- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണൽക്കാറ്റിൽ നീറി അറബ് ലോകം; ഇറാക്കിൽ അനേകം പേർ ആശുപത്രിയിൽ; മരുഭൂമിയിലെ അദ്ഭുത പ്രതിഭാസത്തിന് ഇരയാകാതിരിക്കാൻ വീട്ടിൽ തന്നെ ഇരിക്കുക; ആഞ്ഞുവീശുന്ന മണൽക്കാറ്റിൽ കണ്ണുപൊത്തി പ്രവാസികൾ
ബാഗ്ദാദ്: ഇറാഖിൽ ആഞ്ഞടിക്കുന്ന മണൽക്കാറ്റിൽ ഒരാൾ മരണമടഞ്ഞപ്പോൾ 5000-ൽ അധികം പേർ ശ്വാസതടസ്സുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ മാസം വീശുന്ന ഏഴാമത്തെ മണൽക്കാട്ടാണിതെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. ഇറഖിലെ 18 പ്രവിശ്യകളിൽ ബാഗ്ദാദും പടിഞ്ഞാറൻ മേഖലയായ അൽ അൻബാറും ഉൾപ്പടെ ആറു പ്രവിശ്യകളിലാണ് കനത്ത മണൽക്കാറ്റ് വീശിയത്. രാവിലെ ഉണർന്ന ജനങ്ങൾ കാണുന്നത് കനത്തിൽ പൊടിമൂടിയ ആകാശമായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാഖിലെമ്പാടും മണൽക്കാറ്റ് വീശിയപ്പോൾതലസ്ഥാന നഗരമായ ബാഗ്ദാദും അതുപോലെ വിശുദ്ധ നഗരമായ നജാഫുമെല്ലാം മരുഭൂമിയിലെ മണ്ണിന്റെ ഓറഞ്ച് നിറമണിഞ്ഞു. മാത്രമല്ല, അന്തരീക്ഷത്തിൽ ശ്വാസംമുട്ടിക്കുന്ന പൊടിയുടെ കനത്ത ശേഖരം പടർന്നപ്പോൾ ആയിരങ്ങളാണ് ആശുപത്രിയിൽ എത്തിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇറാഖിൽ മണൽക്കാറ്റ് എന്ന പ്രതിഭാസം വർദ്ധിച്ചു വരികയാണ്. മണ്ണിന്റെ ഗുണമേന്മ കുറയുന്നതും അതുപോലെ കലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കടുത്ത വർൾച്ചയുമാണ് ഇതിന് കാരണമായി പറയുന്നത്.മാത്രമല്ല, കഴിഞ്ഞ കുറച്ചു വർഷങ്ങളായി മഴയുടെ അളവ് കുറയുകയും ശരാശരി അന്തരീക്ഷ താപനില വർദ്ധിച്ചു വരികയുമാണ്.
ബാഗ്ദാദിൽ മാത്രം 5000-ൽ ഏറെ പേരെ ശ്വാസതടസ്സവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചപ്പോൾ, ഒരാൾ മരണമടഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ആസ്ത്മ പോലുള്ള ശാസ സംബന്ധിയായ രോഗങ്ങൾ ഉള്ളവരെയാണ് ഈ കാറ്റ് കൂടുതലായി ബാധിച്ചിട്ടുള്ളതെന്ന് ആരോഗ്യകാര്യ മന്ത്രാലയം പറഞ്ഞു. അതുപോലെ പ്രായമേറിയ ഹൃദ്രോഗികൾക്കും ഇത് കടുത്ത വിഷമതകൾ സൃഷ്ടിക്കുന്നുണ്ട്.
അതേസമയം ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ ഭൂരിഭഗം പേർക്കും വളരെ ചെറിയ തോതിലുള്ള അസ്വസ്ഥകൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും പലരേയും ചികിത്സ നൽകി വിട്ടയച്ചു എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മദ്ധ്യപൂർവ്വ ദേശത്ത് കണ്ടു വരുന്ന ഒരു പ്രതിഭാസമാണ് മണൽക്കാറ്റ് എന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത് ഇടക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. നദീജലത്തിന്റെ അമിത ഉപയോഗവും, കൂടുതൽ അണക്കെട്ടുകൾ നിർമ്മിക്കുന്നതും വന നശീകരണവുമൊക്കെ ഇതിനു കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു.
