- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവൻ ശരിക്കും ആരാ? ചെറുപുഴക്കാരൻ മുഹമ്മദ് ഫൈസലോ കുമ്പളക്കാരൻ മൻസൂറോ അതുമല്ലെങ്കിൽ മറ്റാരെങ്കിലുമോ? പെരിങ്ങര സന്ദീപ് വധക്കേസിലെ നാലാം പ്രതിയുടെ യഥാർഥ പേരും സ്ഥലവും തിരിച്ചറിയാൻ കഴിയാതെ പൊലീസ്; വിലാസം തെറ്റിച്ചു കേസെടുത്ത എസ്എച്ച്ഒമാർക്കെതിരെ വകുപ്പുതല നടപടി വന്നേക്കും
തിരുവല്ല: കോളിളക്കം സൃഷ്ടിച്ച പെരിങ്ങര സന്ദീപ് വധക്കേസിലെ നാലാം പ്രതി ശരിക്കും ആരാണ്? സന്ദീപ് കൊലക്കേസിൽ കുറ്റപ്പുഴയിലെ ലോഡ്ജിൽ നിന്ന് പിടിയിലായതിന് പിന്നാലെ കണ്ണൂർ ചെറുപുഴ മരുതംപടി കുന്നിൽ വീട്ടിൽ മൊയ്ദീന്റെ മകൻ ഫൈസി എന്ന് വിളിക്കുന്ന മുഹമ്മദ് ഫൈസൽ (22) എന്നാണ് തന്റെ പേരെന്നാണ് പറഞ്ഞത്. ഇതനുസരിച്ച് മാധ്യമങ്ങളിൽ വാർത്ത വരികയും ചെയ്തു. പൊലീസിന്റെ എഫ്ഐആറിലും റിമാൻഡ് റിപ്പോർട്ടിലും ഇതേ പേര് തന്നെയാണ് നൽകിയിരിക്കുന്നത്.
ഈ വിവരം മാധ്യമങ്ങളിലൂടെ മനസിലാക്കിയിട്ടാണ് കാസർകോഡ് കുമ്പള പൊലീസ് ഇയാൾ മുഹമ്മദ് ഫൈസൽ അല്ലെന്നും മൻസൂർ എന്നാണ് യഥാർഥ പേരെന്നും പറയുന്നത്. എന്നാൽ കുമ്പള സ്വദേശി മൻസൂർ എന്നതല്ലാതെ ഇയാളുടെ വീട്ടുപേരോ പിതാവിന്റെ പേരോ അറിയാൻ കഴിഞ്ഞിട്ടില്ല. പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഓരോ പ്രതിയുടെയും അറസ്റ്റ് വിവരം അവരുടെ രക്ഷാകർത്താകളെ വിളിച്ച് അറിയിച്ചുവെന്ന് പറയുന്നുണ്ട്. മുഹമ്മദ് ഫൈസലിന്റെ കാര്യത്തിൽ മാത്രം കണ്ണൂർ ചെറുപുഴ സ്റ്റേഷനിലേക്ക് അറസ്റ്റ് വിവരം കൈമാറിയെന്നും അവിടെയുള്ള പൊലീസുകാരോട് ഫൈസലിന്റെ പിതാവ് മൊയ്തീനെ വിവരം അറിയിക്കാൻ പറഞ്ഞുവെന്നുമാണ്.
സന്ദീപ് കൊലക്കേസ് അന്വേഷിക്കുന്ന പൊലീസിന്റെ ഏറ്റവും വലിയ തലവേദനയായി മാറിയിരിക്കുന്നത് ഫൈസലിന്റെ യഥാർഥ ഐഡന്റിറ്റി കണ്ടുപിടിക്കുക എന്നതാണ്. അതിനൊപ്പം മറ്റു രണ്ടു പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഓമാർ വകുപ്പു തല നടപടി നേരിടേണ്ടി വരികയും ചെയ്യും. കോട്ടയം ജില്ലയിൽ ഗാന്ധിനഗർ, ഏറ്റുമാനൂർ സ്റ്റേഷനുകളിലായി രണ്ടു ക്വട്ടേഷൻ കേസുകളിൽ ഫൈസൽ പ്രതിയാണ്. അവിടെ ചേർത്തിരിക്കുന്നത് കണ്ണൂർ ചെറുപുഴ അഡ്രസാണ്.
