തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതക കേസിൽ ബിജെപി പ്രവർത്തകരായ പ്രതികൾക്ക് സിപിഎം പ്രവർത്തകനായ സന്ദീപിനോടുള്ള വിരോധം നിമിത്തം കൊലപാതകമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എഫ് ഐ ആറിലും സമാന ആരോപണമാണുള്ളത്.

കേസിലെ മുഖ്യസാക്ഷിയായ ചാത്തങ്കരി പാട്ടത്തിൽ വീട്ടിൽ രാകേഷ് രഘുവിന്റെ സാക്ഷിമൊഴി പ്രകാരമാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. സിപിഎം പ്രവർത്തകനായ സന്ദീപ് കുമാറിനോട് യുവമോർച്ച പ്രവർത്തകനായ ജിഷ്ണുവിനുള്ള രാഷ്ട്രീയ വിരോധവും മറ്റ് മുൻ വിരോധവും നിമിത്തം രണ്ടു മുതൽ അഞ്ചു വരെ പ്രതികൾ ചേർന്ന് കൃത്യം നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

നെടുമ്പം പഞ്ചായത്ത് ഒന്നാം വാർഡിൽ മണക്ക് ആശുപത്രിക്ക് വടക്ക് ചാത്തങ്കരിക്ക് പോകുന്ന വഴിയിൽ അത്തിപ്പറമ്പിൽ പടിയിലെ കലുങ്കിൽ ഇരുന്ന സന്ദീപിനെ ഒന്നാം പ്രതി വന്ന് കൈ കൊണ്ട് മുഖത്ത് അടിച്ചു. അഞ്ചാം പ്രതി സന്ദീപിനെ പിടിച്ചു നിർത്തി. രണ്ടാം പ്രതി ഇരുമ്പ് കമ്പി കൊണ്ട് അടിച്ചു. മൂന്നാം പ്രതി ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു. നാലം പ്രതി വടിവാൾ കൊണ്ട് വെട്ടാൻ ചെന്നപ്പോൾ കുതറിയോടിയ സന്ദീപ് റോഡിന് സമീപമുള്ള വൈപ്പിൻ പുഞ്ചപ്പാടത്തേക്ക് ചാടി. കൂടെ ചാടിയ ഒന്നാം പ്രതി തുരുതുരാ കുത്തി. കൂടെ വന്നവർ ആൾക്കാർ കൂടാതിരിക്കാൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

റിമാൻഡ് റിപ്പോർട്ട് രാഷ്ട്രീയ കൊലപാതകം ആണെന്നാണെങ്കിലും വ്യക്തി വിരോധം നിമിത്തമാണ് കൊലയെന്ന പൊലീസിന്റെ നിലപാടിൽ മാറ്റമില്ല. എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്നതാണ്. കൃത്യം നടന്നതു മുതൽ അവസാന പ്രതിയും അറസ്റ്റ് ചെയ്യപ്പെടുന്നതു വരെ സ്ഥലത്തുണ്ടായിരുന്ന ജില്ലാ പൊലീസ് മേധാവിയുടെ നിലപാട് ഇത് വ്യക്തി വിരോധം മൂലമുള്ള ക്വട്ടേഷൻ ആക്രമണമാണെന്ന് തന്നെയാണ്. ഇതിനെതിരേ സിപിഎം നേതാക്കൾ പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്. ചോറിങ്ങും കൂറങ്ങുമെന്നാണ് ഏരിയാ സെക്രട്ടറിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

അതേ സമയം ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി ബിജെപി അനുഭാവികളുടെ വീടിന് നേരെ വ്യാപക ആക്രമണമുണ്ടായി. ഏഴു വീടുകൾ തകർത്തു. ഒന്നാം പ്രതി ജിഷ്ണുവിന്റെ വാടകവീട് അടക്കം ആക്രമിക്കപ്പെട്ടവയിൽ ഉണ്ട്. അറസ്റ്റിലായ പ്രതികളിൽ ജിഷ്ണു ആർഎസ്എസ് പ്രവർത്തകനാണ്. ക്വട്ടേഷൻ സംഘാംഗമായതോടെ ഇയാളെ പുറത്താക്കിയിരുന്നുവെന്നാണ് നേതൃത്വം പറയുന്നത്.

പ്രമോദ്, നന്ദകുമാർ എന്നിവരുടെ പ്രൊഫൈലുകളിൽ നിന്നും ഇവർ ഇടതു അനുകൂലികളും ഡിവൈഎഫ്ഐ പ്രവർത്തകരുമാണെന്നാണ് വ്യക്തമാകുന്നത്. മുഹമ്മദ് ഫൈസലും സാത്താൻ അബിയും കൊടുംക്രിമിനൽ ആണെന്ന വിലയിരുത്തലാണ് പൊലീസ് മുന്നോട്ട് നീങ്ങുന്നത്. ഇവരുടെ പശ്ചാത്തലം പരിശോധിച്ചു വരികയാണ്.