അന്തരീക്ഷത്തിൽ ഉയരുന്ന ചെറിയ മണൽത്തരികൾ ആസ്ത്മ,കാർഡിയോ വാസ്കുലർ രോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. മാത്രമല്ല ഈ മണൽ കണികകളിലൂടെ ബാക്ടീരിയ, വൈറസ് എന്നിവയും പടരാനുള്ള സാധ്യത ഏറെയാണ്. അതോടൊപ്പം, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികൾ പോലുള്ള വിഷവസ്തുക്കളും ഇതിലൂടെ പടരും. ബാഗ്ദാദിനു വടക്ക് മാറിയുള്ള അൽ-അൻബർ, കിർക്കുക് പ്രവിശ്യകളിൽ ജനങ്ങളോട് വീടിനു വെളിയിൽ ഇറങ്ങരുതെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവുമെല്ലാം അന്തരീക്ഷതാപനില ഉയർത്തുമ്പോൾ മരുഭൂമിവത്ക്കരണം ഇനിയും ത്വരിതപ്പെടും. അത് കൂടുതൽ തീവ്രതയോടെ, കൂടുതൽ തവണ മണൽക്കാറ്റ് ഉണ്ടാകാൻ കാരണമാകുമെന്നും ഈ രംഗത്തെ വിദഗ്ദർ പറയുന്നു. ആരോഗ്യകരമായ പ്രശ്നങ്ങൾക്ക് പുറമേ, ഇത് കാഴ്ച്ച മറയ്ക്കും എന്നതിനാൽ വിമാന താവളങ്ങൾ, ഹൈവേകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളേയും തടസ്സപ്പെടുത്താറുണ്ട്. മാത്രമല്ല, സോളാർ പാനലുകൾ, കൃഷി തുടങ്ങിയവയ്ക്കും മണൽക്കാറ്റ് ദൂഷ്യം ചെയ്യും. അങ്ങനെ സമ്പദ്ഘടനയേയും ഇത് വിപരീതമായി ബാധിക്കും.
ജലസമൃദ്ധമായ യൂഫ്രട്ടീസ്-ടൈഗ്രീസ് നദികളുടെ നാടായിട്ടുപോലും കാലാവസ്ഥാ വ്യതിയാനവും മരുഭൂമിവത്ക്കരണവും ഏറ്റവും ഭീകരമായ അവസ്ഥ സൃഷ്ടിക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയിലാണ് ഇറാഖിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. നീണ്ട യുദ്ധങ്ങൾ തകർത്തെറിഞ്ഞ ഇറാഖിന്റെ സമ്പദ്വ്യവസ്ഥയെ കൂടെക്കൂടെയുണ്ടാകുന്ന മണൽക്കാറ്റുകളും തകർക്കുകയാണ്. മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്കും ഇത് ഭീഷണിയാവുകയാണ്.
കഴിഞ്ഞ നവംബറിൽ ഇറാഖിലെ ജലസ്രോതസ്സുകൾ 20 ശതമാനത്തോളം 2050 ആകുമ്പോഴേക്കും ഇല്ലാതെയാകുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മാത്രമല്ല, ഇറാഖി ജനതയുടെ മൂന്നിലൊന്ന് ജീവിക്കുന്നത് കടുത്ത ദാരിദ്ര്യത്തിലാണെന്ന് ഐക്യരാഷ്ട്ര സഭയും വെളിപ്പെടുത്തിയിരുന്നു. മഴയുടെ ലബ്ദി കുറഞ്ഞതും അതുപോലെ ഇറാഖ്-തുർക്കി അതിർത്തിയിൽ അണക്കെട്ടുകൾ കെട്ടിപ്പൊക്കിയതും കാരണം യൂഫ്രട്ടീസ്- ടൈഗ്രീസ് നദികളിലെ ജലനിരപ്പും താഴ്ന്നു കൊണ്ടിരിക്കുകയാണ്.
മറുനാടന് ഡെസ്ക്