽ കണ്ണൂരിൽ തന്നെ തുടരാനാണ് അരുണിന് ആഗ്രഹം.

മയ്യിൽ കയരളം വില്ലേജ് ഓഫീസറാണ് അരുൺ. അനധികൃതമായി കടത്തുകയായിരുന്ന മണൽലോറി കസ്റ്റഡിയിലെടുത്തതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. മഹസ്സർ തയ്യാറാക്കുന്നതിനിടയിലാണ് മുപ്പതോളം വരുന്ന സംഘം സ്ഥലത്തെത്തി വില്ലേജ് ഓഫീസറെ മൂന്നുമണിക്കൂറോളം ബന്ദിയാക്കി പിടികൂടിയ ലോറി മോചിപ്പിച്ചുകൊണ്ടുപോയത്. ലോറിക്ക് മണൽ കടത്താനുള്ള പാസോ ആർസി ബുക്കോ ഡ്രൈവർക്ക് ലൈസൻസോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വണ്ടി പിടിച്ചെടുത്ത് മഹസ്സർ തയ്യാറാക്കി തളിപ്പറമ്പ് തഹസിൽദാർ മുമ്പാകെ ഹാജരാക്കാൻ വില്ലേജ് ഓഫീസർ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടയിലാണ് ഓഫീസറെ ഉപരോധിച്ച് താക്കോൽ കൈവശപ്പെടുത്തി ലോറിയുമായി സംഘം കടന്നുകളഞ്ഞത്. പിടികൂടിയ ശേഷം വ്യാജ പാസുമായി സംഘം സ്ഥലത്തെത്തിയതായും എന്നാൽ പാസിൽ സമയം ഉൾപ്പെടെ രേഖപ്പെടുത്താത്തത് വില്ലേജ് ഓഫീസർ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.

മണ്ണു കയറ്റിവന്ന മറ്റൊരു ലോറിയും ഇതേസമയം വില്ലേജ് ഓഫീസർ പിടികൂടിയിരുന്നു. ഈ വാഹനവും കേസ് രജിസ്റ്റർ ചെയ്യാൻ അനുവദിക്കാതെ ഉടമകൾ സ്ഥലത്തുനിന്നും എടുത്തുകൊണ്ടുപോയി. അതിക്രമം കാട്ടിയ സംഘം വില്ലേജ് ഓഫീസിനകത്ത് കയറി ഓഫീസറുടെ മേശയിൽ അടിച്ച് ശബ്ദം വെക്കുകയും കൊലവിളി നടത്തുകയും ചെയ്തു. സംഘം മൂന്നുമണിക്കൂറോളം ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയ ആളുകളെ തിരിച്ചയക്കേണ്ടിയും വന്നു. സംഭവം സംബന്ധിച്ച് വില്ലേജ് ഓഫീസർ എഡിഎമ്മിന് പരാതി നൽകി. പൊലീസിനേയും കാര്യങ്ങൾ അറിയിച്ചു. എന്നാൽ രാഷ്ട്രീയക്കരുത്തിന്റെ ബലത്തിൽ പരാതി പിൻവലിക്കാനുള്ള സമ്മർദ്ദമാണ് അരുണിന് മുകളിൽ പിന്നീട് ഉണ്ടായത്. ജീവനെ ഭയന്ന് പേടിച്ചോടാൻ അരുണിന് ഇഷ്ടമില്ല. പക്ഷേ ആരും കൂടെയില്ലാത്ത അവസ്ഥയിൽ മറ്റൊന്നും ചെയ്യാനാകില്ലെന്ന തിരിച്ചറിവ് അരുണിനുണ്ട്.

സിപിഎമ്മിലെ പ്രാദേശിക നേതൃത്വത്തിന്റെ നിയന്ത്രണാധികാരമുള്ള മയ്യിൽ കോ ഓപ്പറേറ്റീവ് മിൽക്ക് സപ്ലൈ സൊസൈറ്റിക്ക് വേണ്ടി വന്ന മണൽ ലോറികളാണ് പിടിച്ചതെന്നാണ് മറുവാദം. അതുകൊണ്ട് തന്നെ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ അടക്കമുള്ളവർ അരുണിന് എതിരായി. ഈ മേഖലയിൽ രാഷ്ട്രീയ നേതൃത്വത്തെ എതിർത്ത് ഒരു ഉദ്യോഗസ്ഥനും പ്രവർത്തിക്കാനും കഴിയില്ല. അതു മനസ്സിലാക്കിയാണ് വില്ലേജ് ഓഫീസിൽ എത്തി ബഹളമുണ്ടാക്കിയവർക്കെതിരായ പരാതി പിൻവലിക്കാൻ സമ്മർദ്ദം മുതിർന്ന ഉദ്യോഗസ്ഥർ ചെലുത്തുന്നത്. പൊലീസ് കേസ് എടുത്താലും ആരും സാക്ഷി പറയാൻ എത്തില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് കേസ് പിൻവലിച്ച് സ്ഥലം മാറ്റം വാങ്ങി പോകാൻ അരുൺ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന സൂചന. ഇടതുപക്ഷം ഭരിക്കുമ്പോൾ ഇക്കാര്യത്തിൽ അരുണിന് അനുകൂലമായ തീരുമാനം സർക്കാർ എടുക്കുമെന്ന് ആരും കരുതുന്നുമില്ല.