തിരുവല്ല: മാതാവിന്റെ ജോലി നഷ്ടപ്പെടുത്തുന്നതിന് ശ്രമിച്ചതിന്റെ പേരിലാണ് സിപിഎം പെരിങ്ങര ലോക്കൽ കമ്മറ്റി സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയതെന്ന് കസ്റ്റഡിയിലുള്ള മുഖ്യപ്രതി ജിഷ്ണവിന്റെ വെളിപ്പെടുത്തൽ.

ജിഷണുവിന്റെ മാതാവ് പുഷ്പാമ്മ പുളിക്കീഴ് ട്രാവൻകൂർ ഷുഗേഷ് ആൻഡ് കെമിക്കൽസിലെ ജാവാൻ വിദേശമദ്യ ബോട്ടിലിങ് യൂണിറ്റിലെ ജോലിക്കാരിയാണ്. രാഷ്ട്രീയ വൈരാഗ്യം മൂലം , തന്റെ സ്വാധീനം ഉപയോഗിച്ച് മാതാവിന്റെ ജോലി നഷ്ടപ്പെടുത്താൻ സന്ദീപ് ശ്രമിച്ചതാണ് പകയ്ക്ക് പിന്നിലെ കാരണം. എന്നാൽ ഇക്കാര്യം പൊലീസ് ഒദ്യോഗീകമായി സ്ഥിരീകരിച്ചിട്ടില്ല. തെളിവെടുപ്പും മൊഴിയെടുക്കലും പൂർത്തിയായ ശേഷമെ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയു എന്നാണ് പൊലീസ് നിലപാട്.

സംഭവവുമായി ബന്ധപ്പെട്ട് ചാത്തങ്കരി കണിയാംപറമ്പിൽ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ് (23), കാവുംഭാഗം വേങ്ങൽ നന്ദു ഭവനിൽ നന്ദു (24), കണ്ണൂർ ചെറുപുഴ മരുത്തംപടി കുന്നിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ(22) എന്നിവരെ ഇന്നുപിലർച്ചെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ആദ്യ മൂന്നു പേരെയും ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പിടികൂടിയത്. കൊലപാതകത്തിന്റെ സൂത്രധാരൻ ജിഷ്ണുവാണെന്നാണ് പ്രഥമീക പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. പിടിയിലായവർ മുമ്പും ക്രമിനൽ കേസുകളിൽ പ്രതികളാണെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോൾ രണ്ട് ബൈക്കിലെത്തിയ അഞ്ചംഗ സംഘം വഴിയിൽ തടഞ്ഞാണ് ആക്രമിച്ചത്. നിലതെറ്റി റോഡിൽ വീണ് എഴുന്നേൽക്കുന്നതിനിടെ കുത്തിവീഴ്‌ത്തി. നെഞ്ചത്തും പുറത്തുമായി നിരവധി കുത്തേറ്റു. കൈയ്ക്കും കാലിനും വെട്ടുമുണ്ട്. വ്യാഴം രാത്രി എട്ടോടെ വീടിന് അടുത്ത് ചാത്തങ്കേരി എസ്എൻഡിപി ഹൈസ്‌കൂളിന് സമീപത്തെ കലുങ്കിനടുത്തായിരുന്നു ആക്രമണം. രാഷ്ട്രീയ സംഘർഷം തീരെയില്ലാത്ത പ്രദേശത്താണ് ആസൂത്രിത ആക്രമണം.

27 വർഷത്തിന് ശേഷം പെരിങ്ങര പഞ്ചായത്ത് ഭരണം എൽഡിഎഫ് തിരിച്ചുപിടിച്ചതിൽ സന്ദീപിന്റെ പങ്ക് നിർണായകമായിരുന്നു. പ്രദേശത്ത് നിരവധി ബിജെപി പ്രവർത്തകർ സിപിഐ എമ്മിനൊപ്പം ചേർന്നിരുന്നു. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ കണാപറമ്പിൽ ജിഷ്ണു അടക്കമുള്ള അഞ്ചംഗ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ കടന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടം നടത്തും. ചാത്തങ്കേരി പുത്തൻപറമ്പിൽ ബാലന്റെ മകനാണ്. ഭാര്യ സുനിത. അമ്മ ഓമന. മക്കൾ: നിഹാൽ (മൂന്നര), മൂന്നു മാസം പ്രായമുള്ള പെൺകുട്ടിയുണ്ട്.

തിരുവല്ലയിൽ ലോക്കൽ സെക്രട്ടറി സന്ദീപിനെ വെട്ടിക്കൊന്ന സംഭവത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. നാടിനെ നടുക്കിയ കൊലപാതകമാണിത്. ആർഎസ്എസിന്റെ കൊലക്കത്തിയാൽ സിപിഐ എം പ്രവർത്തകർ നിരന്തരം രക്തസാക്ഷികളാവുകയാണ്. നാട്ടിലെ സമാധാന അന്തരീക്ഷം തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആർഎസ്എസ് ശ്രമം. ഗൂഢാലോചന പുറത്തുകൊണ്ടുവരണം.

ആർഎസ്എസ് സൃഷ്ടിക്കുന്ന പ്രകോപനങ്ങളിൽ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയർത്തണം. സമഗ്രമായി അന്വേഷിച്ച് മുഴുവൻ പ്രതികളേയും പിടികൂടി അർഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.