- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയേയും സരിത്തിനേയും കുടുക്കാൻ സന്ദീപ് മാപ്പു സാക്ഷി; ഇഡിക്കെതിരായ കേസിൽ സന്ദീപ് നായരുടെ മൊഴി ഇനി നിർണ്ണായകം; പരാതി കൊടുത്തിട്ടില്ലെന്ന അഭിഭാഷകയുടെ നിലപാടിൽ ചർച്ച തുടരുമ്പോൾ
കൊച്ചി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ സന്ദീപ് നായർ അടക്കം 5 പ്രതികളെ മാപ്പുസാക്ഷികളാക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതി ഉത്തരവിടുമ്പോൾ കേസിലെ മറ്റ് പ്രതികൾ ശിക്ഷിക്കുമെന്ന് ഉറപ്പാക്കുകയാണ് കേന്ദ്ര ഏജൻസ്. സന്ദീപ്, മുഹമ്മദ് അൻവർ, മുസ്തഫ, അബ്ദുൽ അസീസ്, നന്ദഗോപാൽ എന്നിവരാണു നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്തപ്പെട്ട സ്വർണക്കടത്തു കേസിലെ മാപ്പുസാക്ഷികൾ.
കേസിൽ സന്ദീപിനെ പ്രതിചേർത്ത് അനുബന്ധ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ ബോണ്ടും തുല്യതുകയ്ക്കുള്ള 2 ആൾജാമ്യവുമാണ് അനുവദിച്ചത്. കോഫെപോസ (കള്ളക്കടത്തു തടയൽ നിയമം) ചുമത്തി ഒരു വർഷത്തെ കരുതൽ തടങ്കലിലായതിനാൽ സന്ദീപിന് ഇപ്പോൾ ജയിൽ മോചിതനാകാൻ കഴിയില്ല. മാപ്പുസാക്ഷികളായ മറ്റു 4 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിന് പിന്നാലെയാണ് ഇഡിക്കെതിരായ കേസിൽ സന്ദീപിന്റെ നിലപാട് വിശദീകരണവും എത്തുന്നത്.
നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ സന്ദീപ് നായർക്കു വേണ്ടി പരാതി നൽകിയിട്ടില്ലെന്നു പ്രതിയുടെ അഭിഭാഷക പി.വി.വിജയം അറിയിച്ചു. കേസ് നടത്താൻ സന്ദീപിനു സ്വകാര്യ അഭിഭാഷകൻ ഇല്ലാതിരുന്നതിനെ തുടർന്ന് എറണാകുളം ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി നിയോഗിച്ച അഭിഭാഷകയാണു വിജയം.
സന്ദീപ് നായരുടെ അഭിഭാഷകൻ നൽകിയ പരാതിയിലാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തതെന്നു ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയതിനു പിന്നാലെയാണു വിജയത്തിന്റെ പ്രതികരണം. സന്ദീപ് നായർക്കു വേണ്ടി ആലപ്പുഴ സ്വദേശിയായ സുനിൽകുമാർ എന്ന അഭിഭാഷകനാണു പരാതി നൽകിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. അതുകൊണ്ട് തന്നെ ഈ കേസിൽ കോടതിയെ സന്ദീപ് അറിയിക്കുന്ന കാര്യങ്ങൾ ഇനി നിർണ്ണായകമാകും.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിൽ 2 എഫ്ഐആറുകളാണു ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തത്. ഇത്തരമൊരു ആരോപണത്തിൽ മുഖ്യമന്ത്രിയോ ഭീഷണിക്കു വിധേയരായ പ്രതികളോ പരാതി നൽകിയില്ലെങ്കിൽ കേസ് നിലനിൽക്കാൻ സാധ്യതയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സ്വദേശിയായ അഭിഭാഷകൻ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്.