തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തി ഒത്തുതീർപ്പിന് ശ്രമിച്ച ഷാജ് കിരണുമായി ബന്ധപ്പെടുത്തി വ്യാജവാർത്ത നൽകിയ മാതൃഭൂമി ന്യൂസിനെതിരേ വിമർശനുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി.വാര്യർ. കർണാടക മന്ത്രിയെന്നതിലുപരി കേരളത്തിന്റെ സഹപ്രഭാരി ആയിരുന്ന സുനിൽ കുമാർജിയുടെ വീട്ടിലെ ആയിരത്തിലധികം പേര് പങ്കെടുത്ത ചടങ്ങിൽ കൊല്ലത്തുള്ള മന്ത്രിയുടെ സുഹൃത്ത് രജിത്ത് വിളിച്ചപ്പോൾ കഴിഞ്ഞ വർഷം യാദൃശ്ചികമായി പോയതാണ്. രജിത്തിന്റെ കൂടെയാണ് ഷാജ് കിരൺ എന്ന മാധ്യമ പ്രവർത്തകൻ എന്ന് സ്വയം പരിചയപ്പെടുത്തിയ അവതാരത്തെ കാണുന്നത്.

മന്ത്രി ഭക്ഷണം കഴിക്കുന്നവരുടെ ടേബിളിന് അടുത്തു കൂടെ വന്ന് രണ്ടു മിനിറ്റ് സംസാരിച്ച് ഫോട്ടോയെടുത്തു. ആ ഫോട്ടോയിൽ അക്കാലത്ത് രജിത്തിന്റെ സുഹൃത്തായ ഷാജ് കിരൺ വന്നതിന് എനിക്കെന്ത് ചെയ്യാൻ പറ്റുമെന്നും തന്റെ പ്രതികരണം പോലും തേടാതെയാണ് വ്യാജവാർത്ത നൽകിയതെന്നും സന്ദീപ് ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.പോസ്റ്റിനൊപ്പം സന്ദീപ് നൽകിയ സ്‌ക്രീൻ ഷോട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. കൊല്ലം കേന്ദ്രീകരിച്ച് ഷാജ് കിരൺ ലക്ഷ്യ എന്ന പേരിൽ ആളുകളെ റിക്രൂട്ട് ചെയ്യുന്ന കമ്പനി നടത്തിയെന്നാണ് അതിലെ ആരോപണം. ഈ പരാതി എന്തുകൊണ്ട് പൊലീസ് അന്വേഷിച്ചില്ലെന്നതും ചർച്ചകളിലേക്ക് ഇനിയും കടന്നു വരും. ഇതോടെ ഷാജ് കിരണിനെതിരെ ഈ ആരോപണത്തിൽ പൊലീസ് കേസെടുക്കേണ്ട സ്ഥിതിയിലുമായി.

സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഷാജ് കിരണും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരും തമ്മിലുള്ള ചിത്രങ്ങൾ പുറത്ത് വിട്ടത് മാതൃഭൂമിയായിരുന്നു. ബിജെപി ഭരിക്കുന്ന കർണാടകയിലെ ഊർജ്ജമന്ത്രി വി സുനിൽ കുമാറിന്റെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, ഷാജ് കിരണിന്റെ സുഹൃത്ത് രജിത്ത് എന്നയാൾക്കൊപ്പം കർണാടകയിലെ ഊർജ മന്ത്രി വി സുനിൽകുമാറിനൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ ഷാജ് കിരൺ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 2021 സെപ്റ്റംബർ 24നാണ് ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഷാജ് കിരൺ മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനാണെന്നും മുഖ്യമന്ത്രിയുമായി അടുത്തുള്ള ബന്ധമുള്ളയാളെന്നും ബിലീവേഴ്‌സ് ചർച്ചുമായി ഇടനിലക്കാരനായി നിൽക്കുന്നയാൾ എന്നുമായിരുന്നു സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം. എന്നാൽ പുറത്തുവരുന്ന ചിത്രങ്ങൾ ഈ ആരോപണങ്ങളെ തള്ളിക്കളയുന്നതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഷാജ് കിരണിന്റെ ബിജെപി ബന്ധമാണ് ചിത്രങ്ങളിൽ കൂടി വ്യക്തമാകുന്നത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഷാജ് കിരണിനൊപ്പം ബിജെപി നേതാവ് നടത്തിയ കൂടിക്കാഴ്ച എന്തിനായിരുന്നു? ഇതിന് പാർട്ടി നേതൃത്വത്തിന് അറിവുണ്ടോ? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾ ജില്ലാ ഘടകങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. ബിജെപി വക്താവായ സന്ദീപ് വാര്യർക്കെതിരെ പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ ഇത് സംബന്ധിച്ച പരാതികൾ ലഭിച്ചിരുന്നു എന്നാണ് വിവരമെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

