തിരുവല്ല: പെരിങ്ങര സിപിഎം എൽസി സെക്രട്ടറി പി.ബി.സന്ദീപ് കുമാറിനുള്ള ബിജെപിയുടെ ആദരാഞ്ജലി സോഷ്യൽ മീഡിയയിൽ വൈറൽ. സന്ദീപ് വധവുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ ബിജെപി സംഘടിപ്പിച്ച രാഷ്ടീയ വിശദീകരണ യോഗത്തിൽ വച്ചാണ് ആദരാഞ്ജലി അർപ്പിച്ചത്. ഈ യോഗത്തിന്റെ തുടക്കത്തിലായിരുന്നു ആദരാഞ്ജലി.

മുഖ്യപ്രഭാഷണം നടത്താനെത്തിയ സംസ്ഥാന വക്താവ് സന്ദീപ് വചസപ്തിയാണ് ആദരാഞ്ജലി അർപ്പിക്കാമെന്ന് നിർദ്ദേശിച്ചത്. ഏത് രാഷ്ടീയ പാർട്ടിയിൽപ്പെട്ടതായി ആയിക്കൊള്ളട്ടെ .കൊല്ലപ്പെട്ടത് ഒരു ചെറുപ്പക്കാരനാണെന്നാണ് പറഞ്ഞാണ് സന്ദീപിനെ സ്മരിക്കാമെന്ന് നിർദ്ദേശിച്ചത്. തുടർന്ന് ഒരുമിനിറ്റ് നേരം മൗനം ആചരിച്ച് സന്ദീപിനെ സ്മരിച്ചു. വേദിയിലും സദസ്സിലും ഉണ്ടായിരുന്നവർ എഴുന്നേറ്റ് നിന്ന് മൗനം ആചരിച്ചു. സന്ദീപിന് വേണ്ടി സിപിഎം പോലും ഇത് ചെയ്തില്ലെന്നാണ് ബിജെപി പറയുന്നത്. രാഷ്ട്രീയത്തിന് അതീതമായ വികാരം കൊലപാതകങ്ങളിൽ ഉണ്ടാകണമെന്ന സന്ദേശമാണ് ഇതിലൂടെ ബിജെപി നൽകുന്നത്.

സന്ദീപിന്റെ മരണം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും സിപിഎം അനുസ്മരണ പരിപാടി പോലും സംഘടിപ്പിക്കാൻ തയ്യാറായില്ല.അതേ സമയം ഇതിനെ രാഷ്ടീയ കൊലപാതകമാക്കി ചിത്രീകരിച്ച് നേട്ടം കൊയ്യാനാണ് ശ്രമിച്ചത്.എന്നാൽ പ്രതികൾ പൊലീസിൽ നൽകിയ മൊഴിയിലും മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും വ്യക്തി വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് തറപ്പിച്ച് പറഞ്ഞിരുന്നു. അപ്പോഴും ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമം. ഇതിനെതിരെയാണ് ബിജെപി യോഗം സംഘടിപ്പിച്ചത്. ഇതിലാണ് സന്ദീപിനെ സ്മരിച്ചത്.

ഇതോടെ സിപിഎം പ്രചാരണത്തിന്റെ മുനയൊടിഞ്ഞു. പ്രതികൾക്ക് സിപിഎം നേതൃത്വവുമായുള്ള ബന്ധവും പുറത്തായി. ഇപ്പോൾ സന്ദീപ് വധത്തിൽ നിന്ന് എങ്ങനെയും തലയൂരാനുള്ള ശ്രമത്തിലാണ് നേതൃത്വം. ഇതിനിടെയിലാണ് ഇന്നലെ നടന്ന രാഷ്ടീയ വിശദീകരണ യോഗത്തിൽ സന്ദീപിനെ ബിജെപി സ്മരിച്ചതെന്ന് നേതൃത്വം വിശദീകരിക്കുന്നു. സന്ദീപ് വാചസ്പതി ഇതുമായി ബന്ധപ്പെട്ട് ഫെയ്‌സ് ബുക്ക് കുറിപ്പും ഇട്ടിരുന്നു. ഇതും വൈറലാണ്.

