- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്ദീപ് വധക്കേസിലെ അഞ്ചാം പ്രതി കസ്റ്റഡിയിൽ; സാത്താൻ അബിയെ പൊക്കിയത് എടത്വായിൽ നിന്നും; മുഴുവൻ പ്രതികളും അറസ്റ്റിലായെന്ന് പൊലീസ്; വ്യക്തി വൈരാഗ്യമെന്ന പൊലീസ് വാദം തള്ളി സിപിഎം
തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. എടത്വായിൽ നിന്നാണ് അഞ്ചാം പ്രതി സാത്താൻ അബിയെ പിടികൂടിയത്. ഇയാളുടെ പേര് വിഷ്ണകുമാർ എന്നാണ്. മറ്റ് നാല് പ്രതികളെയും ഇന്നലെ രാത്രി ആലപ്പുഴ കരുവാറ്റയിൽ നിന്ന് പിടികൂടിയിരുന്നു. അതിക്രൂരമായി സന്ദീപിനെ കുത്തികൊന്നതിന് പിന്നാലെ പ്രതികൾ രാത്രിയോടെ ഒളിവിൽപ്പോവുകയായിരുന്നു.
എന്നാൽ രാത്രി തന്നെ പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ച പൊലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ പിടികൂടി. മുഖ്യപ്രതി ജിഷ്ണു രഘു, നന്ദു , പ്രമോദ് എന്നിവർ കരുവാറ്റയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു. കണ്ണൂർ സ്വദേശിയായ മറ്റൊരു പ്രതി മുഹമ്മദ് ഫൈസലിനെ കുറ്റൂരിലെ വാടക മുറിയിൽ നിന്നുമാണ് പിടികൂടിയത്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്രസിഡന്റാണ് മുഖ്യപ്രതി ജിഷ്ണു രഘു.
കൊലപാതകം വ്യക്തി വൈരാഗ്യത്തെ തുടർന്നാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നെന്നും ഇത് തീർക്കാൻ വേണ്ടിയാണ് സുഹൃത്തുക്കളെ കൂട്ടി ആസൂത്രണം ചെയ്തുകൊലപാതകം നടപ്പിലാക്കിയതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിഷ്ണു ജയിലിൽ വച്ചാണ് മറ്റ് പ്രതികളെ പരിചപ്പെടുന്നത്. വിവിധ സ്ഥലങ്ങളിലുള്ളവർക്കായി തിരുവല്ല കുറ്റൂരിൽ മുറി വാടകയ്ക്ക് എടുത്ത് നൽകിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ദിവസവും നാട്ടുകാർക്കൊപ്പം ചാത്തങ്കരിയിലെ കലുങ്കിൽ സന്ദീപ് ഉണ്ടെന്ന് മനസിലാക്കി പ്രതികൾ പിന്തുടർന്നാണ് ആക്രമിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.
എന്നാൽ പൊലീസ് വാദം തള്ളി ആർഎസ്എസ് ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നാണ് സിപിഎം ആരോപണം. മറ്റ് സംഘർഷ സാഹചര്യങ്ങൾ ഒന്നും നിലനിൽക്കാത്ത പ്രദേശത്ത് ആർഎസ്എസ് ബിജെപി മനപ്പൂർവ്വം പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുക്കയാണെന്നാണ് ആരോപണം. സന്ദീപിന്റെ നേതൃത്വത്തിൽ നിരവധി ബിജെപി പ്രവർത്തകരെ സിപിഎമ്മിലേക്ക് എത്തിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് സിപിഎം പറയുന്നത്.
അമ്മയുടെ ജോലിക്കാര്യത്തിൽ ജിഷ്ണുവും സന്ദീപ് കുമാറും തമ്മിൽ തർക്കം ഉണ്ടായിരുന്നു എന്ന കാര്യം അറിയില്ലെന്നാണ് പത്തനംതിട്ടയിലെ സിപിഎം നേതാവ് പറയുന്നത്. ട്രാവൻകൂർ ഷുഗേഴ്സിലെ ജോലിയിൽനിന്ന് ആരെയും ബോധപൂർവം ഒഴിവാക്കിയിട്ടില്ല. ജിഷ്ണുവിന്റെ മാതാവ് ഇപ്പോഴും ഇവിടുത്തെ താത്കാലിക ജീവനക്കാരിയാണെന്നാണ് കരുതുന്നതെന്നും സിപിഎം നേതാവ് ആർ സനൽകുമാർ പറഞ്ഞു.
ജിഷ്ണുവിന്റെ അമ്മയ്ക്ക് ജോലി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടോ എന്നത് സംബന്ധിച്ച് പാർട്ടിക്ക് അറിയില്ല. സിഡിഎസ് ആണ് ജോലി കൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുള്ളത്. അതിൽ സന്ദീപിനോ പാർട്ടിക്കോ ഒരു പങ്കുമില്ല. അതിൽ സന്ദീപുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള തർക്കങ്ങളും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു കൊലപാതകം. നെടുമ്പ്രം ചാത്തങ്കരിമുക്കിന് അര കിലോമീറ്റർ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാർഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പിറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ബിജെപി.ക്കോ സംഘപരിവാർ പ്രസ്ഥാനങ്ങൾക്കോ പങ്കില്ലെന്ന് ബിജെപി. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് പറഞ്ഞു.
അതിനിടെ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രംഗത്തുവന്നു. വ്യത്യസ്ത ആശയങ്ങൾ പ്രകടിപ്പിക്കേണ്ടത് ജീവനെടുത്തതുകൊണ്ടല്ലെന്ന് ഗവർണർ പറഞ്ഞു. പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