ഷാജ് കിരണുമായി തങ്ങൾക്ക് ബന്ധമൊന്നുമില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്. എന്നാൽ ബിജെപി സംസ്ഥാന വക്താവായ സന്ദീപ് വാര്യർക്കൊപ്പം, തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ ബിജെപിയുടെ ചുമതലയുണ്ടായിരുന്ന കർണാടക മന്ത്രി സുനിൽ കുമാറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ബിജെപി നേതൃത്വം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. കർണാടകയിലെ വൈദ്യുതിയുമായി ബന്ധപ്പെട്ട്, 100 കോടി രൂപയുടെ വ്യവസായവുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുമായി കൂടിക്കാഴ്ച നടന്നത് എന്ന വിവരമാണ് പുറത്തുവരുന്നത്. ഷാജ് കിരണുമായി ബന്ധപ്പെട്ട പ്രശ്‌നം ഉയർന്നുവന്നപ്പോൾ കർണാടക മന്ത്രി സുനിൽ കുമാർ തന്നെ സംസ്ഥാന ബിജെപി നേതൃത്വവുമായി ബന്ധപ്പെടുകയായിരുന്നുവെന്നും അതിന് ശേഷമാണ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ സംസ്ഥാന നേതൃത്വത്തിന് വിവരം അറിയുന്നത് എന്നാണ് അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നതെന്നും വാർത്തയിൽ വിശദീകരിച്ചു.

സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരേയുള്ള വെളിപ്പെടുത്തൽ നടത്തിയത് ബിജെപിയുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് എന്ന് സിപിഎം നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇതിനെ ബലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്നാണ് വിലയിരുത്തലെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്തു. ഷാജ് കിരണിന്റെ കൂടെ നിരവധി പൊതുപ്രവർത്തകരുടെ ഫോട്ടോ പുറത്തു വന്നിട്ടുണ്ട്. മുതിർന്ന പല രാഷ്ട്രീയ നേതാക്കളുടെ കൂടെയുള്ള പുറത്തു വന്നിട്ടുണ്ട് അതിനേക്കാളൊക്കെ എത്രയോ ജൂനിയറായിട്ടുള്ള എന്റെ ഫോട്ടോ പുറത്തുവിടുന്നതിൽ ഗൂഢാചോന സംശയമുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു.

നാല് മാസം മുമ്പ് കൂട്ടുകാരൻ രജിത്ത് ഷാജ് കിരണിനെതിരെ പരാതി നൽകിയിരുന്നു. ഇത് തനിക്ക് അനുകുലമായി മാറിയെന്നും ഇല്ലെങ്കിൽ ഒരുപാട് പേർ സംശയിക്കുമായിരുന്നു പാർട്ടിക്കുള്ളിൽ ഇങ്ങനെയുള്ള ഒരു ചർച്ച നടന്നതായി പോലും അറിഞ്ഞിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദീപ് വാര്യരുടെ പോസ്റ്റിന്റെ പൂർണരൂപം-