പൊടിയാടിയിൽ നടന്ന ബിജെപി രാഷ്ട്രീയ വിശദീകരണ യോഗം എന്തു കൊണ്ടും മാതൃകാപരമായിരുന്നു. രക്തസാക്ഷിയായ സന്ദീപിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് പരിപാടി തുടങ്ങിയത്. ആദരം അർപ്പിക്കണമെന്ന നിർദ്ദേശം മുഴുവൻ പ്രവർത്തകരും ഏക മനസ്സോടെ അംഗീകരിച്ചു. കാരണം അവർക്ക് മനസാക്ഷിക്കുത്ത് ഇല്ലായിരുന്നു-സന്ദീപ് പറയുന്നു. കൊലപാതകം നടന്ന് ആഴ്ചകൾ പിന്നിട്ടും സന്ദീപിന് ആദരാഞ്ജലികൾ അർപ്പിച്ച് ഒരു പരിപാടി നടത്താൻ സിപിഎം തയ്യാറാകാത്തത് ദുരൂഹമാണ്. സന്ദീപിന്റെ മരണത്തെ പറ്റി സമഗ്ര അന്വേഷണം വേണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു. പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയത് സന്ദീപ് വാചസ്പതിയായിരുന്നു.

സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി.സന്ദീപ് കുമാർ വധക്കേസ് പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം സംഭവസ്ഥലത്തും പുരിസരത്തുമുണ്ടായിരുന്ന 8 പേരാണ് ഡിവൈഎസ്‌പി ഓഫിസിൽ ഇന്നലെ നടത്തിയ തെളിവെടുപ്പിൽ പ്രതികളെ തിരിച്ചറിഞ്ഞത്. ഉപയോഗിച്ച ആയുധങ്ങൾ, സഞ്ചരിച്ച വാഹനങ്ങൾ എന്നിവയും തിരിച്ചറിഞ്ഞിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 52 പേരെ ചോദ്യം ചെയ്തു. എന്നാൽ സംഭവത്തിനു തൊട്ടു മുൻപ് പ്രതികൾ ഒത്തുചേർന്ന തിരുവല്ല കുറ്റപ്പുഴയിലെ ലോഡ്ജിൽ താമസിച്ചിരുന്ന, പായിപ്പാട് സ്വദേശികളും കോട്ടയം ജില്ലയിലെ കാപ്പ കേസിലെ പ്രതികളുമായ രണ്ടുപേരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.

ഇവരുടെ മുറിയിലാണ് പ്രതികൾ കരുവാറ്റയിൽ നിന്നു തട്ടിക്കൊണ്ടുവന്ന അരുൺ മോഹൻ എന്ന യുവാവിനെ മർദിക്കുകയും തടവിൽ പാർപ്പിക്കുകയും ചെയ്തത്. കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സയ്ക്കുശേഷം അരുൺ മോഹൻ ഇപ്പോൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ്. ഇയാളെ കണ്ട് പൊലീസ് വിവരം തിരക്കിയെങ്കിലും വിശദമായി ചോദ്യം ചെയ്തിട്ടില്ല. സംഭവ ദിവസം പ്രതികളിലൊരാൾ ചെന്നിത്തലയിലെ ഇടതു യുവ നേതാവിന്റെ നമ്പറിലേക്ക് വിളിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കേസിലെ പ്രധാന പ്രതി വിഷ്ണുഅജി(24)കൊലപാതക ദിവസം രണ്ട് പ്രാവശ്യം യുവ നേതാവിനെ വിളിച്ചതായാണ് പ്രതികളുടെ ഫോൺ രേഖാ പരിശോധനയിൽ പൊലീസ് കണ്ടെത്തിയത്.ഇത് കേസന്വേഷണത്തിൽ നിർണ്ണായകമാണെന്ന് ബിജെപി പറയുന്നു. കൊലക്കേസിലെ ഒന്നാം പ്രതി ജിഷ്ണുവിന് ബിജെപി ബന്ധമുണ്ട്. എന്നാൽ ബാക്കിയുള്ളവരെല്ലാം സിപിഎം അനുഭാവികളാണെന്നാണ് ആരോപണം.