കാസർകോഡ് പൊലീസ് ഇയാൾ ഫൈസൽ അല്ല മൻസൂർ ആണെന്ന് പറഞ്ഞതോടെ വെട്ടിലായിരിക്കുന്നത് ഗാന്ധിനഗർ, ഏറ്റുമാനൂർ എസ്എച്ച്ഓമാരാണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇവർ മുഹമ്മദ് ഫൈസൽ എന്ന പേരും വിലാസവും ചേർത്ത് റിമാൻഡ് ചെയ്തത് എന്ന ചോദ്യം വരും. ഏതു കേസിൽ അറസ്റ്റിലാകുന്ന പ്രതിയുടെയും യഥാർഥ ഐഡന്റിന്റി അന്വേഷിച്ച് കണ്ടുപിടിക്കുക അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതലയാണ്.
നാലാം പ്രതി മുഹമ്മദ് ഫൈസൽ ആണോ അതോ മൻസൂർ ആണോ ഇനി മറ്റു വല്ലവരുമാണോ എന്നറിയാനുള്ള നീക്കത്തിലാണ് സന്ദീപ് കൊലക്കേസ് അന്വേഷിക്കുന്ന പുളിക്കീഴ് പൊലീസ്. സന്ദീപ് വധക്കേസിൽ നാലാംപ്രതിയുടെ പങ്കും വിശദമായി അന്വേഷിക്കും. ഇയാളുടെ യഥാർഥ ഐഡന്റിറ്റി ഇതിനായി അറിയേണ്ടതുണ്ട്. സന്ദീപിന്റെ മരണത്തിന് കാരണമായ ചില കുത്തുകൾ പ്രഫഷണൽ കില്ലർമാരുടേതാണ്.
പരിശീലനം സിദ്ധിച്ചവർ ചെയ്തതു പോലെയാണ് കൃത്യം നടത്തിയിരിക്കുന്നത്. താനൊറ്റയ്ക്കാണ് സന്ദീപിനെ കൊന്നതെന്നാണ് ഒന്നാം പ്രതി ജിഷ്ണു അവകാശപ്പെടുന്നത്. അതേ സമയം അഞ്ചാം പ്രതിയായ വിഷ്ണുകുമാറിന്റെതായി പുറത്തു വന്ന ഓഡിയോയിൽ താൻ സന്ദീപിന്റെ കഴുത്തിന് വെട്ടിയെന്ന് പറയുന്നുണ്ട്. ഇങ്ങനെ ഒരു മുറിവ് കഴുത്തിൽ ഉണ്ടെങ്കിലും അത് മരണകാരണമായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയില്ല. പക്ഷേ, താനൊറ്റയ്ക്ക് കൊലപാതകം നടത്തിയെന്ന ജിഷ്ണുവിന്റെ അവകാശവാദം ഇവിടെ പൊളിയുകയാണ്.
സംഘം ചേർന്നാണ് കൃത്യം നടത്തിയതെന്നാണ് സംശയിക്കുന്നത്. അതിൽ തന്നെ മരണകാരണമായ മുറിവ് നാലാം പ്രതി ഉണ്ടാക്കിയതാണോയെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. ജി്ഷണുവിനും മറ്റ് സംഘാംഗങ്ങൾക്കും നാലാം പ്രതിയെ കുറിച്ച് കൂടുതൽ അറിവില്ല. അയാൾ പറഞ്ഞ വിലാസവും പേരും വിശ്വസിക്കുന്നു. നേരത്തേ ജയിലിൽ കഴിയുമ്പോഴാണ് ജിഷ്ണുവും കൂട്ടരും നാലാം പ്രതിയെ പരിചയപ്പെട്ടത്. പിന്നീടുള്ള ക്വട്ടേഷനുകളിൽ ഇയാളെയും കൂട്ടുകയായിരുന്നു. ഇയാളുടെ മറ്റ് പശ്ചാത്തലമൊന്നും ഇവർക്കും അറിയില്ല. നാലാം പ്രതി ശരിക്കും ആരാണെന്ന് കണ്ടെത്തുന്നതോടെ കേസിൽ വഴിത്തിരിവുണ്ടായേക്കും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്