ഷാജി കിരൺ എന്റെ അമ്മായിടെ കുഞ്ഞമ്മേടെ മോൻ. മാതൃഭുമിയിലെ പെയ്ഡ് ന്യൂസുകാരനെതിരെ നിയമനടപടി സ്വീകരിക്കും . കർണാടക മന്ത്രിയെന്നതിലുപരി കേരളത്തിന്റെ സഹപ്രഭാരി ആയിരുന്ന സുനിൽ കുമാർജിയുടെ വീട്ടിലെ ആയിരത്തിലധികം പേര് പങ്കെടുത്ത ചടങ്ങിൽ കൊല്ലത്തുള്ള മന്ത്രിയുടെ സുഹൃത്ത് രജിത്ത് വിളിച്ചപ്പോൾ കഴിഞ്ഞ വർഷം യാദൃശ്ചികമായി പോയതാണ്. രജിത്തിന്റെ കൂടെയാണ് ഷാജ് കിരൺ എന്ന മാധ്യമ പ്രവർത്തകൻ എന്ന് സ്വയം പരിചയപ്പെടുത്തിയ അവതാരത്തെ കാണുന്നത് . മന്ത്രി ഭക്ഷണം കഴിക്കുന്നവരുടെ ടേബിളിന് അടുത്തു കൂടെ വന്ന് രണ്ടു മിനിറ്റ് സംസാരിച്ച് ഫോട്ടോയെടുത്തു .

ആ ഫോട്ടോയിൽ അക്കാലത്ത് രജിത്തിന്റെ സുഹൃത്തായ ഷാജ് കിരൺ വന്നതിന് എനിക്കെന്ത് ചെയ്യാൻ പറ്റും ? ഇനി മാതൃഭൂമിയുടെ പെയ്ഡ് ന്യൂസുകാരൻ എന്റെ പ്രതികരണം തേടി എന്ന് പറയുന്നത് പച്ചക്കള്ളമാണ് . ഉണ്ടെങ്കിൽ തെളിവ് സഹിതം വാർത്ത പൊളിയുമായിരുന്നു . എന്റെ സുഹൃത്ത് രജിത്ത് നാല് മാസം മുമ്പ് തന്നെ ഷാജ് കിരൺ തട്ടിപ്പുകാരനാണ് എന്ന് കാണിച്ച് എഡിജിപി വിജിലൻസിന് ഇ മെയിൽ വഴി പരാതി നൽകിയത് സ്‌ക്രീൻ ഷോട്ട് പുറത്തു വിടുന്നു . അന്ന് ആ പരാതിയിൽ പൊലീസ് നടപടി എടുത്തിരുന്നെങ്കിൽ ഷാജ് കിരൺ അന്നേ അകത്തായേനെ . ഷാജ് കിരൺ എന്റെ സുഹൃത്താണെന്ന് ആ ഫോട്ടോ അടിക്കുറുപ്പുകളിൽ പോലും പറഞ്ഞിട്ടുമില്ല .

കുറെ കാലമായി എനിക്കെതിരെ വാർത്ത ഉല്പാദിപ്പിക്കുന്ന ഈ ലേഖകൻ ബിജെപി പ്രവർത്തകർക്കിടയിൽ എന്നോടുള്ള സ്നേഹവും വിശ്വാസവും തകർക്കാനുള്ള ഭാഗമായാണ് ഈ വാർത്ത ചെയ്തതെന്നും അറിയാം . നിരവധി മുതിർന്ന രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം അയാളുടെ ഫോട്ടോകൾ ഉണ്ടായിട്ടും എന്റെ ഫോട്ടോ മാത്രം എടുത്ത് വ്യാജ വാർത്ത ചമക്കുന്നത് തോന്ന്യവാസമാണ് .എന്തായാലും ദൈവം കാത്ത് തെളിവായി ഷാജ് കിരണിനെതിരെ നൽകിയ ഇ മെയിൽ പരാതിയുണ്ട് . എന്റെ പ്രതികരണം പോലും ഉൾപ്പെടുത്താതെ വാർത്ത നൽകിയ മാതൃഭൂമി മര്യാദകേടാണ് കാണിച്ചത് .പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചു കൊണ്ട് മാത്രം വാർത്ത ചെയ്യുമ്പോൾ എന്റെ പ്രതികരണം വേണ്ടല്ലോ അല്ലേ ?